മാധ്യമങ്ങള്‍ മാറിയില്ല, സെന്‍സേഷണലിസം തുടരുന്നു, നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് വിലയിടാനാകില്ലെന്നും നമ്പി നാരായണന്‍

മാധ്യമങ്ങള്‍ മാറിയില്ല, സെന്‍സേഷണലിസം തുടരുന്നു, നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് വിലയിടാനാകില്ലെന്നും നമ്പി നാരായണന്‍
Published on

അന്നത്തേതില്‍ നിന്ന് മാധ്യമങ്ങള്‍ മാറിയിട്ടില്ലെന്ന് ഐഎസ്ആര്‍ഒ വ്യാജ ചാരക്കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ദ ക്യുവിനോട്. എല്ലാ കാര്യങ്ങളും സെന്‍സേഷണലൈസ് ചെയ്യാനുള്ള പ്രവണത മാധ്യമങ്ങള്‍ക്ക് നേരത്തേയുണ്ട്. അത് ഇപ്പോഴും തുടരുന്നു. അത് കച്ചവട താല്‍പ്പര്യമാണ് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണത്. അതില്‍ നിന്ന് മാധ്യമങ്ങള്‍ മാറണം. ഉന്നതമായ നൈതികത പുലര്‍ത്തണം, സ്വയം നിയന്ത്രണം പാലിച്ചുപോകണമെന്നും അദ്ദേഹം പറഞ്ഞു. സയനേഡ് നല്‍കി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കോഴിക്കോട്ടെ സംഭവം, പാമ്പിനെ കൊണ്ട് കടിപ്പിച്ച് യുവതിയെ വകവരുത്തിയ കേസ് എന്നിവടയടക്കം ഒട്ടേറെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ സെന്‍സേഷണലൈസ് ചെയ്തതായി കാണാം. ഇവയിലെല്ലാം മാധ്യമങ്ങള്‍ സമാന്തരമായ അന്വേഷണം നടത്തുകയാണ്. ആ അന്വേഷണങ്ങളില്‍ എത്രമാത്രം ശരിയുണ്ട്, തെറ്റുണ്ട് എന്ന് മുഴുവന്‍ കാര്യങ്ങളും വെളിപ്പെട്ട ശേഷം ആരെങ്കിലും പരിശോധിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

മാധ്യമങ്ങള്‍ മാറിയില്ല, സെന്‍സേഷണലിസം തുടരുന്നു, നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് വിലയിടാനാകില്ലെന്നും നമ്പി നാരായണന്‍
മഹാമാരി, മഴക്കെടുതി ദുരന്തങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വര്‍ണക്കടത്ത് കേസിന്, അജണ്ട സ്ഥാപിക്കലെന്ന് സംശയം: ശശികുമാര്‍

നമുക്ക് വൈദഗ്ധ്യമുള്ള കാര്യം ചെയ്യുന്നതില്‍ തെറ്റില്ല. സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തവര്‍ ഒരു റോക്കറ്റിനെക്കുറിച്ച് എഴുതിയാല്‍ എങ്ങനെയുണ്ടാകും. സാറ്റലൈറ്റിന്റെയും റോക്കറ്റിന്റെയും വ്യത്യാസമറിയാത്ത നിരക്ഷരരായ രണ്ട് സ്ത്രീകള്‍ സാങ്കേതികവിദ്യ മീന്‍കുട്ടയില്‍ കടത്തിക്കൊണ്ടുപോയെന്നൊക്കയാണ് തനിക്കെതിരെയുണ്ടായ വ്യാജ കേസില്‍ വാര്‍ത്തകള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചനയില്‍ മാധ്യമങ്ങള്‍ക്ക് നൂറ്റൊന്ന് ശതമാനം പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. പൊലീസുകാര്‍ പറഞ്ഞുകൊടുത്തത് അനുസരിച്ച് മാധ്യമങ്ങള്‍ കഥകളെഴുതി. പൊലീസിന് വേണ്ടവിധമെല്ലാം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ കേസ് സിബിഐക്ക് പോയതോടെ കഥകള്‍ മെനയുന്നത് പൊടുന്നനെ നിന്നു. സിബിഐയില്‍ നിന്ന് ഒരു വിവരവും കിട്ടാതായതോടെയാണ് കുപ്രചരണം അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പല മാധ്യമ പ്രവര്‍ത്തകരും നേരിട്ടും അല്ലാതെയുമൊക്കെ മാപ്പ് പറഞ്ഞിട്ടുണ്ട്. കെ മുരളീധരന്‍, ബാലകൃഷ്ണ പിള്ള, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഖേദം പ്രകടിപ്പിച്ചിരുന്നു. ഇവരെ നല്ല മനസ്സിന്റെ ഉടമകളായാണ് കാണുന്നത്. താന്‍ നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും വിലയിടാനാകില്ലെന്നായിരുന്നു നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ജോലി, സമാധാനം, വിശ്വാസ്യത, അഭിമാനം,സല്‍പ്പേര് എന്നിവയെല്ലാം വ്യാജ ആരോപണങ്ങള്‍ നഷ്ടപ്പെടുത്തി. അത്തരത്തില്‍ ജീവിതത്തില്‍ കൈവിട്ടുപോയവയ്ക്ക് എത്ര രൂപ വിലയിട്ടാലും പകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നമ്പി നാരായണന് 1.30 കോടി രൂപ കൂടി നഷ്ടപരിഹാരം നല്‍കിയിരുന്നു. തിരുവനന്തപുരം സബ് കോടതിയില്‍ അദ്ദേഹം നല്‍കിയ കേസിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ചായിരുന്നു ഇത്. മുന്‍പ് സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് 10 ലക്ഷവും നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in