സ്നേഹം എന്ന് പേരുള്ള ഒരു അവതാരകൻ

സ്നേഹം എന്ന് പേരുള്ള ഒരു അവതാരകൻ
Published on

സമീപകാലത്ത് ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിനിടെ ഇന്ത്യാവിഷന്‍ വിഷയമായി. ഒരല്‍പ്പം മടിയോടെ അവര്‍ എന്നോട് ഇങ്ങനെ പറഞ്ഞു. ''സത്യത്തില്‍ അക്കാലത്ത് നിങ്ങളെയൊന്നും എനിക്ക് ഇന്ത്യാവിഷനില്‍ കണ്ട ഓര്‍മയില്ല. അന്ന് വാര്‍ത്ത കാണുക എന്ന ശീലമില്ലായിരുന്നു, അതാകാം. എനിക്ക് ഇന്ത്യാവിഷന്‍ എന്ന് പറഞ്ഞാല്‍ ഓര്‍മ വരിക ആകെ എ സഹദേവനെയും അദ്ദേഹത്തിന്റെ പ്രോഗ്രാമുമാണ്.'' പറഞ്ഞത് ദുഷ്ടബുദ്ധിയല്ലാത്ത സുഹൃത്തായത് കൊണ്ട് , നമ്മളെ പരിഹസിക്കാനായുള്ള കള്ളത്തരമല്ല അപ്പറഞ്ഞത് എന്ന് എനിക്ക് അറിയാമായിരുന്നു അപ്പോള്‍ തന്നെ. കേരളത്തിലെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലിലെ വാര്‍ത്താവായനക്കാരെ നിനക്കറിയില്ല അല്ലേ എന്ന് തമാശയായി പറഞ്ഞ് ഞാനതിനെ പ്രതിരോധിച്ചെങ്കിലും.

 സഹദേവൻ സാറിനൊപ്പം ലേഖകനടക്കമുള്ള സഹപ്രവർത്തകർ
സഹദേവൻ സാറിനൊപ്പം ലേഖകനടക്കമുള്ള സഹപ്രവർത്തകർ

സഹദേവന്‍ സാര്‍ ആശുപത്രിയിലാണ് എന്ന കാര്യം മനീഷ് വിളിച്ച് പറഞ്ഞതിന് ശേഷം ഇക്കാര്യം ഓര്‍മിച്ചപ്പോള്‍, എത്രയോ സത്യമായ കാര്യമാകും അവര്‍ പറഞ്ഞത് എന്ന് എനിക്ക് തോന്നി. രാഷ്ട്രീയ ബഹളങ്ങളുടെ രസാവഹമായ കലര്‍പ്പായിരുന്നു അന്നത്തെ ഇന്ത്യാവിഷന്‍ ഫ്രെയിമിലാകെ. അതില്‍ അസാധാരണമാം വേര്‍തിരിഞ്ഞ ഒരു കസേര വലിച്ചിട്ടായിരുന്നു സഹദേവന്‍ സാറിന്റെ പ്രകടനം. ഞങ്ങള്‍ ഉറക്കെ, അതിലുമുറക്കെ ആവര്‍ത്തിച്ച് വായിച്ച വാര്‍ത്തകളുടെ മുഴുനേരത്ത് നിന്ന് ഒരു അര മണിക്കൂര്‍ മാറ്റിയെടുത്ത് സഹദേവന്‍ സാര്‍ സൗമ്യമായി സിനിമകളെ കുറിച്ച് പറഞ്ഞു. കൊമേഴ്‌സ്യല്‍ ഹിറ്റുകളെ കുറിച്ചല്ല, ക്ലാസിക്കുകളെ കുറിച്ച്. ഇന്ത്യാവിഷനിലെ ഇരുപത്തിമൂന്നര മണിക്കൂറും ഞങ്ങള്‍ , രാഷ്ട്രീയബഹളക്കാരുടേതായിരുന്നു. ഇപ്പുറത്ത് അര മണിക്കൂറേ സഹദേവന്‍ സാറെടുത്തുള്ളൂ. 24 ഫ്രെയിംസ്. ആ പേരില്‍ അദ്ദേഹം സിനിമകളുടെ ലോകത്തെ വിശദീകരിച്ചു. സ്‌ക്രീനിന് പുറത്തേക്ക് ചാടുമോ എന്ന് ക്യാമറാമാനെ ബേജാറാക്കും വിധത്തില്‍ എം വി നികേഷ് കുമാറും, അതേരീതി പിന്തുടരാന്‍ നോക്കുന്ന മറ്റുള്ളവരുടേതുമായിരുന്നു ആ ഫ്രെയിം. അതില്‍ നിന്ന് മാറി സ്വന്തം കസേരയില്‍ സൗമ്യവും പക്വവുമായി സഹദേവന്‍ സാര്‍ ഇരുന്നു.ടെലിവിഷനില്‍ ശബ്ദം കൊണ്ട് ആധികാരികത ഉണ്ടാക്കുന്നതെങ്ങനെ എന്നതിന് എനിക്ക് തെളിവ് ടി എന്‍ ഗോപകുമാര്‍ കഴിഞ്ഞാല്‍ സഹദേവന്‍ സാറാണ്. (ഞങ്ങളുടെ ബാച്ചിലെ തന്നെ ചിലര്‍ സഹദേവേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്, ഞാന്‍ എപ്പോഴും സാര്‍ ചേര്‍ത്ത് വിളിച്ചു. മൂപ്പര്‍ക്ക് വ്യത്യാസമില്ലായിരുന്നു രണ്ട് വിളികളോടും). ഇന്നില്ലാത്ത ഇന്ത്യാവിഷനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും അന്നത്തെ രാഷ്ട്രീയവാര്‍ത്തകളെ കുറിച്ചല്ല ഓര്‍ക്കുന്നത്, അദ്ദേഹം ക്ലാസിക്കുകളെ മൂല്യം ചോരാതെയെങ്കിലും ചുരുക്കി അവതരിപ്പിച്ച ആ 26 മിനിറ്റുകളെ കുറിച്ചാണ്.മേല്‍ പറഞ്ഞ എന്റെ സുഹൃത്തിനെ പോലെ.

