ഭാരത് ജോഡോയില്‍ നിന്ന് തെരെഞ്ഞെടുപ്പു ജയത്തിലേക്ക്
കർണാടകയിലെ കോൺഗ്രസ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അരവിന്ദ് ബാബു നടത്തുന്ന രാഷ്ട്രീയ വിശകലനം.
രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാനിരിക്കുന്ന 2024ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കേ ദക്ഷിണേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടക കൂടി കോണ്‍ഗ്രസ് തിരിച്ചു പിടിച്ചതോടെ, ബി.ജെ.പി ഏതാണ്ട് ഉത്തരേന്ത്യന്‍ പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് പ്രമുഖ ബി.ജെ.പി നേതാക്കളും കര്‍ണാടകത്തില്‍ തമ്പടിച്ച് കൊണ്ടുപിടിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിട്ടത്. ഈ യാഥാര്‍ത്ഥ്യം പുറമേ കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നാട്ടില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടുവെന്നതും ബി.ജെ.പി ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നുണ്ട്.
ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബി.ജെ.പി ഇറക്കിയ വര്‍ഗീയ കാര്‍ഡുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും രാഷ്ട്രീയമായി പരാജയമടഞ്ഞുവെന്നാണ് പുറത്തു വരുന്ന തെരെഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. മറുവശത്ത് അടിത്തട്ടുമുതല്‍ ചിട്ടയോടെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് മികച്ച വിജയം നേടുകയും ചെയ്തു. 2011ലെ സെന്‍സസ് പ്രകാരം 84ശതമാനം ഹിന്ദുക്കളുള്ള കര്‍ണാടകയിലാണ് ബി.ജെ.പിക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കിയെന്നത് ജനാധിപത്യത്തിലെ പ്രതീക്ഷാനിര്‍ഭരമായ പാഠം കൂടിയാണ്. നിലവിലെ തെരെഞ്ഞെടുപ്പു ഫലം ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടി സമ്മാനിക്കുമ്പോള്‍ 2024ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ദൂരം കുറയ്ക്കുന്ന രാഷ്ട്രീയ നേട്ടത്തിന്റെ വാതിലാണ് മലര്‍ക്കെ തുറന്നിടുന്നത്.
'ഡബിള്‍ എഞ്ചിന്‍' കെട്ടിവലിച്ചത് ഭരണവിരുദ്ധവികാരം
കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍ എന്ന ഡബിള്‍ എഞ്ചിന്‍ വാദത്തെ ഭരണവിരുദ്ധവികാരം മറികടന്നതാണ് ബി.ജെ.പിയുടെ വലിയ പതനത്തിന് കാരണമായത്. കര്‍ണാടകത്തിലെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീം സംവരണം എടുത്തു കളഞ്ഞ നടപടിയും ഹിജാബ് വിവാദവും, യൂണിഫോം സിവില്‍ കോഡ്, പൗരത്വ രജിസ്റ്റര്‍ നടപ്പാക്കല്‍ പ്രഖ്യാപനവും പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ മണിപ്പൂരിലുണ്ടായ കലാപ സമാന സാഹചര്യവും ന്യൂനപക്ഷങ്ങളെ ബി.ജെ.പിക്കെതിരെ ഒന്നിപ്പിക്കുന്നതായിരുന്നു. ഇതിനു പുറമേയാണ് 40 ശതമാനം കരാര്‍ കമ്മീഷന്‍ അഴിമതിയാരോപണവും വിലക്കയറ്റവും കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി അവതരിപ്പിച്ചത്.
