ലൈംഗിക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോള്‍ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള ഒരു ചോദ്യമാണ് വിനായകന്‍ ഇന്നലെ ഇറങ്ങിയ വീഡിയോയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചത്. ഇത് അത്ര നിഷ്‌കളങ്കമല്ല. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ ചോദിക്കുക അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് അത്.
ഇതിലെ ആദ്യത്തെ പ്രശ്‌നം ലൈംഗിക അതിക്രമത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഈ ചോദ്യം ചോദിക്കുന്നത് എന്നുള്ളതാണ്. ലൈംഗികത എന്നൊരു സംഗതി ഉണ്ട് എന്ന് മനസ്സിലാവുന്ന പ്രായത്തിലോ, ഒരാളോട് ലൈംഗിക ആകര്‍ഷണം തോന്നുന്ന സമയത്തോ അല്ല, ഈ ചോദ്യം ഉയര്‍ന്ന് വരുന്നത്. മറിച്ച്, തങ്ങള്‍ ചെയ്തതിലെ ശരികേട് ചൂണ്ടിക്കാണിക്കുമ്പോള്‍, ലൈംഗിക താല്‍പര്യം ബോധിപ്പിക്കാന്‍ വഴിയില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന കള്ളം പറയാനാണ്. ഇതില്‍ എന്താണ് പ്രശ്‌നം എന്ന് കൊച്ച് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ഫെമിനിസ്റ്റുകള്‍ പഠിപ്പിക്കണം എന്നാണ് പറയുന്നത്. കണ്‍സെന്റ് പ്രധാനം ആണ് എന്ന് പറയുന്നതും നിങ്ങള് തന്നെ, കണ്‍സെന്റ് ചോദിക്കുമ്പോള്‍ മീ ടൂ പറയുന്നതും നിങ്ങള് തന്നെ എന്ന പതിവ് കരച്ചിലാണ് ഇത്.
നമുക്ക് തമ്മില്‍ സെക്‌സ് ചെയ്യാം എന്ന പ്രൊപ്പോസല്‍ മുന്നോട്ട് വെയ്ക്കുന്നത് എല്ലാം കണ്‍സന്റ് ചോദിക്കല്‍ അല്ല. ഇത് മറ്റെല്ലാ കാര്യത്തിലും മനസ്സിലാവുന്നവര്‍ ഇക്കാര്യത്തില്‍ മാത്രം മനസ്സിലാവാത്തത് പോലെ പെരുമാറുന്നു. വളരെ ലളിതമായ ഈ യുക്തി മനസ്സിലാവുന്നില്ല എന്നുണ്ടെങ്കില്‍ അത് അറിവിലൂടെ വരുന്ന ഉത്തരവാദിത്തം ഇല്ലാതിരിക്കാനുള്ള കുറുക്കുവഴിയാണ്. ജാതിയെ പറ്റി, വര്‍ഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് ജെന്‍ഡര്‍ മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണ്. വിനായകന്‍ തന്നെ പറയുന്നുണ്ടല്ലോ പത്ത് സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന്. അവരില്‍ ഒരാള്‍ പോലും ഹരാസ്സ് ചെയ്യപ്പെട്ടു എന്ന് ഇതുവരെ പറഞ്ഞതായി അറിവില്ല. അതായത് (നിലവിലെ വിവരം അനുസരിച്ച്) അവരോടെല്ലാം തന്നെ മാന്യമായാണ് വിനായകന്‍ പെരുമാറിയത്. അപ്പോള്‍ അദ്ദേഹത്തിന് അത് എങ്ങനെയാണെന്ന് അറിയുകയും ചെയ്യാം.
ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതിന് കാരണമായ സംഭവത്തെപ്പറ്റി പറയാതിരിക്കുന്നതും ശരിയല്ല. ഇന്നലത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചിരുന്നെങ്കില്‍ എന്നെനിക്ക് തോന്നിയിരുന്നു. എന്താണ് ചോദ്യത്തിന് കാരണമായ സംഭവം?
'നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല.
