'പൊലീസുകാരന്റെ പണി കൊലപാതകം നടത്തല്‍ അല്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ അതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇത് തെലങ്കാനയിലെ പൊലീസിന് മാത്രമല്ല, കേരളത്തിലെ പൊലീസിനും ബാധകമാണ്'
ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടലില്‍ തെലങ്കാന പൊലീസിനെതിരായ സുപ്രീംകോടതി സമിതിയുടെ കണ്ടെത്തല്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ. ജെ. ജേക്കബ് ദ ക്യുവിനോട് പ്രതികരിച്ചത്.
2019ല്‍ തെലങ്കാനയില്‍ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റമുട്ടലിലൂടെയാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായ 10 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.എസ്. സിര്‍പുര്‍കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സി.ബി.ഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ബലാത്സംഗ കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതില്‍ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി 2019 ഡിസംബറില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികളെ മനപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്നും പ്രതികള്‍ തോക്ക് തട്ടിപ്പറച്ച് ഓടിപ്പോയതാണെന്നുമാണ് കൊലപാതകത്തെ ന്യായീകരിക്കാന്‍ പൊലീസ് പറഞ്ഞത്. ഈ കഥകളൊന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിന് ഉത്തരവാദികളായ പത്ത് പൊലീസുകാരെ ശിക്ഷിക്കണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രതികള്‍ക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന് നേരത്തെ തന്നെ കോടതി ചോദിച്ചിരുന്നു. ബലാത്സംഗ കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതില്‍ സത്യമറിയണമെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതി 2019 ഡിസംബറില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ജനങ്ങള്‍ക്ക് ജനാധിപത്യബോധം ഉണ്ടാക്കാന്‍ കൂടി ഉപകരിക്കുന്ന കണ്ടെത്തലാണിത്. അഞ്ച് മണിക്കൂറുകളോളം പെണ്‍കുട്ടിയുടെ ജീവന്‍ വെച്ച് പൊലീസ് തട്ടിക്കളിച്ചു. ആ സമയം കൊണ്ടാണ് ഡോക്ടര്‍ കൊല്ലപ്പെടുന്നത്. ഇല്ലെങ്കില്‍ അവരുടെ ജീവനെങ്കിലും തിരിച്ച് കിട്ടുമായിരുന്നു.
കേസിലെ മുഖ്യ പ്രതിക്ക് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ വേണ്ടി പൊലീസ് നടത്തിയ നാടകമായിരുന്നു ഏറ്റമുട്ടല്‍ കൊലപാതകം എന്ന ആരോപണം ആയിടെ ശക്തമായിരുന്നു. എന്നാല്‍ ഇന്ന് കേസില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന സുപ്രീംകോടതി സമിതിയുടെ കണ്ടെത്തല്‍ ഒരു വലിയ തെറ്റ് തിരുത്താനുള്ളതിന്റെ ഭാഗമാണ് എന്ന് തന്നെ വിശ്വസിക്കാം. കാരണം സ്‌റ്റേറ്റിന്റെ എല്ലാ തൂണുകളും തെറ്റുകള്‍ വരുത്തും. എക്‌സിക്യൂട്ടീവ് പ്രത്യേകിച്ചും. അങ്ങനെ വരുമ്പോള്‍ അത് തിരുത്താനുള്ള പലതരത്തിലുള്ള ചെക്ക്‌സ് ആന്‍ഡ് ബാലന്‍സസ് നമ്മുടെ സിസ്റ്റത്തിലുണ്ട്. ജുഡീഷ്യറി അതിലൊന്നാണ്. ജുഡീഷ്യറി അത്തരത്തിലുള്ള അതിന്റെ അധികാരം ഉപയോഗിച്ചുകാണുന്ന സന്ദര്‍ഭങ്ങളിലൊന്നാണ് ഇത്. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘട്ടത്തിലാണ് സമിതി ഇത് പറഞ്ഞിരിക്കുന്നത്.
ജനങ്ങള്‍ക്ക് ജനാധിപത്യബോധം ഉണ്ടാക്കാന്‍ കൂടി ഉപകരിക്കുന്ന കണ്ടെത്തലാണിത്. അഞ്ച് മണിക്കൂറുകളോളം പെണ്‍കുട്ടിയുടെ ജീവന്‍ വെച്ച് പൊലീസ് തട്ടിക്കളിച്ചു. ആ സമയം കൊണ്ടാണ് ഡോക്ടര്‍ കൊല്ലപ്പെടുന്നത്. ഇല്ലെങ്കില്‍ അവരുടെ ജീവനെങ്കിലും തിരിച്ച് കിട്ടുമായിരുന്നു.