ഫ്രെയിമിന് പുറത്ത് പക്ഷെ, സഹദേവന്‍ സാറിന് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ കസേര വേണ്ടായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും ടീമിനൊപ്പം തന്നെ നിന്നു. 35 വയസ്സാണ് ഒരു പക്ഷെ അന്നത്തെ ഇന്ത്യാവിഷനിലെ ശരാശരി പ്രായം. 30ന് താഴെയുള്ളവരായിരുന്നു അവിടത്തെ ആത്മവിശ്വാസമുള്ള അധികാരികള്‍. സഹദേവന്‍ സാര്‍ അതേക്കാള്‍ എത്രയോ മുതിര്‍ന്നയാള്‍. പക്ഷെ അദ്ദേഹം , ഇതേ പ്രായത്തിലേക്ക് ഇറങ്ങി നിന്നാണ് ടീമിനെ നയിച്ചത്. പിടി വിട്ട് പറക്കുമായിരുന്ന ആ ചാനലിന്റെ ഊര്‍ജ്ജത്തിന് സറ്റൈല്‍ ബുക്ക് ഉണ്ടാക്കി സാറ് വളയത്തില്‍ തന്നെ ചാടണമെന്ന് ഓര്‍മ്മിപ്പിച്ചു. പത്രാധിപരായ എംടി വാസുദേവന്‍ നായര്‍ക്ക് മുന്നിലിരുന്ന് പണിയെടുത്ത അനുഭവസമ്പത്തുള്ള ജേണലിസ്റ്റായിരുന്നു അദ്ദേഹം. എം ടിക്ക് മുന്നിലിരുന്ന് പണിയെടുത്ത ആള്‍. ആ കാര്യം പക്ഷെ അദ്ദേഹം ഒരിക്കലും അഹങ്കാരത്തിനോ അധികാരപ്രയോഗത്തിനോ ഉപയോഗിച്ചില്ല. കേള്‍ക്കാന്‍ ആഗ്രഹമുള്ള കാതുകള്‍ക്ക് മുന്നില്‍ മാത്രം അദ്ദേഹം പറയാനുള്ളത് പറഞ്ഞു. അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹം എന്ന കെ പി അപ്പന്റെ തലക്കെട്ട് അക്കാലത്തെ ഇന്ത്യാവിഷന് ചേരുമായിരുന്നു. ഏഷ്യാനെറ്റിന്റെ എലീറ്റ് , കുലീന രീതികള്‍ക്ക് ഓപ്പസിറ്റായിരുന്നു ഇന്ത്യാവിഷന്റെ വാര്‍ത്താപ്രക്ഷേപണം. അതിന്റെ കുഴപ്പങ്ങളുമുണ്ടായിരുന്നു എന്ന് കൂട്ടാം. അവിടെ അവശ്യമായ ഒരു മുതിര്‍ന്ന സാന്നിധ്യമായി സഹദേവന്‍ സാറ് നിന്നു. അദ്ദേഹം ആ ന്യൂസ് റൂമിലെ അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹത്തെ തടയാനൊന്നും ശ്രമിച്ചതേയില്ല, അതിനൊപ്പം തന്നെ നിന്നു. പക്ഷെ , സൗമ്യമായിട്ട് അതിനിടയിലേക്ക് അദ്ദേഹം ക്ലാസിക് ജേണലിസത്തിന്റെ രീതികളെ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. മലയാള മാധ്യമപ്രവര്‍ത്തനത്തിലെ പരമ്പരാഗത രീതികള്‍ക്കും പുതിയ കാല വേഗതയ്ക്കും ഇടയില്‍ അദ്ദേഹം അവിടെ മൂല്യവത്തായ സാന്നിധ്യമായി നിന്നു.

