ബഹുജന്‍ സമാജ് പാര്‍ടിയുടെ തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷന്‍ കെ ആംസ്ട്രോങ്ങ് 2024 ജൂലൈ അഞ്ചിന് ചെന്നൈ പെരമ്പൂരിലെ അദ്ദേഹത്തിന്റെ സ്വവസതിയ്ക്കു സമീപത്തു വെച്ച് കൊല്ലപ്പെട്ടു. ബെക്കിലെത്തിയ ആറു പേര്‍ ചേര്‍ന്നാണ് ആംസ്ട്രോങ്ങിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിപ്പോര്‍ട്. ജാതി വെറി കൊണ്ടും പണാധിപത്യം കൊണ്ടും കലുഷിതമായ തമിഴ്നാട് രാഷ്ട്രീയത്തെയും സാമൂഹ്യ ജീവിതത്തെയും ഈ കൊലയും അതിനോടുള്ള സമീപനങ്ങളും എങ്ങോട്ടാണ് കൊണ്ടു പോകുന്നത്, കൊണ്ടു പോകാതിരിക്കുന്നത് എന്നത് സജീവമായ ഒരു ചിന്താവിഷയമായി മാറിയിരിക്കുന്നു.
ആംസ്ട്രോങ്ങിനെ മദ്രാസിന്‍ വീരന്‍ (നായകന്‍) എന്നാണ് കൊലയാളികളെ ശിക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നടന്ന റാലിയില്‍ വിശേഷിപ്പിക്കപ്പെട്ടത്. ഈ റാലിയില്‍ സംസാരിച്ച പ്രസിദ്ധ ചലച്ചിത്രകാരന്‍ പാ രഞ്ജിത് മദ്രാസ് എങ്കളുടൈയത് (മദ്രാസ് ഞങ്ങളുടേതാണ്) എന്നാണ് തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.
ഇവിടെ മദ്രാസ് എന്നു പ്രയോഗിച്ചത് വളരെ ശ്രദ്ധേയമാണ്. തമിഴ്നാട്ടുകാര്‍ സ്വന്തം ഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരാണെന്നും അതിനാല്‍ മദ്രാസിന്റെ ശരിപ്പേരാണെന്നു കരുതുന്ന ചെന്നൈ എന്ന പൊതുവായും നിയമപരമായും ഇപ്പോള്‍ ഉപയോഗിക്കുന്ന സ്ഥലനാമമാണ് സര്‍വാംഗീകാരമുള്ളത് എന്നും സാമാന്യമായി കരുതപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ടാണ് പാ രഞ്ജിത്തും പ്രതിഷേധക്കാരും മദ്രാസ് എന്നു തന്നെ പ്രയോഗിച്ചിട്ടുണ്ടാവുക. പാ രഞ്ജിത്ത് രണ്ടാമതായി സംവിധാനം ചെയ്ത സിനിമയുടെ പേര് മദ്രാസ് എന്നാണ്. 2014ലാണതിറങ്ങിയത്. 1996ല്‍ തന്നെ മദ്രാസിനെ ചെന്നൈ എന്നാക്കി ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിയിരുന്നു എന്നോര്‍ക്കുക. ജോര്‍ജ് കോട്ടയ്ക്കു വടക്കുള്ള മീന്‍പിടുത്തക്കാരുടെ ഗ്രാമത്തിന്റെ പേരാണ് മദ്രാസ് പട്ടിണം എന്നും; സാന്തോമിലെ പോര്‍ത്തുഗീസ് അധിനിവേശ പ്രദേശത്തിനു വടക്കുള്ള പ്രദേശത്തെ ദമര്‍ല ചെന്നപ്പ നായിക്ക് നിയന്ത്രിച്ചിരുന്നതിനാല്‍ ചെന്നപട്ടണം എന്നു പേരു വന്നുവെന്നും ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാണാം. അതായത്, ആധിപത്യത്തില്‍ നിന്ന് ചെന്നൈ എന്നും തൊഴിലാളിത്തത്തില്‍ നിന്ന് മദ്രാസ് എന്നും പേരുണ്ടായിരുന്ന നഗരമാണിതെന്നര്‍ത്ഥം. അപ്പോള്‍ ചെന്നൈ നിങ്ങള്‍ (ആധിപത്യമുള്ളവര്‍) എടുത്തോളൂ, മദ്രാസ് ഞങ്ങളു (അടിയാളര്‍) ടേതാണെന്നും പാ രഞ്ജിത് പറയുന്നതിന് ആഴത്തിലുള്ള അര്‍ത്ഥവ്യാഖ്യാനങ്ങള്‍ ചമയ്ക്കാം.
