ചലച്ചിത്ര ഓർമ്മകളുടെ, അറിവുകളുടെ ഒരു വലിയ സമാഹാരം

ചലച്ചിത്ര ഓർമ്മകളുടെ,  അറിവുകളുടെ ഒരു വലിയ സമാഹാരം
Published on

തിരുവനന്തപുരം , എറണാകുളം , പാലക്കാട് , തലശ്ശേരി എന്നീ നാല് ഇടങ്ങളിലായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള ( IFFK ) കോവിഡിനെ തുടർന്ന് തിരക്കൊഴിവാക്കി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ ചലച്ചിത്ര അക്കാദമി എറണാകുളത്തിന്റെ നടത്തിപ്പ് ചുമതല ഫെഫ്ക ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകൾക്ക്‌ നൽകി. കേരളത്തിന്റെ ഫിലിം സിറ്റിയായി കണക്കാക്കപ്പെടുന്ന കൊച്ചിയിൽ നടക്കുന്ന മേളയിൽ പരമാവധി ചലച്ചിത്ര പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്നും വൈവിധ്യമാർന്ന പരിപാടികളാൽ ചലച്ചിത്രോത്സവം കെങ്കേമമാക്കണമെന്നും സംഘാടക സമിതി അന്ന് തീരുമാനം കൈക്കൊണ്ടു. ചലച്ചിത്രോത്സവത്തിന്റെ വിളംബര ജാഥ മുതൽ സമാപന ദിനംവരെ എറണാകുളത്തെ ഫെസ്റ്റിവലിൽ മാത്രമായി ഒട്ടേറെ പുതിയ പരിപാടികൾ ആലോചിച്ച് കൂട്ടിയിട്ടുണ്ട്. ഓരോ പരിപാടിയിലും സാമ്പത്തിക ബാധ്യതയില്ലാതെ ഏറ്റവും മികച്ച അതിഥികളെ എത്തിക്കാൻ ശ്രമിക്കുന്നതിനാൽ തലേ ദിവസം രാത്രിയിലൊക്കെയാവും പ്രോഗ്രാമിനെ കുറിച്ചുള്ള പൂർണ്ണ രൂപം കിട്ടുക.അതെല്ലാം നേരം വെളുക്കുമ്പോൾ ജനങ്ങളിലും മാധ്യമങ്ങളിലും എത്തിക്കാൻ കിടിലൻ പോസ്റ്ററുകൾ വേണം. നേരമില്ലാ നേരത്ത് ആരത് തയ്യാറാക്കും ..? ആരെയേൽപ്പിക്കും ..? സാധാരണ ഇത്തരം പ്രശ്‍നങ്ങൾ വരുമ്പോൾ ഏറ്റെടുക്കാറ് ഞങ്ങളുടെ ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ദൻ , സംവിധായകൻ സോഹൻ സീനുലാലാണ്. മേളയ്ക്ക് വേണ്ടി സെന്റ് ആൽബർട്ട്സ്‌ കോളേജിൽ ഏർപ്പാടുചെയ്ത് പാർക്കിങ്ങ് സൗകര്യത്തിൽ പെട്ടെന്നുണ്ടായ ഒരു മലക്കം മറിച്ചിലിന് പരിഹാരം കാണാൻ നെട്ടോട്ടത്തിലാണ് സോഹനപ്പോൾ.

അന്നത്തെ മാക്ട ജനറൽ സെക്രട്ടറിയും, ഫെസ്റ്റിവൽ സംഘാടക സമിതിയുടെ പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സംവിധായകൻ സുന്ദർദാസ്‌ ഫോണിൽ വിളിച്ചെന്നൊട് അലസമായ മട്ടിൽ പറഞ്ഞു " നാളത്തെ പോസ്റ്ററിന്റെ കാര്യം സാബു പ്രവദാസിനോട് പറയണേ , ആള് സെറ്റാക്കിക്കോളൂം.

