കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് ആ നാളുകളില്‍ നടക്കുകയായിരുന്ന കേരളസര്‍വകലാശാലാ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി വിശ്രുത ചലച്ചിത്രകാരന്‍ ജി അരവിന്ദനായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാനായി തമ്പാനൂരുള്ള ഒരു ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ അവിടെ അരവിന്ദനോടൊപ്പം ഉണ്ടായിരുന്ന ഒരു മനുഷ്യനെ നേരത്തെ കണ്ടുപരിചയമുള്ളത് പോലെ തോന്നി.അക്കാലത്ത് മിക്കവാറുമെല്ലാവരും ചെയ്യാറുള്ളത് പോലെ പിറകിലേക്ക് നീട്ടി വളര്‍ത്തിയ മുടിയും 'റ' പോലെ വളഞ്ഞ മീശയുമൊക്കെയുള്ള ഒരു ചെറുപ്പക്കാരന്‍. അരവിന്ദന്‍ പുറപ്പെടാനായി തയ്യാറെടുക്കുന്ന സമയത്ത്, സെനറ്റ് ഹാളില്‍ നടക്കുന്ന പരിപാടി യെ കുറിച്ച് അയാള്‍ എന്നോടെന്തൊക്കെയോ ചോദിക്കുകയും ഞാനതിന് മറുപടി നല്‍കുകയും ചെയ്തു. അപ്പോഴാണ് കുറച്ച് അതിശയം ജനിപ്പിച്ച ഒരു കാഴ്ച കാണുന്നത്. എല്ലായ്‌പോഴും സന്യാസ തുല്യമായ നിസംഗതയും ഗൗരവഭാവവും സൂക്ഷിക്കാറുള്ള അരവിന്ദൻ ആ മനുഷ്യന്‍ അടക്കത്തില്‍ എന്തോ തമാശ പറയുന്നതുകേട്ട് പൊട്ടിച്ചിരിക്കുന്നതായിരുന്നു ആ കൗതുകക്കാഴ്ച.
ആ 'റ' മീശക്കാരന്‍ ഒരു സിനിമാ പ്രൊഡ്യൂസറുംനടനുമായ ഇന്നസെന്റാണെന്ന് അപ്പോഴേക്കും ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഇന്നസെന്റ് നിര്‍മ്മിച്ച്, മോഹന്‍ സംവിധാനം ചെയ്ത 'വിട പറയും മുന്‍പേ' എന്ന ചിത്രം അതിന് കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് റിലീസ് ചെയ്തത്. പ്രേം നസീറും നെടുമുടി വേണുവും ലക്ഷ്മിയും പ്രധാന വേഷങ്ങളില്‍ വന്ന, ആ ചിത്രത്തില്‍ ഒരു ഓഫീസ് ശിപായിയുടെ റോളില്‍ ഇന്നസെന്റിനെയും കണ്ടത് എനിക്കോര്‍മ്മ വന്നു. മോഹന്‍ അതിന് മുന്‍പ് സംവിധാനം ചെയ്ത 'കൊച്ചു കൊച്ചു തെറ്റുകള്‍ ' എന്ന സിനിമയിലും ചെറിയൊരു വേഷത്തില്‍ ഇന്നസെന്റിനെ കണ്ടിട്ടുണ്ടായിരുന്നു. എന്റെ കണ്‍ഫ്യൂഷന്‍ അതൊന്നുമായിരുന്നില്ല കമേഴ്സ്യല്‍ സിനിമയുടെ ലോകത്തു നിന്ന് ബഹുദൂരം അകന്നു നില്‍ക്കുന്ന അരവിന്ദനെന്താണാവോ ഈ മനുഷ്യനുമായി ഇത്ര അടുപ്പം!....
