കർണാടക വിജയം:ഇതൊരു തുടക്കമാണെന്ന് തീർത്തു പറയാനാകില്ല

കർണാടക വിജയം:ഇതൊരു തുടക്കമാണെന്ന് തീർത്തു പറയാനാകില്ല
Published on
Summary

തീവ്ര കർണാടക വൈകാരികതയിൽ ഊന്നി നിന്നുള്ള പ്രചാരണങ്ങൾക്കാണ് കോൺഗ്രസ് ആദ്യാവസാനം നേതൃത്വം നൽകിയത്. അതുകൊണ്ടു തന്നെ കർണാടക തിരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതീക്ഷയുടെ പുതുനാമ്പാണെന്ന വാദഗതികൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. രജീഷ് കുമാർ ടി വി എഴുതുന്നു

പഴയ തട്ടകത്തിൽ നടത്തിയ ത്രസിപ്പിക്കുന്ന തിരിച്ചുവരവിലൂടെ കർണാടക കോൺഗ്രസ് തങ്ങളുടെ ദേശീയ നേതൃത്വത്തിനും രാഷ്ട്രീയ എതിരാളികൾക്കും നൽകുന്നത് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കാമ്പുള്ളൊരു പാഠമാണ്. ഇന്ത്യൻ ജനാധിപത്യം കേന്ദ്രീകൃതമായ ഏകശിലാരൂപമുള്ള ഒന്നല്ലെന്നും, പ്രാദേശികമായ ഉൾപ്പിരിവുകളും അതിന്റെ ഗതിയറിയുന്ന മനുഷ്യരും കൂടിയുൾപ്പെടുന്ന ബഹുസ്വരതയാണെന്നും അത് അടിവരയിടുന്നു. കർണാടകയുടെ സ്പന്ദനങ്ങളറിയുന്ന ബി എസ് യെഡിയൂരിയപ്പയ്ക്ക് പകരം ബസവരാജ്‌ ബൊമ്മെയെന്ന ദുർബല നേതൃത്വത്തെ മുന്നിൽ നിർത്തിയപ്പോൾ ബി ജെ പി മറന്നുപോയതും ഇതേ അടിസ്ഥാന തത്വമാണ്. അവർ തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും അത്താണി നരേന്ദ്രമോദിയെന്ന ദേശീയ നായകൻ മാത്രമാണെന്ന മൗഢ്യ ധാരണയിലേക്ക് ചുരുങ്ങിയപ്പോൾ പ്രാദേശിക വിഷയങ്ങളേക്കാൾ കൂടുതൽ തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിക്കാനും ആർ എസ് എസ് മുന്നോട്ടുവയ്ക്കുന്ന ദേശീയതാ നരേറ്റീവിന് ഉറച്ച ശബ്ദം നൽകാനുമായി ബി.ജെ.പിയുടെ ശ്രമം. മറുവശത്ത് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിനെ തെറ്റുതിരുത്തൽ നയങ്ങളുടെ പ്രായോഗിക പാഠശാലയാക്കി. അടിയന്തിരാവസ്ഥയുടെ തുടർച്ചയായി ഇന്ത്യയിൽ അങ്ങോളമിങ്ങോളം ആടിയുലഞ്ഞപ്പോഴും കാലുറപ്പിച്ച് നിൽക്കാൻ മണ്ണ് നല്‍കിയ കര്‍ണ്ണാടകക്കാലത്തിന്റെ ആവർത്തനമാക്കി.

തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കർണാടകം ഉറപ്പിച്ച് പറയുന്നു ഇന്ത്യൻ ജനാധിപത്യം ബഹുസ്വരതയുടേതാണെന്ന്. ദേശീയ നായകന്‍മാരുടെ മോടിയെക്കാൾ പ്രാദേശിക നേതൃത്വത്തിന്റെ മിടുക്കിലാണ് ജനങ്ങളുടെ വിശ്വാസമെന്ന്.

