ആരാലുമറിയാതെ പടിയിറങ്ങിപ്പോയ ജയദേവേട്ടൻ

ആരാലുമറിയാതെ പടിയിറങ്ങിപ്പോയ ജയദേവേട്ടൻ
Published on

ജയദേവ് ചേട്ടനെ ഞാൻ പരിചയപ്പെടുന്നത് 2010-ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്ത 'ഒരിടത്തൊരു പോസ്റ്റുമാൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. അന്ന് മുതൽ ആ സിനിമയിൽ അഭിനയിക്കാൻ വന്ന ജയദേവ്‌ ചേട്ടനും അസ്സോസിയേറ്റ് ഡയറക്ടറായ ഞാനും നല്ല അടുപ്പമായി. ദേവ് ചേട്ടൻ ചെത്തലയിലെയും ആലപ്പുഴയിലെയും പഴയ കാല നാടക നടനാണ്, നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്, ചെറിയ വേഷങ്ങളിൽ സിനിമയിലും.

മംഗ്ളീഷ് സിനിമയിൽ
മംഗ്ളീഷ് സിനിമയിൽ

സ്‌കൂൾ കാലഘട്ടം മുതൽ നാടകത്തിലൂടെ അഭിനയത്തികവ് തെളിയിച്ച ജയദേവ് ചേട്ടൻ, രാജൻ പി ദേവുമായുള്ള ബന്ധം പ്രൊഫഷണൽ നാടകത്തോടടുപ്പിച്ചു. അദ്ദേഹത്തിന്റെ ട്രൂപ്പിൽ നിരവധി നാടകങ്ങൾ ചെയ്തു. അവിടെ നിന്ന് സിനിമയിലേക്കും.

ആ സിനിമയുടെ ഷൂട്ടിന് ശേഷം ഇടക്കിടക്ക് അദ്ദേഹം വിളിക്കും, എന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ തിരക്കും, അദ്ദേഹം അഭിനയിക്കുന്ന സിനിമകളെ കുറിച്ച് പറയും, ദുൽഖർ നായകനായ മാർട്ടിൻ പ്രക്കാട്ടിന്റെ ചാർളിയിൽ അഭിനയിച്ചപ്പോൾ അതിയായ സന്തോഷത്തോടെ വിശേഷങ്ങൾ പങ്ക് വെച്ചു. റിലീസ് സമയത്ത് ആ സിനിമകൾ കാണണമെന്ന് പറയും.

പിന്നീട് ഞാൻ സ്വതന്ത്ര സംവിധായകനായപ്പോൾ ഓരോ വിളിയിലും, സാർ തിരക്കിലാണോ എന്ന മുഖവുരയോടെ സംസാരിച്ചു തുടങ്ങും. എന്തിനാണ് നമ്മൾ തമ്മിൽ ഇത്ര ഔപചാരികത എന്ന് ചോദിക്കുമ്പോൾ സിനിമയിൽ തിരക്കിലായാൽ പലരും ഫോൺ എടുക്കാറില്ല, സാർ ഒറ്റ റിങ്ങിൽ ഫോൺ എടുക്കും, വിളിച്ചു ബുദ്ധിമുട്ടിച്ച്‌ അത് നഷ്ടപ്പെടുത്തരുതല്ലോ എന്ന് പറയും.

ഒരിക്കൽ പോലും അദ്ദേഹം എന്നോട് അഭിനയിക്കാൻ അവസരം ചോദിച്ചിട്ടില്ല. ആദ്യ സിനിമയായ റെഡ് വൈനിൽ വേഷം നൽകാൻ സാധിച്ചില്ലെങ്കിലും യാതൊരു പരിഭവവും പ്രകടിപ്പിക്കാതെ ഫോൺ വിളിച്ച് സിനിമ വിജയമാകട്ടെ എന്ന് ആശംസിച്ചു. മമ്മുക്ക നായകനായ എന്റെ മംഗ്ലീഷിൽ അവസരം ചോദിക്കാതെ തന്നെ സീനുകളും ഡയലോഗുകളുമുള്ള ഒരു വേഷം ജയദേവേട്ടന് നൽകാൻ സാധിച്ചു. കുറെ ദിവസങ്ങൾ സെറ്റിൽ ഉണ്ടായിരുന്നു. ഭംഗിയായി ചെയ്തു സന്തോഷത്തോടെ തിരിച്ചു പോയി.