ഈ കണ്ടുമുട്ടല്‍ നടന്ന 1982 ജനുവരി മാസത്തില്‍ തന്നെ ഒരു സിനിമ പുറത്തിറങ്ങി. മോഹന്‍ തന്നെ സംവിധാനം ചെയ്ത,നെടുമുടി വേണു നായകനായ 'ഇളക്കങ്ങള്‍'.ആ സിനിമ കണ്ടപ്പോഴാണ് അന്നു കണ്ട മനുഷ്യന്‍ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'ഇളക്കക്കാരനായ' ഒരു കറവക്കാരനായിട്ടാണ് ആ നടന്‍ അതിലഭിനയിച്ചത്. അടക്കിവെക്കാനാകാത്ത കാമാ വേശവും ലൈംഗികാഭിലാഷങ്ങളുമായി നടക്കുന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍, മുഖത്തെ ഭാവചലനങ്ങള്‍ പോലെ തന്നെ ശരീരഭാഷയെയും ആവശ്യാനുസരണം എടുത്തുപയോഗിക്കുന്ന കാഴ്ച അന്നൊരു പുതുമുഖ നടനില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാവുന്നതായിരുന്നതല്ല. അല്‍പ്പം ചില രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ കൂടി, ഇന്നസെന്റ് എന്ന നടന്റെ വരവ് വിളിച്ചറിയിച്ചിക്കുകയായിരുന്നു, അദ്ദേഹം തന്നെ നിര്‍മ്മിച്ച 'ഇളക്കങ്ങള്‍' എന്ന വലിയ ഇളക്കങ്ങളൊന്നുമുണ്ടാക്കാതെ കടന്നുപോയ ആ സിനിമ. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തീയേറ്ററുകളിലെത്തിയ ഇടവേള (പിന്നെയും മോഹന്‍!)യിലെ റിസോര്‍ട്ട് ജീവനക്കാരന്‍ മാധവന്‍ ഇന്നസെന്റ്എന്ന നടന്റെ മറ്റൊരു മുഖമാണ് കാണിച്ചുതന്നത്.
അടൂര്‍ ഭാസിയെയും ബഹദൂറിനെയും പിറകിലേക്ക് മാറ്റിനിറുത്തി, കുതിരവട്ടം പപ്പുവും മാള അരവിന്ദനും ജഗതി ശ്രീകുമാറും ഹാസ്യമേഖലയുടെ മുന്‍ നിര പിടിച്ചെടുത്ത നാളുകളായിരുന്നു എണ്‍പതുകള്‍. അതിശക്തമായ ആ മുന്നണിയിലേക്ക് കയറിച്ചെന്ന് ആ നടന്മാരോടൊപ്പം ഒരു കസേര വലിച്ചിട്ടിരിക്കുന്നത്,അത്രയൊന്നും അനായാസമായി നടക്കുന്ന സംഗതിയായിരുന്നില്ല.ആ ഇരിപ്പിടത്തിലൊന്നിരിപ്പുറപ്പിക്കാന്‍ ഇന്നസെന്റിന് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
പലരും പറയുന്നത് പോലെ 'റാംജി റാവു സ്പീക്കിങ്ങി'ലെ മാന്നാര്‍ മത്തായിയാണ് പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ ആദ്യത്തെ ഇന്നസെന്റ് കഥാപാത്രം എന്ന് ഞാന്‍ കരുതുന്നില്ല.'സര്‍വകലാശാല','നാടോടിക്കാറ്റ്','പട്ടണപ്രവേശം','അയിത്തം','വരവേല്‍പ്പ്'...എണ്‍പതു കളിലിറങ്ങിയ പല സിനിമകളിലെയും ഇന്നസെന്റിന്റെ പ്രകടനങ്ങള്‍ക്ക് പല വിധത്തിലുമുള്ള ആകര്‍ഷണീയത കളു ണ്ടായിരുന്നു. അരവിന്ദന്റെ 'ഒരിടത്തി'ലെ വ്യാജ ഡോക്ടറെ കണ്ടപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ മനസില്‍ ഉയര്‍ന്നു വന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് .അന്ന് അരവിന്ദന്റെ മുഖത്ത് വിടര്‍ന്ന ചിരിയുടെ അര്‍ത്ഥവും.