1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണ്ണാടകത്തിലെ 28 സീറ്റുകളിൽ 26 എണ്ണവും കോൺഗ്രസിനൊപ്പം നിന്നത് ചരിത്രം. 1980 ലെ തിരിച്ചുവരവിൽ ഇന്ദിരാ ഗാന്ധിയെയുൾപ്പടെ 28 ൽ 27 സീറ്റുകളിലും സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് കോൺഗ്രസിനോട് കൂറ് കാണിച്ച മണ്ണ്കൂടിയാണ് കർണാടകം. സമർത്ഥമായ തിരഞ്ഞെടുപ്പ് തന്ത്രത്തിലൂടെ കർണാടകത്തിന്റെ കളരിയിൽ വീണ്ടും പയറ്റിനിറങ്ങിയപ്പോൾ കോൺഗ്രസിന് ആ പഴയ വൈകാരിക ബന്ധത്തിന്റെ വീണ്ടെടുപ്പ് സാധ്യമാവുന്നു. ആ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനം തോറ്റുകൊടുക്കില്ലെന്ന് തീർച്ചപ്പെടുത്തിയ രാഷ്ട്രീയ മനസാണ്. ഒരുപക്ഷെ 2014 ന് ശേഷം കോൺഗ്രസിനെ ഗ്രസിച്ച ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്നും തിരഞ്ഞെടുപ്പിന് മുൻപേ തോറ്റുപോകുന്ന മാനസികാവസ്ഥയായിരുന്നു. ഏറ്റവുമൊടുവിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് പോലൊരു സുരക്ഷിത മണ്ഡലം മതിയെന്ന് തീർച്ചപ്പെടുത്തി രാഹുൽ ഗാന്ധി ചുരം കയറിയപ്പോഴും അമേത്തിയിൽ തോറ്റു പോകുമെന്ന ഭയം മാത്രമേ ആ തീരുമാനത്തിന്റെ രാഷ്ട്രീയാർത്ഥമായി വായിച്ചെടുക്കാൻ ഉണ്ടായിരുന്നുള്ളൂ. ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ കൈപ്പിടിയിലൊതുക്കുകയെന്നതായിരുന്നു ആ സ്ഥാനാർഥിത്വത്തിന്റെ ലക്ഷ്യമെങ്കിൽ അയാൾക്കന്ന് തിരഞ്ഞെടുക്കാമായിരുന്ന ഏറ്റവും അനുയോജ്യമായ സ്ഥലം കർണാടകയായിരുന്നു.

ബി ജെ പി യുടെ തീവ്രഹിന്ദുത്വ നയങ്ങൾക്ക് അവർ നല്ലതുപോലെ വേരുണ്ടാക്കിയ ദക്ഷിണേന്ത്യയിലെ ഒരേയൊരു സംസ്ഥാനം കർണാടകമായിരിക്കുമ്പോഴും അങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണത്തെ കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പോരാടാൻ മനസ്സുറപ്പിച്ച് തന്നെയാണ് തുടങ്ങിയത്. അത്തരമൊരു മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നതിൽ ദേശീയ നേതൃത്വത്തേക്കാൾ പങ്കുവഹിച്ചത് പ്രാദേശികമായി വേരുറപ്പുള്ള നേതൃത്വമാണ്.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഉൾപ്പെടുന്ന കർണാടക കോൺഗ്രസിന്റെ നേതൃത്വം പ്രാദേശികമായി ജനങ്ങളുടെ വികാര വിചാരങ്ങളെ ചാനലൈസ് ചെയ്യാൻ ശേഷിയുള്ളവരാണ്. ഇങ്ങനെയൊരു പ്രാദേശിക നേതൃത്വത്തിന്റെ അഭാവം തന്നെയാണ് യഥാർത്ഥത്തിൽ ബി.ജെ.പി ക്ക് തിരിച്ചടിയായതും. പകരം ബി.ജെ.പി മുന്നോട്ടുവച്ചത് നരേന്ദ്രമോദിയെന്ന ദേശീയ നായകനെയായിരുന്നു. പ്രാദേശിക പ്രശ്നങ്ങൾക്കുള്ള പരിഹാരമായി അവർ നൽകിയത് ജയ് ബജ്‌രംഗ്ബലി മന്ത്രമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കർണാടകം ഉറപ്പിച്ച് പറയുന്നു ഇന്ത്യൻ ജനാധിപത്യം ബഹുസ്വരതയുടേതാണെന്ന്. ദേശീയ നായകന്‍മാരുടെ മോടിയെക്കാൾ പ്രാദേശിക നേതൃത്വത്തിന്റെ മിടുക്കിലാണ് ജനങ്ങളുടെ വിശ്വാസമെന്ന്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും കർണാടക തിരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതീക്ഷയുടെ പുതുനാമ്പാണെന്ന വാദഗതികൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങളുടെ ശരിയായ അർത്ഥത്തിലുള്ള ഉണർവിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ ഉണ്ടാകുമ്പോഴാണ് ജനാധിപത്യം സാർത്ഥകമാകുന്നത്. അത്തരമൊരു ഉണർവിന്റെ യാതൊരു സൂചനയും കർണാടകം നൽകുന്നില്ല.

മറിച്ച് ബി ജെ പി നേതൃത്വം വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും പയറ്റിപ്പോന്ന വിഭജന തന്ത്രവും, തീവ്ര പ്രാദേശിക വാദവും, പോപ്പുലിസ്റ്റ് വാഗ്ദാനങ്ങളുമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും അടിസ്ഥാനം. ഈ അടവുനയങ്ങളെ ബി ജെ പി യെക്കാൾ സമർത്ഥമായി ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ മാത്രമാണ് കോൺഗ്രസിന്റെ വിജയം. നിലവിലെ പരാജയത്തിലേക്ക് ബി ജെ പിയെ കൊണ്ടെത്തിച്ചത്തിന്റെ അടിസ്ഥാന കാരണവും മുകളിൽ പരാമർശിച്ചതുപോലെ പ്രാദേശിക ജുഹ്വകളുടെ അഭാവമാണ്.