ഇന്ത്യാവിഷന്‍ സ്‌നേഹിയായിരുന്നു സഹദേവന്‍ സാര്‍. എല്ലാ കഷ്ടകാലങ്ങളിലും അദ്ദേഹം അവിടെ ഉറച്ച് നിന്നു. നികേഷ് ഇറങ്ങിയപ്പോള്‍ അദ്ദേഹം എം പി ബഷീറിനൊപ്പം അവിടെ ഉറച്ച് നിന്നു.

ചാനല്‍ കുലീനരാല്‍ പുച്ഛിക്കപ്പെട്ടപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത സാന്നിധ്യം കൊണ്ട് അത്തരം പരിഹാസങ്ങളെ പ്രതിരോധിച്ചു, ചിലപ്പോഴൊക്കെ രോഷം കൊണ്ട് പോലും. മാനേജ്‌മെന്റിലെ പ്രമുഖര്‍ക്കെല്ലാം വേണ്ടപ്പെട്ടയാളായിരുന്നു അദ്ദേഹം. പക്ഷെ ,ദീര്‍ഘകാലമായി ശമ്പളം കിട്ടാതെ ഒടുവില്‍ തൊഴിലാളികള്‍ സമരത്തിന് ഇറങ്ങിയപ്പോള്‍ അദ്ദേഹം ഇന്ത്യാവിഷന്‍ സ്‌നേഹം പറഞ്ഞിരിക്കുകയല്ല ചെയ്തത്. പുറത്തേക്കിറങ്ങി, ആ സമരക്കാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.അവരിറങ്ങിയപ്പോള്‍ അദ്ദേഹവും സ്ഥാപനം വിട്ടിറങ്ങി. ഏറ്റവും പ്രിയപ്പെട്ട ജോലിസ്ഥലത്തെ ഉപേക്ഷിക്കാനും പ്രേരിപ്പിക്കും വിധമുള്ള സഹജീവിസ്‌നേഹവും ബോധ്യങ്ങളുമുണ്ടായിരുന്നു അദ്ദേഹത്തിന്.

മനുഷ്യസ്‌നേഹിയായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അക്കാലത്തെ സഹപ്രവര്‍ത്തകയായ അശ്വതി ജെയിംസ് എഴുതിയ പോസ്റ്റ് ഇപ്പോള്‍ വായിച്ചു. അശ്വതി എഴുതുന്നു.///അന്ന് ഗർഭിണിയായിരുന്ന സമയം, ഒരു ദിവസം ഡ്യൂട്ടിയ്ക്കിടെ ഇന്ത്യാവിഷൻ ഓഫീസ്, ടുട്ടൂസ് ടവറിന് താഴെ വരാനായി വിളിച്ചു. ചെന്നു നോക്കിയപ്പോൾ സാറും ഭാര്യയും കാറിൽ എന്നെയും കാത്തിരിക്കുന്നു. അടുത്തേക്ക് ചെന്നപ്പോൾ കേക്കും, സ്നാക്സുമടങ്ങിയ രണ്ട് ബോക്സുകൾ തന്നു, ദാ ഞങ്ങൾ ലുലുമാളിൽ പോയപ്പോൾ നിന്നെയോർത്ത് വാങ്ങിച്ചതാണ്.. ഇതിനൊക്കെ കൊതി ഉണ്ടാവില്ലേന്നും പറഞ്ഞ് തന്നു.. അതുപോലെ എപ്പോഴെങ്കിലും വിഷമിച്ചിരിക്കുന്നത് കണ്ടാൽ അടുത്തു വന്ന് എന്തെങ്കിലും പറഞ്ഞ് രസിപ്പിക്കാനും സന്തോഷിപ്പിക്കാനും ശ്രമിക്കും, നാടിനെക്കുറിച്ചും മകൾ ചാരുവിനെക്കുറിച്ചും അങ്ങനെ ഒരുപാടൊരുപാട് കഥകൾ.....എന്നും എപ്പോഴും ഒരച്ഛന്റെ, ഗുരുവിന്റെ കരുതലായിരുന്നു..////

ഇതിലുണ്ടല്ലോ മുഴുവനായി തന്നെ അദ്ദേഹം.

അഗാധമായ വ്യസനമാണ് . സഹദേവന്‍ സാറിന് അത്യധികമായ സങ്കടത്തോടെ വിടപറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in