പിന്നീട് ഇടക്ക് വിളിക്കും, വിളിച്ചാൽ കുറെ നേരം സംസാരിക്കും. സിനിമയിൽ ഗ്യാപ്പ് വരുത്തരുതെന്ന് ഉപദേശിക്കും. കൊറോണ സമയത്ത് ഞാൻ ദുബായിൽ 4 മാസം ലോക്ക് ഡൗണിൽ കുടുങ്ങിയപ്പോൾ നിരന്തരം മെസ്സേജ് അയച്ച്‌ വിവരങ്ങൾ അന്വേഷിക്കും. ആദ്യം ആലപ്പുഴയിൽ ചിക്കൻ ഗുനിയ പരന്നപ്പോൾ പിടിപെട്ട കാര്യവും പിന്നീട് കൊറോണയുടെ രണ്ടാം വേവിൽ ജയദേവേട്ടനെ പിടിമുറുക്കിയതും അതിൽ നിന്നും അത്ഭുതമായി രക്ഷപ്പെട്ട കാര്യവും നർമ്മം കലർത്തി പറഞ്ഞു. പിന്നെയും പരസ്പരം വിളികൾ തുടർന്നു കൊണ്ടിരുന്നു.

കഴിഞ്ഞ മാസം (ജനുവരി) 29 ന് തൃശൂരിൽ നിന്നും ഞാൻ കാറോടിച്ചു വരുമ്പോൾ ചാലക്കുടിയിൽ വെച്ച്‌ ജയദേവ് ചേട്ടന്റെ കോൾ വന്നു. പരിഭ്രമം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു 'സാറേ എനിക്ക് കാൻസറാണ്, അവസാന സ്റ്റേജിലാണ്, ഇപ്പോഴാണ് റിസൾട്ട് വന്നത്, ഇനി അധിക ദിവസമില്ല'.

എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ നിശബ്ദനായി. റോഡ് സൈഡിൽ വണ്ടി ഒതുക്കി.

'ചേട്ടാ, ചികിത്സാ ചിലവിനുള്ള പണം കയ്യിലുണ്ടാകുമോ?'

'ഇല്ല സാറേ, ഒന്നുമില്ല.'

'സഹായിക്കാൻ ആരെങ്കിലും കൂടെയുണ്ടോ?'

'ചേട്ടന്റെ മകനുണ്ട്, അവൻ കൂലി പണിക്കാരനാണ്, അവന് എത്ര ദിവസം എന്റെ കൂടെ നിൽക്കാൻ പറ്റും. നാടകം, സിനിമ എന്ന് പറഞ്ഞ് ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല. കലയെ സ്നേഹിച്ച ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല.'

അദ്ദേഹത്തിന്റെ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു.

ഞാൻ പറഞ്ഞു, 'വിഷമിക്കേണ്ട ചേട്ടന്റെ അക്കൗണ്ട് നമ്പർ അയച്ചു താ, ഞാൻ എന്നെകൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യാം, സമാധാനമായിരിക്കൂ.'

അദ്ദേഹത്തിന്റെ മറുപടി മൂളലിൽ ഒട്ടും ആശ്വാസം ഉണ്ടായിരുന്നില്ല. ഫോൺ കട്ട്‌ ചെയ്തതിന് ശേഷം ഞാൻ കുറെ നേരം വണ്ടി ചലിപ്പിക്കാതെ അവിടെത്തന്നെയിരുന്നു.

അക്കൗണ്ട് നമ്പറിനായി ഞാൻ പിന്നീട് വിളിച്ചു. പിന്നീട് തരാം എന്ന് മറുപടി. ജീവിതത്തിൽ ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്ത ജയദേവ് ചേട്ടൻ ഈ കഷ്ടപ്പാടിൽ ആർക്കും ഭാരമാകരുതെന്ന് കരുതിയത് കൊണ്ടോ, അതോ ജീവനിൽ പ്രതീക്ഷ നശിച്ചതിനാലോ ആകാം പിന്നീടുള്ള എന്റെ ഫോൺ കാളുകൾക്ക് മറുപടി തന്നില്ല.

ഒരു ദിവസം വാട്സാപ്പിൽ വന്ന മെസ്സേജ് അക്കൗണ്ട് നമ്പറായിരിക്കുമെന്ന് കരുതി തുറന്ന് നോക്കിയപ്പോൾ 'മനസ്സ് നിറയെ സ്നേഹവുമായി എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ ഐശ്വര്യങ്ങളും നേരുന്നു..' എന്ന വരികളാണ്. പിന്നീട് പലവട്ടം വിളിച്ചെങ്കിലും കിട്ടിയില്ല.

