ജീവിതപങ്കാളിയുടെ പക്കൽ നിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതം വാങ്ങാൻ പോലും കഴിവില്ലാത്തവരാണോ മനുഷ്യരേ നിങ്ങൾ?

ജീവിതപങ്കാളിയുടെ പക്കൽ നിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതം വാങ്ങാൻ പോലും കഴിവില്ലാത്തവരാണോ മനുഷ്യരേ നിങ്ങൾ?
Published on
Summary

ഗർഭച്ഛിദ്രം ഒരു പേഴ്‌സണൽ ചോയ്സ് ആണ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വരെയേ ‘ഉഭയസമ്മതം’ എന്ന ആശയത്തിന് പ്രസക്തിയുള്ളൂ. പിന്നീട് ജൈവികമാറ്റം സംഭവിക്കുന്നത് സ്ത്രീയുടെ ശരീരത്തിനുള്ളിൽ ആണ്. തനിക്കുള്ളിൽ ഒരു ഭ്രൂണം വളരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം സ്ത്രീക്ക് മാത്രമാണ്

അനഘ ജയന്‍.ഇ എഴുതുന്നു

സ്വകാര്യത, സ്വാതന്ത്ര്യം, സന്നദ്ധത - ഇന്ത്യൻ വിവാഹവ്യവസ്ഥയിൽ ഏറ്റവും മാനിപ്പുലേറ്റ് ചെയ്യപ്പെട്ട ആശയങ്ങൾ ആണിവ. പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ സ്വന്തം സ്വകാര്യതയെ സംബന്ധിച്ച് യാതൊരു ബോധ്യവും പുലർത്താത്ത സമൂഹവും നമ്മുടെ തന്നെ. വിശേഷിച്ച് സ്ത്രീകൾ. ഉപരിപഠനകാലത്ത് പോലും പി.റ്റി.എ. മീറ്റിങ്ങുകൾ നടത്തുന്ന വിദ്യാഭ്യാസ സമ്പ്രദായം ഉള്ള നാട്. വ്യക്തിയുടെ താത്പര്യങ്ങൾക്ക് അതീതമായി കുടുംബത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വെമ്പൽ കൂട്ടുന്ന ഒരു നാട്. ഇവിടെ കൗമാരത്തിൽ പ്രണയിക്കുന്നത് തെറ്റാണ്. യൗവനത്തിൽ സ്വതന്ത്രലൈംഗികതയിൽ ഏർപ്പെടുന്നത് തെറ്റാണ്. എന്തിന് വിവാഹശേഷം സ്വാതന്ത്ര്യം എന്ന വാക്ക് ഉച്ചരിക്കുന്നത് പോലും തെറ്റാണ്. ഈ നാട്ടിലേക്കാണ് രണ്ട് അത്യന്തം സെൻസിബിൾ ആയ കോടതിപ്രസ്താവനകൾ വരുന്നത്:

1) വിവാഹിതർ അല്ലാത്ത സ്‌ത്രീകൾക്കും ഗർഭച്ഛിദ്രം നടത്താം.

2) വൈവാഹിക ബലാത്സംഗം റേപ്പ് തന്നെയാണ്‌.

അടിസ്ഥാനപരമായി ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ചിന്ത ഒന്നാണ്–വിവാഹം ലൈംഗികബന്ധത്തിനുള്ള ലൈസൻസ് അല്ല.

വിവാഹവും ലൈംഗികതയും തമ്മിൽ എന്താണ് ബന്ധം?

ഇതിനുത്തരം പറയുമ്പോൾ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ മറ്റൊരു വാർത്ത പ്രതിപാദിക്കാതെ വയ്യ. ലൈംഗികബന്ധത്തിന് താൽപര്യമില്ലാത്ത യുവതിയുടെ വിവാഹപ്പരസ്യം. ‘പ്രബുദ്ധ മലയാളികൾ’ തങ്ങളുടെ തനിനിറം പ്രദർശിപ്പിച്ച സംഭവമായിരുന്നു അത്. പരസ്യത്തിലെ അജ്ഞാത സ്ത്രീയുടെ ശരീരഘടന മുതൽ വിവാഹം കഴിക്കുന്നയാൾക്ക് ഇതരബന്ധങ്ങൾ സ്ഥാപിക്കാനുള്ള സാധ്യതകൾ വരെ നമ്മുടെ നെറ്റിസൺസ് പറഞ്ഞ് വച്ചു. ലൈംഗികതയും ലൈംഗികബന്ധവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ തന്നെ ഇതത്ര ചർച്ച ചെയ്യപ്പെടാനുള്ള വാർത്തയല്ല എന്ന് വെളിവാകും. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന സ്ത്രീ ഒരുപക്ഷേ അസെക്ഷ്വൽ ആയിരിക്കാം. ശാരീരികമായ ലൈംഗികബന്ധത്തിന് താത്പര്യം ഇല്ലാതിരിക്കുക എന്നത് അവരുടെ ലൈംഗികത (sexuality) തന്നെയാണ്.