മദ്രാസ് എന്നത് ബ്രിട്ടീഷ് കൊളോണിയല്‍ പേരാണെന്നും ചെന്നൈ എന്നതാണ് തദ്ദേശീയ നാമം എന്നുമുള്ള വ്യാഖ്യാനവും ഇവിടെ സൂക്ഷ്മമായി ഉടഞ്ഞില്ലാതാകുന്നത് കാണാം. അതായത്, തദ്ദേശീയം അഥവാ പ്രാദേശിക സംസ്‌ക്കാരം എന്നത് അതാതിടത്തെ മേധാവിത്ത/സവര്‍ണ സംസ്‌ക്കാരമാണെന്ന് ചുരുക്കം. തമിഴ് ഭാഷ, പ്രദേശം എന്നിവ സാധാരണക്രമത്തിലുള്ള (നോര്‍മല്‍) ഒരു ഏകാത്മക സ്വത്വമായി പരിഗണിക്കാനാവില്ല എന്നും മനസ്സിലാക്കാം.
ദ്രാവിഡ സംസ്‌ക്കാരത്തെയും രാഷ്ടീയത്തെയും പ്രചരിപ്പിക്കുന്നതിനും ജനപ്രിയവത്ക്കരിക്കുന്നതിനും തമിഴ് സിനിമ മുന്‍ദശകങ്ങളില്‍ ഉപയോഗിച്ചതിന്റെ കൂടി അനുഭവങ്ങള്‍ വെച്ചുകൊണ്ടാണ് പാ രഞ്ജിത്തും സമാനരായ ചലച്ചിത്രപ്രവര്‍ത്തകരും ആദി ദ്രാവിഡ (പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയ മുഖ്യ വിഭാഗക്കാരെ വിശേഷിപ്പിക്കാന്‍ തമിഴിലുപയോഗിക്കുന്ന പ്രയോഗം)/ദളിത് സംസ്‌ക്കാരത്തെ പ്രകാശിപ്പിക്കുന്നതിനും പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും മുഖ്യധാരാ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്.
മദ്രാസ് എന്ന സിനിമയില്‍ നീല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്കായി തുറന്ന വിദ്യാലയത്തില്‍ പഠിപ്പിക്കാനെത്തുന്ന കഥാപാത്രങ്ങളുടെ ഒരു ഫ്രെയിമുള്ളതായി ബെന്‍സണ്‍ രാജനും ശ്രേയ വെങ്കട്ടരാമനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നീല നിറം അംബേദ്കറിസത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തിരുന്ന കെ ആംസ്ട്രോങ്ങ്, അധികാരത്തെ പ്രതിഫലിപ്പിക്കുന്ന വെള്ള ഷര്‍ട്ടാണ് എപ്പോഴും അണിഞ്ഞിരുന്നത്. വക്കീലായതുകൊണ്ടുമാവാം അത്. അദ്ദേഹം, ദളിതരും അധസ്ഥിതരും വിദ്യാഭ്യാസം ആര്‍ജ്ജിക്കേണ്ടതിനെ സംബന്ധിച്ചാണ് നിരന്തരം സംസാരിച്ചിരുന്നത്. അംബേദ്ക്കറുടെ ആശയവും ഇതു തന്നെയാണല്ലോ. മദ്രാസ് സിനിമയില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട നേതാക്കള്‍ വെള്ള മേല്‍ക്കുപ്പായവും വേഷ്ടിയും ധരിച്ചാണ് വരുന്നത്. പിന്നീട്, മാരി എന്ന പിന്നോക്കജാതിക്കാരന്‍ നേതാവായി മാറുമ്പോള്‍ ഇതേ വെള്ള വേഷം അണിയുന്നു. നേതാവാകുന്നതിനു മുമ്പ് അദ്ദേഹവും വിവിധ വര്‍ണ വേഷങ്ങളാണണിഞ്ഞിരുന്നത്. പാടങ്ങളില്‍ പണിയെടുക്കുക, ശവസംസ്‌ക്കാരം നടത്തുക, മാലിന്യങ്ങള്‍ നീക്കം ചെയ്യുക, മൃഗങ്ങളെ ഭക്ഷ്യാവശ്യത്തിനായി കശാപ്പ് ചെയ്യുക എന്നീ ജോലികളും കീഴാളരാണ് നിര്‍വഹിക്കാറുള്ളത് എന്നതു കൊണ്ട് വെള്ള വസ്ത്രം അവര്‍ക്ക് അസൗകര്യമാണ്. എന്നാല്‍, രാഷ്ട്രീയ നേതാവാകുന്നതോടെ, ഇത്തരം കായിക വൃത്തികള്‍ ചെയ്യേണ്ടതില്ലാത്ത ആളായി മാറുകയും വെള്ളയിലേയ്ക്ക് മാറുകയും ചെയ്യുക എന്നത് പതിവായി മാറുകയും ചെയ്യുന്നു.