കോള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് ,തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളുന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ'
ഇതായിരുന്നു വിനായകനെതിരെ മൃദുലാദേവി എസ്. ഉന്നയിച്ച ആരോപണം. പരിപാടിക്ക് വിളിച്ച മൃദുലാദേവിയെ മാത്രമല്ല, ദിനു വെയിലിനെയും വിനായകന്‍ ലൈംഗികമായി അധിക്ഷേപിച്ചിരുന്നു. 'നീ കുണ്ടനാണോ?' എന്ന് ചോദിച്ചാണ് വിനായകന്‍ സംഭാഷണം തുടങ്ങിയത് തന്നെ. ഇവിടെ ജനാധിപത്യവിരുദ്ധമായി, സ്ത്രീവിരുദ്ധമായി പെരുമാറുന്ന ആണത്ത അധികാരബോധം ഉപയോഗിക്കുന്ന ഒരു പുരുഷന്‍ മാത്രമാണുള്ളത്. അന്ന് വിനായകന്‍ ചെയ്തത് കണ്‍സെന്റ് ചോദിക്കലല്ല എന്ന് വളരെ വ്യക്തമാണ്. എന്നാല്‍ പ്രസ്സ് മീറ്റില്‍ ചെയ്തത് ഇത് നിരാകരിക്കാനുള്ള ഒരു സംശയനിവാരണ യജ്ഞമാണ്.
ഇത് വിനായകന്‍ എന്ന വ്യക്തി മാത്രം ചെയ്യുന്ന കാര്യമല്ല. ചരിത്രപരമായിത്തന്നെ, അത് തൊഴിലാളികളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാകട്ടെ. സ്ത്രീകളുടെ, കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാകട്ടെ, അവിടെയെല്ലാം പെര്‍പര്‍ട്രേറ്റര്‍സ് ചെയ്തുപോരുന്ന സംഗതിയാണ്.
'ശ്ശെടാ, ഈ തൊഴിലാളി സമരങ്ങള്‍ കാരണം ഇന്ന് തേങ്ങയിടാന്‍ ഒരാളെ കിട്ടാത്ത അവസ്ഥയാണല്ലോ', 'സ്ത്രീകളെല്ലാവരും കൂടി ഇങ്ങനെ തുടങ്ങിയാല്‍ മനുഷ്യന് മനസ്സമാധാനമായി ഒരു തമാശ പറയാന്‍ പറ്റില്ലല്ലോ', 'കറുത്തവര്‍ഗ്ഗക്കാരന്റെ ബോസ് ആയി ഇരിക്കാന്‍ എനിക്ക് പേടിയാണ്. എപ്പഴാണ് ഇവര്‍ റേസിസം കൊണ്ട് വരിക എന്നറിയില്ല'... ചരിത്രം ഇത്തരം വിലാപങ്ങളുടെ കൂടി രേഖപ്പെടുത്തലാണല്ലോ.
ആഭ മുരളീധരന്‍ പറയുന്നത് ശ്രദ്ധിക്കുക.
ഇത് സെക്‌സിന് താല്‍പര്യം ഉണ്ടോ എന്ന് ചോദിക്കുന്നതിനെക്കുറിച്ചേ അല്ല. രണ്ടായിരത്തിപ്പതിനേഴ്, പ്രത്യേകിച്ച് പതിനെട്ടിന് ശേഷം കണ്‍സെന്റ് എന്ന കാര്യം മുഖ്യധാരയില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി. അനുവാദം ചോദിക്കേണ്ടതുണ്ട് എന്ന് ആണുങ്ങള്‍ തിരിച്ചറിഞ്ഞു. (തിരിച്ചറിവിനേക്കാള്‍ കൂടുതല്‍ അതാണ് ശരി എന്നുള്ളത് പരസ്യമായി സമ്മതിക്കേണ്ടി വന്നു എന്നതാണ് സത്യം എന്ന് ഞാന്‍ കരുതുന്നു. സമ്മതം ചോദിക്കുക എന്നുള്ളത് തെറ്റായ കാര്യമാണ് എന്നുണ്ടെങ്കില്‍ ഈ തിരിച്ചറിവ് ഉണ്ടാവില്ലല്ലോ.) എന്നാല്‍ ഇതിന് ശേഷം 'അനുവാദം ചോദിക്കുക' എന്നുള്ളത് സ്വതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പുനര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമം തുടങ്ങി.
'ഞാന്‍ ചോദിച്ചു കേട്ടോ' എന്നിടത്ത് സമത്വം മാന്ത്രികമായി പ്രത്യക്ഷപ്പെടുന്നുവെന്നും അതിനപ്പുറം ഒന്നും തന്നെ ഹിംസയോ, ഹരാസ്‌മെന്റോ അല്ല എന്നുമുള്ള ഒരു വ്യാഖ്യാനം പ്രചരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നു. അതിന്റെ തുടര്‍ച്ച മാത്രമാണ് വിനായകന്റെ പറച്ചിലുകള്‍.
ബോധരഹിത ആയ ഒരാളോട് സെക്‌സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കണ്‍സെന്റ് ചോദിക്കല്‍ അല്ല.