അങ്ങിനെയാണ് സാബു പ്രവദാസിനെ വിളിക്കുന്നത്. കാര്യം നടക്കുമോ ഇല്ലയോ എന്ന് യെസ് ഓർ നോ പറഞ്ഞ് ഫോൺ കട്ടാക്കേണ്ട കാര്യമേയുള്ളു . പക്ഷെ പോസ്റ്റർ ഡിസൈനിങ്ങിൽ അവസാന നിമിഷം വരെ മാറ്റങ്ങളുണ്ടാവുമെങ്കിലും, ഒരു പോസ്റ്റർ ചെയ്യാൻ ഒരു കലാകാരനെ സമീപിക്കേണ്ടത് അവസാന നിമിഷമല്ലെന്ന് പറഞ്ഞു തുടങ്ങിയ സാബു ഏട്ടന്റെ കടുത്ത സംസാരം മണിക്കൂറുകളോളം നീണ്ടു പോയി. ഒടുക്കം, നേരത്തെ പറയൂ അടുത്ത തവണ ചെയ്തു തരാമെന്ന വാഗ്ദാനവും. വിളിച്ചല്ലോ എന്നായി ഞാൻ. ഫെസ്റ്റിവലിന്റെ പ്രചാരണ ചുമതലയുള്ള കമ്മിറ്റിയുടെ പ്രധാന ഭാരവാഹിയാണ് സാബുവേട്ടൻ എന്നോർക്കണം.

നാട്ടിൽ പാർട്ടി പോസ്റ്ററുകളൊക്കെ ചെയ്യുന്ന സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ഒരു സിനിമാ വർക്ക് കിട്ടിയതിന്റെ ആവേശത്തിൽ അവൻ ഡബിൾ ഹാപ്പി ..! പാർട്ടി സമ്മേളന ഡിസൈനിങ്ങിന്റെ സ്ഥിരം ടെംലെറ്റിൽ ഒരു ഫിലിം സ്ട്രിപ്പും ക്യാമറയും കൂടി ചേർത്തുവെച്ച് അയച്ചു കൊടുത്ത മാറ്റർ തൂക്കിയിട്ട് മൂപ്പരപ്പൊതന്നെയത് മെയിൽ ചെയ്ത് തരികയും ചെയ്തു.

സാബു ഏട്ടനെ വിളിച്ച് കാര്യം പറയാൻ തോന്നിയത് ഏത് നേരത്താണാവോ എന്ന് എന്റെ മനസ്സപ്പോഴും ചൊറിഞ്ഞു നിന്നു. മോഹൻലാൽ എന്ന താരത്തെ സൃഷ്ടിച്ച, 1986 ൽ റിലീസായ രാജാവിന്റെ മകൻ എന്ന സിനിമയുടെ ആർട്ട് ഡയറക്ടറാണ് സാബു പ്രവദാസ് എന്നറിയാം. അന്നത്തെ സാങ്കേതിക വിദഗ്ദരായ പല കലാകാരന്മാരും കംപ്യുട്ടറൈസേഷൻ , ഡിജിറ്റലൈസേഷൻ തുടങ്ങിയ മാറ്റങ്ങൾക്ക് ശേഷം സിനിമയിൽ സജീവമല്ല . ഒരുപക്ഷെ യെസ്‌ പറഞ്ഞാലും ആ നേരത്ത് ചെയ്യിപ്പിക്കാൻ പറ്റിയ ഒരു ഡിസൈനർ കയ്യിലില്ലാത്തത് കൊണ്ടാവും സാബു പ്രവദാസ് എനിക്ക് ഡിസൈനർമാരോടുള്ള പെരുമാറ്റച്ചട്ട ക്‌ളാസെടുത്ത് ഒഴിഞ്ഞുമാറിയതെന്ന് വിശ്വസിച്ച് ഞാൻ അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയെ ജാമ്യത്തിലെടുക്കാൻ ശ്രമിച്ചു .

പക്ഷെ പിറ്റേന്ന് കാലത്ത് എഴുന്നേറ്റത് വാട്സാപ്പിൽ സാബുവേട്ടൻ അയച്ച നാലഞ്ചു പോസ്റ്ററുകളുടെ പ്രസാദത്തിലാണ്...!! ഫെസ്റ്റിവലിന്റെ ആ വർഷത്തെ കളർ സ്‌കീം പശ്ചാത്തലമാക്കി, സ്ഥിരം ചീനവല കായൽ പരിപാടി ഒഴിവാക്കി പുതിയ കാലത്തെ മെട്രോ കൊച്ചിയെകൂടി ഉൾപ്പെടുത്തി അങ്ങേര് അയച്ചുതന്ന എല്ലാ പോസ്റ്ററുകളും ഒന്നിനൊന്ന് ക്‌ളാസ്..!!

