ഇടതുപക്ഷം നയത്തില്‍ നിന്നും പിന്‍മാറുന്നു, രാഷ്ട്രീയം നോക്കാതെ ജനങ്ങള്‍ എതിര്‍ക്കണം
കേരളം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യ സംസ്‌കരണം. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുകയെന്നതാണ് ഇതിനുള്ള പോംവഴിയായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. കൊച്ചിയിലെ ബ്രഹ്മപുരത്താണ് ആദ്യ പദ്ധതി. പദ്ധതിക്കെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകയായ എം സുചിത്ര സംസാരിക്കുന്നു. ഡൗണ്‍ ടു എര്‍ത്തിന്റെ സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റന്റായിരുന്നു സുചിത്ര.
സംസ്ഥാനത്ത് ഒമ്പത് പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുകയെന്നതാണോ കേരളത്തിന് മുന്നിലുള്ള പോംവഴി
മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. വേയ്സ്റ്റ് മാനേജ്‌മെന്റ് എക്‌സേപേര്‍ട്ടൊന്നുമല്ല. ഇത് ഇത്രയും കാലം റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് മനസിലാകുന്നത് ദുരന്തത്തിലേക്കാണ് കേരളം പോകുന്നത്. ഉയര്‍ന്നു വരുന്ന മാലിന്യ പ്രശ്‌നത്തിനുള്ള ഒറ്റമൂലിയായി ഇത് അവതരിപ്പിക്കപ്പെടുന്നത് തന്നെ അബദ്ധമാണെന്നാണ് എനിക്ക് തോന്നുന്നത്.
കൊച്ചിയിലെ മാലിന്യം ബ്രഹ്മപുരത്ത്, തൃശ്ശൂരിലേത് ലാലൂരില്‍ കോഴിക്കോട് ഞെളിയന്‍ പറമ്പ്.. ഓരോ സ്ഥലത്തും പ്രത്യേക സ്ഥലത്ത് മാലിന്യം ഇടുന്നു. ആ പ്രദേശത്തുള്ളവര്‍ക്ക് രോഗവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുന്നു. അവരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നപ്പോളാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കാരണത്തിലേക്ക് മാറിയത്. നമുക്ക് മുന്നിലുള്ള വഴി അത് തന്നെയല്ലേ
കേരളത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ചെറിയ സംസ്ഥാനമാണ്, വളരെ വേഗം നഗരവത്കരണം നടക്കുന്ന സംസ്ഥാനമാണ്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരു അര്‍ബന്‍ ആന്റ് സെമി അര്‍ബന്‍ ശ്യംഖലയാണ്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തനി ഗ്രാമങ്ങളില്ല. നഗരങ്ങളും അര്‍ദ്ധ നഗരങ്ങളും കൂടിയ ശൃംഖലയായി കാണാം. ഭൂവിസ്തൃതി വളരെ കുറവാണ്. ജനസാന്ദ്രത ദേശീയ ശരാശരിയെക്കാള്‍ രണ്ടിരട്ടിയാണ്. ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ കേരളത്തില്‍ 859 പേരാണ് താമസിക്കുന്നത്. വളരെ ഉയര്‍ന്ന ജനസാന്ദ്രതയാണിത്. ഭൂമി ലഭിക്കാതിരിക്കുക, ജനസാന്ദ്രത വളരെ കൂടുതല്‍, മാലിന്യ സംസ്‌കരണത്തിന് ഭൂമി കിട്ടാതിരിക്കുക, ജനങ്ങളുടെ സമരം, ആറുമാസത്തോളം മഴ പെയ്യുന്ന പ്രദേശം, ഇതെല്ലാം നോക്കി, പല കാര്യങ്ങളും പഠിച്ചിട്ടാണ് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലേക്ക് മാറിയത്. അതില്‍ നിന്ന പിറകോട്ട് പോകുകയാണ് ഇപ്പോള്‍. വിപ്ലവകരമായ മാറ്റമായിരുന്നു. എനിക്ക് തോന്നിന്നില്ല ഇന്ത്യയിലെ മറ്റൊരു സംസ്ഥാനം ഇത്തരം പരീക്ഷണം നടന്നിട്ടുണ്ടെന്ന്. അതിനുള്ള ധൈര്യം ആര്‍ക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തെ സ്വീകരിക്കാനുള്ള മടി ഇപ്പോഴും ആളുകള്‍ക്കില്ലേ. മൂന്ന് സെന്റിലുള്ളവരും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരും എങ്ങനെയാണ് മാലിന്യം സംസ്‌കരിക്കുകയെന്ന ചോദ്യം അവരില്‍ നിന്ന് ഉയര്‍ന്നു വരുന്നു.