എന്റെ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കാരണം മാമൂക്കോയയാണ്. വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. തല്ലുമാലയില്‍ പക്ഷേ അത് സാധിച്ചില്ല. കൃത്യമായി പറഞ്ഞാല്‍ ഒരു പത്ത് വര്‍ഷം മുന്‍പാണ് ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുന്നത്. അന്നു മുതല്‍ വേണ്ടപ്പെട്ട ഒരാളോടെന്ന പോലെ വിളിക്കുകയും അന്വേഷിക്കുകയുമെല്ലാം ചെയ്യുമായിരുന്നു. എന്താണ് അടുത്ത പരിപാടി, എപ്പോഴാണ് അഭിനയിക്കാന്‍ വരേണ്ടത് എന്നൊക്കെ വിളിച്ച് ചോദിക്കുമായിരുന്നു.
തല്ലുമാലയില്‍ ഞങ്ങള്‍ക്ക് ഇക്കയെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് മറ്റ് പടങ്ങളുണ്ടായിരുന്നു ആ സമയത്ത്. നേറ്റിവ് ബാപ്പ എന്ന കഥാപാത്രം ഞാനാ സ്ലാങ്ങില്‍ എഴുതുന്ന സമയത്ത് മാമുക്കോയ തന്നെയായിരിക്കും അതിന് ചേര്‍ന്നത് എന്ന് തോന്നിയിരുന്നു. ഇക്കയ്ക്ക് അപ്പുറം എനിക്ക് മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. അന്ന് പോയി ഈ കഥാപാത്രത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ഇതെന്തോ പിള്ളേരുടെ പരിപാടിയാണെന്നാണ് മാമൂക്ക കരുതിയിരുന്നത്.
ഫുട്‌ബോളും നാടകവും ഒക്കെ കളിച്ചു നടന്ന ആള് തന്നെയാണ് അദ്ദേഹം. ശരിക്കും ഇത് വേദനിപ്പിക്കുന്ന വേര്‍പാടാണ്. പിന്നെ എന്റെ വല്ല്യുപ്പായുടെ കൂടെയൊക്കെ അദ്ദേഹം ബിസിനസ്സ് ചെയ്തിട്ടുണ്ട്. എന്നോട് കുശലം ചോദിക്കുകയും ഞാന്‍ ആരാണെന്ന് പറഞ്ഞപ്പോള്‍ വല്ല്യുപ്പാടെ സുഹൃത്തായതു കൊണ്ട് തന്നെ അദ്ദേഹം എനിക്ക് ആ പ്രാധാന്യമാണ് തന്നത്. ഇടയ്ക്കൊക്കെ കോഴിക്കോട് പോകുമ്പോഴെല്ലാം ഞാന്‍ പോയി കാണാറുണ്ടായിരുന്നു. പിന്നെ രണ്ടാമത് നേറ്റീവ് സണ്‍ ചെയ്തപ്പോഴും അതേ താല്‍പ്പര്യത്തോടെ തന്നെ പുള്ളി വരികയും അഭിനയിക്കുകയും ചെയ്തിരുന്നു. ഞാന്‍ വെറുതേ ഒന്ന് പോയി കാണണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്.