അതിജീവിത പിന്തുടരേണ്ട പാത ഏതാണെന്ന് പഠിപ്പിക്കാന്‍ നമുക്ക് അവകാശമുണ്ടോ?

അതിജീവിത പിന്തുടരേണ്ട പാത ഏതാണെന്ന് പഠിപ്പിക്കാന്‍ നമുക്ക് അവകാശമുണ്ടോ?
Published on
Summary

ദളിത് സ്ത്രീയുടെ ഏജന്‍സി അവളുടെ അധ്വാനവും അവളുടെ സവിശേഷ കാഴ്ച്ചപ്പാടുമാണ്; അവള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും പെരുമാറണമെന്നും വരേണ്യ സമൂഹത്തിന് എങ്ങനെ നിര്‍ദ്ദേശിക്കാനാകും? അതിജീവിതയെ അവള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന നീതിയുടെ പാതയെന്താണെന്നും ഏതാണെന്നും പഠിപ്പിക്കാന്‍ ഒരു സിവില്‍ സമൂഹമെന്ന നിലയില്‍ നമുക്ക് അവകാശമുണ്ടോ? ഡോ. മാളവിക എഴുതിയത്.

വെങ്കലയുഗ സമൂഹത്തില്‍ നിന്ന് ഫ്രഞ്ച് വിപ്ലവാനന്തര ദേശ-രാഷ്ട്രം എന്ന ആശയത്തിലേക്കുള്ള നീണ്ട പരിണാമത്തില്‍, സ്റ്റേറ്റ് ഒരു പുരുഷാധിപത്യ നിര്‍മ്മിതിയായി തുടരുന്നു. സ്ത്രീകളില്‍ നിന്നും അടിമകളില്‍ നിന്നും ശാരീരികവും ലൈംഗികവുമായ അദ്ധ്വാനം വ്യവസ്ഥാപിതമായി വേര്‍തിരിച്ചെടുക്കുന്നതിലൂടെയും സ്ത്രീകളെ കൈമാറ്റം ചെയ്യുന്ന വ്യവസ്ഥയിലൂടെ വരേണ്യ കുടുംബങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും സ്റ്റേറ്റ് എന്ന സാമൂഹിക-രാഷ്ട്രീയ സ്ഥാപനം ഉയര്‍ന്നുവന്നതായി 1944-ല്‍ തന്നെ ഗെര്‍ഡ ലെര്‍നര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള ഫ്രാന്‍സിലെ നവജാത രാഷ്ട്രത്തിന്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ത്രീകളെ ജാക്കോബിന്‍ റിപ്പബ്ലിക് ഒറ്റിക്കൊടുത്തു, സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന രാഷ്ട്രത്തിന് ഭാവി പൗരന്മാരെ സൃഷ്ടിക്കുന്നതാണ് ആദര്‍ശ സ്ത്രീകളുടെ കടമയെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് സമ്മതിദാനാവകാശം ആവശ്യമില്ല എന്ന നിലപാടാണ് വിപ്ലാവനന്തര ഫ്രഞ്ച് സ്റ്റേറ്റ് എടുത്തത്. ചരിത്രപരമായി സ്റ്റേറ്റ് പുരുഷാധിപത്യവും വരേണ്യ സ്വഭാവവുമുള്ള ഒരു സ്ഥാപനമാണ്. അപ്പോള്‍, ചരിത്രപരവും സ്വാഭാവികവുമായി പുരുഷ കേന്ദ്രീകൃതമായ സ്റ്റേറ്റില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി പ്രതീക്ഷിക്കാനാകുമോ? ലിംഗനീതി നടപ്പാക്കാന്‍ ഭരണകൂടത്തിന്റെ ശിക്ഷാനടപടിയും നിര്‍ബന്ധിതവുമായ അധികാരവും ഉപയോഗിക്കണമെന്ന് കാര്‍സറല്‍ ഫെമിനിസം വിശ്വസിക്കുന്നതിനാല്‍ ഇതിനെതിരെ ഫെമിനിസ്റ്റുകള്‍ ഉന്നയിക്കുന്ന ചോദ്യമാണിത്.