പറ്റില്ല എന്ന് പറയാന്‍ പറ്റാത്ത സമയത്ത്, അല്ലെങ്കില്‍ പറയാന്‍ പറ്റാത്ത പൊസിഷനില്‍ ഉള്ള സ്ത്രീയോട് സെക്‌സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കണ്‍സെന്റ് ചോദിക്കല്‍ അല്ല.
ഉദാഹരണത്തിന്, പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയോട് സെക്‌സ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ ആ കുട്ടിക്ക് നോ പറഞ്ഞാല് മാര്‍ക്ക് കുറയുമോ എന്ന ചിന്ത വന്നേക്കാം.
മറ്റെയാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കില്‍ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കല്‍ അല്ല. ബസ്സ് കാത്ത് നില്‍ക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇന്‍ബോക്‌സില്‍ വന്ന് 'കൊടുക്കുമോ' എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളത് ആണ്.
ഏറ്റവും അവസാനം, പ്രസ് മീറ്റില്‍ ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടിയാണെന്ന് തോന്നുന്നു, വിനായകന്‍ പറഞ്ഞ കാര്യവും എന്നെ സംബന്ധിച്ച് ഹരാസ്‌മെന്റ് ആണ്. അവര്‍ അവിടെ അവരുടെ ജോലി ചെയ്യാന്‍ വന്ന ഒരു സ്ത്രീയാണ്. അവര്‍ സ്ത്രീ ആയത് കൊണ്ട് മാത്രം അവിടെ ഒരു ഉദാഹരണം ആക്കപ്പെടുന്നു. അവര്‍ക്ക് താല്‍പര്യം ഇല്ലാത്ത ഒരു ഇമാജിനറി സിനാരിയോ - വിനായകന്‍ എന്ന വ്യക്തിക്ക് തന്നോട് കൂടി സെക്‌സ് ചെയ്യാന്‍ താല്‍പര്യം ഉണ്ട് - എന്നുള്ള ഒരു സിനാരിയോ പരസ്യമായി ആളുകളുടെ മുമ്പില്‍ ഇടുന്നു.
ചോദ്യം ചോദിച്ച ആണ്‍ പത്രപ്രവര്‍ത്തകരോട് വിനായകന്‍ ചോദിച്ച പല ചോദ്യങ്ങളും ഇത്തരത്തില്‍ പ്രൈവസിയുടെ വയലേഷനും ഹരാസ്‌മെന്റുമാണ്. ഭാര്യ അല്ലാത്ത ആരുമായും ലൈംഗിക ബന്ധം ഇല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍. അതിന് ഉയരുന്ന ചിരി ലക്ഷ്യം വെച്ചുകൊണ്ട് ഉള്ള ഒരു ആണ്‍ തമാശയാണ് ഇത്. ഇത്തരത്തില്‍ ആണുങ്ങളെ ഹരാസ് ചെയ്യുന്ന രീതി ഭയങ്കര 'macho' ഇടങ്ങളില്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട് - നീ ആദ്യം വിര്‍ജിനിറ്റി കളഞ്ഞിട്ട് വാ, എന്നിട്ട് സിനിമ സംസാരിച്ചാല്‍ മതി, എത്ര സ്ത്രീകളോട് കൂടി കിടന്നിട്ടുണ്ട് എന്നതിന്റെ ഉത്തരം അനുസരിച്ച് അഭിപ്രായത്തിന് വില കൊടുക്കുക മുതലായവ.
വിനായകന്‍ ധൈര്യസമേതം ചോദിക്കുന്നുണ്ടല്ലോ, ഞാന്‍ ആരെയെങ്കിലും കേറി പിടിച്ചോ എന്ന്? അതില്‍ ഊറ്റം കൊള്ളാന്‍ എന്തിരിക്കുന്നു? തന്നെ കയറി പിടിച്ച ഒരാള്‍ ചെയ്ത വയലന്‍സാണ് വിനായകനില്‍ നിന്ന് താന്‍ നേരിട്ടതെന്ന് ഒരു ദളിത് സ്ത്രീ പറഞ്ഞിട്ടുണ്ട്. അത് എന്താ കൂട്ടാത്തത്? അത് കൂട്ടാത്തത്, അത്തരത്തിലുള്ള പെരുമാറ്റം തന്റെ അവകാശമാണ് എന്ന് വിചാരിക്കുന്നതുകൊണ്ടാണ്. അല്ല. ഇവിടെ ഒരു ആണിന്റെയും അവകാശമല്ല കാണുന്ന ഏത് സ്ത്രീയുമായും ഉള്ള ലൈംഗികബന്ധം.അങ്ങനെ ഒരു അവകാശവുമായാണ് തങ്ങള്‍ ജനിച്ച് വീഴുന്നത് എന്നുള്ള ബോധ്യമാണ് ആദ്യം മാറേണ്ടത്.