ഇനിയാണ് വിവാഹവും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കേണ്ടത്. എന്തിനാണ് വിവാഹം? രണ്ട് വ്യക്തികൾക്ക് ഉഭയസമ്മതപ്രകാരം ശിഷ്ടജീവിതം പങ്കുവയ്ക്കാൻ ഉള്ള സാമൂഹ്യഅംഗീകാരം ആണ് വിവാഹം. അതൊരു ലീഗൽ കൊണ്ട്രാക്റ്റ് മാത്രമാണ്. അതിനപ്പുറം പങ്കാളിയുടെ വ്യക്തിജീവിതത്തിലേക്കോ സ്വാതന്ത്ര്യത്തിലേക്കോ സ്വകാര്യതയിലേക്കോ കടന്നുകയറാൻ ഉള്ള ലൈസൻസ് അല്ല അത്. ഇതിൽ ഉൾപ്പെടുന്ന രണ്ട് വ്യക്തികൾക്കും തുല്യസ്ഥാനമാണ്. രണ്ട് പേരുടെയും ലൈംഗിക അഭിരുചികൾക്ക് നിരക്കുന്ന രീതിയിൽ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാനും രണ്ട് പേരുടെയും സമ്മതപ്രകാരം മാത്രം സന്താനോത്പാദനം നടത്താനുമാണ് വിവാഹം എന്ന ലീഗൽ കൊണ്ട്രാക്റ്റ് അനുവദിക്കുന്നത്. ലൈംഗികബന്ധത്തിനും സന്താനോത്പാദനത്തിനും ഒന്നും വിവാഹം ഒരു നിർബന്ധമേയല്ല താനും. എന്നാൽ പാട്രിയാർക്കൽ ആയ സമൂഹത്തിൽ സ്ത്രീകളുടെ സമ്മതം പലപ്പോഴും നാമമാത്രമാണ്. എപ്പോൾ രതിയിൽ ഏർപ്പെടണം, എങ്ങനെ വേണം എന്ന് വേണ്ട, എപ്പോൾ പ്രസവിക്കണം എന്ന് വരെ സിസ്റ്റം തീരുമാനിക്കുന്ന നാടാണ് ഇത്. ഈ നാട്ടിലെ പല പുരുഷന്മാർക്കും സ്വന്തം പങ്കാളിയുടെ ലൈംഗികതാൽപര്യങ്ങളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല എന്ന് പറഞ്ഞാൽ ഒട്ടും തന്നെ അതിശയോക്തി ആകില്ല. അത്രകണ്ട് അണ്ടർ റെപ്രസന്റഡ് ആണ് സ്ത്രീയുടെ ലൈംഗികതാത്പര്യങ്ങൾ. സമൂഹത്തിന്റെ അംഗീകാരത്തോടെ രണ്ട് വ്യക്തികൾക്ക് ഇരുവരുടെയും ലൈംഗികത, ലൈംഗികബന്ധത്തിലൂടെയോ അല്ലാതെയോ മാനിഫെസ്റ്റ് ചെയ്യാനുള്ള അനുവാദമേ വിവാഹം എന്ന കൊണ്ട്രാക്റ്റ് നല്കുന്നുള്ളൂ.

മനസ്സിലാക്കിക്കോളൂ, മാനസികമായി തയ്യാറെടുപ്പില്ലാതെ ലൈംഗികബന്ധത്തിന് നിർബന്ധിതയായാൽ ഏതൊരു സ്ത്രീക്കും ഒരു റേപ്പിസ്റ്റിനോടുള്ള അറപ്പ് സ്വന്തം പങ്കാളിയോടും തോന്നും. അതിന് സ്ത്രീകളുടെ വികാരങ്ങൾക്ക് ഇവിടെ എന്ത് സ്ഥാനം, അല്ലേ?

ഗർഭച്ഛിദ്രം ചോയ്സ് ആണോ?

