ദേശീയ ചലച്ചിത്ര അവാർഡും മമ്മൂട്ടിയും, കൊടുക്കാത്തതോ അയക്കാത്തതോ?

ദേശീയ ചലച്ചിത്ര അവാർഡും മമ്മൂട്ടിയും, കൊടുക്കാത്തതോ അയക്കാത്തതോ?
Published on
Summary

പെരുന്തച്ചനിലെ തിലകനെയും അമരത്തിലെ മമ്മൂട്ടിയെയും മറുപക്കം എന്ന തമിഴ്ചിത്രത്തിലെ ശിവകുമാറിനെയും വാസ്തുഹാരയിലെ മോഹൻലാലിനെയും മറികടന്ന് അമിതാഭ് ബച്ചന് 'അഗ്നിപഥ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്ക്കാരം കൊടുത്തതിനെ ന്യായീകരിച്ച് "അദ്ദേഹത്തിൻ്റെ ശബ്ദം മാത്രം മതിയല്ലോ അവാർഡ് കൊടുക്കാൻ" എന്ന് ഒരു ഫാൻ ബോയ് ആയി ചുരുങ്ങി അഭിപ്രായപ്രകടനം നടത്തിയ അശോക് കുമാർ

അവാർഡിൽ രാഷ്ട്രീയ ഇടപെടൽ സംഭവിക്കുന്നത് ഒരു ഭരണകൂടം ജൂറിക്ക് ഫോൺ ചെയ്ത് ഇന്നയിന്ന ആളുകൾക്കും അവരുടെ ചിത്രങ്ങൾക്കും പുരസ്ക്കാരം കൊടുക്കണമെന്ന് പറഞ്ഞിട്ടാകണമെന്നില്ല. മറിച്ച് ഭരണകൂടത്തിൻ്റെ ആശയാടിത്തറയോട് ചേർന്നുനിൽക്കുന്ന നിലപാടുകളെയും അതിനോട് ഇണങ്ങുന്ന സിനിമാസംബന്ധിയായ കാഴ്ചപ്പാടുകളെയും മൂല്യനിർണ്ണയത്തിൻ്റെ മാനദണ്ഡമാക്കാൻ മടിയില്ലാത്തവരെ ജൂറി അംഗങ്ങളായി നിയമിച്ചുകൊണ്ടാണ്.

കഴിഞ്ഞ കാലങ്ങളിൽ ദേശീയ ചലച്ചിത്രപുരസ്ക്കാര നിർണ്ണയജൂറി എന്നു പറയുന്നത് ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ച,ദേശീയ പുരസ്ക്കാരങ്ങൾ പല തവണ കരസ്ഥമാക്കിയ ചലച്ചിത്രസംവിധായകരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടിരുന്നത്.

ശ്യാം ബെനഗലിനെയും ഭീഷ്മ സാഹ്നിയെയും തപൻ സിൻഹയെയും ബുദ്ധദേവ്ദാസ് ഗുപ്തയെയും അടൂർ ഗോപാലകൃഷ്ണനെയും ഹൃഷികേശ് മുഖർജിയെയും സയീദ് അക്തർ മിർസയെയും സുധീർ മിശ്രയെയും ഗൗതം ഘോഷിനെയും കെ.എസ് സേതുമാധവനെയും ബാസു ചാറ്റർജിയെയും ഭാരതിരാജയെയും ഷാജി.എൻ കരുണിനെയും പ്പോലെയുള്ള മികവുറ്റ സംവിധായകരാണ് കഴിഞ്ഞ 4 പതിറ്റാണ്ടുകാലത്തെ ചരിത്രമെടുത്താൽ ദേശീയപുരസ്ക്കാര ജൂറിയുടെ ചെയർമാൻ സ്ഥാനത്തെ അലങ്കരിച്ചിരുന്നത്.

അപൂർവ്വം അവസരങ്ങളിൽ പ്രേംനസീറിനെയും ബി.സരോജാ ദേവിയെയും അശോക് കുമാറിനെയും വൈജയന്തിമാലയെയും പോലുള്ള അഭിനേതാക്കളും ടി.സുബ്ബിരാമി റെഡ്ഢിയെ പോലുള്ള നിർമ്മാതാക്കളും ജൂറി ചെയർപേഴ്സണായി വന്നിട്ടുമുണ്ട്.