ഞാനപ്പൊ തന്നെ ഡിസൈനർ കോളിൻസിനെ വിളിച്ചു സന്തോഷം പങ്കിട്ടു. അപ്പൊ ചിരിയോടെ കോളിൻസ് പറഞ്ഞു "മച്ചാനേ അതാണ് സാബു പ്രവദാസ്. അങ്ങേരുള്ള കമ്മിറ്റിയിൽ അങ്ങേര് പറയാതെ ഞങ്ങള് പുതിയ പിള്ളേര് പോസ്റ്റർ ചെയ്യില്ല. അത്രയ്ക്ക് അപ്ഡേറ്റഡാണ് സ്റ്റഡീഡാണ് സാബുവേട്ടൻ. കുറച്ചു ദിവസം ഒന്നിച്ചുണ്ടാവുമല്ലോ, അതിനുള്ളിൽ ആളെ പിടി കിട്ടും .

സത്യം ..!! പിന്നീട് ഫെസ്റ്റിവൽ അവസാനിക്കുന്നത് വരെ , ആരും ആവശ്യപ്പെടാതെ തന്നെ പോസ്റ്ററുകളുടെ പെരുന്നാളായിരുന്നു . ഓരോ ദിവസത്തേയും ഏറ്റവും മികച്ച സിനിമകൾ കണ്ടെത്തി , അതിന്റെ ഔദ്യോഗിക പോസ്റ്ററിനൊപ്പം അതേ ടെക്സ്റ്ററിലുള്ള സംവിധായകന്റെ പടവും ചേർത്ത് കുഞ്ഞു ടാഗ് ലൈനുകളോടെ സാബുവേട്ടൻ പറത്തിവിട്ട പോസ്റ്ററുകൾക്ക്‌ എന്തൊരു വശ്യതയും ഉള്ളടക്ക ഗാംഭീര്യവുമായിരുന്നു .

ചലച്ചിത്ര അറിവുകളുടെ , ഓർമ്മകളുടെ ഒരു വലിയ സമാഹാരമായിരുന്നു സാബു പ്രവദാസ് . കലയിലെ ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങളെ , വളർച്ചകളെ സ്വായത്തമാക്കാനും ചുറ്റുമുള്ളവർക്കത് പറഞ്ഞു കൊടുക്കാനും എന്നും അദ്ദേഹം ഹരം കൊണ്ടിരുന്നു . സ്വയം ബഹുമാനിക്കാനാവുന്ന ഇടങ്ങളിൽ മാത്രം വളരുന്ന സിനിമയിലെ അപൂർവ്വം ചെടികളിലൊന്നായിരുന്നു സാബു പ്രവദാസ് .

എൺപതുകളിൽ മലയാള മുഖ്യധാര സിനിമയിൽ പുത്തൻ ഭാവുകത്വം സമ്മാനിച്ച ജോഷി , ഡെന്നീസ്‌ ജോസഫ് , ഷിബു ചക്രവർത്തി , ഗായത്രി അശോകൻ കൂട്ടുകെട്ടായ "കൊച്ചി ബെൽറ്റിന്റെ " അകത്തളങ്ങളിൽ നിശ്ബ്ദനായി എല്ലാറ്റിനും സാക്ഷിയായി സാബു പ്രവദാസും ഉണ്ടായിരുന്നു