തര്‍ക്കസ്വഭാവമുള്ള ഒരു വലിയ മതിലാണ് മദ്രാസ് എന്ന സിനിമയിലെ പ്രധാന പ്രമേയഘടകം. ബാനറുകളും ചുമരെഴുത്തുകളും പടുകൂറ്റന്‍ കട്ടൗട്ടുകളും തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമയിലും നിത്യജീവിതത്തിലും സാധാരണയാണ്. തെരഞ്ഞെടുപ്പു കാലത്ത് ഇതെല്ലാം നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തിരിക്കുന്നതു പോലും ഇവയുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവായ കൃഷ്ണപ്പന്റെ(വിഐഎസ് ജയപാലന്‍) ഛായാചിത്രമാണീ ചുമരിലുള്ളത്. ഈ മതില്‍ മധ്യവര്‍ഗം ജീവിക്കുന്ന കോളനിയ്ക്കും ദളിതര്‍ ജീവിക്കുന്ന ഇടുങ്ങിയ വഴികളുള്ള കോളനിയ്ക്കും ഇടയിലാണ്. അവിടെ ഇരുചക്ര വാഹനങ്ങള്‍ നിറയെ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. സ്ത്രീകള്‍ വെള്ളത്തിനായി വരി നില്ക്കുന്നതും കാണാം. ഈ മതിലിനായി രണ്ടു വിഭാഗവും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നു. മധ്യവര്‍ഗ സ്വഭാവമുള്ള ഐടി ജോലിക്കാരനായ കാളി (കാര്‍ത്തി) എന്ന ദളിത് ചെറുപ്പക്കാരനാണ് മദ്രാസിലെ നായകന്‍. അയാള്‍ക്ക് സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിളുമുണ്ട്. താരതമ്യേന നല്ല വിദ്യാഭ്യാസവും ലഭിച്ചിട്ടുണ്ട്. വടചെന്നൈയില്‍ മുഴുവനും അധോലോക ഗുണ്ടകളും സമാനരുമാണുള്ളതെന്ന സ്ഥിരം പ്രതിനിധാനമാണിവിടെ പാ രഞ്ജിത്ത് അട്ടിമറിക്കുന്നത്. കെ ആംസ്ട്രോങ്ങ് മാറ്റാന്‍ ശ്രമിച്ചതും അതു തന്നെ. മദ്രാസ് സിനിമയിലെ ചിത്രീകരണം നടന്നത്, കാശിമേട്, റോയപുരം, വ്യാസര്‍പാടി, ഒട്ടേരി, പെരമ്പൂര്‍ എന്നിവിടങ്ങളിലാണ്. ഇതിലധികവും വട ചൈന്നൈയിലാണ്.
വിദ്യാഭ്യാസം സിദ്ധിച്ച, മികച്ച ജോലി ചെയ്യുന്ന കാളിയെ പ്രതികാരത്തിലേയ്ക്കും അക്രമത്തിലേയ്ക്കും തള്ളിവിടുന്നത് മേലാളര്‍ നിയന്ത്രിക്കുന്ന കക്ഷി രാഷ്ട്രീയപ്പോരുകളാണ്. എന്നാല്‍, ദളിതരും അവരുടെ കോളനികളും എല്ലായ്പോഴും അധോലോകവാഴ്ചയുടെയും ഗൂണ്ടായിസത്തിന്റെയും കേന്ദ്രമാണെന്ന പൊതുധാരണ പ്രബലമാക്കാന്‍ സാമാന്യബോധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അഭിഭാഷകനും ദേശീയ രാഷ്ട്രീയ കക്ഷി സംസ്ഥാന പ്രസിഡണ്ടും സമൂഹോദ്ധാരകനുമായ ആംസ്ട്രോങ്ങിനെ അക്രമി എന്ന് മരണാനന്തരം വിശേഷിപ്പിക്കുന്നത്, വെള്ളക്കോളര്‍ ജീവനക്കാരനായ കാളിയെ അക്രമിയാക്കി മാറ്റിയ അതേ വ്യവസ്ഥയാണെന്നതാണ് യാഥാര്‍ത്ഥ്യം.
പാ രഞ്ജിത്തിന്റെ സാര്‍പ്പട്ടാ പരമ്പരൈ(2021); ചെന്നൈ നഗരത്തിലെ വടക്കന്‍ പ്രദേശത്താണ് (വടചെന്നൈ) അതിന്റെ ആഖ്യാനസ്ഥലത്തെ നിര്‍ണയിക്കുന്നത്. പുതുപ്പേട്ടൈ(സെല്‍വരാഘവന്‍), വടചെന്നൈ(വെട്രിമാരന്‍) തുടങ്ങിയ സിനിമകളും അതേ സ്ഥലത്തെയാണ് ആശ്രയിക്കുന്നതെങ്കിലും അവയെ അതിശയിച്ചു നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ കണ്ടെടുക്കുന്ന അപൂര്‍വതയാണ് സാര്‍പ്പട്ടാ പരമ്പരൈയിലുള്ളത്. പ്രാഥമികമായും തൊഴിലാളികളായ ജനങ്ങളുടെ ജീവിത രീതികളും ശൈലികളും കളികളുമാണ് സിനിമയുടെ അടിസ്ഥാനം. അവരില്‍ പല ജാതിക്കാരും പല മതക്കാരും രാഷ്ട്രീയക്കാരുമുണ്ട്. സാര്‍പ്പട്ടാ, ഇടിയപ്പാ എന്നിങ്ങനെ രണ്ടു സംഘ(പരമ്പരൈ/ക്ലാന്‍)ങ്ങളായി തിരിഞ്ഞ് അവര്‍ ബോക്സിംഗ് മത്സരത്തില്‍ വീറോടെയും വാശിയോടെയും ആത്മാഭിമാനത്തോടെയും ഏര്‍പ്പെടുന്നു. എഴുപതുകളിലെ കലുഷമായ നഗരജീവിതത്തെ; വിശദവും സൂക്ഷ്മവുമായ കലാ സംവിധാനത്തിലൂടെയും വസ്ത്ര ധാരണമികവിലൂടെയും പുനരാവിഷ്‌ക്കരിക്കുന്ന പാ രഞ്ജിത്തിന്റെ കയ്യടക്കം ഏറെ ശ്രദ്ധേയമാണ്. അടിയന്തിരാവസ്ഥ അടക്കമുള്ള എഴുപതുകളിലെ രാഷ്ട്രഭ്രംശങ്ങളെ സാര്‍പ്പട്ടാ അടയാളപ്പെടുത്തുന്നു.