മേല്‍പ്പറഞ്ഞ ചിത്രങ്ങളെയും അതിലെ വേഷങ്ങളെയും എത്രയോ കാതം പിന്നിലാക്കിക്കൊണ്ടാണ് 'പൊന്മുട്ടയിടുന്ന താറാവ്' എന്ന ചിത്രത്തിലെ പണിക്കര്‍ കടന്നുവരുന്നത്. ഇന്നസെന്റ് എന്ന നടനെ ആസ്വാദകമനസ്സുകളില്‍ എന്നെന്നേക്കുമായി തളച്ചിട്ട വേഷം ആ കണിയാന്റേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പണിക്കരുടെ സൂത്രശാലിത്തം ,നയവഞ്ചന , ചിലനേരങ്ങളിലെ നിഷ്‌കളങ്കത.... (പ്രശസ്തമായ ആ അയല്‍വഴക്കിന്റെ സമയത്ത് 'പണിക്കരേ' എന്ന മൂത്ത തട്ടാന്റെ വിളി കേട്ട് 'എന്താ ചേട്ടാ' എന്നു പറഞ്ഞ് അടുത്തേക്ക് ചെല്ലുന്നതും തട്ടാന്റെ ആട്ട് കേട്ട് ഒരു പ്രത്യേക ആംഗ്യ വിക്ഷേപത്തോടെ പിന്നോട്ട് വലിയുന്നതും ഓര്‍മ്മയില്ലേ? അതുപോലെ മകളുടെ വിശേഷം കേള്‍ക്കാന്‍ വെപ്രാളപ്പെട്ടു നില്‍ക്കുന്ന പണിക്കത്തിയോട് വായ കുലുക്കുഴിഞ്ഞുകൊണ്ടും മുഖം തുടച്ചുകൊണ്ടുമൊക്കെ അസ്പഷ്ടമായി ഉത്തരം പറയുന്ന രംഗവും?)ഒരു നടന്റെ അസാമാന്യവും അവിസ്മരണീയവുമായ പ്രകടനം തന്നെയായിരുന്നു അത്. സത്യന്‍ അന്തിക്കാടിന്റെ തന്നെ മഴവില്‍ക്കാവടിയിലെ ശങ്കരന്‍ കുട്ടി മേനോന്‍ പണിക്കരുടെ തൊട്ടുപിറകിലായി സ്ഥാനം പിടിച്ചിരിക്കുന്നു.മലയാളത്തിലെ ഏറ്റവും പ്രഗത്ഭമതികളായ ഒരുകൂട്ടം അഭിനേതാക്കള്‍ വെറും സാധാരണ നാട്ടിന്‍പുറത്തുകാരായി അഭിനയിച്ചു തകര്‍ത്ത ആ ചിത്രത്തില്‍, അല്പം വില്ലത്തം മുന്നിട്ടുനില്‍ക്കുന്ന ആ കാരണവരായി വന്ന ഇന്നസെന്റ്, ആ അഭിനയ മത്സരത്തില്‍ മറ്റുള്ളവരെയൊക്കെ മറികടന്ന് വിജയപീഠമേറി നില്‍ക്കുന്നു.
ഹാസ്യരസപ്രധാനമായ വേഷങ്ങളില്‍ പേരെടുത്ത നടന്മാര്‍ അതിനേക്കാള്‍ ഗംഭീരമായി വില്ലന്‍ റോളുകളില്‍ പെര്‍ഫോം ചെയ്യുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം അടൂര്‍ ഭാസിയും നെടുമുടി വേണുവുമാണ്. ആ രണ്ടു പ്രഗത്ഭനടന്മാരോട് തോളോട് തോള്‍ ചേര്‍ന്ന് തലയുയര്‍ത്തി പ്പിടിച്ച് നിന്ന ആളായിരുന്നു ഇന്നസെന്റ്. ഭരതന്റെ 'കാതോട് കാതോര'ത്തിലെ കുടിലനായ കപ്യാരെ ആര്‍ക്ക് മറക്കാന്‍ കഴിയും ? ഭരതന്റെ തന്നെ 'കേളി'യിലെ ലാസര്‍ മുതലാളി തൊട്ടടുത്തു തന്നെ നില്‍പ്പുണ്ട്. മാലയോഗം, ഡോ. പശുപതി,കനല്‍ക്കാറ്റ്, അദ്വൈതം,ഉസ്താദ്,പിന്‍ഗാമി, തസ്‌കര വീരന്‍.... ഇന്നസെന്റ് ഗംഭീരമാക്കിയ നെഗറ്റീവ് വേഷങ്ങള്‍ ഇനിയുമുണ്ട്.
ഒരു മുഴുനീളവേഷത്തേക്കാള്‍, വളരെ കുറച്ചു നേരം മാത്രം നീണ്ടുനില്‍ക്കുന്ന സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ട് മറ്റുള്ളവരെ കടത്തിവെട്ടിയ വേഷങ്ങള്‍.... 'സമ്പൂര്‍ണ സാച്ചരത' എന്നു മലയാളികളെ പരിഹസിക്കുന്ന യശ്വന്ത് സഹായ് , ഷൂട്ടിങ്ങിനിടയില്‍ മട മടാ വെള്ളം കുടിക്കുന്ന കരയോഗം പ്രസിഡന്റ് ( ഒരുപാട് റീ ടേക്കുകള്‍ എടുക്കുന്നതിന് 'എത്ര അരി പെറുക്കി'എന്ന കോഡു ഭാഷ ഉണ്ടാക്കി കൊടുത്ത രംഗം ) 'അടിച്ചു മോളേ' എന്നു പറഞ്ഞു മയങ്ങി വീണ് ഇടയ്ക്കിടയ്ക്ക് തലപൊക്കി എന്തോ വികൃതശബ്ദം പുറപ്പെടുവിക്കുന്ന കിട്ടുണ്ണി....
