കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ഏതെങ്കിലും തരത്തില്‍ മന്ത്രവാദം ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമരം നയിച്ച ഒരു പശ്ചാത്തലവും സംഘപരിവാറിനില്ല. മന്ത്രിച്ച് ഊതല്‍ വിവാദത്തില്‍ സംഘപരിവാര്‍ എടുക്കുന്നത് ഇരട്ടത്താപ്പ് ആണെന്ന് എഴുത്തുകാരന്‍ കെ.ഇ.എന്‍ പറയുന്നു.
മന്ത്രവാദം ഉള്‍പ്പെടെയുള്ള എല്ലാ അന്ധവിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടേണ്ട് തന്നെയാണ്. എന്നാല്‍ മന്ത്രവാദത്തെ വിമര്‍ശിക്കുകയാണെന്ന വ്യാജേന മതനിരപേക്ഷമൂല്യങ്ങളെ അവഹേളിക്കുന്ന പ്രവര്‍ത്തനം ഫാസിസത്തിന് മാത്രം സാധ്യമാകുന്നതാണ്.
മന്ത്രവാദം എത്രയോ കാലമായി വിവിധ സമൂഹങ്ങളില്‍ വിവിധ തരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെയുള്ള പ്രതികരണങ്ങളും പ്രതിരോധങ്ങളും തുടരുന്നുമുണ്ട്. അതിന്റെ ഭാഗമായുള്ള അഭിപ്രായപ്രകടനമല്ല ഇപ്പോള്‍ കേരളത്തില്‍ നടന്നുവരുന്നത്.
അതിന് പകരം ആരും അംഗീകരിക്കാത്ത മന്ത്രവാദത്തെ മറയാക്കി, എല്ലാവരും അനിവാര്യമായും അംഗീകരിക്കേണ്ട മതനിരപേക്ഷ മൂല്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. അതാകട്ടെ പലരും കരുതുന്നതുപോലെ 2021ലെ ഒരു മന്ത്രവാദ പ്രശ്‌നവുമായി ബന്ധപ്പെട്ടുകൊണ്ട് രൂപപ്പെട്ടതല്ല. എത്രയോ കാലമായി സംഘപരിവാര്‍ തുടരുന്ന മനുഷ്യവിരുദ്ധതയുടെയും പ്രത്യേകിച്ച് ദളിത് ന്യൂനപക്ഷ വിരുദ്ധതയുടെയും ഇസ്ലാമോഫോബിക് അവസ്ഥയുടെയും ഭാഗമാണ്.
1970കളില്‍ സഖാവ് സിനോവീവ് കിഴക്കന്‍ രാജ്യങ്ങളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ 'ടു വേജ് ജിഹാദ് എഗൈന്‍സ്റ്റ് ക്യാപിറ്റലിസം ആന്‍ഡ് ഇംപീരിയലിസം' എന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ ഒന്നിച്ച് കയ്യടിക്കുകയാണ് ചെയ്തത്. ജിഹാദ് എന്ന വാക്കിനെ വിപ്ലവം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. എന്നാല്‍ 2000 മുതല്‍ കേരളത്തെ ഇതുവരെ കേട്ടിട്ടില്ലാത്ത ജിഹാദുകളിലേക്കാണ് സംഘപരിവാര്‍ നയിച്ചുകൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ കളി ജിഹാദ്, ഭൂമി ജിഹാദ്, സാമ്പത്തിക ജിഹാദ് എന്നിങ്ങനെയുള്ള ജിഹാദുകളും ഉണ്ടാക്കിയിരിക്കുന്നു. സാമ്പത്തിക ജിഹാദിന്റെ പേരിലാണ് ഉത്തര്‍പ്രദേശില്‍ ഒരു തട്ടുകട അടിച്ചു തകര്‍ത്തത്. ചുരുക്കത്തില്‍ മന്ത്രവാദം എന്നുള്ളത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അത്ര വലിയ വിഷയമേ അല്ല. കാരണം ആള്‍ ദൈവ വ്യവസായത്തിന്റെ ഹോള്‍സെയില്‍ നടത്തിപ്പുകാരാണ് സംഘപരിവാര്‍.
സംഘപരിവാറിന്റെ സൈദ്ധാന്തിക പ്രചാരണം നടത്തുന്ന ലഘുലേഖകളില്‍ പോലും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഒപ്പം അമൃതാനന്ദമയിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം. അങ്ങനെ ഒരു പുതിയ തത്വ സങ്കല്‍പം രൂപകല്‍പന ചെയ്തിരിക്കുകയാണ് അവര്‍. അതുകൊണ്ട് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ ഏതെങ്കിലും തരത്തില്‍ മന്ത്രവാദം ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമരം നയിച്ച ഒരു പശ്ചാത്തലവും സംഘപരിവാറിനില്ല. എന്നാല്‍ പോലും പെട്ടെന്നൊരു വെളിപാടുണ്ടായി ഇവര്‍ മന്ത്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞാല്‍ പോലും അത് സ്വാഗതാര്‍ഹമാണ്. പക്ഷെ ഇവിടെ ഇവര്‍ ചെയ്തുകൂട്ടുന്നതില്‍ സത്യമില്ല.