ഇതു നമ്പ കാലം (ഇതു നമ്മളുടെ കാലം) എന്നതു പോലുള്ള സംഭാഷണങ്ങള്‍ പാ രഞ്ജിത്തിന്റെ രാഷ്ട്രീയ സ്ഥൈര്യത്ത രേഖപ്പെടുത്തുന്നു.മദ്രാസ് എങ്കളുടൈയത് (മദ്രാസ് ഞങ്ങളുടേതാണ്) എന്ന പറച്ചിലിലുള്ള ചങ്കൂറ്റവും സമാനമാണ്.
വംശമെന്നതു പോലെ വര്‍ഗവും ഈ സിനിമയില്‍ പ്രധാനമാണ്. തൊഴിലാളി വര്‍ഗം ഒരു നഗരപ്രദേശത്തെയും അവിടത്തെ സാമാന്യ ജീവിതത്തെയും എത്ര ചടുലവും ജീവോത്സുകവുമാക്കുന്നുവെന്ന് സാര്‍പ്പട്ടാ പരമ്പരൈ സിനിമയിലുടനീളമുള്ള ഊര്‍ജ്ജസ്വലത കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റും കര്‍ണാടക ശാസ്ത്രീയ സംഗീതവും വ്യാകരണം കടുകിട തെറ്റാത്ത ഇംഗ്ലീഷും ഒക്കെയാണ് മദ്രാസ് എന്നാണ് ഉറപ്പിക്കപ്പെട്ട വിശ്വാസം. അതെല്ലാം മദ്രാസിന്റെ ബ്രാഹ്‌മണാലേഖനങ്ങളില്‍ വ്യക്തവുമാണ്. എന്നാല്‍ ആ ബ്രാഹ്‌മണ-മഹത്വവത്ക്കരണത്തില്‍ അദൃശ്യമാക്കപ്പെട്ട ദളിത്/തൊഴിലാളി ജീവിതത്തെയാണ് പാ രഞ്ജിത്ത് വീണ്ടെടുക്കുന്നത്. ബോക്സിംഗ് മാത്രമല്ല ഫുട്ബോളും കബഡിയും കളരി മുറകളുമെല്ലാം ചേര്‍ന്ന് തലമുറകളുടെ കായികാനന്ദ ചരിത്രം കൂടി മദ്രാസിനുണ്ടെന്നത് ഇനിയാര്‍ക്കും മറച്ചു വെക്കാനാവാത്ത വിധം ശബ്ദായമാനമായി സാര്‍പ്പട്ടാ പരമ്പരൈ തുറന്നിട്ട വാതായനങ്ങളിലൂടെ ചരിത്രം മാറ്റിയെഴുതപ്പെടുന്നു. ആടുകള(വെട്രിമാരന്‍)ത്തില്‍ നിന്ന് വ്യത്യസ്തമായി, ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രങ്ങള്‍ തൊഴിലാളി വര്‍ഗത്തില്‍ ലയിച്ചാണ് സാര്‍പ്പട്ടാ പരമ്പരൈയില്‍ സജീവമാകുന്നത്.
എന്റെ ആശയ വിശ്വാസങ്ങളുടെയും ചരിത്ര ധാരണകളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ഒരനുബന്ധമാണ് എന്റെ സിനിമ എന്ന പാ രഞ്ജിത്തിന്റെ ഉച്ചത്തിലുള്ള പ്രസ്താവന, അദ്ദേഹത്തിന്റെ ഒരോ സിനിമയിലൂടെയും വീണ്ടും വീണ്ടും സാധൂകരിക്കപ്പെടുന്നു.
**************
കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടപ്പോള്‍ അത് അധോലോകക്കാര്‍ തമ്മിലുള്ള പോരാണെന്ന ഭാഷ്യം ഉടനടി പ്രചരിപ്പിക്കപ്പെട്ടു. പൊലീസ് അന്വേഷണം നടക്കുകയും അതിന്റെ കണ്ടെത്തലുകള്‍ക്കായി കാത്തു നില്ക്കുകയും ചെയ്യാതെ തന്നെ ഇത്തരം തീര്‍പ്പുകളിലേയ്ക്ക് എത്തുന്നതെന്തിനാണെന്ന ചോദ്യമാണിവിടെ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.