കഴിഞ്ഞ ദിവസം ബാദുഷയുടെ ഫേസ്ബുക് പേജിൽ ജയദേവ് ചേട്ടൻ മരിച്ചതായി ഒരു പോസ്റ്റ് കണ്ടു. മനസ്സൊന്ന് പിടഞ്ഞു. ചാക്കോ രണ്ടാമൻ, ഷേക്സ്പിയർ എം എ മലയാളം, ഒരിടത്തൊരു പോസ്റ്റുമാൻ, ഫ്രൈഡെ, മംഗ്ലീഷ്, ചാർളി, പ്രീസ്റ്റ് .... തുടങ്ങി മുപ്പതോളം സിനിമകളിലും അല്ലിയാമ്പൽ തുടങ്ങിയ സീരിയലിലും തന്റെ അഭിനയ പ്രാവീണ്യം തെളിയിച്ച ജയദേവ് എന്ന നടൻ വിട വാങ്ങിയിരിക്കുന്നു.

ജയദേവേട്ടന്റെ നമ്പറിൽ വിളിച്ചപ്പോൾ എടുത്തത് ചേട്ടന്റെ മകൻ പ്രജീഷ് ആയിരുന്നു. ഫെബ്രുവരി 16ന് അദ്ദേഹം ഈ ലോകത്തോട് വിട ചൊല്ലിയിരുന്നു. ആരെയും വിളിച്ചറിയിക്കാൻ പറ്റാത്തതിൽ അയാൾ ക്ഷമാപണം ചോദിച്ചു. ക്യാൻസറാണെന്ന് അറിഞ്ഞതിന് പുറകെ ഓർമ്മ നശിച്ചു, പിന്നീട് പൂർണ്ണമായും കിടപ്പിലായി, ദിവസങ്ങൾക്കകം എല്ലാം അവസാനിച്ചു. കലാ രംഗത്തിന് വേണ്ടി സർവ്വവും ത്യജിച്ച ആ മനുഷ്യൻ മരിച്ച വിവരം ന്യൂസ് ചാനലുകളിലോ പാത്രത്തിലോ വാർത്തയായില്ല. വാർത്തകൾക്ക് വേണ്ടി പരക്കം പായുന്ന ഓൺലൈനിൽ പോലും ഒരു വരി വാർത്ത പോലുമാകാതെ അദ്ദേഹം നമ്മെ വിട്ട്‌ പോയി. ആരാലുമറിയാതെ ഒരു നടൻ യാത്രയാവുക എന്ന് പറഞ്ഞാൽ ആ നോവ്‌ എത്ര അഗാധമാണ്.

നാട്ടിൽ ജനകീയനായ ജയേട്ടൻ രാഷ്ട്രിയ സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിലും പുരോഗമന കലാ സാഹിത്യ സംഘത്തിലും സജീവമായിരുന്ന അദ്ദേഹം ആർക്കും സഹായം ചെയ്യുന്നതിന് യാതൊരു വിധത്തിലുള്ള മടിയും കാണിച്ചിരുന്നില്ല. നല്ലൊരു മനുഷ്യ സ്നേഹിയും, എല്ലാ അർത്ഥത്തിലും നല്ലൊരു മനുഷ്യനും ആയിരുന്നു.

കലയെ മാത്രം സ്നേഹിച്ച ആ പാവം നല്ല മനുഷ്യൻ ആരെയും ഒന്നും അറിയിക്കാതെ യാത്രയായിരുന്നു. പരമ ദരിദ്രനായി, ആരെയും ബുദ്ധിമുട്ടിക്കാതെ, പരിഭവങ്ങൾ ഒന്നുമില്ലാതെ.

വിട പറയുമ്പോൾ കാൻസറിനേക്കാൾ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകുക താനേറെ സ്നേഹിക്കുന്ന സിനിമയിൽ എന്തെങ്കിലുമൊക്കെയാവാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയായിരിക്കും. നല്ല കലാകാരന്മാർ ദരിദ്രരായി മരിക്കുന്നു എന്ന പേടിപ്പെടുത്തുന്ന സത്യം ജയദേവ്‌ ചേട്ടനിലൂടെയും തുടർന്നിരിക്കുന്നു... അതങ്ങനെ ഇനിയും...

ആദരാഞ്ജലികൾ ജയദേവേട്ടാ.

മനസ്സ് നിറഞ്ഞ പ്രാർത്ഥന എന്നുമുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in