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തെ അംഗീകരിക്കാന്‍ മടിയുണ്ടോ ഇല്ലയോ എന്ന ചോദ്യം ഉദിക്കുന്നില്ല. കാരണം അനുശാസിക്കുന്നത് മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്നാണ്. ആരാണോ മാലിന്യം ഉണ്ടാക്കുന്നത് അവര്‍ക്ക് മാലിന്യം സംസ്‌കരിക്കുന്നതിലും ഉത്തരവാദിത്വം വേണം. സുസ്ഥിരമായ മാലിന്യ സംസ്‌കരണത്തിന്റെ തത്വം തന്നെ അതാണ്. മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ വേര്‍തിരിക്കണം. ജൈവമാലിന്യം ഉറവിടത്തിലുള്ളവര്‍ തന്നെ ഏതെങ്കിലും ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌കരിക്കണം. ബാക്കി വരുന്ന അജൈവ മാലിന്യത്തെ, അതില്‍ പ്ലാസിറ്റിക്, ഇ വേസ്റ്റ് എന്നിവയൊക്കെ എങ്ങനെ സംസ്‌കരിക്കുമെന്നത് മാത്രമാണ് ജനങ്ങള്‍ക്ക് കഴിയാത്തത്. അതാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.
തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണത്തെ മാതൃകയായി കാണുന്നതെന്തു കൊണ്ടാണ്
ആലപ്പുഴയിലെ പരീക്ഷണം വിജയകരമായി നടക്കുമ്പോഴാണ് തിരുവനന്തപുരം ഗതികെട്ട് ഉഴലുന്ന അവസ്ഥയുണ്ടായത്. അപ്പോള്‍ ഭരിക്കുന്നത് യു ഡി എഫാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇടതുപക്ഷനും. അപ്പോള്‍ എങ്ങനെയെങ്കിലും അതിനെ രക്ഷിക്കണമെന്നും നേതൃത്വം നല്‍കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്കിനെ തന്നെയാണ് പാര്‍ട്ടി ഏല്‍പ്പിക്കുന്നത്. പേരൂര്‍ക്കടയിലെ ഓരോ വീട്ടിലും നടന്ന് തോമസ് ഐസക് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു ദിവസം ഞാനും പോയി. കുടുംബശ്രീയിലെ പാവപ്പെട്ട സ്ത്രീകളെ കൊണ്ട് ചെയ്യിച്ചിരുന്നത് എഞ്ചിനീയറിംഗ് പ്രൊഫഷണല്‍സിനെ കൊണ്ട് മാസം ചെറിയ വരുമാനം കിട്ടുന്ന രീതിയില്‍ ചെയ്യിച്ചു. ഓരോ വീട്ടുകാരോടും ലളിതമായ സംവിധാനം വേണമെന്ന് പറഞ്ഞു. എന്നിട്ട് ഈ കുട്ടികള്‍ ഇത് നോക്കുന്നു. ഒരു ഗ്രീന്‍ ആര്‍മി ഫോം ചെയ്തു. നല്ല രീതിയിലാണ് കാര്യങ്ങള്‍ പോയത്. ഇത് മാതൃകയിലാണ് തിരുവനന്തുപുരത്തും മാലിന്യം സംസ്‌കരിച്ചത്. 100 വാര്‍ഡുകളും രണ്ടരലക്ഷം ആളുകളുമുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്തെ 40 വീടുകള്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡാണ്.
ഈ വികേന്ദ്രീകൃത മോഡല്‍ നിലനില്‍ക്കുമ്പോഴും എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ വേസ്റ്റു ടു എനര്‍ജിയിലേക്ക് മാറുന്നത്.