ആംസ്ട്രോങ്ങിന്റെ മൃതദേഹം ചെന്നൈ നഗരത്തിനകത്ത് അദ്ദേഹത്തിന് അവകാശമുണ്ടായിരുന്ന സ്ഥലത്ത് അടക്കം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. പിന്നീട് മുപ്പതു കിലോമീറ്റര്‍ ദൂരം താണ്ടി തിരുവള്ളൂര്‍ എന്ന ഒരു ഗ്രാമപ്രദേശത്താണ് അദ്ദേഹത്തെ മറവു ചെയ്തത്. ഇത് വലിയ വിവേചനമാണെന്നാണ് പ്രതിഷേധിക്കുന്നവര്‍ ആരോപിക്കുന്നത്. മറീനാ കടല്‍ക്കര പോലെ പരിസ്ഥിതി ദുര്‍ബലമായ സ്ഥലത്താണ് അണ്ണാദുരൈ, കരുണാനിധി, എം ജി ആര്‍, ജയലളിത എന്നിവരെ അടക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച വിജയകാന്തിനെയും നഗരത്തിനകത്ത് അടക്കം ചെയ്തു. എന്നാല്‍ ദളിത് നേതാവായ ആംസ്ട്രോങ്ങിന് ആ അവകാശം കിട്ടിയില്ല എന്നതാണ് വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
ദളിതരുടെ അടക്കം പിന്തുണയോടെ അധികാരത്തില്‍ വന്ന തിമുക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നീതി നിര്‍വഹിക്കുന്നില്ലെന്ന പരാതിയും വ്യാപകമായി ഉന്നയിക്കപ്പെട്ടു. തങ്ങള്‍ രാഷ്ട്രീയ അടിമകളല്ലെന്ന് ഇന്ത്യാ മുന്നണി ഘടകകക്ഷിയായ വിടുതലൈ ചിരുത്തൈകള്‍ കക്ഷി തലൈവറും ചിദംബരം എം പിയുമായ ഡോക്ടര്‍ തൊല്‍ തിരുമാവളവന്‍ പ്രഖ്യാപിച്ചു. ബിഎസ് പി അദ്ധ്യക്ഷ മായാവതിയും തിരുമാവളവനുമാണ് ആംസ്ട്രോങ്ങിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയുടെ മുതലെടുപ്പുകളെ കരുതിയിരിക്കണമെന്നും തിരുമാ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രി മു ക സ്റ്റാലിന്‍ ആംസ്ട്രോങ്ങിന്റെ പത്നി പൊര്‍ക്കൊടിയെ പിന്നീട് സന്ദര്‍ശിച്ചു.
ആര്‍ക്കോട്ട് സുരേഷ് എന്ന അധോലോകക്കാരന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് ആംസ്ട്രോങ്ങിന്റെ കൊല എന്ന പ്രാഥമിക നിഗമനമാണ് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെടുന്നതിനു മുമ്പു തന്നെ കൊല്ലപ്പെട്ട ആംസ്ട്രോങ്ങിനെ അധോലോകവുമായി ബന്ധിപ്പിക്കുന്നതിന് പശ്ചാത്തലമാകുന്നത് അദ്ദേഹം ദളിത് വിഭാഗത്തില്‍ പെട്ട ആളാണെന്നത് ഗൗരവമായ പ്രശ്നം തന്നെയാണ്. ജൂലൈ 14ന് ഈ കേസില്‍ പിടിയിലായ തിരുവെങ്കടം എന്ന സ്ഥിരം കുറ്റവാളി (ഹിസ്റ്ററി ഷീറ്റര്‍) മാധാവരത്തിനടുത്ത് വെച്ച് ഏറ്റുമുട്ടല്‍ കൊലയിലൂടെ വധിക്കപ്പെട്ടു. ഇത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വാസ്തവത്തില്‍ ചെയ്തത്.
പെരമ്പൂര്‍ സ്വദേശിയായ ആംസ്ട്രോങ്ങ് തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തു. ചെന്നൈയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്തു വരുന്നു. 2006ല്‍ ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേയ്ക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. 2007ല്‍ ബി എസ് പിയില്‍ ചേരുകയും പിന്നീട് സംസ്ഥാന പ്രസിഡണ്ടായി അവരോധിക്കപ്പെടുകയും ചെയ്തു. 2011ല്‍ കൊളത്തൂര്‍ സീറ്റില്‍ നിന്ന് അന്നത്തെ ഉപ മുഖ്യമന്ത്രിയായിരുന്ന മു ക സ്റ്റാലിനെതിരെ മത്സരിച്ച് പരാജയമടഞ്ഞു.