കലൂർ ഗവഃ ഹൈസ്കൂൾ, മാല്യങ്കര SNM കോളേജ് എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ പ്രവദ സുകുമാരന്റെ പ്രവദാസ് എന്ന പരസ്യകലാസ്ഥാപനം കലയിലെ പ്രഥമ തട്ടകമായി അദ്ദേഹം സ്വീകരിച്ചു . പ്രശസ്ത സംവിധായകൻ പി. ജി. വിശ്വംഭരൻ സഹോദരീഭർത്താവാണ് . സിനിമാക്കാരേയും കലാകാരന്മാരെയും കണ്ടു വളർന്ന ബാല്യകൗമാരമാണ് . സംവിധായകൻ ജോഷിയുടെ ആദ്യ ചിത്രമായ ടൈഗർ സലിമിൽ കലാസംവിധാന സഹായിയായി തുടങ്ങി പിന്നീട് ജോഷിയുടെ തന്നെ പത്രം, ലേലം, റൺ ബേബി റൺ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായി മാറി . രാജാവിന്റെ മകന് പുറമെ തമ്പി കണ്ണന്താനത്തിന്റെ വഴിയോരക്കാഴ്ച്ചകൾ, ഡെന്നീസ്‌ജോസഫിന്റെ ദേശീയ അവാർഡ് ചിത്രം മനു അങ്കിൾ, പി. ജി. വിശ്വംഭരന്റെ കാട്ടുകുതിര, പാർവ്വതീപരിണയം, ഫസ്റ്റ് ബെൽ, സി. രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ, സിബിമലയിലിന്റെ അമൃതം തുടങ്ങി ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങളുടെ കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി പ്രവർത്തിച്ച സിനിമ . ഗ്രാൻഡ് ആഡ്‌സ്, അശ്വിൻ ആഡ്‌സ്, സാബു പ്രവദാസ് തുടങ്ങിയ പേരുകളിൽ മനോഹരങ്ങളായ പരസ്യ ഡിസൈനുകളും അദ്ദേഹം സിനിമകൾക്ക് വേണ്ടി തയ്യാറാക്കിയിരുന്നു . ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷനുകൾ കണ്ടെത്തുന്നതുമുതൽ വളരെ കുറഞ്ഞ ചെലവിൽ രംഗ സജ്ജീകരണങ്ങൾ ഒരുക്കുന്നതുവരെയുള്ള ജോലികളിൽ പ്രകടിപ്പിച്ച പ്രായോഗികതയിലൂന്നിയ മികവ് സാബു പ്രവദാസിനെ കലാ സംവിധായകർക്കിടയിലെ വേറിട്ട പ്രതിഭയാക്കി.

മാക്ട, ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളുടെ പിറവികാലം മുതൽ സംഘടനാപരമായ പ്രചരണ പരിപാടികളുടെ ഏകോപനം സാബു പ്രവദാസ്‌ സന്തോഷത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചു. 1996 ൽ മാക്ട സംഘടിപ്പിച്ച , ഇന്നും സമാനതകളില്ലാത്ത വിധം ചരിത്ര പ്രാധാന്യമുള്ള മലയാളത്തിന്റെ ആദ്യ മെഗാ ഷോയായ സംഗീത സംഗമത്തിന്റെ സ്റ്റേജ് ഡിസൈനിങ്ങും ഏകോപനവും വളരെ മികച്ച രീതിയിൽ എന്നാൽ കുറഞ്ഞ ചെലവിൽ സാബു പ്രവദാസ് പൂർത്തിയാക്കിയപ്പോൾ അന്ന് പരക്കെ അഭിനന്ദിക്കപ്പെട്ടു. ഫെഫ്ക ആർട്ട് ഡയറക്‌ടേഴ്‌സ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച് ലൊക്കേഷനിൽ ഏറ്റവും ആദ്യം എത്തുകയും അവസാനം പോവുകയും ചെയ്യുന്ന കലാ സംവിധാന തൊഴിലാളികളിൽ അവകാശ ബോധം വളർത്തി .