പെരുന്തച്ചനിലെ തിലകനെയും അമരത്തിലെ മമ്മൂട്ടിയെയും മറുപക്കം എന്ന തമിഴ്ചിത്രത്തിലെ ശിവകുമാറിനെയും വാസ്തുഹാരയിലെ മോഹൻലാലിനെയും മറികടന്ന് അമിതാഭ് ബച്ചന് 'അഗ്നിപഥ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് പുരസ്ക്കാരം കൊടുത്തതിനെ ന്യായീകരിച്ച് "അദ്ദേഹത്തിൻ്റെ ശബ്ദം മാത്രം മതിയല്ലോ അവാർഡ് കൊടുക്കാൻ" എന്ന് ഒരു ഫാൻ ബോയ് ആയി ചുരുങ്ങി അഭിപ്രായപ്രകടനം നടത്തിയ അശോക് കുമാർ മേല്പറഞ്ഞ മറ്റു പ്രകടനങ്ങളെ മാറ്റിനിർത്തി അതേ വർഷം 'ഘായൽ' എന്ന മസാലപ്പടത്തിലെ അഭിനയത്തിന് സണ്ണിദിയോളിന് സ്പെഷൽ ജൂറി പുരസ്കാരം നല്കാനും മറന്നില്ല എന്നതൊക്കെ ചരിത്രത്തിലുണ്ട് താനും! ബി.സരോജാദേവി ജൂറി അദ്ധ്യക്ഷയായി വന്ന വർഷം 'ഇരുവർ' എന്ന മണിരത്നം ചിത്രത്തിലെ മോഹൻലാലിൻ്റെ പ്രകടനത്തെയും 'ഭൂതക്കണ്ണാടി'യിലെ മമ്മൂട്ടിയെയും മറികടന്ന് ബാലചന്ദ്രമേനോനും സുരേഷ് ഗോപിയും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരാകുന്നത് കാഴ്ചാശീലങ്ങളിലെയും അഭിരുചികളിലെയും വ്യത്യാസം കാരണമാകാം എന്ന വ്യാഖ്യാനവുമാകാം.

എന്തായാലും മിക്കവാറും സമയങ്ങളിലും കച്ചവടസിനിമയുടെ രസമുകുളങ്ങൾക്കപ്പുറം കലയെ മുൻനിർത്തി സിനിമയെ സമീപിക്കുന്ന ഒരു രീതി പൊതുവിൽ ആ പഴയകാല ജൂറികൾക്കെല്ലാം ഉണ്ടായിരുന്നതായി നിരീക്ഷിക്കാൻ കഴിയും. ബിജെപിയുടെ വാജ്പേയി സർക്കാർ രാജ്യം ഭരിച്ചിരുന്ന കാലത്തും അത് അങ്ങനെത്തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലെ ചലച്ചിത്രങ്ങളോടും സിനിമയിലെ കലയോടുമുള്ള സമീപനത്തിൽ ഭരണകൂടത്തിൻ്റെ നിലപാടുകൾ എങ്ങനെ മാറിയെന്നതിന് പുതിയകാല ദേശീയജൂറികളുടെ തീരുമാനങ്ങൾ തെളിവു തരുന്നു. ഷോലെയും ഖുർബാനിയും മിസ്റ്റർ ഇന്ത്യയും പോലുള്ള മുഖ്യധാരാ ബ്ലോക്ക് ബസ്റ്ററുകൾ പിറവി കൊള്ളുമ്പോഴും അതാതുവർഷങ്ങളിൽ ആ സിനിമകളായിരുന്നില്ല ഇന്ത്യയിലെ മികച്ച സിനിമകളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത് എന്നത് ഓർമ്മിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ബാഹുബലിയും മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹവും പോലുള്ള സിനിമകൾ ഇന്ത്യയിലെ ഏറ്റവും നല്ല വിഷ്വൽ എഫക്ട്സിനോ ജനപ്രീതിയുള്ള ചിത്രത്തിനോ അല്ല, മറിച്ച് രാജ്യത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരമാണ് നേടിക്കൊണ്ടിരിക്കുന്നത് ! ഏറ്റവും മികച്ചതിനെ വിലയിരുത്താൻ മുമ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകർ, പല തവണ ദേശീയപുരസ്ക്കാരങ്ങൾ നേടിയവർ, ജൂറിയിൽ ഉൾപ്പെട്ടപ്പോൾ ഇന്ന് ഏതാനും മസാലപ്പടങ്ങൾ ചെയ്ത ബലത്തിൽ പലരും ജൂറി അംഗങ്ങളും അദ്ധ്യക്ഷന്മാരുമായി അരങ്ങേറുന്നു. ഒപ്പം