സത്യത്തില്‍ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്താണ്? 2019 നവംബര്‍ 27ന് വൈകുന്നേരം ആറ് മണിയ്ക്ക് ടോള്‍ പ്ലാസയ്ക്കു സമീപം സ്‌കൂട്ടര്‍ വച്ചിട്ട് പോയ ഡോക്ടര്‍ ഒന്‍പതുമണിയ്ക്ക് തിരിച്ചു വരുന്നു. ടയര്‍ പഞ്ചറായത് കാണുന്നു, ലോറിയിലെ ആളുകളെ കാണുന്ന ഡോക്ടര്‍ ഭയപ്പെടുന്നു.
9.22 ന് സഹോദരിയെ വിളിക്കുന്നു. ആളുകളുടെ പെരുമാറ്റം പേടിയുണ്ടാക്കുന്നുവെന്നും തന്നോടുസംസാരിച്ചുകൊണ്ടിരിക്കണം എന്ന് പറയുന്നു.
9.44 ന് സഹോദരി തിരിച്ചു വിളിക്കുന്നു. ഫോണ്‍ ഓഫ് ആകുന്നു. സഹോദരിയുടെ മൊഴിപ്രകാരം അവരും സഹപ്രവര്‍ത്തകരും അര മണിക്കൂറിനകം ടോള്‍ പ്ലാസയിലെത്തുന്നു. എന്നുവച്ചാല്‍ 10.14 ആളെ കാണാത്തതുകൊണ്ട് പത്തുമിനിറ്റ് അകലെയുള്ള വിമാനത്താവള പൊലീസ് സ്റ്റേഷനില്‍ എത്തുന്നു. സമയം ഏകദേശം 10.30. ടോള്‍ പ്ലാസ തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും ഷംഷാബാദ് സ്റ്റേഷന്‍ പരിധിയിലാണെന്നും അവര്‍ പറയുന്നു. അവര്‍ അങ്ങോട്ട് പോകുന്നു. അതും പത്തുമിനിറ്റ് ദൂരം.
അവിടെയും അധികാര പരിധിയിന്മേലുള്ള തര്‍ക്കം തുടരുന്നു. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കാം എന്ന് പൊലീസ് പറയുന്നു. പലതരം തര്‍ക്കങ്ങള്‍ക്കുശേഷം, പൊലീസ് റെക്കോര്ഡുപ്രകാരം തന്നെ പിറ്റേദിവസം വെളുപ്പിന് 3.10-നു മാന്‍ മിസ്സിംഗ് പരാതി രജിസ്റ്റര്‍ ചെയ്യുന്നു, അന്വേഷണം തുടങ്ങുന്നു; ഏഴുമണിയോടെ കത്തിയ ദേഹം കണ്ടു എന്ന റിപ്പോര്‍ട്ട് കിട്ടുന്നു, അത് പെണ്കുട്ടിയുടേത് എന്നുറപ്പിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പെണ്‍കുട്ടി കൊല്ലപ്പെടുന്നത് ബലാത്സംഗത്തിനിടയിലല്ല. അതിനുശേഷം ബോധം വന്നപ്പോള്‍ അവള്‍ നിലവിളിച്ചു അപ്പോഴാണ് അവളെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്. പ്രതികള്‍ക്കെതിരെയുള്ള പൊലീസിന്റെ ഏറ്റവും വലിയ തെളിവ് പ്രതികള്‍ പല പെട്രോള്‍ പമ്പുകളില്‍നിന്നും പെട്രോള്‍ വാങ്ങി എന്നതാണ്. അതിനര്‍ത്ഥം, പെണ്‍കുട്ടി ജീവിച്ചിരുന്നപ്പോള്‍, ക്രിമിനലുകള്‍ അവളെ കൊല്ലാന്‍ പെട്രോള്‍ തപ്പി നടന്നപ്പോള്‍, അവളുടെ ജീവനുവേണ്ടി സഹോദരി കെഞ്ചിക്കൊണ്ടിരുന്നപ്പോള്‍, പൊലീസുകാര്‍ അധികാര പരിധി തപ്പിക്കളിക്കുകയിരുന്നു. അവളുടെ സഹോദരിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയായിരുന്നു; അവള്‍ ആര്‍ക്കെങ്കിലും ഒപ്പം ഓടിപ്പോയെന്നു തീര്‍പ്പാക്കുകയായിരുന്നു.