രാഷ്ട്രീയക്കാരന്‍ എന്നതിലുപരിയായി ദളിത് സമുദായത്തില്‍ നിന്നുയര്‍ന്നു വന്ന ഒരു സമുദായോദ്ധാരകന്‍ എന്ന സ്ഥാനമാണ് ആംസ്ട്രോങ്ങിനുള്ളത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. പെരമ്പൂരില്‍ ബുദ്ധിസ്റ്റ് ആശ്രമം ആരംഭിക്കുകയും വന്‍ തോതില്‍ ബുദ്ധമതവിവാഹങ്ങള്‍ നടത്തുകയും ചെയ്ത അദ്ദേഹം അംബേദ്ക്കറുടെ യഥാര്‍ത്ഥ അനുയായിയായും വിലയിരുത്തപ്പെട്ടു. എന്നാല്‍, അദ്ദേഹത്തെ ഒരു അധോലോകക്കാരനായി പോലീസും സാമാന്യബോധവും സ്ഥാനപ്പെടുത്തുന്നു എന്നതിലാണ് കാഴ്ചപ്പാടിന്റെ വൈരുദ്ധ്യം വെളിപ്പെടുന്നത്.
മിശ്രവിവാഹം, കായിക കലകള്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന ആംസ്ട്രോങ്ങിന് ജനങ്ങളുടെ വ്യാപകമായ പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തെ റൗഡിയായും ഗുണ്ടയായും അധോലോകനായകനായും ചിത്രീകരിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു എന്നതാണ് ശ്രദ്ധിക്കേണ്ടത്. പൊലീസ് അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ ഇത്തരം വാദഗതികള്‍ പ്രചരിക്കപ്പെടുന്നത് ആരും നിയന്ത്രിക്കുന്നുമില്ല. 2009ല്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ആംസ്ട്രോങ്ങ് തന്നെ കോടതിയില്‍ കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിട്ടുള്ളതുമാണ്.
2018 ജനുവരി 15നാണ് ആംസ്ട്രോങ്ങ് പെരമ്പൂരില്‍തെന്നിന്ത്യാ ബുദ്ധ വിഹാരം ആരംഭിച്ചത്. ഇതിലൂടെ അയോത്തിദാസ് പണ്ഡിതരുടെയും ബാബാ സാഹേബ് അംബേദ്ക്കറുടെയും കൃത്യമായ അനുയായി ആയി അദ്ദേഹം പരിണമിച്ചു. അയിത്തത്തിനെതിരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനം. ചെന്നൈയിലെ ഡോക്ടര്‍ അംബേദ്ക്കര്‍ ലോ കോളേജിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ദളിത് വിദ്യാര്‍ത്ഥികളെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിച്ചത് അദ്ദേഹമായിരുന്നു. ഇതിനായി ലക്ഷങ്ങള്‍ തന്നെ ചിലവു വരുകയും ചെയ്തു.
കെ ആംസ്ട്രോങ്ങ് കട്ടപഞ്ചായത്ത്(ആധുനിക ജുഡീഷ്വറിയ്ക്കു പകരം നാട്ടുനീതി നടപ്പാക്കുന്ന സമാന്തര ഭരണം) ആണെന്ന വിമര്‍ശനമാണ് ചില പൊതുബോധ ഹാന്റിലുകള്‍ പ്രചരിപ്പിച്ചത്. സത്യത്തില്‍ ഇതിനു നേരെ വിപരീതമാണ് യാഥാര്‍ത്ഥ്യം. നിയമബിരുദധാരിയും അഭിഭാഷകനും അംബേദ്കറൈറ്റും ആയ ആംസ്ട്രോങ്ങ് ആധുനിക നിയമ-നീതിന്യായ വ്യവസ്ഥയുടെ വക്താവും പ്രയോക്താവും തന്നെയാണ്. ഇതേ നിയമം, ദളിതര്‍ക്കും അധസ്ഥിതര്‍ക്കും ചേരി നിവാസികള്‍ക്കും എതിരായി തിരിയുമ്പോള്‍ അവരെ കൂടെ നിര്‍ത്തി നീതി നടപ്പാക്കുന്നതിന് പുതിയ കാലത്ത് സഹായിക്കുന്ന വഴികാട്ടിയാണ് അദ്ദേഹം.
അദ്ദേഹത്തെ മുഖ്യധാര സമ്പൂര്‍ണമായും അവഗണിച്ചു. ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്താ ചാനലുകളിലൊന്നും അദ്ദേഹം അതിഥിയായി ഒരിക്കലും ക്ഷണിക്കപ്പെട്ടില്ല. അദ്ദേഹം മറ്റെവിടെയോ മറ്റാര്‍ക്കോ വേണ്ടി പലതും ചെയ്തു കൂട്ടുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൊലയെപ്പോലും അദ്ദേഹത്തിന്റെ തന്നെ കുറ്റമായി വ്യാഖ്യാനിക്കാന്‍ മുഖ്യധാരയെ ഒരു കണക്കില്‍ സഹായിച്ചത്.
