കേന്ദ്രീകൃത ജനാധിപത്യത്തെ ഉപേക്ഷിക്കാന്‍ ധൈര്യമുണ്ടോ?

കേന്ദ്രീകൃത ജനാധിപത്യത്തെ ഉപേക്ഷിക്കാന്‍ ധൈര്യമുണ്ടോ?
Published on

കേരളം രാഷ്ട്രീയ പരീക്ഷണശാലയാണ് എന്നറിയപ്പെടുന്ന സംസ്ഥാനമാണ്. ചരിത്രം പരിശോധിച്ചാല്‍ ഇത് ശരിയുമാണ്. മുന്നണി രാഷ്ട്രീയം മുതല്‍ മാനവവിഭവവികസന സൂചികളുടെ നിലവാരം വരെ നോക്കിയാല്‍ ഈ പരീക്ഷണങ്ങളും അതിന്റെ ഫലങ്ങളും കാണാന്‍ കഴിയും.

അതല്ല നമ്മുടെ ചര്‍ച്ചാവിഷയം.

ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ പലവട്ടം വരികയും പുറത്തുപോവുകയും ചെയ്ത സംസ്ഥാനമാണ് കേരളം. പാര്‍ട്ടി ഭാഷയില്‍ ബൂര്‍ഷ്വ പാര്‍ലമെന്ററി പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്ന സ്ഥലം.

ഇതുമാത്രമായാല്‍ മുരടിപ്പ് [cretinism] ആകുമെന്നാണ് ലെനിന്‍ അഭിപ്രായപ്പെട്ടത്. ലെനിന്റെ അഭിപ്രായങ്ങള്‍ രൂപപ്പെട്ട സാറിസ്റ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം നമ്മുടെ നിലവിലെ സാഹചര്യവുമായി ഒട്ടും താരതമ്യമുള്ളതായിരുന്നില്ല. അത് മനസ്സില്‍ വച്ചല്ലാതെ അദ്ദേഹത്തിന്റെ വീക്ഷണത്തിലെ പാര്‍ലമെന്റെറി പ്രവര്‍ത്തനത്തെ അപ്പാടെ പകര്‍ത്തുന്നത് യുക്തിക്ക് നിരക്കാത്തതായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ലെനിനിസ്റ്റ് സംഘടനാരീതി ഔദ്യോഗികമായി അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി പാതയ്ക്ക് പുറത്തുള്ള ബഹുജന സമരങ്ങള്‍ക്കുമുള്ള പ്രാധാന്യം അവരുടെ രേഖകളില്‍ ഊന്നി പറയുന്നു.

ധാരാളം ഓദ്യോഗിക രേഖകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായോ അവയുടെ വര്‍ഗ്ഗ -ബഹുജന സംഘടനകളുമായോ ബന്ധപ്പെട്ടിട്ടുള്ള നിരവധി പേര്‍ ചാനലുകളിലും, മാധ്യമങ്ങളിലും പാതയോരങ്ങളിലും ഇരുന്നു കൊണ്ടും നിന്നു കൊണ്ടും ഉപദേശ വര്‍ഷം ചൊരിയുകയുന്നത്.

പലരും ഒന്നോ രണ്ടോ നേതാക്കള്‍ മാറിയാല്‍ എല്ലാം ശരിയാകും എന്നാണ് വിധിക്കുന്നത്. തങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ബഹുജന സംഘടനകളിലും ജനാധിപത്യത്തിന്റെ വസന്തോല്‍സവവും ബഹുജന താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന നേതൃത്വവുമായിരുന്നു എന്ന് സമര്‍ത്ഥിക്കുന്നു. എങ്ങനെ തിരുത്തണമെന്ന് വിരാമമില്ലാതെ ഉപദേശിക്കുന്നു.

ഔദ്യോഗിക നേതൃത്വം മറ്റൊരു ലോകത്താണ്. അതില്‍ ചിലര്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് പറയുന്നു. ആവട്ടെ. അതുപോലും എളുപ്പമല്ല.

ഇത്രത്തോളം വാചാലമാകാതെ സമയം കളയാതെ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ അംഗീകരിച്ചാല്‍ സംഗതി ഒന്നു കൂടി ലളിതമാവില്ലേ എന്ന് പാര്‍ട്ടി വിദ്യാദ്യാസം നേടാത്ത നിരക്ഷരനും ഉപദേശി വര്‍ത്തമാനങ്ങള്‍ ദഹിക്കാത്തവനുമായ ഈയുള്ളവന് സംശയം.