തീർച്ചയായും ഗർഭച്ഛിദ്രം ഒരു പേഴ്‌സണൽ ചോയ്സ് ആണ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വരെയേ ‘ഉഭയസമ്മതം’ എന്ന ആശയത്തിന് പ്രസക്തിയുള്ളൂ. പിന്നീട് ജൈവികമാറ്റം സംഭവിക്കുന്നത് സ്ത്രീയുടെ ശരീരത്തിനുള്ളിൽ ആണ്. തനിക്കുള്ളിൽ ഒരു ഭ്രൂണം വളരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം സ്ത്രീക്ക് മാത്രമാണ്. ഈ തീരുമാനം എടുത്തശേഷം നിയമപരമായി ഗർഭച്ഛിദ്രം നടത്താവുന്ന കാലയളവ് കഴിഞ്ഞാൽ മാത്രമേ പങ്കാളിക്ക് പോലും കുഞ്ഞിൽ അവകാശം ഉള്ളു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നുകൂടെ, ഏർപ്പെടുമ്പോൾ ഗർഭനിരോധന സംവിധാനങ്ങൾ സ്വീകരിച്ചുകൂടേ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഈ വിഷയത്തിൽ യാതൊരു പ്രസക്തിയും ഇല്ല. കാരണം ലളിതമാണ് – സ്ത്രീയുടെ കാര്യം അവൾ തീരുമാനിച്ചോളും. സ്വാതന്ത്ര്യം, സന്നദ്ധത, സ്വകാര്യത ഇവ മൂന്നും മാനിക്കുക.

വിവാഹശേഷം സ്ത്രീശരീരം പുരുഷന്റെ സ്വകാര്യസ്വത്തല്ല. പലപ്പോഴും പുരുഷന് തന്റെ മാച്ചോ മസ്‌കുലിനിറ്റി തെളിയിക്കാനുള്ള ഉഴുത്ത്നിലങ്ങൾ ആയി സ്ത്രീശരീരങ്ങൾ മാറുന്നുണ്ട്. ഒരു സ്ത്രീ എത്ര പ്രസവിക്കുന്നു, എത്ര കാലതാമസത്തിൽ പ്രസവിക്കുന്നു തുടങ്ങി വിവാഹശേഷം ശരീരം പുഷ്ടിപ്പെട്ടോ എന്നുവരെ നോക്കി ഭർത്താവിന്റെ പൗരുഷത്തിന് മാർക്കിടുന്ന സമൂഹമാണിത്. ഇവിടെ ഒരു സ്ത്രീ വിവാഹശേഷം ഭർത്താവിന് ലൈംഗികബന്ധം നിഷേധിക്കുന്നു എന്നത് കൊടിയ അപരാധമായേ കണക്കാക്കപ്പെടൂ. അവൾ എത്ര തന്നെ അവശതയിൽ ആണെങ്കിലും മാനസികമായി വിഷമഘട്ടത്തിൽ ആണെങ്കിലും അത് തെറ്റായാണ് കണക്കാക്കപ്പെടുന്നത്. അവൾ ‘ഒരു പെണ്ണിന്റെ കടമ നിർവഹിക്കുന്നില്ല’ എന്ന പ്രയോഗത്തിൽ തന്നെ പാട്രിയാർക്കിയുടെ സകല വൈരൂപ്യവും അടങ്ങിയിട്ടുണ്ട്.

വാർത്തയ്ക്ക് താഴെ മലയാളികൾ ഒഴുക്കിയ കമന്റുകൾ ഇങ്ങനെ:

1) വൈവാഹിക ബലാല്‍സംഗം കുറ്റമാണെങ്കിൽ ഈ നാട്ടിൽ ജനസംഖ്യ കുറയുമല്ലോ. 2) 15 സമ്മതപത്രം വാങ്ങി മാസത്തിന്റെ തുടക്കത്തിൽ തന്നെ ഒപ്പ് ഇടുവിച്ച് വയ്ക്കണം. 3) ഭാര്യയെ തൊട്ടാലോ ഉമ്മ വച്ചാലോ പോലീസ് പിടിക്കുമോ? 4) എന്നാൽ പിന്നെ വിവാഹം കഴിക്കാതിരുന്നുകൂടെ? 5,6,7….

ഈ കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്, എത്രകണ്ട് വ്യാപകമാണ് കേരളത്തിൽ വൈവാഹിക ബലാൽസംഗം എന്നത്. ഈ നാട്ടിൽ ജനിച്ച വലിയൊരു ശതമാനം പേരും വൈവാഹിക ബലാത്സംഗത്തിലൂടെ പിറന്നവർ ആണെന്ന് പറഞ്ഞ് ചിരിക്കുമ്പോൾ വ്യാപകമായ ഗാർഹിക കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അജ്ഞത വെളിവാകുകയാണ്. എന്നാൽ മനസ്സിലാക്കിക്കോളൂ, മാനസികമായി തയ്യാറെടുപ്പില്ലാതെ ലൈംഗികബന്ധത്തിന് നിർബന്ധിതയായാൽ ഏതൊരു സ്ത്രീക്കും ഒരു റേപ്പിസ്റ്റിനോടുള്ള അറപ്പ് സ്വന്തം പങ്കാളിയോടും തോന്നും. അതിന് സ്ത്രീകളുടെ വികാരങ്ങൾക്ക് ഇവിടെ എന്ത് സ്ഥാനം, അല്ലേ?