അതുതന്നെയാണ് എല്ലാവരും ചോദിക്കുന്നത്. വളരെയധികം ശ്രദ്ധ ലഭിച്ച ഒരു പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത് എന്തിനാണ്. വേസ്റ്റ് ടു എനര്‍ജി ഒരുപാട് മുതല്‍മുടക്ക് ആവശ്യമുള്ളതാണ്. ഇത് പോലെ ലളിതമല്ല. വലിയ മുതല്‍മുടക്ക് വേണ്ടത് കൊണ്ട് സര്‍ക്കാറിന് പറ്റില്ല, സ്വകാര്യ കമ്പനി വരുന്നു. പിപിപി മോഡലാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകുമ്പോള്‍ സ്വകാര്യ കമ്പനിയുണ്ടാകും, കോര്‍പ്പറേഷനും ഉണ്ടാകും. കോര്‍പ്പറേഷന്‍ ഫിക്‌സഡ് എമൗണ്ടിലുള്ള മാലിന്യം കമ്പനിക്ക് കൈമാറും. കമ്പനി വേസ്റ്റ് ടു എനര്‍ജി ഉണ്ടാക്കും. ഇതിലെ വൈദ്യുതി വില്‍ക്കും. ബൈ പ്രൊഡക്ടാണ് അവരുടെ ലാഭം. ഞങ്ങള്‍ ചെയ്യുന്നത് വലിയ സാമൂഹ്യകി സേവനമാണെന്ന മട്ടിലാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല.
കൊച്ചിയിലാണ് ആദ്യ പദ്ധതി വരുന്നത്. ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പഠനം ഇക്കാര്യത്തില്‍ നടന്നു എന്ന് വിശ്വസിക്കുന്നുണ്ടോ. ഇതില്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലല്ലോ
ഇത്തരത്തിലുള്ള ഏത് പദ്ധതി നടപ്പാക്കണമെങ്കിലും എന്‍വോയ്ന്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് ചെയ്യേണ്ടതുണ്ട്. കൊച്ചിയിലെ ബ്രഹമപുരത്തെ പ്രൊജക്ടിന്റെ പഠനം നടത്തിയത് എല്‍ എല്‍ ടി കമ്പനിയാണ്. ഇവരാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിലും പഠനം നടത്തിയത്. ഈ കമ്പനി നടത്തിയ പഠനങ്ങളിലെ പ്രശ്‌നം ജൂണ്‍ പത്തിന് നടത്തിയ ഹിയറിംഗില്‍ ചൂണ്ടിക്കാട്ടിയതാണ്. പല ഘടകങ്ങളും പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത്തരം പദ്ധതികളുടെ പഠനം നടത്താന്‍ ആ കമ്പനി തന്നെയാണ് ഏല്‍പ്പിക്കുന്നത്. ആ കമ്പനിക്ക് അനുകൂലമായിട്ടായിരിക്കും ഉണ്ടാകുക. പദ്ധതി നടപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരിക്കും ഇ ഐ എ നട്തതുന്നത്. അത് തന്നെയാണ് ഈ പദ്ധതിയിലും കാണുന്നത്.
കൊച്ചിയിലെ പദ്ധതി ഏറ്റെടുത്തിരിക്കുന്ന കമ്പനിക്ക് ഇതില്‍ മുന്‍പരിചയമില്ലെന്ന് സമ്മിതിച്ചിട്ടുണ്ട്. അങ്ങനെയുള്ള കമ്പനിക്ക് പദ്ധതി കൈകാര്യം ചെയ്യാന്‍ പറ്റുമോ
മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കമ്പനി ജി ജെ ഇക്കോ പവര്‍ ലിമിറ്റഡാണ്. ഇതൊരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാണ്. ഇതിന് വേണ്ടി മാത്രം രൂപീകരിച്ച കമ്പനി. അപ്പോള്‍ ഇതിന്റെ പാരന്റ് കമ്പനി ജി ജെ നേച്ചര്‍ കെയര്‍ ആന്റ് എനര്‍ജിയാണ്. ഈ പാരന്റ് കമ്പനിക്ക് മാലിന്യ സംസ്‌കരണത്തിലോ വൈദ്യുതി ഉല്‍പാദനത്തിലോ മുന്‍പരിചയമില്ല. ഈ കണ്‍സോഷ്യത്തിലുള്ള കമ്പനിയായ ലണ്ടന്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെയെല്ലാം ഡയറക്ടാറായി വരുന്നത് ഒരാള്‍ തന്നെയാണ്. ജിജി ജോര്‍ജ് എന്ന ആള്‍. ഈ കമ്പനികള്‍ക്കൊന്നും മാലിന്യ സംസ്‌കരണം ചെയ്ത് അനുഭവമില്ല, മാത്രമല്ല വലിയ കടബാധ്യതകളുമുണ്ട്.