സിവിക് ചന്ദ്രന്റെ ലൈംഗിക പീഡനക്കേസിനെക്കുറിച്ചുള്ള ലേഖനത്തില്‍ വെങ്കലയുഗ മെസൊപ്പൊട്ടേമിയയേയും ജാക്കോബിന്‍ റിപ്പബ്ലിക്കിന്റെ കീഴിലുള്ള ഫ്രാന്‍സിനെയും കുറിച്ച് എന്തിനാണ് പ്രതിപാദിക്കുന്നത്? അതിന് രണ്ട് കാരണങ്ങളുണ്ട്.

1) പ്രമുഖ ഫെമിനിസ്റ്റ് പണ്ഡിതയായ ജെ. ദേവിക, കാര്‍സറല്‍ ഫെമിനിസത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ച് അതിജീവിതയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.

2) അന്തര്‍ വിഭാഗീയ (intersectional) ചൂഷണത്തെ അവര്‍ണ്ണര്‍ ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെടുന്ന സന്ദര്‍ഭം വരുമ്പോള്‍ എങ്ങനെ സൈദ്ധാന്തികവത്കരിക്കാം എന്ന് അന്വേഷിക്കേണ്ടതുണ്ട്.

അതിജീവിതയായ ദളിത് കവി, സിവിക് ചന്ദ്രന്‍ അനുകൂലികളുടെ നിലപാടിനെ വ്യക്തമായി വിമര്‍ശിച്ചുകൊണ്ട് ശക്തമായ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിജീവിതയുടെ വാക്കുകള്‍ മൂര്‍ച്ചയുള്ളതും തീവ്രവുമാണ്; അവരുടെ വാക്കുകളില്‍ അവര്‍ അനുഭവിക്കുന്ന ട്രോമയുടെ തിക്താനുഭവം സ്പഷ്ടമായും കാണാം. അവരുടെ വാക്കുകളില്‍ വേട്ടക്കാരുടെ ചോരക്ക് വേണ്ടിയുള്ള മുറവിളിയല്ല, മറിച്ച് വഞ്ചിക്കപ്പെട്ടതിലുള്ള കനത്ത നിരാശ മാത്രമാണ് കാണാനാവുന്നത്. അവര്‍ വിശ്വസിച്ചിരുന്ന വ്യവസ്ഥിതിയാലും അവര്‍ക്ക് താങ്ങായി നില്‍ക്കേണ്ടിയിരുന്ന കൂട്ടായ്മയാലും വഞ്ചിക്കപ്പെട്ടതിന്റെ ഞെട്ടലിലും നൈരാശ്യത്തിലും തന്റെ ആയുധപ്പുരയിലെ ഒരേയൊരു ആയുധമായ വാക്കിലൂടെ നീതിയിലേക്കും മനുഷ്യത്വത്തിലേക്കും മടങ്ങാന്‍ നമ്മെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ദളിത് കവിയുടെ നിലപാട് മനസ്സിലാക്കാന്‍ നമുക്ക് സൈദ്ധാന്തിക പിന്തുണ ആവശ്യമില്ല, എന്നിരുന്നാലും നീതിയും ഭരണകൂടവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ സിദ്ധാന്തം നമ്മെ സഹായിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ (പ്രത്യേകിച്ച് ദളിതരുടെ) അനുഭവം സിദ്ധാന്തകവത്കരിക്കാനുള്ള വരേണ്യ പ്രവണതയെക്കുറിച്ച് ഗോപാല്‍ ഗുരു തന്റെ 'ദി ക്രാക്ക്ഡ് മിററി' ല്‍ (2018) പ്രതിപാദിക്കുന്നുണ്ട്. അനുഭവം അടിച്ചമര്‍ത്തപെട്ടവരുടേയും സൈദ്ധാന്തികവത്കരണം സവര്‍ണ്ണ വരേണ്യ പണ്ഡിതരുടേയും മേഖലകളായി വര്‍ത്തിക്കുന്നതിന്റെ വിചിത്ര വൈരുദ്ധ്യ രാഷ്ട്രീയത്തെക്കുറിച്ച് ഇതേ പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ബെല്‍സ് ഹുക്ക്‌സ് പോലുള്ള ബ്ലാക് ഫെമിനിസ്റ്റുകള്‍ ലിംഗവിവേചനത്താലും വംശീയതയാലും അടിച്ചമര്‍ത്തപ്പെടുന്നതില്‍ ബ്ലാക് സ്ത്രീകള്‍ നേരിടുന്ന ഇരട്ട ചൂഷണങ്ങള്‍ (double disadvantage) നിരന്തരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബ്ലാക് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തിന്റെ ഒരു ഭാഗം അവരുടെ ശരീരത്തിനും പരിചരണം നല്‍കുന്ന സേവനങ്ങള്‍ക്കും ഉള്ള ബ്ലാക് പുരുഷന്റെ അവകാശബോധത്തില്‍ നിന്നാണ് ഉയര്‍ന്നുവരുന്നത്. വെള്ളക്കാരായ ഫെമിനിസ്റ്റുകളും ബ്ലാക് പുരുഷന്മാരും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് ബ്ലാക് സ്ത്രീ ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ സഖ്യത്തിന്റെ രൂപീകരണത്തിനു കാരണം ഈ രണ്ട് വിഭാഗങ്ങളും വെള്ളക്കാരായ പുരുഷന്മാരുടെ ചൂഷണത്തിന് ഇരകളായതാണ്. ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് ബ്ലാക് സ്ത്രീ അനുഭവ ജീവിതങ്ങളാണ്.