ഹിന്ദുത്വത്തിൻ്റെ അജണ്ടകളും ആശയപ്രചരണവും നിർവ്വഹിക്കുന്ന മറ്റു ചിലരും ! സ്വാഭാവികമായും അത്തരം മനുഷ്യരുടെ ഭാവുകത്വവും കാഴ്ചപ്പാടുകളും അഭിരുചികളും നിക്ഷിപ്തതാല്പര്യങ്ങളും ആ ജൂറിയുടെ തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നു. ചിലപ്പോൾ അത് ചില പ്രത്യേക സിനിമകൾക്ക് ലഭിക്കുന്ന അംഗീകാരത്തിൻ്റെ കാര്യത്തിലാകാം, മറ്റു ചിലപ്പോൾ ചില പ്രത്യേക കലാകാരന്മാർക്കുള്ള പുരസ്കാരലബ്ധിയുടെ കാര്യത്തിലുമാകാം. 'ദംഗൽ' എന്ന സിനിമയിലെ അമീർഖാൻ്റെ പ്രകടനത്തെ മൂലയ്ക്കിരുത്തി അക്ഷയ്കുമാർ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായതു പോലെ ! മൂലയ്ക്കിരുത്തുന്ന കാര്യത്തിൽ പ്രാദേശികജൂറികളും സജീവമായി പങ്കെടുക്കുന്ന കാലമാണിത്. ഇന്ത്യ മുഴുവൻ ചർച്ചയായ സിനിമയായിരുന്നല്ലോ 'ദി ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ' ! ആ സിനിമ 2020-ലെ സിനിമകൾക്കുള്ള ദേശീയ പുരസ്ക്കാരങ്ങൾ നിർണ്ണയിക്കുന്ന കേന്ദ്രജൂറിയുടെ മുമ്പിലേയ്ക്ക് എത്തിയതേയില്ല! വിശ്വഹിന്ദുപരിഷത്തിൻ്റെ സംസ്ഥാനനേതാവും സംവിധായകനുമായ വിജിതമ്പിയും സംഘപരിവാർ രാഷ്ട്രീയം പറഞ്ഞ 'മേപ്പടിയാൻ' എന്ന ചിത്രത്തിൻ്റെ സംവിധായകനുമൊക്കെ അംഗങ്ങളായിരുന്ന പ്രാദേശിക ജൂറി 'ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചനെ' ആദ്യ റൗണ്ടിലേ എടുത്ത് തോട്ടിലെറിഞ്ഞ് മഹാഭാരതീയ കുടുംബസംസ്ക്കാരത്തിന് അവാർഡ്തലത്തിൽ ഏനക്കേട് വരാതെ കാത്തു ! 6 വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട 'പേരൻപ് ' എന്ന തമിഴ് ചിത്രവും ഇത്തരത്തിൽ പ്രധാനജൂറിയുടെ മുമ്പിലേയ്ക്കെത്താൻ വിടാതെ പ്രാദേശികജൂറി എടുത്ത് മൂലയ്ക്കിട്ടു.

ഇത്തവണയാകട്ടെ, അവാർഡിന് മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്ക'വും 'റോഷാക്കും അടക്കം ഒരൊറ്റ ചിത്രവും അയച്ചിട്ടേയില്ല എന്നാണ് ദേശീയ പുരസ്ക്കാരത്തിന് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന സൗത്ത് ഇന്ത്യൻ ജൂറിയിലെ അംഗമായിരുന്ന എം.ബി.പത്മകുമാർ പറയുന്നത് ! സകലമാദ്ധ്യമങ്ങളും പറഞ്ഞത് മമ്മൂട്ടി അവസാന റൗണ്ടിലെന്നും ! മമ്മൂട്ടിയുടെചിത്രങ്ങൾ ദേശീയപുരസ്ക്കാരത്തിന് അയച്ചിട്ടില്ലെങ്കിൽ അതിൻ്റെ കാരണം പൊതുസമൂഹത്തോട് പറയേണ്ട ഉത്തരവാദിത്വം ആ ചിത്രങ്ങളുടെ സംവിധായകർക്കും നിർമ്മാതാക്കൾക്കും ഈ സാഹചര്യത്തിലുണ്ട്. ഇനി അഥവാ ജൂറിയംഗം നുണ പറയുകയാണെങ്കിൽ അതിനുള്ള പ്രതികരണങ്ങൾ സംഭവിക്കേണ്ടതുമുണ്ട്. എന്തായാലും വിഷയം വ്യക്തത ആവശ്യപ്പെടുന്നു.

സിനിമ എന്നത് ഏറ്റവും ജനകീയമായ കല ആയതു കൊണ്ടുതന്നെ ആ രംഗത്തെ പുരസ്ക്കാരങ്ങൾ പ്രേക്ഷകർ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ ഏതൊക്കെ ചിത്രങ്ങൾ അവാർഡുകൾക്കായി സമർപ്പിക്കപ്പെടുന്നുവെന്നും പ്രാദേശികജൂറികൾ ഏതൊക്കെ ചിത്രങ്ങൾ മുളയിലേ നുള്ളിയെന്നും എതെല്ലാം സിനിമകൾ അന്തിമജൂറിയുടെ മുമ്പിലുണ്ടെന്നും സമയബന്ധിതമായി പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. അവാർഡുകളുടെ ഫൈനൽ ലിസ്റ്റിലാണ് രഹസ്യാത്മകത ആവശ്യമുള്ളത്, തിരഞ്ഞെടുക്കൽ പ്രക്രിയയിൽ അല്ല. ഭരണകൂടം അതിനു തയ്യാറാകുന്നില്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാകണം. അതിനായി ഹർജികൾ കോടതിയിലെത്തണം.

Related Stories

No stories found.
logo
The Cue
www.thecue.in