കാര്യങ്ങള്‍ അത്ര പോസിറ്റീവല്ല, ഗുരുതരസാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കരുത്

കാര്യങ്ങള്‍ അത്ര പോസിറ്റീവല്ല, ഗുരുതരസാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കരുത്
Published on
Summary

തുടര്‍ച്ചയായി രണ്ട് ആഴ്ചകളിലായി കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം പെരുകുന്നതിനൊപ്പം സമ്പര്‍ക്ക വ്യാപനത്തിന്റെ തോതും കൂടുകയാണ്. സംസ്ഥാനം കടന്നുപോകുന്ന ഗുരുതരസാഹചര്യത്തെക്കുറിച്ച് ഇന്‍ഫോക്ലിനിക് പ്രതിനിധി കൂടിയായ ഡോ.പിഎസ് ജിനേഷ് എഴുതുന്നു.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളുടെ എണ്ണം 8930ല്‍ എത്തി നില്‍ക്കുന്നു. ജനുവരി 30നാണ് കേരളത്തില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 100 എത്തുന്നത് മാര്‍ച്ച് 24-ന്. അത് ആയിരത്തിലേക്ക് കടക്കുന്നത് മെയ് 27-ന്. ജൂണ്‍ 30 വരെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4416.

കഴിഞ്ഞ രണ്ട് ആഴ്ചകളില്‍, അതായത് ജൂലൈ ഒന്നു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ മാത്രം എണ്ണം 4500നോട് അടുത്താണ്. അതായത് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ പകുതി കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ്. ഇതില്‍ 1626 കേസുകള്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥരുടെയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. അത് കൂടി പരിഗണിച്ചാല്‍ ഈ രണ്ടാഴ്ചക്കകം പ്രാദേശിക സമ്പര്‍ക്കത്തിലൂടെയുടെ രോഗബാധ1882 എന്ന നമ്പരിലെത്തും.

നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പോലെ എളുപ്പവുമല്ല സമ്പര്‍ക്കബാധയുടെ ഉറവിടം കണ്ടെത്തുകയെന്നത്. അത്ര തന്നെ വെല്ലുവിളി നിയന്ത്രണങ്ങളുടെ കാര്യത്തിലുമുണ്ട്.

ജൂണ്‍ മാസം വരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഏതാണ്ട് 80 ശതമാനം കേരളത്തിലേക്ക് പുറത്ത് നിന്ന് എത്തിയവരുടെ ആയിരുന്നു. നാട്ടിലെത്തിയ പ്രവാസികളുടെയും, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുടെയും എണ്ണത്തേക്കാള്‍ കൂടുതല്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ആഴ്ചയിലാണ്. ജൂലൈ ഒന്നാം തീയതിയിലെ കണക്കെടുത്താല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 10 ശതമാനം മാത്രമായിരുന്നു പ്രാദേശിക സമ്പര്‍ക്കത്തിലൂടെ പകര്‍ന്നിരുന്നത്. അതായത് ജൂലൈ ഒന്നിന് 151 കൊവിഡ് കേസുകളില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെയുള്ളത് 14 എണ്ണം മാത്രമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ അനുപാതം കൂടിവരികയാണ്. ജൂലൈ 14-ന് ആകെ റിപ്പോര്‍ട്ട് ചെയ്തത് 608 കേസുകള്‍, അതില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ 410 കേസുകള്‍. അതായത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ 67 ശതമാനം പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്.

കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും നിലവില്‍ ഓരോ ദിവസവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പല ജില്ലകളിലുമായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ഉറവിടം കണ്ടുപിടിക്കാനാകാത്ത കേസുകളും ഇതിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തിലേക്ക് മടങ്ങി എത്തുന്നവരിലെ രോഗബാധ പോലെയല്ല പ്രാദേശിക സമ്പര്‍ക്കത്തിലൂടെ കൊവിഡ് കേസുകള്‍ പെരുകുന്നതിനെ കാണേണ്ടത്. നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പോലെ എളുപ്പവുമല്ല സമ്പര്‍ക്കബാധയുടെ ഉറവിടം കണ്ടെത്തുകയെന്നത്. അത്ര തന്നെ വെല്ലുവിളി നിയന്ത്രണങ്ങളുടെ കാര്യത്തിലുമുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള കണക്കാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരുന്ന സാഹചര്യവുമുണ്ടായി.