സിവിക് ചന്ദ്രന്‍ കേസിന്റെ പശ്ചാത്തലത്തിലും സമാനമായ പ്രവണതകള്‍ നിരീക്ഷണ വിധേയമാക്കാവുന്നതാണ്. ദളിത് പാട്രിയാര്‍ക്കിയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സവര്‍ണ വനിതാ ഫെമിനിസ്റ്റുകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ദളിത് പാട്രിയാര്‍ക്കിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ദളിത് സ്ത്രീകള്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളെക്കുറിച്ചും സൗജന്യ തമാലപകുല (News Minute, 2020) എഴുതിയിട്ടുണ്ട്. സിവിക് ചന്ദ്രന്‍ കേസില്‍ പ്രതി ദളിതനല്ല, മറിച്ച് ബഹുജനും ജാതിവിരുദ്ധ സമരങ്ങളിലെ ഒരു പ്രധാന മുഖമായിരുന്നയാളുമാണ്. ഈഴവനായ ആക്ടിവിസ്റ്റ് സമാഹരിച്ച സാമൂഹിക മൂലധനം പരിമിതമായിരിക്കാം, പക്ഷേ ദളിത് അതിജീവിതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എപ്പോഴും വളരെ വലുതാണ്.

കാര്‍സറല്‍ ഫെമിനിസത്തെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് മടങ്ങിയാല്‍, ചരിത്രപരമായി തന്നെ പുരുഷാധിപത്യപരമായ സ്റ്റേറ്റില്‍ നിന്ന് ഉള്‍ക്കൊള്ളല്‍ നീതി ലഭ്യമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? ലിംഗനീതിയുടെ കാര്യത്തില്‍ ഏറ്റവും പരിമിതമായ കാര്യങ്ങള്‍ മാത്രമേ സ്റ്റേറ്റ് ചെയ്യുന്നുള്ളൂവെന്നും സ്ത്രീവാദ പ്രസ്ഥാനങ്ങളെ സ്റ്റേറ്റ് കോ-ഓപ്റ്റ് ചെയ്യുന്നുവെന്നും കാര്‍സറല്‍ വിരുദ്ധ ഫെമിനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തരും വരേണ്യരും എല്ലായ്പ്പോഴും ശിക്ഷയില്‍ നിന്നുള്ള സുരക്ഷ ആസ്വദിക്കുമ്പോള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നത് പലപ്പോഴും അധികാരമില്ലാത്ത പുരുഷന്മാരാണെന്നും അവര്‍ വാദിക്കുന്നു. ഈ വാദം എതിര്‍ക്കപ്പെടേണ്ടതില്ല. പക്ഷേ അവിടെ സ്വാഭാവികമായും ഉയരുന്ന സംശയം ഒരു ദളിത് സ്ത്രീക്ക് കാര്‍സറല്‍ വിരുദ്ധ നിലപാട് സ്വീകരിക്കാനുള്ള പ്രിവിലേജ് ഉണ്ടോ എന്നതാണ്. തികച്ചും അധികാരമില്ലാത്ത ഒരു സ്ഥാനമാണ് അവളുടേത്; ജാതി അധിഷ്ഠിത ലിംഗപരമായ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കുമെതിരെ അവള്‍ക്കു ലഭിക്കുന്ന ഏക സംരക്ഷണം നിയമം നല്‍കുന്ന പരിമിതമായ പരിരക്ഷയാണ്. സ്റ്റേറ്റിനതീതമായോ സ്റ്റേറ്റ്-ഇതര ഉപാധികളിലേക്കോ തിരിയാന്‍ അവള്‍ക്ക് മതിയായ സാമൂഹിക മൂലധനമുണ്ടോ? കാര്‍സറല്‍ വിരുദ്ധ ഫെമിനിസ്റ്റുകള്‍ മുമ്പോട്ടു വയ്ക്കുന്ന സ്റ്റേറ്റ് - ഇതര പോം വഴികള്‍ എന്താണ്?