ഇതിനിടെ സീറ്റ് തര്‍ക്കത്തില്‍ ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വെല്ലുവിളി ഉയര്‍ത്തി പാര്‍ട്ടി വിട്ടതും ബി.ജെ.പിക്ക് തലവേദനയായി. സീറ്റ് വിഭജനത്തിലെ പാളിച്ചകള്‍ക്ക് പുറമേ ഭരണവിരുദ്ധവികാരവും ബി.ജെ.പിക്ക് ്രപചാരണരംഗത്ത് വെല്ലുവിളി ഉയര്‍ത്തിയതോടെ അവരുടെ തുറുപ്പു ചീട്ടായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ രംഗത്തിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. മോദിയടക്കമുള്ള ദേശീയ നേതാക്കള്‍ പ്രചാരണരംഗത്ത് ഏറെ സമയം ചിലവഴിച്ചിട്ടും ബജ്‌റംഗ്ദള്‍ നിരോധനം, വിവാദമായ കേരള സ്‌റ്റോറി പോലെയുള്ള സിനിമ എന്നിവ ചൂണ്ടിക്കാട്ടി ബി.ജെ.പിയും സംഘപരിവാറും വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിട്ടും ജനങ്ങള്‍ ബി.ജെ.പിയെ തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. മുമ്പ് സംസ്ഥാനത്ത് ബി.ജെ.പിയെ നയിച്ചിരുന്ന ബി.എസ് യെദിയൂരപ്പയ്ക്ക് പകരമായി വന്ന ബസവരാജ് ബൊമ്മെയുടെ നേതൃത്വവും ശുഷ്‌കമായിരുന്നു. ബി.ജെ.പിയുടെ നേതൃപ്രതിസന്ധിയും പാര്‍ട്ടിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
2024ല്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടണമെന്ന ബി.ജെ.പിയുടെ മോഹത്തിനാണ് കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പു ഫലം കനത്ത രാഷ്ട്രീയ പ്രഹരം ഏല്‍പ്പിച്ചത്. തെലുങ്കാനയിലെയും കര്‍ണാടകയിലെയും സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കേരളം ,തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കാണ് കരിനിഴല്‍ വീണിട്ടുള്ളത്. 13ശതമാനത്തോളം വരുന്ന മുസ്ലീം ന്യൂനപക്ഷ വിഭാഗം ഒന്നിച്ച് ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരെ തിരിഞ്ഞതും 84 ശതമാനം വരുന്ന ഹിന്ദുഭൂരിപക്ഷ വോട്ടുകള്‍ ഭരണവിരുദ്ധ വികാരത്തില്‍ ചിന്നിച്ചിതറി ബി.ജെ.പിക്ക് നഷ്ടപ്പെട്ടതുമാണ് ജനാധിപത്യം വര്‍ഗീയ അജന്‍ഡയ്ക്ക് നല്‍കുന്ന രാഷ്ട്രീയ തിരിച്ചടികളെന്നും തെരെഞ്ഞെടുപ്പുഫലം സമര്‍ത്ഥിക്കുന്നു.
ഭാരത് ജോഡോയില്‍ നിന്ന് തെരെഞ്ഞെടുപ്പു ജയത്തിലേക്ക്
രാജ്യത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര 21 ദിവസമാണ് കര്‍ണാടകത്തില്‍ ചിലവഴിച്ചത്. ഇതിനു ശേഷം താഴേത്തട്ടില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തുകയും രാഷ്ട്രീയ തന്ത്രത്തിലൂടെ ഷെട്ടാറിനെയടക്കമുള്ള ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കുകയും ചെയ്തതാണ് കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്. ബി.ജെ.പിയിലെ അരക്ഷിതാവസ്ഥ മനസിലാക്കിയ കോണ്‍ഗ്രസ് സീറ്റ് വിഭജനം ഏറെ ശ്രദ്ധയോടെയാണ് നിര്‍വ്വഹിച്ചത്.
ഭരണകക്ഷിയില്‍ നിന്നും മറുകണ്ടം ചാടുന്നവരെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും തയ്യാറായി എന്നതും പാര്‍ട്ടിക്ക് ഏറെ ഗുണകരമായി. ബി.ജെ.പിയില്‍ നേതൃദാരിദ്രമാണെങ്കില്‍ കോണ്‍ഗ്രസില്‍ നേതൃബാഹുല്യമായിരുന്നു കാതലായ പ്രശ്‌നം. ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പരസ്യമായ അവകാശവാദം ഉന്നയിച്ചിട്ടില്ലെങ്കിലും അവരെ ചുറ്റിപ്പറ്റിയായിരുന്നു കര്‍ണാടകയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം നീങ്ങിയത്. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം വീഴാഞ്ഞതും കൂട്ടായ നേതൃത്വമെന്ന വിശാലമായ ഉത്തരത്തിലേക്ക് മാറിയതും പാര്‍ട്ടിയുടെ കെട്ടുറപ്പ് കൂടുതല്‍ മെച്ചപ്പെട്ടതാക്കി.
സര്‍ക്കാരിന്റെ ഭരണവിരുദ്ധവികാരവും ബി.ജെ.പിയിലെ ഉള്‍പ്പോരുകളും തങ്ങള്‍ക്ക് അനുകൂലമാക്കിമാറ്റാനുള്ള രാഷ്ട്രീയ തന്ത്രവും കോണ്‍ഗ്രസ് പുറത്തെടുത്തതോടെ പ്രചാരണരംഗത്ത് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടി. എന്നാല്‍ പ്രകടനപത്രികയിലടങ്ങിയ ബജ്‌റംഗ്ദള്‍ നിരോധനം വര്‍ഗീയമായി ഉപയോഗപ്പെടുത്തിയ ബി.ജെ.പി അവസാനഘട്ട പ്രചാരരംഗത്ത് തിരിച്ചുവരല്‍ പ്രതീതി ഉളവാക്കി. ആദ്യം പകച്ചു നിന്ന കോണ്‍ഗ്രസ് സംസ്ഥാനത്താകെ ഹനുമാന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുമെന്ന മറുതന്ത്രമിറക്കിയതോടെ വീണ്ടും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയില്‍ തന്നെ ഊന്നിയുള്ള പ്രചാരണം ബി.ജെ.പി അഴിച്ചു വിട്ടു. എന്നാല്‍ പൊതുസമൂഹവും മതസാമുദായിക സംഘടനകളും കര്‍ഷകരുമടങ്ങുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെട്ടവരുടെ പരിച്ഛേദം താഴേത്തട്ടില്‍ ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചതോടെ ബി.ജെ.പി പരാജയം രുചിക്കുകയായിരുന്നു.