സാധാരണ ഗതിയില്‍ മേല്‍ജാതിയില്‍ പെട്ടവര്‍ക്കും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ പെട്ടവര്‍ക്കും തങ്ങള്‍ നിയമം പാലിക്കുന്നവരാണെന്നും അധോലോകമല്ലെന്നും തെളിയിക്കാന്‍ എളുപ്പമാണെങ്കില്‍, ദളിതര്‍ക്കും ചേരി നിവാസികള്‍ക്കും മുഖ്യധാരേതര രാഷ്ട്രീയക്കാര്‍ക്കും വളരെ പ്രയാസപ്പെട്ടേ തങ്ങളുടെ അവസ്ഥ സ്ഥിരീകരിക്കാന്‍ കഴിയൂ. ആംസ്ട്രോങ്ങ് കൊലയില്‍ പിടിയിലായവരില്‍ തമിഴ്നാട്ടിലെ മുഖ്യ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള നേതാക്കള്‍ പലരുമുണ്ട്. രണ്ടു കമ്യൂണിസ്റ്റ് പാര്‍ടികള്‍, വിടുതലൈ ചിരുത്തൈകള്‍ കക്ഷി, ബഹുജന്‍ സമാജ് പാര്‍ടി തുടങ്ങിയ പാര്‍ടികളുടെ നേതാക്കളിലാരും അതില്‍ പെട്ടിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.
ആയിരക്കണക്കിന് ആളുകളാണ് ആംസ്ട്രോങ്ങിന്റെ മൃതദേഹ ഘോഷയാത്രയെ അനുഗമിച്ചതും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതും. ഇതിനെയാണ് സമാന്തര ആഖ്യാനം അഥവാ മറുമഹാഖ്യാനം എന്ന് സ്റ്റാലിന്‍ രാജാങ്കം നിര്‍വചിക്കുന്നത്. ബഹുജനങ്ങള്‍ അവരുടേതായ ജീവിതാഖ്യാനത്തെ നിര്‍മിച്ചെടുക്കുന്നു. അധികാരം അവരെ അക്രമം കൊണ്ട് അടയാളപ്പെടുത്തി. അവരാകട്ടെ തങ്ങളെ അഹിംസ കൊണ്ട് രേഖപ്പെടുത്തുന്നു.
ആയുധങ്ങള്‍, മരണം, കൊല, രക്തം, പ്രതികാരം എന്നീ ഘടകങ്ങളുപയോഗിച്ചുകൊണ്ടാണ് പൊതുബോധ നിര്‍മ്മിതിക്കാര്‍ ആംസ്ട്രോങ്ങ് കൊലയെ സാമൂഹ്യമാധ്യമങ്ങളില്‍ വിശദീകരിക്കുന്നതെങ്കില്‍; ദളിതരും അധസ്ഥിതരുമായവരെ പ്രതിനിധീകരിക്കുന്ന ഹാന്റിലുകള്‍, പുസ്തകം, പേന, വിദ്യാഭ്യാസം, നോട്ടുപുസ്തകങ്ങള്‍, അഡ്മിഷനുകള്‍, അംബേദ്കര്‍ എഴുത്തുകള്‍ എന്നീ വിഷയങ്ങളെയാണ് ചര്‍ച്ച ചെയ്യുന്നത്. നിരവധി അധസ്ഥിതര്‍ക്ക് ആംസ്ട്രോങ്ങ് പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തു. അവരെ വിദ്യാഭ്യാസവഴിയിലേയ്ക്ക് തിരിച്ചു വിട്ടു. അവരില്‍ കുറെയധികം പേര്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നു. ഇക്കാര്യമാണ് അധീശത്വ ശക്തികളെ പ്രകോപിപ്പിക്കുന്നത്.
ഒരാള്‍, അവള്‍ക്ക് ആംസ്ട്രോങ്ങ് പുസ്തകം വാങ്ങിച്ചുകൊടുത്തത് ഓര്‍മ്മിച്ചു. മറ്റൊരാള്‍, ഇതേ പുസ്തകം ആവശ്യം കഴിഞ്ഞ് അവന് കൊടുത്തതായി എഴുതി. ദളിതനല്ലാത്ത ഒരാള്‍, തന്നെ അംബേദ്കറിനെ വായിക്കാന്‍ ആംസ്ട്രോങ്ങ് പ്രേരിപ്പിച്ചതും അത് തന്റെ ജീവിത വീക്ഷണങ്ങളെ മാറ്റിയതും വിശദീകരിച്ചു. മറ്റൊരു എഴുത്തുകാരന്‍, തന്റെ പുസ്തകത്തിന്റെ നിരവധി പ്രതികള്‍ ആംസ്ട്രോങ്ങ് വാങ്ങിക്കൊണ്ടുപോയത് എടുത്തെഴുതി. അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങളുടെ വീഡിയോകള്‍ നിറയെ പ്രചരിക്കുന്നുണ്ട്. അവയിലെല്ലാം അദ്ദേഹം വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് എടുത്തു പറയുന്നത്. എവിടെയും അക്രമവും കലഹവും പ്രോത്സാഹിപ്പിക്കുന്നില്ല. തന്റെ കീശയിലുള്ള പേന, അംബേദ്ക്കറിന്റെ പേനയാണെന്നും അതാണ് നമ്മെ വാനോളം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കാവ്യാത്മകമായി പറയുന്നതും കേള്‍ക്കാം.
കറുത്തവരാണ് അക്രമികള്‍, കോളനികളാണ് അധോലോകം എന്ന വ്യാഖ്യാനം ലോകത്തെമ്പാടുമുള്ളതാണ്. അതിനെ അതിജീവിച്ചാണ് കറുത്ത വര്‍ഗക്കാരുടെയും ദളിതരുടെയും മറ്റും മറ്റും പ്രസ്ഥാനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത്. മാല്‍ക്കം എക്സിന്റെ ഉദാഹരണം തന്നെയാണ് ഏറ്റവും വലുത്.
