ഇ എം എസും എ കെ ജിയും ആധുനിക കേരളവും

ഇ എം എസും എ കെ ജിയും ആധുനിക കേരളവും
deshabhimani
Published on
Summary

പാര്‍ടിക്കകത്ത് കടന്നുവന്ന ഇടതു – വലതു പ്രവണതകളെ പരാജയപ്പെടുത്തുന്നതില്‍ ഇ എം എസിന്‍റെ പങ്ക് ഏറെ വലുതാണ്. ഒരു വിപ്ലവ പാര്‍ടി എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അതിന്‍റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇ എം എസ് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. തെറ്റായ പ്രവണതകളെ തിരുത്തുന്നതിനുവേണ്ടിയുള്ള നിരന്തര ഇടപെടലുകളും അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടം കൂടിയാണിത്.

ഇ.എം.എസ് നമ്പൂതിരിപ്പാട് ഓർമ്മയായിട്ട് 25 വർഷമാകുമ്പോൾ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ എഴുതുന്നു

ആധുനിക കേരളത്തിന്‍റെ രൂപീകരണത്തിന് അടിസ്ഥാനമിട്ട മുന്നേറ്റങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും. അതിന്‍റെ അടിത്തറയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി നടത്തിയ ഇടപെടലുകളാണ് ആധുനിക കേരള രൂപീകരണത്തിനിടയാക്കിയത്. ഈ മൂന്ന് മുന്നേറ്റങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചവരായിരുന്നു ഇ എം എസും എ കെ ജിയും.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ വികാസത്തിനു പിന്നില്‍ ഈ രണ്ട് സഖാക്കളുടേയും ആത്മസമര്‍പ്പണത്തിന്‍റേയും, പോരാട്ടത്തിന്‍റേയും പിന്‍ബലമുണ്ടായിരുന്നു. ഇ എം എസ് 1937ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ട പാര്‍ടിയുടെ ആദ്യ സെല്ലില്‍ അംഗവുമായിരുന്നു. പാര്‍ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുവരെ അദ്ദേഹം ഉയര്‍ന്നു. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ തലപ്പത്തും ഇ എം എസായിരുന്നു. കാലത്തിന്‍റെ മാറ്റങ്ങളെ തിരിച്ചറിയുന്നതിലും അവയ്ക്കനുയോജ്യമായ വിധത്തില്‍ രാഷ്ട്രീയ അടവുകള്‍ സ്വീകരിക്കുന്നതിലും അസാധാരണമായ പാടവം ഇ എം എസ് പ്രദര്‍ശിപ്പിച്ചിരുന്നു. കേരളം ലോകത്തിന് സമ്മാനിച്ച ഏറ്റവും ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. ആധുനിക കേരളത്തെ രൂപപ്പെടുത്താനുള്ള ഓരോ ചലനങ്ങളിലും ഇ എം എസിന്‍റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ നേതൃത്വമുണ്ടായിരുന്നു.

നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടലായിരുന്നു യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍ ഇ എം എസ് നടത്തിയ പ്രസംഗം. ഫ്യൂഡലിസത്തിന്‍റെ ജഡതയില്‍ നിന്ന് ആധുനിക മനുഷ്യനായി മാറാനുള്ള ആഹ്വാനമായിരുന്നു ഇ എം എസ് അതിലൂടെ നല്‍കിയത്. ലോകം മാറുകയാണെന്നും, ആ ലോകത്തിന്‍റെ മാറ്റങ്ങളെ മനസ്സിലാക്കാതെ ഒരു ജനവിഭാഗത്തിനും മുന്നോട്ടുപോകാനാകില്ലെന്നും ഇ എം എസ് ആ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. അധ്വാനത്തിന്‍റെ വഴികളാണ് ആധുനിക കാലത്തെ വളര്‍ച്ചയുടെ അടിസ്ഥാനമെന്നും ഓര്‍മ്മപ്പെടുത്തി. ഫ്യൂഡല്‍ മൂല്യങ്ങളില്‍ നിന്ന് ആധുനിക ജീവിത മൂല്യങ്ങളിലേക്കുള്ള കാല്‍വെപ്പിനുള്ള ആഹ്വാനമായിരുന്നു അത്.

തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇ എം എസ് പങ്കെടുത്തു. കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ല്‍ കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പി കൃഷ്ണപിള്ളയുമായി അഗാധമായ ബന്ധം ഇ എം എസിന് ഉണ്ടാകുന്നത്. കേരളത്തിലെ ഇടതുപക്ഷ കെ.പി.സി.സിയുടെ സെക്രട്ടറിയായും ഇ എം എസ് പ്രവര്‍ത്തിച്ചിരുന്നു. മുഹമ്മദ് അബ്ദുറഹ്മാനായിരുന്നു അന്ന് കെ.പി.സി.സിയുടെ പ്രസിഡന്‍റ്. ഇത്തരത്തില്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ നേതൃത്വനിരയിലേക്ക് ചെറുപ്പത്തില്‍ തന്നെ ഇ എം എസ് വളര്‍ന്നുവന്നു.