വേസ്റ്റ് ടു എനര്‍ജിയെക്കുറിച്ച് പഠിച്ച പാര്‍ലമെന്ററി സമിതി കണ്ടെത്തിയിരിക്കുന്നത് മാലിന്യം കൈകാര്യം ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഇന്ത്യയിലെ പല പദ്ധതികളും അടച്ചു പൂട്ടിയതെന്നാണ്. നമ്മുടെ മാലിന്യത്തിന്റെ സ്വഭാവം വെള്ളത്തിന്റെ അളവ് കൂടിയ രൂപത്തിലുള്ളതാണ്. അത്തരത്തിലുള്ള മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുക എളുപ്പമാണോ
നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു സക്‌സസ്ഫുള്‍ മോഡല്‍ പോലും ഇന്ത്യയിലില്ല. എട്ട് പ്ലാന്റുകളില്‍ ഒന്നു പോലും വിജയകരമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ഘട്ടത്തിലാണ് നമ്മള്‍ ഒമ്പത് എണ്ണം കൂടി ഒറ്റയടിക്ക് തുടങ്ങാന്‍ പോകുന്നത്. ആ പാര്‍ലമെന്റിറി സമിതി ചൂണ്ടിക്കാണിച്ചത് പോലെ ഇന്ത്യയിലെ മാലിന്യത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലാണ്. ഹൈ കലോറി മൂല്യമുള്ള മാലിന്യമാണ് പദ്ധതിക്ക് ഉപയോഗിക്കുക. കത്തിച്ചാല്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇന്ത്യന്‍ മാലിന്യം അതല്ലെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ അവസ്ഥ കുറച്ച് കൂടി പ്രശ്‌നമാണ്. ആറ് മാസം മഴ ലഭിക്കുന്ന സ്ഥലമാണ്. മാലിന്യത്തില്‍ വളരെയധികം ഈര്‍പ്പമുണ്ട്. അറുപത് ശതമാനം മുതല്‍ എണ്‍പത് ശതമാനം വരെ ഈര്‍പ്പമുണ്ട്. നമ്മുടെ മാലിന്യം വേസ്റ്റ് ടു എനര്‍ജിക്ക് പറ്റിയതല്ലെന്ന് പഠനം നിലനില്‍ക്കുന്നുണ്ട്.
യൂറോപ്യന്‍ മോഡലാണ് ഇവിടെ നടപ്പാക്കുന്നത്. അതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമോ
ഇന്ത്യയില്‍ സക്‌സസ് മോഡലില്ല എന്ന് പറയുമ്പോള്‍ ഞങ്ങള്‍ യൂറോപ്യന്‍ മോഡലാണ് നടപ്പാക്കുന്നതെന്ന് പറയുക. യൂറോപ്യന്‍, അമേരിക്കന്‍ മോഡലുകളൊക്കെ എന്തോ വലിയ മാതൃകകളാണെന്ന രീതിയിലാണെന്ന മട്ടിലാണ് എടുക്കുന്നത്. എന്നാല്‍ ഇവിടെയൊക്കെ ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയില്‍ 72 വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകളാണ് നിലനില്‍ക്കുന്നത്. അവിടെയൊക്കെ സമരം നടക്കുന്നത്. ഏത് മോഡലിലായാലും മാലിന്യം ഉയര്‍ന്ന അളവില്‍ കത്തിക്കുകയാണ്.
കൊച്ചിയിലെ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെ എസ് ഇ ബി കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. അതും ഇപ്പോള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്.
ഇരട്ടി വില കൊടുത്താണ് വാങ്ങുന്നത്.ആറ് രൂപയ്ക്കാണ് വാങ്ങുന്നത്. യൂണിറ്റിന് പതിനഞ്ച് രൂപയാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ വില. ഈ പതിനഞ്ചിന്റെയും ആറിന്റെയും ഇടയിലുള്ള നഷ്ടം നികത്താനുള്ള പണം വയബിലിറ്റി ഗ്യാപ് ഫണ്ടായി സര്‍ക്കാര്‍ നല്‍കുമെന്നാണ് പറയുന്നത്. അതായത് കെ എസ് ഇ ബി ക്ക് ആറ് രുപയ്ക്ക വാങ്ങുന്നത് സര്‍ക്കാറിന്റെ ഫണ്ട് നഷ്ടം നികത്തുന്നത് കൊണ്ടാണ്.