കൈയില്‍ കിട്ടിയ പ്രതികള്‍ക്കെതിരെ പ്രൊഫഷണല്‍ മികവുപയോഗിച്ച് കേസ് അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകള്‍ക്കാണ് ഇവിടെ നിരന്നു നിന്ന് കൈയടിച്ചത്.
ഈ സംഭവത്തിനുശേഷം കൃത്യവിലോപം കാണിച്ചതിന് മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തരം പരാതി കിട്ടിയാല്‍ അധികാര പരിധി നോക്കാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നു സൈബറാബാദ് പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ഏതു കമ്മീഷണര്‍? പ്രതികളെ വെടിവെച്ചുകൊന്നതിന് ആഘോഷിക്കപ്പെട്ട അതേ കമ്മീഷണര്‍.
തന്റെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും അഞ്ചുമണിക്കൂറോളം ഒന്നും ചെയ്യാതെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച്, അവളെ ക്രിമിനലുകള്‍ക്കും ക്രൂരവും ദയനീയവുമായ മരണത്തിനും വിട്ടുകൊടുത്ത പൊലീസിനാണ് ജനം കൈയടിച്ചത്.
കൈയില്‍ കിട്ടിയ പ്രതികള്‍ക്കെതിരെ പ്രൊഫഷണല്‍ മികവുപയോഗിച്ച് കേസ് അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാത്ത പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകള്‍ക്കാണ് ഇവിടെ നിരന്നു നിന്ന് കൈയടിച്ചത്.
രാവിലെ മൂന്നുമണിക്ക് സ്ഥലത്തുകൊണ്ടുപോയ പ്രതികള്‍ക്ക് തട്ടിപ്പറിക്കാന്‍ പാകത്തില്‍ മാത്രം തോക്കു പിടിക്കാന്‍ അറിയാമെന്നു നമ്മളെ വിശ്വിപ്പിക്കാന്‍ മാത്രം ദയനീയമായ കഥയുണ്ടാക്കുന്ന ചകിരിത്തലകള്‍ക്കാണ് കൈയടി. ഒരു ക്രൈം തടയാന്‍ പറ്റാതിരുന്ന, നടന്നുകഴിഞ്ഞപ്പോള്‍ അതിലെ പ്രതികളെ നിയമത്തിനകത്തുനിന്നു കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണല്‍ മികവോ നിയമത്തോടുള്ള കൂറോ ഇല്ലാത്ത പൊലീസിന് പിന്നെ എളുപ്പവഴി അവരെ തട്ടിക്കളയുകയാണ്. ഇവിടെ പൊലീസ് എടുക്കേണ്ട പണി എടുത്തില്ല എന്ന് മാത്രമല്ല, അവര്‍ തിരിച്ച് പണി ചെയ്യുകയും ചെയ്തു. ആ പൊലീസിനെയാണ് ഈ മനുഷ്യര്‍ ന്യായീകരിക്കുന്നത്.
തെലങ്കാനയില്‍ മാത്രമല്ല, കേരളത്തില്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് എട്ട് മനുഷ്യരെയാണ് നക്‌സലൈറ്റുകളെന്ന പേരില്‍ വെടിവെച്ചുകൊന്നത്. ഈ കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പോലും പുറത്ത് വിട്ടിട്ടില്ല. ഒരു പൊലീസുകാരനെ പോലും ശിക്ഷിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ വെടിവെച്ചുകൊല്ലുന്നത് ഒരു സ്ഥിരം കലാപരിപാടിയായി മാറിയ സ്ഥിതിയാണ്. ഇത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.
കുറ്റം ചെയ്തവരെ, പ്രത്യേകിച്ച് ഇതുപോലെയുള്ള ഹീനമായ കൃത്യം ചെയ്യുന്ന ആളുകളെ പൊലീസിന് വെടിവെച്ചുകൊല്ലാമെന്ന പൊതുബോധം പൊലീസിന്റെ കാര്യത്തില്‍ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ജനാധിപത്യബോധം എത്രയോ പരിമിതമാണ് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. ജുഡീഷ്യറിയാണ്, പൊലീസുകാരനല്ല ശിക്ഷ വിധിക്കേണ്ടത്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെയാണ് മനുഷ്യര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്.