ഇവിടെയാണ് സ്വത്വാധിഷ്ഠിതമായ ജീവിതാനുഭവങ്ങളെയും ഇന്റര്‍സെക്ഷണാലിറ്റിയെയും സൈദ്ധാന്തീകവത്കരിക്കേണ്ടതിന്റെ ആവശ്യകത യഥാര്‍ത്ഥത്തില്‍ ഉയര്‍ന്നുവരുന്നത്. ഈ സൈദ്ധാന്തീക രൂപീകരണം ഉയരേണ്ടത് അരികുകളില്‍ നിന്നാണ്.

ദളിത് സ്ത്രീയുടെ ഏജന്‍സി അവളുടെ അധ്വാനവും അവളുടെ സവിശേഷ കാഴ്ച്ചപ്പാടുമാണ്; അവള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും പെരുമാറണമെന്നും വരേണ്യ സമൂഹത്തിന് എങ്ങനെ നിര്‍ദ്ദേശിക്കാനാകും? അതിജീവിതയെ അവള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന നീതിയുടെ പാതയെന്താണെന്നും ഏതാണെന്നും പഠിപ്പിക്കാന്‍ ഒരു സിവില്‍ സമൂഹമെന്ന നിലയില്‍ നമുക്ക് അവകാശമുണ്ടോ?

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുള്ളിലെ അടിച്ചമര്‍ത്തല്‍ എന്ന യാഥാര്‍ത്ഥ്യത്തിനെതിരെ നമുക്ക് എങ്ങനെ കണ്ണടയ്ക്കാന്‍ സാധിക്കും. മര്‍ദ്ദിത സമൂഹങ്ങള്‍ക്കുള്ളിലെ അന്തര്‍ വിഭാഗീയ ചൂഷണങ്ങളെ കുറിച്ച് നമ്മള്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ല. അതിജീവിതകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതിനേക്കാളും വര്യേണ്യേതര പാട്രിയാര്‍ക്കിയുടെസൂക്ഷ്മ അധികാര ചലനങ്ങളെ വിശകലനം ചെയ്യുകയും അവയെ തുറന്നുകാട്ടുകയുമാണ് വേണ്ടത്. ഇതിനോട് ചേര്‍ത്ത് പറയേണ്ടത് ഈ സന്ദര്‍ഭത്തെ ഉപകരണമാക്കി ഫെമിനിസ്റ്റുകളെ തമ്മിലടിപ്പിക്കാനും അതുവഴി ചില ഫെമിനിസ്റ്റുകളെ റദ്ദു ചെയ്യാനുമുള്ള ആണധികാര പ്രവണതകളേയും തിരിച്ചറിയേണ്ടതുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് ഒരു തെറ്റായ നിലപാടു പോലും എടുക്കാന്‍ കഴിയാത്ത വിധം അക്രമോത്സുകമായി നില്‍ക്കുന്ന പ്രതിപക്ഷം ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. ഫെമിനിസത്തിനുള്ളിലെ ചര്‍ച്ചകളിലൂടെയും എതിര്‍പ്പുകളിലൂടെയും തെറ്റുകളുടെ ചൂണ്ടിക്കാട്ടലുകളിലൂടെയും തിരുത്തലുകളിലൂടെയുമൊക്കെയാണ് ഫെമിനിസം വളര്‍ന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍ യാതൊരു കാരണവശാലും റദ്ദാക്കപ്പെടുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in