2006ല്‍ വി എസ് സര്‍ക്കാര്‍ വികേന്ദ്രീകൃത മോഡലിലേക്ക് മാറുന്നത് ചര്‍ച്ച ചെയ്തു നടപ്പാക്കി തുടങ്ങി. ഈ സര്‍ക്കാറും തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ചു. നയം പ്രഖ്യാപിച്ചു. ഇത് നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ പിന്‍മാറുന്നത്. ഇത് വലിയ തിരിച്ചടിയാകില്ലേ
വലിയ തിരിച്ചടിയാകും. വി എസ് അച്യുതാനന്തന്‍ സര്‍ക്കാര്‍ വലിയ രീതിയിലാണ് പദ്ധതി കൊണ്ട് വന്നത.് അത് നടപ്പാക്കാനുള്ള സാഹചര്യവും നമ്മള്‍ പരിശോധിക്കണം. എല്ലാ നഗരങ്ങളിലും മാലിന്യം കൂടി കൂടി വന്നപ്പോളാണ് സുപ്രീകോടതി ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ആക്ട് 2000 കൊണ്ടു വരുന്നത്. ഈ നിയമം വന്നിട്ടും ആരും നടപ്പാക്കിയില്ല. 2004 ല്‍ ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ട ഇഷ്യു ഉണ്ടായിരുന്നു. ആ സമയത്ത് ഗ്രാമങ്ങളില്‍ സമ്പൂര്‍ണ ശുചിത്വ മിഷനും നഗരങ്ങളില്‍ ക്ലീന്‍ കേരള മിഷനും ആയിരുന്നു. ഇത് രണ്ടും യോജിപ്പിച്ച് ശുചിത്വ മിഷനുണ്ടാക്കി. വളരെ ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് ഈ രീതിയിലുണ്ടാക്കിയത്. സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മടികാണിച്ചു. പല പദ്ധതികളിലൂടെ ഇഷ്ടം പോലെ ഫണ്ടുണ്ടായിരുന്നു. രാഷ്ട്രീയം കാരണം ഇത് നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. അപ്പോഴേക്കും എല്‍ ഡി എഫ് ഭരണം അവസാനിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്ന ചിന്ത പോലും ഇല്ലാത്തവരാണ് യുഡിഎഫ് സര്‍ക്കാര്‍.അന്നത്തെ അര്‍ബന്‍ ഡവലപ്‌മെന്റ് മന്ത്രി മഞ്ഞളാകുഴി അലിയുമായി സംസാരിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ട് മാലിന്യ വിമുക്തമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അവരും സജസ്റ്റ് ചെയ്തത് വേസ്റ്റ് ടു എനര്‍ജി പദ്ധതി തന്നെയാണ്. പൈലറ്റ് പദ്ധതി പ്രൊജക്ട് കൊണ്ടു വന്നു തിരുവനന്തപുരത്ത്. എന്നാല്‍ ഇതൊരു വ്യാജ കമ്പനിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് വന്നു. അതോടെ കമ്പനി തടിതപ്പി. പദ്ധതി നിന്നു. അന്ന യുഡിഎഫ് നിര്‍ത്തിയിടത്ത് നിന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പൊക്കി കൊണ്ടു വരുന്നത് എന്നതാണ് ഏറ്റവും ദുംഖകരമായ കാര്യം. ശരിക്കും ഇടതിന് തന്നെ നേട്ടമായി അവകാശപ്പെടാവുന്ന, വിപ്ലവകരമായ പദ്ധതിയില്‍ നിന്നാണ് പിറകോട്ട് വരുന്നത്. ഇത് ഇടത് സര്‍ക്കാറിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ നഷ്ടമാണ്. ഇനി മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടില്ല. അപ്പോള്‍ നമുക്ക് മനസിലാകും മുഖ്യമന്ത്രി ആരുടെയൊക്കെ പിടിയിലാണെന്ന്. മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടരുതെന്ന് കരുതുന്ന കോണ്‍ട്രാക്ടര്‍മാരും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിക്കാരായ വലിയൊരു കൂട്ടമാണ് ഇതിന് പിന്നില്‍. മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ അഴിമതിക്ക് സ്‌കോപില്ല. പരിഹരിക്കപ്പെടാതെ എങ്ങനെ പണം തട്ടാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇടത് അതിന്റെ നയത്തില്‍ നിന്ന് പിന്മാറുമ്പോള്‍ വളരെ ദുംഖകരമാണ്. രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ അതിനെ എതിര്‍ക്കണം