കലാസംവിധായകൻ എന്ന നിലയിലുള്ള ചുമതലകൾ നന്നേ ചുരുക്കി , സിനിമാസംബന്ധമായ വിഷയങ്ങളിലെ ഗവേഷണവും എഴുത്തും വിവിധ ഫിലിം അക്കാദമികളിലെ അദ്ധ്യാപനവുമായിരുന്നു ഈ അടുത്ത കാലത്തെ ഇഷ്ടങ്ങൾ . പ്രസാധകൻ മാസികയിൽ അദ്ദേഹം തുടർച്ചയായി എഴുതിയ അഭ്രരേഖകൾ എന്ന ലേഖന പരമ്പരയുടെ പി ഡി എഫ് കോപ്പികൾ അയച്ചു തരാറുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ട, സിനിമകളുടെ ഡിജിറ്റല്‍ റെസ്റ്റോറേഷനെക്കുറിച്ചെഴുതിയ 'പുനഃസ്ഥാപനം എന്ന മഹേന്ദ്രജാലം' എന്ന കുറിപ്പിന് ഏറ്റവും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള കഴിഞ്ഞവർഷത്തെ കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു . കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2020ല്‍ ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി 'കലാസംവിധാനത്തിന്റെ നാള്‍വഴികള്‍' എന്ന വിഷയത്തില്‍ ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിച്ചിരുന്നു. പ്രബന്ധത്തിന്റെ പുസ്തകരൂപം ചലച്ചിത്ര അക്കാദമി വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിട്ടുണ്ട് . രണ്ട് പ്രാവശ്യം ഐ.എഫ്.എഫ്.കെ പവിലിയനുകളിൽ എക്‌സിബിഷനുകളുടെ ഡിസൈന്‍ നിര്‍വഹിച്ചിട്ടുണ്ട് .

വരും ദിവസങ്ങളിൽ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിയിൽ ചലച്ചിത്ര അക്കാദമി ഒരുക്കുന്ന എക്‌സിബിഷന്റെ ക്യുറേറ്ററും വിദഗ്ധസമിതി അംഗവുമായിരുന്നു സാബു പ്രവദാസ്. എക്‌സിബിഷന്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് പോയ സാബുവേട്ടനെ 18.10.2023ന് രാവിലെ വഴുതക്കാട് ജംഗ്ഷനില്‍വെച്ച് വണ്ടി ഇടിച്ച് ആദ്യം സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചു .

തനിക്കേറ്റ അപകടത്തിന്റെ ആഴമറിഞ്ഞ സാബുവേട്ടൻ അനിയൻ അമ്പിളി പ്രവദാസ്‌ ( ഫോട്ടോഗ്രാഫർ ) ഐ സി യു വിൽ വന്നപ്പോൾ പറഞ്ഞു " തിരിച്ചു വരുമെന്ന് തോന്നുന്നില്ല , ഏറ്റെടുത്ത വർക്കുകളുടെ ഡിസൈനുകളും ഐഡിയകളും സിസ്റ്റത്തിലുണ്ട്‌ . ഓരോരുത്തർക്കും ഇന്ന് തന്നെ അയച്ചുകൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം പാസ്സ്‌വേഡ് കൈമാറി .

വിദേശസിനിമകളുടെ പതിനായിരത്തോളം വരുന്ന ശേഖരത്തിൽ നിന്നും സിനിമ പഠിക്കാൻ താത്പ്പര്യമുള്ള കൂട്ടുകാരോട് ഹാർഡ് ഡിസ്‌കുമായി വീട്ടിൽ വരാൻ പറയുമായിരുന്നു . കൂട്ടത്തിൽ എന്നെയും പലതവണ നിർബന്ധിച്ചിട്ടുണ്ട് . തൊട്ടടുത്തായിട്ടും ഇതുവരെയും

പോകാൻ കഴിഞ്ഞിരുന്നില്ല.

ഒഴിഞ്ഞ മനസ്സുമായി ഇപ്പൊ പോകാനിറങ്ങുകയാണ്.

തനിക്കിഷ്ടമുള്ള ആവാസവ്യവസ്ഥയിൽ മാത്രം ജീവിച്ച കലാകാരനായിരുന്നു സാബു പ്രവദാസ് .

ഇഷ്ടമുള്ളത് മാത്രം ചെയ്ത് , മനസ്സിൽ മറ്റാർക്കും സങ്കല്പിക്കാനാവാത്ത സംതൃപ്തിയോടെ , സന്തോഷത്തോടെ ജീവിച്ച അപൂർവ്വംപേരിൽ ഒരാളെ അവസാനമായി കാണാൻ പോകുകയാണ് .

Related Stories

No stories found.
logo
The Cue
www.thecue.in