പതിനെട്ടാം നൂറ്റാണ്ടില്‍ പൂന്തമല്ലിയിലെ ദളിതര്‍ ഭൂ അവകാശത്തിനു വേണ്ടി മദ്രാസ് കലക്ടര്‍ക്കെതിരെ സമരം നയിച്ചു. ആധുനിക ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥ നിലവില്‍ വന്നപ്പോള്‍, ബ്രാഹ്‌മണര്‍ പഴയ അധികാര വാഴ്ച തുടരാന്‍ ശ്രമിച്ചു. മദ്രാസിലെ ദളിതരാണ് സാമൂഹ്യ നീതിയിലധിഷ്ഠിതമായിരിക്കണം പുതിയ രാഷ്ട്രീയം എന്ന വാദം ഉയര്‍ത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ റെട്ടൈമലൈ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ദളിതര്‍ വന്‍ മുന്നേറ്റം നടത്തി. അദ്ദേഹം വിളിച്ചു കൂട്ടിയ സമ്മേളനത്തിലാണ് ദളിതര്‍ അവരുടെ കൃതികള്‍ പ്രസാധനം ചെയ്തത്. അവരുടെ പ്രസിദ്ധീകരണങ്ങളും അപ്പോഴാണ് ആരംഭിച്ചത്. അംബേദ്ക്കര്‍ക്കു മുമ്പു തന്നെ ബുദ്ധമതമാണ് ദളിതര്‍ക്കാശ്രയം എന്നഭിപ്രായപ്പെട്ട് അവരെ അതിലേയ്ക്ക് നയിച്ച അയോത്തിദാസ് പണ്ഡിതര്‍ മദ്രാസിലാണ് ആ പ്രഖ്യാപനം നടത്തിയത്. ദ്രാവിഡ കഴകത്തിനു മുന്നോടിയായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് പാര്‍ടിയുടെ വിജയത്തിന് ബഹുജനാടിത്തറ പാകിയതും ദളിതരായിരുന്നു. എം സി രാജ അതിന് നേതൃത്വം നല്‍കി.എന്നാല്‍ ആവശ്യം കഴിഞ്ഞപ്പോള്‍ ജസ്റ്റിസ് പാര്‍ടിയും ദളിതരെ തള്ളിപ്പറഞ്ഞിരുന്നു. പറയരെ മദ്രാസില്‍ നിന്ന് പുറത്താക്കണമെന്ന് ഒരിക്കല്‍ ജസ്റ്റിസ് പാര്‍ടി അഭിപ്രായപ്പെട്ടു.
ഹിന്ദി ഒഴിക (ഹിന്ദി വേണ്ട) പ്രക്ഷോഭത്തിന് തുടക്കമിട്ടത് ദളിത് വിഭാഗത്തില്‍ നിന്നുള്ള മീനാംബാളായിരുന്നു. നടരാജന്‍ എന്ന ദളിതനാണ് ഈ സമരത്തില്‍ ആദ്യം രക്തസാക്ഷിയായത്. മദ്രാസിലെ ചേരികളാണ് ദ്രാവിഡ മുന്നേറ്റ്ര കഴകത്തിന്റെ അടിസ്ഥാന ശക്തികേന്ദ്രം. ബട്ലര്‍കള്‍ സംഘം, കുടിെൈശ വാഴ് വോര്‍ സംഘം(ചേരിനിവാസികള്‍), കൈ റിക്ഷാ അഴുപ്പോര്‍ (റിക്ഷാ തൊഴിലാളികള്‍) സംഘം എന്നിവയെല്ലാം മദ്രാസിലാണ് രൂപീകരിക്കപ്പെട്ടത്.
ആദിദ്രാവിഡരടക്കമുള്ള ദളിതര്‍ക്ക്, ഇന്ത്യയിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയാധികാര വ്യവസ്ഥയില്‍ അതിജീവിക്കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും എന്തുമാത്രം പ്രയാസങ്ങളാണുള്ളതെന്നാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. ദളിത് നേതാവ് കൊല ചെയ്യപ്പെടുന്നതു പോലും അദ്ദേഹത്തിന്റെ കുറ്റമാണെന്ന (ദുര്‍)വ്യാഖ്യാനം എത്ര പെട്ടെന്നാണ് സാമാന്യ'സത്യ' മായി പരക്കുന്നതും സ്ഥിരപ്പെടുന്നതുമെന്നു നോക്കുക.
-Reference:
1. https://theneelam.com/social-leader-armstrong/
2. https://theneelam.com/cultural-leader-of-aboriginals/
3. https://thewire.in/caste/bsp-tamil-nadu-chief-k-armstrongs-murder-raises-many-questions4. Fabric-Rendered Identity: A Study of Dalit Representation in Pa. Ranjith's Attakathi, Madras and Kabali - Benson Rajan and Shreya Venkatraman ( Artha-Journal of Social Sciences 2017, Vol. 16, No. 3, 17-37)