സംഘടനാപ്രവര്‍ത്തനവും വോട്ട് സമാഹരണവും
ഏക്കാലത്തും ശക്തമായ ബി.ജെ.പി- ആര്‍.എസ്.എസ് സംഘടനാ സംവിധാനത്തിന്റെ ശക്തിയെ മറികടന്നാണ് കോണ്‍ഗ്രസ് കര്‍ണാടക പിടിച്ചെടുത്തത്. 43.1 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ ബി.ജെ.പി 35.69ലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണത്തേതില്‍ നിന്നും അഞ്ച് ശതമാനം വോട്ടു വിഹിതം പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ സീറ്റുകളുടെ എണ്ണതത്തിലും വ്യത്യാസം വന്നു. 2018ല്‍ 38ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന കോണ്‍ഗ്രസിന് 80 സീറ്റ് ലഭിച്ചപ്പോള്‍ 36ശതമാനമുള്ള ബി.ജെ.പിക്ക് ലഭിച്ചത് 104 സീറ്റുകളാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായ മധ്യകര്‍ണാടക, മൈസൂരൂ മേഖല, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ പാര്‍ട്ടി തിരിച്ചു വരവ് നടത്തി. തീരദേശ കര്‍ണാടകയില്‍ മൂന്ന് സീറ്റ് ലഭിച്ചിടത്ത് ആറു സീറ്റുകളും ലഭിച്ചു. ബി.ജെ.പിക്ക് അവിടെ 12 സീറ്റാണ് ലഭിച്ചത്. ഇതിനു പുറമേ ഇരുപാര്‍ട്ടികളും തമ്മില്‍ ബെംഗളൂരുവില്‍ ഇഞ്ചോടിഞ്ച് പേരാട്ടവും കോണ്‍ഗ്രസിന് കരുത്തു പകര്‍ന്നു. സംഘടനാരംഗത്തെ ഏകോപനം കോണ്‍ഗ്രസിനെ തുണച്ചെങ്കിലും സംഘടനാസംവിധാനം തകര്‍ന്നടിഞ്ഞ തീരദേശത്ത് കാര്യമായ പ്രകടനം നടത്താന്‍ പാര്‍ട്ടിക്ക് കഴിയാതെ വന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയും വര്‍ഗീയ അജന്‍ഡകള്‍ ഉയര്‍ത്തിയും പ്രചാരണം നയിച്ച സംഘപരിവാറും ബി.ജെ.പി കേന്ദ്രനേതൃത്വവും കര്‍ണാടകയിലെ ബി.ജെ.പി ഭരണത്തില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മൂടിവെയ്ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ വര്‍ഗീയ അജന്‍ഡയെ രാഷ്ട്രീയമായി എതിര്‍ക്കുന്നതിനൊപ്പം സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ താഴേത്തട്ടില്‍ എത്തിച്ച് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാനായി എന്നതാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് വഴിതെളിച്ച കാതലായ കാര്യം. ഇതിന് പുറമേ മൂന്നാം കക്ഷിയായ ജനതാദളിന്റെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതു വഴി വിജയത്തിന് മാറ്റു കൂടുകയും സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു.
2018ല്‍ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തിയ അഴിമതികളും ഭരണരംഗത്തെ സ്ഥിരതയില്ലായ്മയുമാണ് കര്‍ണാടകത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ കാരണമായിട്ടുള്ളത്. സംഘടനാ രംഗത്തെ പരിമിതകളില്‍ പെട്ട് ഈ യാഥാര്‍ത്ഥ്യം താഴെ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയിരുന്നെങ്കില്‍ ഇപ്പോഴും സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ബി.ജെ.പിക്ക് ലഭിക്കുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കര്‍ണാടക മുന്‍നിര്‍ത്തി 2024ലെ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ജയസാധ്യതയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തി വോട്ടുവിഹിതവും സീറ്റുകളുടെ എണ്ണവും കൂട്ടുകയാണ് ബി.ജെ.പിക്ക് രാഷ്ട്രീയമായി തിരിച്ചടി നല്‍കാനുള്ള ഏക പോംവഴി. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിക്കുമ്പോഴും സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ തുറന്ന് കാട്ടാനും അത് ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി ചര്‍ച്ചയാക്കാനും കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും കഴിഞ്ഞാല്‍ 2024ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പു ഫലം നല്‍കുന്ന ചിത്രം മറ്റൊന്നായിരിക്കും.