രാജാ രവിവർമ്മക്ക് ശേഷം കേരളം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ ചിത്രകാരനാണ് ഡൽഹിയിൽ അന്തരിച്ച എ. രാമചന്ദ്രൻ. ആഗോളതലത്തിൽ ഉള്ള ഒരു കലാ സാമൂഹ്യ ദർശനം വെച്ച് പുലർത്തിയ അദ്ദേഹം, എക്കാലത്തും തൻ്റെ കലാ സപര്യയ്ക്കുള്ള പ്രചോദനം ഉൾക്കൊണ്ടത് ഭാരതീയമായ ചിത്രകലാ പൈതൃകത്തിൻ്റെ കരുത്തിൽ നിന്നായിരുന്നു. കേരളീയ ചുമർ ചിത്രങ്ങൾ അടക്കമുള്ള ഈ പൈതൃകത്തെ ഇത്രയും സമഗ്രമായി ആവിഷ്കരിച്ച മറ്റൊരു കലാകാരൻ ഉണ്ടോ എന്ന് സംശയമാണ്.
1935-ല്‍ തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ ജനിച്ച എ. രാമചന്ദ്രൻ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കലാപഠനത്തിനായി ശാന്തിനികേതനിൽ എത്തുന്നത് ഒരു നിയോഗം പോലെയാണ്. ചിത്രകലയിൽ തല്പരനായ രാമചന്ദ്രൻ അക്കാലത്തെ പല കലാകാരന്മാരുടേയും സൃഷ്ടികളെക്കുറിച്ച് കേട്ടറിഞാണ് ശാന്തി നികേതനിൽ എത്തുന്നത്. അവിടത്തെ ജീവിതം അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെ മാറ്റി മറിച്ചു. ആദ്യകാലത്ത് ഏറെ രാഷ്ട്രീയ തലം ഉള്ള ചിത്രങ്ങൾ വരച്ച അദ്ദേഹം പിന്നിട് രാജസ്ഥാനിലൂടെ നടത്തിയ യാത്രകൾക്ക് ശേഷമാണ് താമരക്കുളങ്ങളുടെ സൗന്ദര്യം ആവിഷ്കരിക്കാൻ തുടങ്ങിയത്.
എന്നാൽ ഇത് ഒരിക്കലും വർഗീയതയുടെ താമര അല്ല. ബുദ്ധൻ അടക്കമുള്ളവർ ഉയർത്തി പിടിച്ച ഇന്ത്യൻ പൈതൃകത്തിൻ്റെ താമരയാണ്. രാമചന്ദ്രൻ്റെ ഗാന്ധി ശില്പങ്ങളും, മറ്റ് ശില്പങ്ങളും ഏറെ എടുത്ത് പറയേണ്ടവയാണ്. സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ വളർന്ന രാമചന്ദ്രനെ സംബന്ധിച്ച് ഗാന്ധി തന്റെ ഓർമ്മകളിൽ തെളിഞ്ഞുനിന്ന രൂപമായിരുന്നു എന്നുമാത്രമല്ല, അദ്ദേഹം എക്കാലത്തും ആരാധിക്കുന്ന ഒരു വ്യക്തിത്വമായി തുടരുകയും ചെയ്തു. വെടിയേറ്റ് വീണ ഗാന്ധിജി യുടെ ശിൽപം ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ്.
തൻ്റെ കരിയറിൽ ഉടനീളം, കലാലോകത്തിന് നൽകിയ സംഭാവനകൾക്ക് നിരവധി അംഗീകാരങ്ങളും അവാർഡുകളും രാമചന്ദ്രന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സൃഷ്ടികൾ ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ ഗാലറികളിലും മ്യൂസിയങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
തൻ്റെ കലാപരമായ പ്രവർത്തനങ്ങൾക്ക് പുറമേ, കലാ വിദ്യാഭ്യാസത്തിലും രാമചന്ദ്രൻ സജീവമായി ഇടപെട്ടിട്ടുണ്ട്. ശാന്തിനികേതന്റെ ചരിത്രമൂല്യം നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും നിരവധി കലാകാരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്തു, അതിലൂടെ തൻ്റെ അറിവും കലയോടുള്ള അഭിനിവേശവും വരും തലമുറയ്ക്ക് കൈമാറി.
മൊത്തത്തിൽ, എ രാമചന്ദ്രൻ്റെ കലാപരമായ യാത്ര ശ്രദ്ധേയമാണ്, അദ്ദേഹത്തിൻ്റെ നൂതനമായ സമീപനം, ആഴത്തിലുള്ള സാംസ്കാരിക വേരുകൾ, ഇന്ത്യൻ കലകളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അർപ്പണബോധം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ സംഭാവനകൾ ഇന്ത്യൻ കലയുടെ മേഖലയെ സമ്പന്നമാക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള എണ്ണമറ്റ കലാകാരന്മാർക്കും കലാപ്രേമികൾക്കും പ്രചോദനം നൽകുകയും ചെയ്തു.
ഗവേഷണത്തിന്റെ ഭാഗമായി അദ്ദേഹം സ്വന്തമായി ശേഖരിച്ച രേഖകളെല്ലാം ഇന്ത്യൻ ആർട്ടിന്റെ വലിയ കളക്ഷൻ തന്നെയാണ്. എ. രാമചന്ദ്രൻ്റെ ഈ കൃതികൾക്ക് സ്ഥിരം മ്യൂസിയം സ്ഥാപിക്കാനും വായനശാലയുടെ കൈമാറ്റത്തിലൂടെ ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പുസ്തകശേഖരമാക്കി അതിനെ മാറ്റാനും കേരള കലാലോകത്തിന് ഒരു പഠനകേന്ദ്രം സ്വന്തമാക്കാനും കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പ് മുൻകൈയെടുക്കുന്ന സമയത്താണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
ചിത്രകലയിൽലും ശിൽപകലയിലും കേരളത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച വിഖ്യാത കലാകാരന് ആദരാഞ്ജലികൾ.