സുപ്രീം കോടതി ഒരു കമ്മീഷനെ വെച്ചു, ഒരു റിപ്പോര്‍ട്ട് കൊടുത്ത് പൊലീസ് നടപടി തെറ്റാണെന്ന് പറയുന്നത് നീതി നടപ്പാക്കാനുള്ള ഒരു ശ്രമത്തിന്റെ ചുവടുവെപ്പാണ്. പല കാര്യങ്ങള്‍ കൊണ്ട് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍ പ്രധാനമാണ്.
ഒന്ന് എക്‌സിക്യൂട്ടീവിന് പ്രതികളാകുന്നവരുടെയോ അല്ലാത്തവരുടെയോ ജീവന് പുറത്ത് യാതൊരു അധികാരവുമില്ല എന്ന് ഉറപ്പിച്ചെടുക്കണം. പൊലീസുകാരന്റെ പണി കൊലപാതകം നടത്തല്‍ അല്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ അതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. ഇത് തെലങ്കാനയിലെ പൊലീസിന് മാത്രമല്ല, കേരളത്തിലെ പൊലീസിനും ബാധകമാണ്.
കേരളത്തില്‍ നടന്ന, ഏറ്റുമുട്ടല്‍ കൊലയെന്ന് പൊലീസ് വിളിക്കുന്ന ഈ കൊലപാതകങ്ങളെ സര്‍ക്കാര്‍ അതേപടി സമ്മതിച്ചുകൊടുക്കുന്നതാണ് നമ്മള്‍ കാണുന്നത്. വിവരാവകാശ നിയമ പ്രകാരം ചോദിച്ചവര്‍ക്ക് പോലും എന്‍ക്വയറി റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടില്ല.
തെലങ്കാനയില്‍ നടന്ന കൊലപാതകത്തില്‍ പോലും സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. അത് തെലങ്കാന ഹൈക്കോടതിയ്ക്ക് കൈമാറുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഒരു വക്കീല്‍ പറഞ്ഞത് ഇത് മുദ്രവെച്ച കവറില്‍ തന്നെ കൊടുക്കണമെന്നാണ്. എന്നാല്‍ ഇത് മുദ്രവെച്ച കവറില്‍ കൊടുക്കേണ്ട ആവശ്യമില്ല, ഇവിടെ ഒരു അനീതി നടന്നിരിക്കുന്നു, അതിനെതിരെ നടപടി വേണം. അതില്‍ പ്രത്യേകിച്ച് ഒളിക്കാനൊന്നുമില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അത് സുതാര്യമായ ഒരു കാര്യമാണ്. പൊലീസിനുകൂടി ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പിക്കുന്ന കാര്യമാണ്.
പൊലീസ് എന്നതിനര്‍ത്ഥം തോക്കുപിടിച്ച ക്രിമിനലുകള്‍ എന്നല്ല, തോക്കുപിടിച്ച പ്രൊഫഷണലുകള്‍ എന്നാണ്. അവരുടെ പ്രൊഫഷണല്‍ ജോലിയുടെ ഭാഗമായി തോക്കുപയോഗിക്കുന്നതില്‍ പരാതിയില്ല. പക്ഷെ ജീവനപഹരിക്കാന്‍ പാടില്ലെന്നതാണ്.
ഇന്ത്യയിലെ പൊലീസിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും പ്രതികളെ വെറുതെ വെടിവെച്ചുകൊന്നുകഴിഞ്ഞാല്‍ അതിന് ഉത്തരം പറയേണ്ടിവരും എന്ന തോന്നല്‍ ഉണ്ടാക്കാന്‍ സുപ്രീം കോടതി നടപടിക്ക് സാധിച്ചിട്ടുണ്ട്. പൊലീസ് വെടിവെക്കരുതെന്ന ഒരു വാദവും എനിക്കില്ല. പൊലീസിന് ചില സാഹചര്യങ്ങളില്‍ അവരുടെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി വെടിവെക്കേണ്ടി വരും. വെടി വെച്ചുകഴിഞ്ഞാല്‍ നിയമപരമാണോ, ജനാധിപത്യപരമാണോ എന്നതിനൊക്കുറിച്ചൊക്കെ അറിയാനുള്ള അവകാശമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതാണ്. അതില്‍ സര്‍ക്കാര്‍ ഒളിക്കേണ്ട കാര്യമില്ലല്ലോ. പൊലീസ് എന്നതിനര്‍ത്ഥം തോക്കുപിടിച്ച ക്രിമിനലുകള്‍ എന്നല്ല, തോക്കുപിടിച്ച പ്രൊഫഷണലുകള്‍ എന്നാണ്. അവരുടെ പ്രൊഫഷണല്‍ ജോലിയുടെ ഭാഗമായി തോക്കുപയോഗിക്കുന്നതില്‍ പരാതിയില്ല. പക്ഷെ ജീവനപഹരിക്കാന്‍ പാടില്ലെന്നതാണ്.