കേരളത്തിന്‍റെ കാര്‍ഷിക പ്രശ്നങ്ങളിലും സജീവമായി ഇ എം എസ് ഇടപെട്ടിരുന്നു. കുട്ടികൃഷ്ണ മേനോന്‍ കമ്മീഷനുള്ള വിയോജനക്കുറിപ്പില്‍ മലബാറിലെ കാര്‍ഷിക പ്രശ്നങ്ങള്‍ മുന്നോട്ടുവെച്ചുവെന്ന് മാത്രമല്ല ഭൂപരിഷ്ക്കരണത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കര്‍ഷക തൊഴിലാളികളുടെ ഭൂപ്രശ്നങ്ങളേയും അഭിസംബോധന ചെയ്യാന്‍ ഈ വിയോജനക്കുറിപ്പില്‍ ഇ എം എസ് തയ്യാറായി. കേരളീയ സമൂഹത്തിന്‍റെ വികാസം നിലകൊള്ളുന്നത് ഭൂപരിഷ്ക്കരണത്തിലാണെന്ന സന്ദേശം മുന്നോട്ടുവെക്കുന്നതിനും ഇ എം എസിന് കഴിഞ്ഞു.

deshabhimani
Summary

1921ല്‍ നടന്ന മലബാറിലെ കാര്‍ഷിക കലാപത്തെ മാപ്പിള ലഹള എന്നു വിളിച്ച് വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള പരിശ്രമമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയത്. എന്നാല്‍ അതിന്‍റെ 25ാം വാര്‍ഷികത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി മലബാര്‍ കലാപം: ആഹ്വാനവും, താക്കീതുമെന്ന പ്രമേയം അവതരിപ്പിച്ചു. അത് മലബാറിലെ കാര്‍ഷിക ജനതയുടെ സമരം കൂടിയാണ് എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇ എം എസ് അതേപേരില്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതി. അതിന്‍റെ പേരില്‍ പത്രത്തെത്തന്നെ നിരോധിക്കുന്ന സാഹചര്യമുണ്ടായി. മലബാറിലെ കാര്‍ഷിക കലാപത്തെ ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതിന് ഇ എം എസിന് കഴിഞ്ഞിരുന്നു.

കേരളത്തിന്‍റെ സവിശേഷതകളെ മനസ്സിലാക്കുന്നതിലും, അതിന്‍റെ അടിസ്ഥാനത്തില്‍ ഭാഷാ സംസ്ഥാന രൂപീകരണത്തിനും ഇ എം എസിന്‍റെ ഇടപെടലുണ്ടായിരുന്നു. ഒന്നരക്കോടി മലയാളികള്‍, കേരളം മലയാളികളുടെ മാതൃഭൂമി തുടങ്ങിയ പുസ്തകങ്ങള്‍ കേരളത്തിന്‍റെ സംസ്കാരത്തേയും, സവിശേഷതകളേയും മുന്നോട്ടുവെക്കുന്നതായിരുന്നു. ആധുനിക കേരളം എങ്ങനെ രൂപപ്പെടുത്തണമെന്നത് സംബന്ധിച്ച് വ്യക്തമായ ദിശാബോധവും ഇ എം എസിനുണ്ടായിരുന്നു. ഭാഷാ സംസ്ഥാനം രൂപീകരിക്കപ്പെടുമ്പോള്‍ സാമ്രാജ്യത്വ ആധിപത്യവും, ഫ്യൂഡല്‍ കാഴ്ചപ്പാടുകളുമില്ലാത്ത കേരളത്തെയായിരുന്നു ഇ എം എസ് മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെയാണ് കൊച്ചി രാജാവിന്‍റെ ഐക്യകേരളമെന്ന കാഴ്ചപ്പാടിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ഇ എം എസ് രംഗത്തുവന്നത്.

deshabhimani

കേരള സംസ്ഥാന രൂപീകരണത്തിനുവേണ്ടിയും, ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാടുകള്‍ ഇ എം എസ് മുന്നോട്ടുവെച്ചിരുന്നു. അതുകൊണ്ടുതന്നെ 1957ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ഭൂരിപക്ഷം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയായി ഇ എം എസിനെയായിരുന്നു പാര്‍ടി തീരുമാനിച്ചത്. ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്ന അപൂര്‍വ്വ അനുഭവത്തിനാണ് കേരളം അന്ന് സാക്ഷ്യംവഹിച്ചത്. സംസ്ഥാന നിയമസഭകളില്‍ ഭൂരിപക്ഷം കിട്ടിയാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടിക്കും ഉണ്ടായിരുന്നില്ല. ഈ അവ്യക്തതയില്‍ നിന്നുകൊണ്ട് മന്ത്രിസഭയെ നയിക്കുന്നതിനുള്ള ഉത്തരവാദിത്വമാണ് ഇ എം എസില്‍ അര്‍പ്പിതമായത്. ആ ഉത്തരവാദിത്വം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ഇ എം എസിന് കഴിഞ്ഞു.