തീവ്ര കർണാടക വൈകാരികതയിൽ ഊന്നി നിന്നുള്ള പ്രചാരണങ്ങൾക്കാണ് കോൺഗ്രസ് ആദ്യാവസാനം നേതൃത്വം നൽകിയത്. "മണ്ണിന മക" മന്ത്രം ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതൽ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും വരെയുള്ള നേതാക്കന്മാരുടെ ആയുധങ്ങളിൽ പ്രധാനമായി. ഒരു പരിധിവരെ ദേശീയതയിലൂന്നിയ ബി ജെ പി പ്രചാരണങ്ങളെ നിഷ്പ്രഭമാക്കിയതും ഈ കർണാടക കേന്ദ്രീകൃത പ്രചാരണങ്ങൾ തന്നെയാണ്. ഡി കെ ശിവകുമാർ എന്ന വൊക്കലിംഗ സമുദായാംഗമായ നേതാവിനെ മുന്നിൽ നിർത്തി ജെ ഡി എസിന്റെ പിന്നോട്ടടിയിൽ നിന്ന് നേട്ടമുണ്ടാക്കിയതുപോലെ, മല്ലികാർജുൻ ഖാർഗെയിലൂടെ ദളിത് പിന്നാക്ക മേഖലകളിൽ സമ്പൂർണ ആധിപത്യം നേടിയെടുത്തതുപോലെ കളമറിഞ്ഞ് കളിച്ചും ജാതീയവും മതപരവുമായ ധ്രുവീകരണങ്ങളെ വോട്ടാക്കി മാറ്റുകയെന്ന ബി ജെ പി തന്ത്രത്തെ അതേ നാണയത്തിൽ തിരിച്ചടിച്ചുമാണ് ഇക്കുറി കർണാടകത്തിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചത്. സംസ്ഥാന ജനസംഖ്യയുടെ പത്തുശതമാനത്തിനടുത്ത് ഉൾക്കൊള്ളുന്ന കുറുബ സമുദായാംഗമായ സിദ്ധരാമയ്യ കൂടി ചേരുന്ന നേതൃത്വത്തിന്റെ സാമുദായിക വിതാനവും കോൺഗ്രസിന് മുതലെടുക്കാനുമായി. പരാജയപ്പെട്ടെങ്കിലും ജഗദീഷ് ഷെട്ടാറും ലക്ഷ്മൺ സാവഡിയും ഉൾപ്പെടുന്ന ലിംഗായത്ത് നേതാക്കന്മാരുടെ കോൺഗ്രസ് പ്രവേശനം ജാതി വോട്ടുകളെ സ്വാധീനിക്കാൻ ഉപകരിക്കുന്ന മറ്റൊരു നിർണ്ണായക ഘടകമായിരുന്നു. രാഹുൽ ഗാന്ധിയുടെ ജാതി സെൻസസ് പ്രഖ്യാപനം കൂടി വന്നതോടെ ജാതിയുടെ ഉൾപ്പിരിവുകളെ സമർത്ഥമായി ഉപയോഗിക്കാനും ഹിന്ദുത്വ എന്ന ഏകതാന പദ്ധതിയെ ശിഥിലമാക്കാനും കോൺഗ്രസിന് കഴിഞ്ഞു. അരക്ഷിത ബോധത്തിൽ നീറുന്ന മുസ്‌ലിം വോട്ടുകളുടെ ഏകീകരണം കൂടി സാധ്യമായതോടെ ആ വിജയം ആധികാരികമായി. ആത്യന്തികമായി അപ്പോഴും ജാതീയതയുടെയും വർഗീയ ചേരിതിരിവിന്റെയും ചുമലിലേറി തന്നെയാണ് കോൺഗ്രസും അധികാരത്തിലേറുന്നതെന്ന് പറയാതെ വയ്യ. അധികാരത്തിലേക്കുള്ള എളുപ്പവഴികളെ പരിഹസിച്ച് എം.എൻ വിജയൻ മാഷ് നടത്തിയ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. " ബുദ്ധമതത്തെ തോൽപ്പിക്കാനുള്ള എളുപ്പ വഴി ബുദ്ധമതക്കാരെപ്പോലെ മാംസം ഭക്ഷിക്കാതിരിക്കുകയാണ് എന്ന് ബ്രാഹ്മണർക്കറിയാമായിരുന്നു. അതുകൊണ്ട് ബ്രാഹ്മണർ മാംസ ഭക്ഷണം ഉപേക്ഷിക്കുകയും ബുദ്ധമതക്കാരെപ്പോലെ പുണ്യശാലികളായി തീരുകയും ചെയ്തു. വളരെ എളുപ്പമായ മാർഗ്ഗമാണത്. അതായത് നിങ്ങളുടെ ശത്രുവിന്റെ ആയുധം കൊണ്ട് നിങ്ങളുടെ ശത്രുവിനെ തോൽപ്പിക്കുക എന്നുള്ളത് വളരെ പ്രാചീനമായ ഇന്ത്യൻ തന്ത്രമാണ്. അതുകൊണ്ട് ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് ഇത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്".

Related Stories

No stories found.
logo
The Cue
www.thecue.in