കേസുകള്‍ കൂടുന്നത് തുടര്‍ന്നാല്‍ നിലവിലെ ആശുപത്രി സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറം രോഗികള്‍ ഗുരുതരാവസ്ഥയിലാകും. സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്ക് കൂടാനുള്ള സാധ്യതയുമുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു സാഹചര്യം മുന്നില്‍ ഇല്ല എന്ന് നമുക്ക് തോന്നാമെങ്കിലും കേസുകള്‍ ഇതുപോലെ പെരുകിയാല്‍ അതിതീവ്രസാഹചര്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ജനുവരി അവസാനം ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളത്തില്‍ ജൂണ്‍ മാസം വരെ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ ഉള്ള കേസുകള്‍ താരതമ്യേന കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. അതൊരു നേട്ടം തന്നെയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞ മരണനിരക്കും കൃത്യമായ കോണ്‍ടാക്ട് ട്രേസിംഗും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ സവിശേഷതയുമാണ്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലേത് പോലെ കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതും സമ്പര്‍ക്കബാധ പെരുകുന്നതും ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങളെ ചെന്നെത്തിക്കും. ഒരു പരിധിക്കപ്പുറം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കോണ്‍ടാക്റ്റ് ട്രേസിംഗും തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളും പ്രായോഗികമായി നടപ്പാക്കാൻ ബുദ്ധിമുട്ട് നേരിടും.

രോഗികളുടെ ചികിത്സയിലും പരിപാലനത്തിലും വളരെയധികം പുരോഗതി കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ജനുവരി മാസത്തില്‍ ലഭ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ കൃത്യമായ, ശാസ്ത്രീയമായ അറിവുകള്‍ ഇന്ന് നമ്മുടെ മുന്നിലുണ്ട്. അന്നത്തെക്കാള്‍ ആശുപത്രി സജ്ജീകരണങ്ങളും സൗകര്യങ്ങളുമുണ്ട്.

രക്തക്കുഴലുകളെ ബാധിച്ച് രക്തപ്രവാഹം കുറഞ്ഞ് പല അവയവങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടും എന്നതിനാല്‍ ആ ഘടകങ്ങള്‍ പരിശോധിച്ചറിയാന്‍ വേണ്ട ടെസ്റ്റുകള്‍ (D dimer പോലത്തെ) കോവിഡ് ന്യൂമോണിയയില്‍ സ്ഥിരമായി ചെയ്തു തുടങ്ങി. ആ ഫലങ്ങള്‍ക്ക് അനുസരിച്ചു രക്തത്തിലെ ക്ലോട്ട് അലിയിക്കുന്ന ഹെപ്പാരിന്‍ പോലത്തെ മരുന്നുകളും ഉപയോഗിച്ച് തുടങ്ങി. അതുപോലെ ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ക്ക് നേരിട്ട് വെന്റിലേറ്റര്‍ ചികിത്സയിലേക്ക് പോകുന്നതിനു മുന്‍പ് മിനുട്ടില്‍ വളരെ കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന HFNC പോലത്തെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവരില്‍ പലര്‍ക്കും വെന്റിലേറ്റര്‍ സഹായം വേണ്ടി വരുന്നില്ല. സ്റ്റിറോയ്ഡ്, ടോസിലീസുമാബ് തുടങ്ങിയ മരുന്നുകളും ഇപ്പോള്‍ ആവശ്യാനുസരണം ഉപയോഗിക്കപ്പെടുന്നു. പൂര്‍ണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്ലാസ്മ ചികിത്സയും നിലവില്‍ ഉപയോഗിക്കുന്നു. രോഗത്തിന്റെ തുടക്കകാലത്ത് നല്‍കുന്ന, ഇവിടെ ലഭ്യമല്ലാതിരുന്ന ഫാവിപിറവിര്‍ പോലെ ഉള്ള ആന്റിവൈറല്‍ മരുന്നുകള്‍ പലതും ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ചികിത്സ തേടുന്നവരുടെ ആത്മവിശ്വാസം ഉയരുന്നുണ്ട്. ഇതിനോടൊപ്പം ചികിത്സിക്കുന്ന ഡോക്ടർമാരുടെ ആത്മവിശ്വാസവും ഉയർന്നിട്ടുണ്ട്.