ആധുനിക കേരളത്തിന് അടിത്തറയിട്ട ഭൂപരിഷ്ക്കരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഈ കാലയളവില്‍ കഴിഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ ഇന്നത്തെ പുരോഗതിക്ക് ഈ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ട്. സാമൂഹ്യ നീതി, അധികാര വികേന്ദ്രീകരണം തുടങ്ങിയ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇടപെടാനും ഇക്കാലത്ത് കഴിഞ്ഞു. 1967ലെ മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് കുടികിടപ്പവകാശം ഉറപ്പുവരുത്തുന്നതിനും, ഉന്നതവിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിയമങ്ങള്‍ക്കും നേതൃത്വം നല്‍കാനുമായി.

Wikimedia Commons

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്‍റെ വികസനത്തിന് ഏറെ പ്രതിസന്ധി രൂപപ്പെട്ടുവന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന്‍റെ വികസനത്തിന് പുതിയ വഴികള്‍ വെട്ടിത്തുറക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് ഇ എം എസിനുണ്ടായിരുന്നു. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് തയ്യാറായത് ഇതിന്‍റെ ഫലമായിട്ടായിരുന്നു. അടിസ്ഥാന മേഖലകളായ കൃഷിയുടേയും വ്യവസായത്തിന്‍റേയും വളര്‍ച്ച അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യവും എടുത്തുപറഞ്ഞു. ഇത്തരത്തില്‍ ആധുനിക കേരള രൂപീകരണത്തിന് ഇ എം എസ് നേതൃത്വം നല്‍കി; ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവസാന ശ്വാസംവരെ ഇ എം എസ് പ്രവര്‍ത്തിച്ചു. സാഹിത്യത്തെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഇ എം എസ് മുഴുകിയിരുന്നു.

പാര്‍ടിക്കകത്ത് കടന്നുവന്ന ഇടതു – വലതു പ്രവണതകളെ പരാജയപ്പെടുത്തുന്നതില്‍ ഇ എം എസിന്‍റെ പങ്ക് ഏറെ വലുതാണ്. ഒരു വിപ്ലവ പാര്‍ടി എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അതിന്‍റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇ എം എസ് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. തെറ്റായ പ്രവണതകളെ തിരുത്തുന്നതിനുവേണ്ടിയുള്ള നിരന്തര ഇടപെടലുകളും അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടം കൂടിയാണിത്.

deshabhimani

പാര്‍ടിയുടെ നയസമീപനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിലും, അതിനു പിന്നില്‍ ജനങ്ങളെ അണിനിരത്തി അത് മഹാപ്രസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിലും അസാമാന്യമായ പാടവമായിരുന്നു എ കെ ജി പ്രകടിപ്പിച്ചത്. നവോത്ഥാന മുന്നേറ്റങ്ങളില്‍ ശ്രദ്ധേയമായ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ ഘട്ടത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചത് എ കെ ജിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കി നടത്തിയ പാലിയം സമരത്തിന്‍റെ ഊര്‍ജ്ജമായി എകെജി ഉണ്ടായിരുന്നു. അയിത്തത്തിനെതിരായ സമരത്തിനിടയിലാണ് കണ്ടോത്ത് വെച്ച് ഭീകരമായ മര്‍ദ്ദനം എ കെ ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇങ്ങനെ നവോത്ഥാന മുന്നേറ്റങ്ങളിലെ സജീവ സാന്നിദ്ധ്യമായി എ കെ ജി ഉണ്ടായിരുന്നു.

ദേശീയ പ്രസ്ഥാനത്തിലും എ കെ ജി സജീവമായിരുന്നു. കെ പി സി സിയുടെ ഭാരവാഹിയായും, എ ഐ സി സി അംഗമായും എ കെ ജി പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ നയിക്കുന്ന ശൈലിയാണ് എ കെ ജി സ്വീകരിച്ചത്. ജയിലറകളെപ്പോലും പ്രക്ഷോഭത്തിന്‍റെ വേദിയാക്കി എ കെ ജി മാറ്റിയിരുന്നു. ബ്രിട്ടീഷ് തടവറയില്‍ നിന്ന് ജയില്‍ ചാടി പുറത്തുവന്ന അനുഭവവും എ കെ ജിക്കുണ്ട്. ഇരുപത് തവണ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി എ കെ ജി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷമാണ് ജയിലഴിയില്‍ എ കെ ജിയുടെ ജീവിതം തളയ്ക്കപ്പെട്ടത്.