കയറിപ്പിടിച്ചില്ല എന്ന് പറഞ്ഞ് സന്തോഷിച്ചിരിക്കുക എന്നുള്ളതാണോ ഈ നാട്ടിലെ ഒരു ആണിന്റെ മര്യാദയുടെ അളവുകോല്‍? പുരുഷന്മാരെ സംബന്ധിച്ചിടത്തോളം എന്തൊരു ഇന്‍സള്‍ട്ടാണത്? അതായത് ബലാല്‍സംഗം ചെയ്തിട്ടില്ല എന്നുള്ളതാണ് ഒരു പുരുഷന്റെ ജനാധിപത്യബോധ്യത്തിന്റെ മാനദണ്ഡം എന്ന്. ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകന്‍ അല്ലാതെ ഒരു പുരുഷനും ഈ അപമാനകരമായ പ്രസ്താവനയെ ചോദ്യം ചെയ്തില്ല എന്നുള്ളത് അവര്‍ അതിനോട് യോജിക്കുന്നതുകൊണ്ടാണോ? അവിടെ ഉയര്‍ന്ന ചിരി അതല്ലേ സൂചിപ്പിക്കുന്നത്?
ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളാകട്ടെ, പ്രത്യേകിച്ച് ആണുങ്ങളുടെ ഭാഗത്ത് നിന്നുള്ളവ, വളരെ അക്രമാസക്തമായ, ഇതേ ആണധികാരബോധത്തില്‍ നിന്നുള്ളവയാണെന്നും പറയാതെ വയ്യ. ഇവനെപ്പോലൊരു മൈരന്‍, ഇവനെ നിരോധിക്കണം, തല്ലണം, കൊല്ലണം എന്നൊക്കെയുള്ള പ്രതികരണങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ഉപയോഗശൂന്യവും പ്രശ്‌നത്തിന്റെ വേറൊരു മാനിഫെസ്റ്റേഷനുമാണ്. വിനായകന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ ലൈംഗിക വ്യവഹാരങ്ങളില്‍ ജനാധിപത്യബോധ്യത്തോടെ പെരുമാറണമെന്നുള്ളത് സമൂഹത്തിന്റെ ആവശ്യമാണ്. സ്ത്രീകളുടെ മാത്രം ആവശ്യമല്ല. അതിന് ഒരു വ്യക്തിയെ അധമന്‍ എന്ന് പറഞ്ഞ് മുദ്രകുത്തിയിട്ട് ഒരു പ്രയോജനവും ഇല്ല.
സത്യത്തില്‍ എന്ത് മനോഹരമായ കാാര്യമാണ് ഒരാളോട് ലൈംഗിക ആകര്‍ഷണം തോന്നുക, അത് എക്‌സ്പ്രസ് ചെയ്യുക, അതിലേര്‍പ്പെടുക എന്നുള്ളത്. ആഗ്രഹിക്കുന്ന രീതിയില്‍ അനുവാദം ചോദിക്കുക എന്നുള്ളത് വളരെ സെക്‌സിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ക്ലബ്ഹൗസില്‍ നടത്തിയ കുറെ ചര്‍ച്ചകളില്‍ നിന്നും പല സ്ത്രീകള്‍ക്കും ഇത് ഇഷ്ടമാണെന്നും ഒരു ഡെഫനിറ്റ് ടേണ്‍ ഓണ്‍ ആണെന്നും അറിയാന്‍ കഴിഞ്ഞു. ലൈംഗികത ആസ്വദിക്കുന്ന ആളാണ് വിനായകന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആരോഗ്യകരമായ അനുവാദം ചോദിക്കല്‍, അത് തരുന്ന സന്തോഷം, അത് കൊണ്ട് മാത്രം ഉണ്ടാവുന്ന ലൈംഗിക സുഖം അദ്ദേഹത്തിനും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നവര്‍ക്കും അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ദുഃഖമുണ്ട്. ഫിയര്‍ ഓഫ് മിസ്സിംഗ് ഔട്ട് കാരണമെങ്കിലും പരീക്ഷിച്ച് നോക്കാവുന്ന കാര്യമാണ് ജനാധിപത്യബോധ്യം, തുല്യത എന്നിവ.