ഇനിയും നിരവധി കടമ്പകള്‍ ഏറെയുണ്ടെങ്കിലും പല രാജ്യങ്ങളിലായി വാക്‌സിന്‍ ഗവേഷണവും ഹ്യൂമന്‍ ട്രയലും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം വസ്തുതകളായി നിലനില്‍ക്കെ തന്നെ കേരളത്തിലെ രോഗതീവ്രത മുമ്പത്തെക്കാളേറെ ജാഗ്രതയിലേക്കാണ് നമ്മളെ നയിക്കേണ്ടത്. ആശുപത്രി സൗകര്യങ്ങൾക്ക് താങ്ങാൻ സാധിക്കുന്നതിൽ കൂടുതൽ രോഗികൾ ഗുരുതരാവസ്ഥയിൽ എത്തിയാൽ നിലവിലുള്ള കുറഞ്ഞ മരണനിരക്ക് കൂടാനുള്ള സാധ്യതയുമുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു സാഹചര്യം മുന്നില്‍ ഇല്ല എന്ന് നമുക്ക് തോന്നാമെങ്കിലും കേസുകള്‍ ഇതുപോലെ പെരുകിയാല്‍ അതിതീവ്രസാഹചര്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അതുകൊണ്ട് നിലവിലുള്ള ക്ലസ്റ്ററുകളില്‍ രോഗ വ്യാപനം തടയുകയും കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യേണ്ടതുണ്ട്. ഓരോ വ്യക്തിയും ഉത്തരവാദിത്വം പുലര്‍ത്തേണ്ട സാഹചര്യമാണ്. ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അത് കൃത്യമായി പാലിക്കുകയും പൊതുസമൂഹം നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യണം. ഒന്നര മീറ്ററില്‍ കൂടുതല്‍ ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉപയോഗിക്കുക, കൈകള്‍ സോപ്പ് അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ശുചിയാക്കുക, കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കാതിരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്നിവയൊക്കെ ജീവിതരീതിയുടെ ഭാഗമായി മാറേണ്ടതുണ്ട്. അങ്ങനെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വ പൂര്‍ണമായ ഇടപെടലിലൂടെ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗവ്യാപനം പരമാവധി കുറയ്ക്കാന്‍ വേണ്ടിയാവണം ഇനിയുള്ള പരിശ്രമം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാര്യങ്ങള്‍ അത്ര പോസിറ്റീവല്ല, ഗുരുതരസാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കരുത്
'വാടകയിളവ് നല്‍കാതെ ഒഴിയണമെന്ന അന്ത്യശാസനം അന്യായം' ; സ്മാര്‍ട്ട്സിറ്റി നടപടി ചോദ്യം ചെയ്ത് കമ്പനികള്‍
കാര്യങ്ങള്‍ അത്ര പോസിറ്റീവല്ല, ഗുരുതരസാഹചര്യത്തെ കണ്ടില്ലെന്ന് നടിക്കരുത്
മലയരയര്‍ ശബരിമലയില്‍ അധികാരം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ മാസ്‌ക് കൊണ്ട് മുഖം മറച്ചു, സാനിറ്റൈസറില്‍ കൈ കഴുകി- പി കെ സജീവ്

Related Stories

No stories found.
logo
The Cue
www.thecue.in