സ്വാതന്ത്ര്യ സമരത്തിന്‍റെ സജീവ സാന്നിദ്ധ്യമായിരുന്ന എ കെ ജി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ജയിലറക്കുള്ളിലായിരുന്നു. ദേശീയ പതാകയേന്തി ജയില്‍ വളപ്പില്‍ എ കെ ജി നടന്നു. മുഴുവന്‍ തടവുകാരേയും വിളിച്ചുകൂട്ടി ജയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ കൊടി നാട്ടിക്കൊണ്ടാണ് സ്വാതന്ത്ര്യ ദിനം എ കെ ജി ആഘോഷിച്ചത്. സ്വാതന്ത്ര്യ ദിനത്തിലും ജയിലില്‍ കഴിയേണ്ടിവന്ന വേദനാജനകമായ അനുഭവം ആത്മകഥയില്‍ വികാരനിര്‍ഭരമായി എ കെ ജി കുറിച്ചിട്ടുണ്ട്.

deshabhimani

പൗരാവകാശത്തെ ലംഘിച്ചുകൊണ്ട് ജയിലഴിയില്‍ അടച്ചതിനെതിരെ എ കെ ജി നടത്തിയ നിയമപോരാട്ടം ചരിത്രത്തിന്‍റെ താളുകളില്‍ സ്ഥാനംപിടിച്ചിട്ടുള്ളതാണ്. നിയമവിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയമായ വിധിന്യായമാണ് എ കെ ഗോപാലന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കോടതി വിധി. മൗലിക അവകാശങ്ങളെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ആദ്യവിധികളിലൊന്നാണിത്. ഭരണഘടനാ മൂല്യങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ക്കുമ്പോള്‍ എ കെ ജി നടത്തിയ ഈ പോരാട്ടങ്ങളില്‍നിന്ന് നമുക്കേറെ ഊര്‍ജ്ജം സ്വീകരിക്കാനുണ്ട്.

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ഗ്രൂപ്പിന്‍റെ നേതാവായി എ കെ ജി ഉണ്ടായിരുന്നു. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്‍റില്‍ എത്തിക്കുന്നതില്‍ എ കെ ജി നടത്തിയ ഇടപെടല്‍ ചരിത്രത്തിന്‍റെ ഭാഗമാണ്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ എ കെ ജിയുടെ വാക്കുകള്‍ തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയ്ക്കും, സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനത്തിനുമെല്ലാംവേണ്ടി എ കെ ജി നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയങ്ങളാണ്.

രാജ്യത്തെ ജനതയുടെ പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ എ കെ ജി ഓടിയെത്തുമായിരുന്നു. തെലങ്കാന കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍ ആന്ധ്ര ഗ്രാമങ്ങളില്‍ എ കെ ജിയുടെ സന്ദര്‍ശനം നല്‍കിയ ആത്മവിശ്വാസം തെലങ്കാന സമരത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നതാണ്.

ഇ എം എസും – എ കെ ജിയും പോലുള്ള സഖാക്കള്‍ നടത്തിയ ഇടപെടലുകളിലൂടെ വികസിച്ചുവന്ന ആധുനിക കേരളം പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. അഭ്യസ്തവിദ്യര്‍ക്ക് പഠനത്തിനനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ലെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചപ്പെടുത്തുകയെന്നത് പ്രധാനമാണ്. അത്യന്താധുനിക ചികിത്സകള്‍ കേരളത്തില്‍ ലഭ്യമാക്കുകയെന്നതും പ്രധാനമാണ്. ദാരിദ്ര്യത്തിന്‍റെ തുരുത്തുകളെ ഇല്ലാതാക്കുകയെന്നതും പ്രധാനമാണ്. അടിസ്ഥാന മേഖലകളിലെ വികസനത്തേയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ ദിശയില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തിന്‍റെ വികസനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. നമുക്കര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നമ്മുടെ ബദല്‍ സമീപനങ്ങളെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ്. ഇവയ്ക്കെതിരായി ശക്തമായ പോരാട്ടം നമുക്ക് വികസിപ്പിക്കാനാകണം. മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി എന്നും നിലകൊണ്ട നേതാക്കളായിരുന്നു ഇ എം എസും – എ കെ ജിയും. ആധുനിക കേരളത്തിന്‍റെ സ്രഷ്ടാക്കളെ അനുസ്മരിക്കുന്ന ഘട്ടത്തില്‍ പുതിയ വെല്ലുവിളികളെ മറികടന്ന് കേരളത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പോരാട്ടങ്ങളില്‍ നാം മുഴുകേണ്ടതുണ്ട്.

ചിന്ത വാരികയുടെ ഇഎംഎസ് പതിപ്പിൽ പ്രസിദ്ധീകരിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in