ഒരു നവഫാസിസം എങ്ങനെയാണ് സമൂഹത്തില്‍ ഭിന്നിപ്പിന്റെയും അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും പൊതുതലത്തില്‍ ഇടപെടുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇത്. എങ്ങനെയാണ് അവര്‍ നവോത്ഥാനത്തിന്റെ മുദ്രാവാക്യങ്ങള്‍ പിടിച്ചെടുക്കുന്നത് എന്നതും ഇതോടൊപ്പം ചര്‍ച്ച ചെയ്ത് പോകേണ്ടതാണ്.
ഇന്ത്യയില്‍ ആദ്യമായി വംശഹത്യ നടക്കുന്നത് ഗുജറാത്തിലാണ്. വംശഹത്യയോളം വിപത്കരമായ സാമുദായിക വേട്ടകള്‍ അതിനു മുമ്പും നടന്നിട്ടുണ്ട്. 1982ല്‍ അസമിലുണ്ടായ നെല്ലി കൂട്ടക്കൊല അതിന് ഉദാഹരണമാണ്.
ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടതാണ് 2002ലെ ഗുജറാത്ത് കൂട്ടക്കൊല, ആ വംശഹത്യക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് നടന്നത്. അതിനെ അതിജീവിക്കാന്‍ വേണ്ടി 2021ല്‍ വളരെ കൗതുകകരമായ കണ്ടുപിടുത്തത്തിലേക്ക് സംഘപരിവാര്‍ കടന്നു. 1921 ലേത് മുസ്ലിം ഭീകരര്‍, ജിഹാദികള്‍, താലിബാനികള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ വംശഹത്യയാണെന്നാണ് വാദിക്കുന്നത്.
കുമാരനാശാന്‍ ദുരവസ്ഥ ഇന്ന് എഴുതിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് സംഘപരിവാര്‍ ചോദിക്കുന്നത്. അതായത് എം.ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം ഇന്ന് ഇറങ്ങിയിരനുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന ശരിയായ ജനാധിപത്യ ചോദ്യത്തെ ഒട്ടും ശരിയല്ലാത്ത ഒരു ബദല്‍ ചോദ്യം കൊണ്ട് പരിഭ്രാന്തരാക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.
നവോത്ഥാന ആശയങ്ങളെ നവോത്ഥാനത്തിനെതിരെ പ്രയോഗിക്കുന്ന ഒരു പുതിയ രീതിയുടെ ഭാഗമായി വേണം അപലപിക്കപ്പെടേണ്ട മന്ത്രവാദത്തെ താലിബാന്‍ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കുന്ന ഫാസിസ്റ്റ് രീതികളെ കാണാന്‍.
സാധാരണ മന്ത്രിച്ച് ഊതുമ്പോള്‍ അത് ശക്തമായി ഊതുന്ന പ്രക്രിയയില്‍ തുപ്പല്‍ തെറിക്കും. തുപ്പലിന് മൂല്യമുണ്ട് എന്ന് വാദിക്കുകയാണെങ്കില്‍ അത് തെറ്റാണ്. മറ്റൊന്ന് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. മതത്തിന് അകത്തുള്ള നവോത്ഥാനവാദികളും മതത്തിന് പുറത്തുള്ള നവോത്ഥാനവാദികളും ഒരു പോലെ നിരന്തരം ചോദ്യം ചെയ്യുന്ന ഒന്നാണ് അത്.
മന്ത്രവാദം എന്നല്ല, മന്ത്രവധം എന്ന വാക്ക് തന്നെ ഞാന്‍ ഉപയോഗിച്ചിരുന്നു. വളരെ നിഷ്‌കളങ്കമായ മന്ത്രവാദങ്ങള്‍ മന്ത്രവധത്തിന്റെ മാരകതയിലേക്ക് എത്തിനില്‍ക്കുന്ന കാലമാണ്. കണ്ണൂര്‍ ജില്ലയില്‍ മന്ത്രിച്ച് ഊതല്‍ നടത്തിയ ആ വീഡിയോയില്‍ കാണിക്കുന്നത് പ്രചരിക്കുന്ന തരത്തില്‍ തുപ്പിയതല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
മന്ത്രിച്ച് ഊതലിനെ ആ തരത്തില്‍ തന്നെ വിയോജിപ്പുള്ളവര്‍ക്ക് വിമര്‍ശിക്കാവുന്നതാണ്. അതിന്റെ കൂടെ കള്ളം കൂടി അവതരിപ്പിക്കേണ്ടതില്ല. ഇതെല്ലാം നവോത്ഥാന കാലഘട്ടം മുതല്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ്. ആ വിമര്‍ശനം തുടരേണ്ടതാണ്. പക്ഷെ അതിനെ അപഹാസ്യമാക്കി വിമര്‍ശിക്കുമ്പോള്‍ തുപ്പിയിട്ടില്ലെങ്കില്‍ കുഴപ്പമില്ല എന്നൊരു തോന്നല്‍ കൂടി അതില്‍ വരും. അതാണോ നിങ്ങളുടെ വാദം എന്നതാണ് പ്രശ്‌നം. ചില പ്രത്യേക ആചാരങ്ങള്‍ പൈശാചികവത്കരിക്കുന്നുണ്ടോ എന്നുകൂടി ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.