തന്നെ വിശ്വസിച്ച് കൂടെ താമസിക്കുന്ന ജീവിതപങ്കാളിയുടെ പക്കൽ നിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതം വാങ്ങാൻ പോലും കഴിവില്ലാത്തവരാണോ മനുഷ്യരേ നിങ്ങൾ? അത്ര ആത്മവിശ്വാസമേ നിങ്ങളീ പുകഴ്ത്തുന്ന മലയാളി പൗരുഷത്തിന് ഉള്ളോ?

കൊടിയ ലൈംഗിക ദാരിദ്ര്യം നേരിടുന്ന നാടാണ് കേരളം. ഈ ദാരിദ്ര്യം പ്രദർശിപ്പിക്കുന്നതിൽ യാതൊരു ലജ്ജയും കാണിക്കാത്തവരാണ് ഇവിടുത്തെ ഭൂരിഭാഗം പുരുഷന്മാരും. പൊതുവിടത്ത് ജനമധ്യത്തിൽ ഒരു സിനിമാനടിയെ കിട്ടിയപ്പോൾ ഒരു ഉളുപ്പുമില്ലാതെ കയറി പിടിക്കുന്ന, വിവാദമായ ഒരു ബലാൽസംഗ കേസിലെ അതിജീവിതയുടെ വേഷം നോക്കി ‘അവളുടെ നാണമെല്ലാം മറ്റവൻ മാറ്റി’ എന്ന് പറയാൻ മടിക്കാത്ത മനുഷ്യർ. തമ്മിൽ ഭേദം എന്ന് സ്വയം വിചാരിക്കുകയെങ്കിലും ചെയ്തിരുന്നവർ ആണ് വൈവാഹിക ബലാൽസംഗം കുറ്റകരമാണ് എന്ന വിധി വന്നപ്പോൾ ‘അയ്യോ പണി കിട്ടി’ എന്ന് മനസ്സിൽ ഓർത്തത്. തന്നെ വിശ്വസിച്ച് കൂടെ താമസിക്കുന്ന ജീവിതപങ്കാളിയുടെ പക്കൽ നിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതം വാങ്ങാൻ പോലും കഴിവില്ലാത്തവരാണോ മനുഷ്യരേ നിങ്ങൾ? അത്ര ആത്മവിശ്വാസമേ നിങ്ങളീ പുകഴ്ത്തുന്ന മലയാളി പൗരുഷത്തിന് ഉള്ളോ?

എന്തായാലും ഈ രണ്ട് വിധികൾ പൊളിച്ചടുക്കുന്ന കപടസദാചാരത്തിന്റെ മൂടുപടങ്ങൾക്ക് ആദരാഞ്ജലികൾ. ഇതുകൊണ്ട് അടുത്ത സുപ്രഭാതത്തിൽ സ്ത്രീകൾ സ്വതന്ത്രലൈംഗികത ആസ്വദിക്കും എന്നോ പുരുഷന്മാർ കാമപ്രാപ്തിക്ക് ഭാര്യമാരോട് വാക്കാൽ സമ്മതം വാങ്ങിത്തുടങ്ങും എന്നോ വിശ്വസിക്കാൻ വയ്യ. പക്ഷെ സ്ത്രീകൾക്ക് തങ്ങളുടെ ശരീരത്തിന് മേലുള്ള അവകാശങ്ങളെക്കുറിച്ചും അത് ലംഘിക്കപ്പെട്ടാൽ ഉപയോഗിക്കാവുന്ന നിയമസംരക്ഷണത്തെ കുറിച്ചും ബോധ്യമുണ്ടാകും എന്ന് പ്രത്യാശിക്കാം–കുറഞ്ഞ പക്ഷം ഈ വിധികളെ അപലപിച്ചുകൊണ്ടുള്ള മതപ്രഭാഷണങ്ങളും ഇടയലേഖനങ്ങളും മറ്റും ഇറങ്ങുന്നത് വരെയെങ്കിലും.

Related Stories

No stories found.
logo
The Cue
www.thecue.in