സിനിമ സംഭാവന ചെയ്ത എത്രയെത്ര പദപ്രയോഗങ്ങളും സംഭാഷണശകലങ്ങളുമാണ് നമ്മുടെ നിത്യജീവിതത്തില്‍ തമാശയ്ക്കും അല്ലാതെയുമായി നമ്മളെടുത്തു പ്ര യോഗിക്കാറുള്ളത്. 'സോഷ്യല്‍ കറന്‍സി' എന്നു വിളിക്കപ്പെടുന്ന അത്തരം പദപ്രയോഗങ്ങള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ നമുക്ക് തന്നിട്ടുപോയത് ഇന്നസെന്റ് ആയിരിക്കും.
'വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ പുറപ്പെടാം'
'ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഈ കെ കെ ജോസപ്പ്'
'നീ എന്തിനാ പഠിക്കണേന്ന്?'
'തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരി മുഴുവനും ഞാന്‍ പെറുക്കിയെടുത്തു,'
'മൂക്കുകൊണ്ട് ക്ഷ, ജ്ജ, ഞ, ച്ച.... വരപ്പിയ് ക്കും..'
'ചേട്ടാ, കുറച്ചു ചോറിടട്ടെ '
ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍...
മറ്റൊരു രംഗം,
'ഇന്നലെ' എന്ന പത്മരാജന്‍ ചിത്രത്തില്‍ കാണാതെ പോയ മകളെ വീണ്ടുകിട്ടിയ സന്തോഷത്തോടെ 'മകളു'ടെയും അവളെ കണ്ടെടുത്ത കുടുംബത്തിന്റെയുമൊപ്പമിരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന പ്രൊഫസറും ഭാര്യയും.
'എനിക്ക് സമ്മതാ... പൂര്‍ണ്ണ സമ്മതാ...' എന്നു പറഞ്ഞുകൊണ്ട് മുട്ട കയ്യിലെടുക്കുമ്പോള്‍ 'ശോശാമ്മയ്‌ക്കോ? ' എന്ന, കാമുകന്റെ അമ്മയായ ഡോക്ടറുടെ (ശ്രീവിദ്യ) അപ്രതീക്ഷിതചോദ്യം കേട്ട് അറിയാതെ അത് കൈകൊണ്ട് പൊട്ടിച്ചു പോകുന്ന പ്രൊഫസര്‍ എന്ന നാടകക്കാരന്‍.
സത്യന്‍ അന്തിക്കാടിന്റെ രേവതി യ്ക്ക് ഒരു പാവക്കുട്ടി എന്ന ചിത്രത്തില്‍ പണക്കാരനായ ബന്ധുവില്‍ നിന്ന് വല്ലതും കിട്ടുമെന്ന പ്രതീക്ഷയോടെ വലിഞ്ഞുകയറി വന്നു താമസിക്കുന്ന ബന്ധുക്കാരന്റെ വേഷമാണ് ഇന്നസെന്റ് ചെയ്തത്. 'പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?' എന്നയാളോട് ചോദിക്കുമ്പോള്‍ പറയുന്ന ക്ലാസ്സിക് മറുപടി ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
'വെറുതെ, നോക്കിയിരിക്കാലോ '
അത്യാഗ്രഹിയായ ഭാര്യ(കെ പി എ സി ലളിത) യോടൊപ്പം സ്വത്തു മോഹിച്ച്, മരിച്ചുപോയ പെങ്ങളുടെ വീട്ടില്‍ കയറി വന്നു താമസമാക്കി, ഒടുവില്‍ ഭാര്യയുമായി തല്ലിപ്പിരിഞ്ഞു മടങ്ങിപ്പോകുന്ന പോലീസുകാരനെ മറ്റൊരു സത്യന്‍ അന്തിക്കാട് സിനിമയായ 'മൈ ഡിയര്‍ മുത്തച്ഛനി'ല്‍ കണ്ടു.ഇന്നസെന്റ് ഏറ്റവും അധികം ചിരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഒരെണ്ണം.എന്നാല്‍ ഈ രണ്ടു 'പാരസൈറ്റ്' കഥാപാത്രങ്ങളും തമ്മില്‍ ഒരു സാദൃശ്യവുമില്ല എന്ന കാര്യം എടുത്തുപറയുക തന്നെ വേണം.
