ജാതി വിവേചനം കാണിച്ച ഡയറക്ടർ ശങ്കർ മോഹൻ രാജിവെക്കണം എന്ന ആവശ്യം ഉന്നയിച്ച് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ തുടങ്ങിയ അനിശ്ചിതകാല സമരം ഏതാണ്ട് ഒരു മാസം പിന്നിടുകയാണ്. ഡയറക്ടറെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും വിദ്യാർഥികളും തമ്മിലുള്ള നേരിട്ട് ഏറ്റുമുട്ടലായി സമരം മാറിക്കഴിഞ്ഞു. ഒരു ഫിലിം മേക്കറെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവിനെ അധികമാരും ചോദ്യം ചെയ്യുമെന്ന് കരുതുന്നില്ല. (തീർച്ചയായും അതും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്). പക്ഷേ ഒരു വ്യക്തി എന്ന നിലയിലും ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിലും അദ്ദേഹം എവിടെയാണ് നിൽക്കുന്നത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
പ്രതാപ് ജോസഫ്
പണ്ടുമുതലേ തന്നെയുള്ള ആരോപണമാണ് അടൂർ സിനിമകൾ സവർണതയുടെയും വരേണ്യതയുടെയും പ്രതിനിധാനങ്ങളാണ് എന്നുള്ളത്. നാലുകെട്ടും കിണ്ടിയും കോളാമ്പിയുമില്ലാതെ അടൂർസിനിമകൾ ഇല്ല എന്ന് പരിഹാസരൂപത്തിൽ പറയാറുമുണ്ട്. ഈ സവർണത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും ഉണ്ടോ എന്ന് സംശയിക്കാവുന്ന വിധത്തിൽ ആണ് അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകൾ പുറത്തുവന്നിരിക്കുന്നത്.
നമുക്കറിയാം അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയിരുന്ന കാലത്താണ് ഡെലിഗേറ്റുകളുടെ തൊഴിലും വിദ്യാഭ്യാസ യോഗ്യതയും ലോകസിനിമ കണ്ടുള്ള പരിചയവുമൊക്കെ അപേക്ഷയിൽ രേഖപ്പെടുത്തണം എന്ന നിബന്ധന കൊണ്ടുവന്നത്. അത് വിവാദമായപ്പോൾ അടൂർ നടത്തിയ പ്രസ്താവന ഇംഗ്ലീഷ് വായിക്കാനറിയാത്തവർ ഫെസ്റ്റിവലിന് വരേണ്ട എന്ന വിധത്തിൽ ആയിരുന്നു.
ദിലീപിനെവെച്ച് 'പിന്നെയും' എന്ന സിനിമ ചെയ്ത അടൂർ പിന്നീട് ദിലീപ് കുറ്റാരോപിതനായപ്പോൾ അദ്ദേഹത്തെ വെള്ളപൂശാൻ ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയിലെ ഒരു നടിക്കുനേരെയുണ്ടായ അതിക്രൂരമായ ലൈംഗികാക്രമണത്തെ തുടർന്നാണ് ഡബ്ലിയു. സി.സി. എന്ന സംഘടന രൂപം കൊള്ളുന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ അവർ ഇടപെടുകയുണ്ടായി. അവിടെ നേരിട്ട് പോവുകയും വിദ്യാർഥികൾക്കും വനിതാ ജീവനക്കാർക്കും ഉണ്ടായ വിവേചനപരമായ പെരുമാറ്റം മനസ്സിലാക്കുകയും ചെയ്തതിന് ശേഷമാണ് ഡബ്ലിയു.സി.സി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
'ഉടുത്തൊരുങ്ങി വന്ന ജീവനക്കാർ ഡബ്ലിയു. സി.സി. അംഗങ്ങളെപ്പോലെ താരങ്ങളായി' എന്ന അടൂരിന്റെ സമീകരണം അതുകൊണ്ടുതന്നെ ഒട്ടും നിഷ്കളങ്കമല്ല.
മാന്യമായി വസ്ത്രം ധരിക്കാനുള്ള ജീവനക്കാരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം അവർ ഉന്നയിക്കുന്ന ആരോപണങ്ങൾ മറ്റാരോ പറഞ്ഞുപഠിപ്പിച്ചു വിടുന്നതാണ് എന്ന ആക്ഷേപവും അടൂർ നടത്തുന്നു. ഒപ്പം മലയാള സിനിമയിലുണ്ടായ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റത്തെ ഇകഴ്ത്തിക്കാണിക്കുക എന്ന ദുരുദ്ദേശ്യവും അതിന്റെ പിന്നിലുണ്ട്.
പഠിക്കാൻ വന്ന വിദ്യാർഥികൾ പഠിക്കണം സമരം ചെയ്യരുത് എന്നുപറയുമ്പോൾ പഠിക്കാൻ വന്ന വിദ്യാർത്ഥികൾക്ക് എന്തുകൊണ്ട് സമരം ചെയ്യേണ്ടിവരുന്നു എന്ന് ചിന്തിക്കാത്തത് എന്താണ്. ശങ്കർ മോഹനെതിരെ ഒരു ആരോപണം വരുമ്പോൾ അയാൾ നല്ല കുടുംബത്തിൽ ജനിച്ചയാളാണ് അങ്ങനെ ചെയ്യില്ല എന്ന് ന്യായീകരണം കണ്ടെത്തുന്ന അടൂർ തൂപ്പുതൊഴിലാളികൾ ജാതിവിവേചനത്തിനെതിരേ പരാതിപ്പെടുമ്പോൾ അവർ മറ്റാരോ പറഞ്ഞുപഠിപ്പിച്ചത് ഏറ്റുപാടുകയാണെന്ന് പറയുന്നു. ഈ ഇരട്ടത്താപ്പിനെത്തന്നെയാണ് സാർ സവർണത എന്നും പ്രിവിലേജ് എന്നും പറയുന്നത്.
കേരളീയ സമൂഹത്തിന്റെ രണ്ട് പരിച്ഛേദങ്ങൾ, രണ്ട് ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒന്ന് ശങ്കർ മോഹനും അടൂരും അവരെ സംരക്ഷിക്കുന്ന സംവിധാനവും ന്യായീകരിക്കുന്ന ആളുകളും ചേരുന്ന സവർണതയുടേതാണ്, മറ്റൊന്ന് ദളിതരായ തൂപ്പുതൊഴിലാളികളെ ചേർത്തുനിർത്തുന്ന തോളിൽ കൈയ്യിട്ടുനിൽക്കുന്ന വിദ്യാർഥികളുടേതാണ്. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം പ്രസക്തമാകുന്നത് ഈ രണ്ടുമൂല്യബോധങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായതിനാൽ കൂടിയാണ്. തീർച്ചയായും ഈ സമരം വിജയിക്കുമ്പോൾ അന്തരിച്ച മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ കൂടിയാണ് ആദരിക്കപ്പെടുക. നമുക്ക് വേണ്ടത് പഴയിടങ്ങളല്ല പുതുയിടങ്ങളാണ്.