അടിസ്ഥാനപരമായി ഇവിടെ ജനാധിപത്യം നിലനില്‍ക്കുന്നത് ജനങ്ങളില്‍ ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണ്. ജനാധിപത്യം എന്ന് പറയുന്നത് രാവിലെ ചായക്കൊപ്പം കഴിക്കുന്ന ഒന്നല്ല. ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് അതിന്റെ തൂണുകളില്‍ കൂടിയാണ്. സ്റ്റേറ്റ് ആണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട തൂണ്‍. ഇതിലെ പല കാര്യങ്ങളും ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്ന് ജനങ്ങള്‍ക്ക് തോന്നിയെങ്കില്‍ മാത്രമേ അത് അത്തരത്തില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഉത്തരവാദിത്തോടു കൂടിയാണ് പൊലീസിന് തോക്കുപയോഗിക്കാനുള്ള അനുമതിയുള്ളത് എന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യം വേണം. പൊലീസ് ആക്ട്, ഐ.പി.സി, സി.ആര്‍.പി.സി തുടങ്ങി നിരവധി നിയമങ്ങള്‍ ഉണ്ട്. ഈ നിയമങ്ങള്‍ക്കനുസരിച്ച് മാത്രമേ പൊലീസ് പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
ചിലര്‍ പറയുന്നുണ്ട്, നടിയെ ആക്രമിച്ച ആളുകള്‍ രക്ഷപ്പെട്ട് പോകുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. അത് സിസ്റ്റത്തിന്റെ പാളിച്ച തന്നെയാണ്. എല്ലാം തികഞ്ഞ സിസ്റ്റത്തിനകത്തല്ല നമ്മള്‍ ജീവിക്കുന്നത്. ഈ വിഷയത്തില്‍ കുറച്ചുകൂടി നീതിയുക്തമായ വിചാരണ നടക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്.
നിയമപരമായ മാര്‍ഗങ്ങളിലല്ലാതെ ഒരു പൗരന്റെയും ജീവന് ഭംഗം വരുത്താന്‍ അനുവാദമില്ല. സ്റ്റേറ്റിന് പോലും അങ്ങനയെ പാടുള്ളു. എത്ര ഹീനമായ കുറ്റ കൃത്യം ചെയ്ത ആള്‍ ആണെങ്കിലും അവനെ ശിക്ഷിക്കാന്‍ വകുപ്പുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗം ചെയ്ത ആളല്ലേ, കൊലപാതകിയല്ലേ, അയാള്‍ മരിക്കുകയാണ് വേണ്ടത് എന്ന പൊതുബോധത്തിന് മാറ്റിചിന്തിക്കാനുള്ള അവസരമാണ് ഈ കണ്ടെത്തല്‍.
ചിലര്‍ പറയുന്നുണ്ട്, നടിയെ ആക്രമിച്ച ആളുകള്‍ രക്ഷപ്പെട്ട് പോകുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. അത് സിസ്റ്റത്തിന്റെ പാളിച്ച തന്നെയാണ്. എല്ലാം തികഞ്ഞ സിസ്റ്റത്തിനകത്തല്ല നമ്മള്‍ ജീവിക്കുന്നത്. ഈ വിഷയത്തില്‍ കുറച്ചുകൂടി നീതിയുക്തമായ വിചാരണ നടക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ജനാധിപത്യ പ്രക്രിയ വളരെ സാവധാനം മാത്രം നടക്കുന്ന ഒന്നാണ്. അതിന്റെ ഭാഗമായി ചിലപ്പോള്‍ ചില പ്രതികള്‍ രക്ഷപ്പെട്ട് പോയിട്ടുണ്ടാകും. അങ്ങനെ രക്ഷപ്പെട്ട് പോകാതിരിക്കാനുള്ള വഴികള്‍ നമ്മള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അങ്ങനെ പടിപടിയായി മാത്രമേ ഒരു സിസ്റ്റം മെച്ചപ്പെടുകയുള്ളു.
ഇവിടെ എന്തുകൊണ്ട് പൊലീസിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല എന്നതുകൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. നിങ്ങള്‍ എത്ര ഉയരത്തിലുള്ള ആളാണെങ്കിലും നിയമം അതിനും മുകളിലാണ്.