പാര്‍ലമെന്ററി ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയെ അടിമുടി ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ എന്താണ് കുഴപ്പം?

ഇപ്പോള്‍ ചെയ്യുന്നത് നയമായി പ്രഖ്യപിച്ചാല്‍ പല തട്ടുകളിലുള്ള ഏകാധിപത്യ പ്രവണതകള്‍ മെല്ലെ തീരില്ലേ?

ഇത് ചെയ്യുന്നതോടെ മുഖ്യ കക്ഷിയായ ബി.ജെ.പി ഉള്‍പ്പെടെയുള്ളവരുടെ ഏകാധിപത്യ പ്രവണതകളെ എതിര്‍ക്കാന്‍ ധാര്‍മ്മിക ഊര്‍ജ്ജം ലഭിക്കില്ലേ?

ബഹുകക്ഷി ജനാധിപത്യത്തെയും പാര്‍ലമെന്ററി വ്യവസ്ഥയെയും ഒരു രാഷ്ട്രീയ അടവയോ തന്ത്രമായോ കാണുന്നതിന് പകരം ഒരു വിശ്വാസപ്രമാണമായി എടുത്തു കൂടേ?

ഇത് താത്ത്വിക ഭാഷയില്‍ റിവഷണിസമാകാം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ റിവൈസ് ചെയ്യുന്നത് തെറ്റാണോ?

അടിസ്ഥാന വിശ്വാസത്തില്‍ നിന്നും കേന്ദ്രീകൃത ഏകാധിപത്യ ആശയങ്ങള്‍ നീക്കം ചെയ്യപ്പെടണം. ഇതല്ലേ തിരുത്തല്‍?

ശസ്ത്രക്രിയക്ക് പകരം തിരുമ്മല്‍ നടത്തിയാല്‍ രോഗം മൂര്‍ച്ഛിക്കും.

ഉപദേശികളും അന്തിചര്‍ച്ചാ ന്യായാധിപരും പറയാത്ത അടിസ്ഥാനകാര്യമിതാണ്.

അവരുടെ പ്രധാനപ്രശ്‌നം അവരെ മടിയിലിരുത്തി കൊഞ്ചിക്കാത്തയാള്‍ നേതാവായിരിക്കുന്നതാണ്. നേതാവ് മാറണം, ശൈലി മാറണം എന്ന് പല ആവൃത്തി പറയും.

പലര്‍ക്കും തങ്ങളുടെ നല്ല സമയം വരണം. ശിപാര്‍ശകള്‍ ഫലം കാണണം. അത്രേയുള്ളൂ ഉപദേശ ലക്ഷ്യം.

ഒറ്റ ചോദ്യം മതി ഇവരെ തുറന്നുകാട്ടാന്‍. ഒരു നേതാവാണ് പ്രശ്‌നമെങ്കില്‍ ചഷസ്‌ക്യൂ വിന്റെ വ്യവസ്ഥ തകര്‍ന്ന പോലെ എന്ത് കൊണ്ട് ഗോര്‍ബച്ചേവിന്റെ വ്യവസ്ഥയും തകര്‍ന്നു? രണ്ട് നേതാക്കളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ലേ? സങ്കീര്‍ണ്ണ സ്ഥിതിഗതികളെ ഒറ്റ ചോദ്യത്തില്‍ ചുരുക്കുന്നത് ലളിതവല്‍ക്കരണമാണ് എന്ന് സമ്മതിച്ചു കൊണ്ടുതന്നെ കാരണം വ്യക്തിയധിഷ്ഠിതം മാത്രമല്ല എന്നാണ് പറയാന്‍ ശ്രമിച്ചത്.

പ്രശ്‌നം അടിസ്ഥാനപരാണ്. ജനാധിപത്യ വ്യവസ്ഥയിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ജനാധിപത്യം തന്ത്രമല്ല വിശ്വാസപ്രമാണമാണ് എന്ന് അംഗീകരിക്കേണ്ടതല്ലേ?. സംഘപരിവാര്‍ശക്തികള്‍ ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തി മറ്റൊരു വ്യവസ്ഥകൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ( പരിമിതമായതെങ്കിലുമായ) തിരിച്ചടി ജനാധിപത്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. ജനാധിപത്യമൂല്യങ്ങളെ ബഹുഭൂരിപക്ഷം ജനങ്ങളും വിലമതിക്കുന്നു എന്നത് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്.

ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ നിന്നുകൊണ്ട് മാറ്റങ്ങള്‍ സാദ്ധ്യമാണ്. അടിസ്ഥാനമാറ്റം വേണം ജനാധിപത്യത്തെ അടവ് നയമായും തന്ത്രമായും കാണുന്ന വീക്ഷണത്തില്‍. ഇത് ഉപദേശികള്‍ പറയില്ല അവര്‍ പൊതുവില്‍ ഹ്രസ്വദൃഷ്ടിക്കാരാണ്. അവര്‍ക്കാവശ്യം പുഞ്ചിരിയും പലതരം താലോലിക്കലുമാണ്. അതുണ്ടെങ്കില്‍ തല്‍ക്കാലം എല്ലാം നന്നായി പോകും.

മുതലാളിത്തം നിലനില്‍ക്കുമ്പോള്‍ സമൂഹത്തില്‍ ജനാധിപത്യവത്കരണം അസാദ്ധ്യമാണെന്ന അഭിപ്രായം ശരിയാണ്. സാമ്പത്തിക അസമത്വങ്ങള്‍ കാരണമുണ്ടാകുന്ന ഭൂരിപക്ഷം ജനത നേരിടുന്ന അനീതി മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. പക്ഷെ ഈ മുതലാളിത്ത വ്യവസ്ഥയെ അട്ടിമറിക്കാനായി കൊടുക്കേണ്ട വിലയാണോ വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യം? മുതലാളിത്ത കമ്പോള ശക്തികള്‍ ഉയര്‍ത്തുന്ന ജനാധിപത്യവിരുദ്ധ പ്രവണതകളെ നേരിടാന്‍ ജനാധിപത്യ വിശ്വാസം വേണ്ടതല്ലേ? പോരാട്ടങ്ങള്‍ക്കെന്നപോലെ മുതലാളിത്തത്തിന് ശേഷം വരാനുള്ള വ്യവസ്ഥയിന്‍ കീഴിലും വേണ്ടതല്ലേ ജനാധിപത്യസ്വാതന്ത്ര്യം? അതില്ലാതെ പോയതല്ലേ സോവിയറ്റ് - കിഴക്കന്‍ യൂറോപ്യന്‍ മാതൃകകളുടെ തകര്‍ച്ചയുടെ വലിയ കാരണം? ശക്തിയുള്ള ഇടത്തും അല്ലാത്ത സ്ഥലങ്ങളിലും ഈ വിശ്വാസം ഉണ്ടാകേണ്ടതല്ലേ?

നല്ലത് കാംക്ഷിക്കുന്ന [ benevolent ] സ്വേച്ഛാധിപതി സങ്കല്‍പ്പം മാത്രമാണ്. സ്വേച്ഛാധിപതിയുടെ തണലില്‍ ധാരാളം ശിങ്കിടികളും സില്‍ബന്തികളും സ്വേച്ഛാധിപത്യരൂപം കൈക്കൊള്ളുന്നു. സഹനശേഷിയുടെ പരിമിതി കടക്കുമ്പോള്‍ സമൂഹം ഇവരെ ഒന്നാകെ പുറന്തള്ളുന്നു. കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് മാതൃകയില്‍ സംഭവിച്ചത് ഇത് തന്നെയാണ്. ചെറിയ തോതില്‍ ഇന്ത്യയില്‍ 1977 ലും പിന്നീടും ഇത് സംഭവിച്ചു. സ്വേച്ഛാധിപത്യം ഏത് പാര്‍ട്ടിയുടെയോ വര്‍ഗ്ഗത്തിന്റെയോ ആയാലും ഒരിക്കലും benevolent ആകില്ല. എപ്പോഴും അതിന് ദുഷ്ടസ്വഭാവം ഉണ്ടാകും. അതാണ് അനുഭവങ്ങളുടെ ചരിത്രം.

പരിമിതമായ സേച്ഛാധിപത്യത്തിന് ഇന്ത്യയില്‍ സ്വീകാര്യത ഉണ്ടെന്ന് അടുത്ത കാലത്ത് ചില അഭിപ്രായ സര്‍വ്വേകള്‍ പറഞ്ഞത് ഞെട്ടല്‍ ഉളവാക്കിയിരുന്നു. എന്നാല്‍, യാഥാര്‍ത്യമതല്ല എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെളിഞ്ഞു.

അഭിപ്രായ അതിപ്രസരം കൊണ്ട് അന്തരീക്ഷമലിനീകരണമുണ്ടാകുന്ന കാലമാണ്. ജനാധിപത്യത്തിന്റെ ഭാഗമാണിത്.

ഒന്നു കൂടി ഇരിക്കട്ടെ പ്രദൂഷണ ഹേതുവായി.

Related Stories

No stories found.
logo
The Cue
www.thecue.in