മനസിനക്കരെയിലെ ചാക്കോ മാപ്പിളയും, ഗോഡ് ഫാദറിലെ സ്വാമിനാഥനും പാവം പാവം രാജകുമാര നിലെ ഗാന്ധിയനും ഉള്‍പ്പെടെ എനിക്കിഷ്ടപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ തിക്കിത്തിരക്കി മുന്നോട്ടേക്ക് കയറി വരുന്നു.
സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ നിറഞ്ഞാടിയവര്‍ പലരും ജീവിതത്തില്‍ അങ്ങേയറ്റം ഗൗരവം പാലിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്.എന്നാല്‍ സിനിമയുടെ പുറത്തുള്ള ലോകത്തും പ്രസംഗവേദി കളിലും പുസ്തകങ്ങളിലുമെല്ലാം കൂടി ഇന്നസെന്റ് നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.ചിരിയില്‍ കുതിര്‍ന്നതെങ്കിലും വിയര്‍പ്പും കണ്ണീരും കലര്‍ന്ന ആ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് വിലപ്പെട്ട ജീവിതപാഠങ്ങളായി മാറുകയും ചെയ്തു.
1982 ലെ ആ കണ്ടുമുട്ടലിന് ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞ് മഴവിൽക്കാവടിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് ഇന്നസെന്റിനെ വീണ്ടും കാണുന്നത്. പിന്നീടൊരിക്കൽ വിയറ്റ്‌നാം കോളനിയിൽ കെ കെ ജോസഫായി പകർന്നാടുന്ന അവസരത്തിൽ ഉദയാ സ്റ്റുഡിയോയിലെ ലൊക്കേഷനിൽ വെച്ച്... ഈ രണ്ട് അവസരങ്ങളിലും ക്യാമറയ്ക്ക് മുന്നിൽ ഉള്ളു തുറന്ന് അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു. ആ സംഭാഷണങ്ങളും അതിനിടയിൽ പോയി മോഹൻലാലിനോടൊപ്പം അഭിനയിച്ച രംഗങ്ങളും മനസ്സിൽ പതിഞ്ഞുകിടക്കുന്നു.
മലയാള സിനിമയിൽ നിന്ന് സാഹിത്യാധിഷ്ഠിത ചലച്ചിത്രങ്ങൾ പാടെ അപ്രത്യക്ഷമായ നാളുകളിലാണ് ഇന്നസെന്റ് അഭിനയ രംഗത്ത് എത്തുന്നത്. അതുകൊണ്ട് പഴയ കാലത്തെ നടൻമാർക്ക് ലഭിച്ചതുപോലെ കാമ്പും കഴമ്പുമുള്ള മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ സ്ലാപ്പ് സ്റ്റിക് കോമഡിയിൽ നിന്ന് സിറ്റുവേഷൻ കോമഡിയിലേക്ക് സിനിമ വഴിമാറിയ കാലഘട്ടം കൂടിയായിരുന്നു അത്.സിനിമയുടെ രൂപഭാവങ്ങളാകെ മാറിമറിഞ്ഞ നാളുകൾ.അതെല്ലാം കൊണ്ടു തന്നെ തലമുറവ്യത്യാസങ്ങളോപ്രായഭേദമോ ഇല്ലാതെ എല്ലാത്തരം പ്രേക്ഷകരും ആ കഥാപാത്രങ്ങളെയും സന്ദർ ഭങ്ങളെയും സംഭാഷണ ങ്ങളെയും ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തു.
ഇന്നസെന്റ് രോഗ ബാധിതനായി എന്നറിഞ്ഞത് മുതല്‍ ഇങ്ങനെയൊരു ദിവസം നാമെല്ലാം പ്രതീക്ഷിച്ചതാണ്. ഇന്നസെന്റ് എന്ന വ്യക്തിയെ നാമിപ്പോള്‍ യാത്രമൊഴി ചൊല്ലി അയച്ചു. എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച ആ കഥാപാത്രങ്ങള്‍, ആ ഭാവപ്രകടനങ്ങള്‍, സംഭാഷണശകലങ്ങള്‍....
ഇവയെയൊക്കെ ആസ്വാദക മനസ്സുകളില്‍ നിന്ന് കുടിയിറക്കാന്‍ ഒരാള്‍ക്കും, മരണത്തിന് പോലും സാദ്ധ്യമായ കാര്യമല്ല..
മരണം തോല്‍വി സമ്മതിച്ച് അടിയറവ് പറയുന്ന മറ്റൊരു സന്ദര്‍ഭം കൂടി....