മോദി ഒരു അംബേദ്‌കർ ഭക്തനാണെന്ന് അംബേദ്‌കർ അറിഞ്ഞാൽ?

മോദി ഒരു അംബേദ്‌കർ ഭക്തനാണെന്ന് 
അംബേദ്‌കർ അറിഞ്ഞാൽ?
Published on
Summary

ബി.ജെ.പിക്കാർക്ക് അംബേദ്‌കറിന്റെ നിലപാടുകൾ അറിയാഞ്ഞിട്ടാണോ? അതോ മറ്റുള്ളവർ അംബേദ്കറിനെ മനസ്സിലാക്കിയിട്ടില്ല എന്നും, മനസ്സിലാക്കാൻ ശ്രമിക്കില്ല എന്നും ബി.ജെ.പി കരുതുന്നതാണോ? അതോ അവരുടേതായ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുവേണ്ടി ഇത്രയധികം വ്യത്യാസങ്ങളുണ്ടായിട്ടും അംബേദ്കറിനെ പിന്തുണക്കുന്നതാണോ? മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ എഴുതുന്നു

മോദിയും ബി.ജെ.പി യും അംബേദ്കറിനെ ഒരു പ്രതീകമായി മാത്രമല്ല അവരുടെ പ്രധാന നായകരിൽ ഒരാളായിക്കൂടിയാണ് ചേർത്ത് പിടിക്കുന്നത്. അംബേദ്‌കർ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം അഭിമാനമല്ല, ലോകത്തിന്റെ മൊത്തം അഭിമാനമാണ് എന്ന് മോദി പറയുന്നത് 2015 ലാണ്. 2016 ൽ താനൊരു അംബേദ്‌കർ ഭക്തനാണ് എന്ന് മോദി പ്രഖ്യാപിച്ചു. എന്നാൽ ശശി തരൂർ, Ambedkar : A Life എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ, പല നിർണ്ണായക സന്ധികളിലും മോദിയും ബി.ജെ.പി യും അംബേദ്കറിന് നേർവിപരീതമായ നിലപാടുകളെടുക്കുന്നത് ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ഏറ്റവും പ്രധാന വ്യത്യാസമായി കണക്കാക്കുന്നത് ഹിന്ദുത്വത്തോടുള്ള, അഥവാ ഹിന്ദുരാജിനോടുള്ള അംബേദ്‌കറിന്റെ സമീപനമാണ്.

സത്യം പറഞ്ഞാൽ അംബേദ്‌കർ ഹിന്ദുയിസത്തിന് എതിരാണ്. "ഹിന്ദുയിസം ആളുകളെ അടിമകളാക്കുന്ന പൈശാചികമായ ഒരു ഉപചാപക സംഘമാണ്" എന്ന് അംബേദ്‌കർ പറയുന്നു.

ബി.ജെ.പി വ്യക്തമായി ഭൂരിപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ, ഭൂരിപക്ഷത്തെ മാത്രം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഒരു ദുരന്തമായിരിക്കും എന്നാണ് അംബേദ്‌കർ പറഞ്ഞത്. "ഹിന്ദുരാജ്യം സാധ്യമാവുകയാണെങ്കിൽ ഒരു സംശയവുമില്ല, അത് ഈ രാജ്യത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും." അതിനോട് ചേർത്ത് അംബേദ്‌കർ എഴുതുന്നു, "ഹിന്ദുക്കൾ എന്ത് തന്നെ പറഞ്ഞാലും, ഹിന്ദുയിസം സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, സാഹോദര്യത്തിനും വലിയ വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ അത് ഒരിക്കലും ജനാധിപത്യവുമായി ഒത്തുപോകില്ല. എന്ത് വിലകൊടുത്തും ഹിന്ദുരാജ്യത്തെ ചെറുക്കണം."

സത്യം പറഞ്ഞാൽ അംബേദ്‌കർ ഹിന്ദുയിസത്തിന് എതിരാണ്. "ഹിന്ദുയിസം ആളുകളെ അടിമകളാക്കുന്ന പൈശാചികമായ ഒരു ഉപചാപക സംഘമാണ്" എന്ന് അംബേദ്‌കർ പറയുന്നു. ഹിന്ദുക്കളോടും അംബേദ്കറിന് താല്പര്യമില്ലായിരുന്നു എന്ന് വേണം മനസിലാക്കാൻ. "ഹിന്ദുക്കൾ ആഫ്രിക്കൻ പിഗ്മികളുടെ വംശമാണ്, നീളം കുറഞ്ഞവർ, സ്റ്റാമിന കുറഞ്ഞവർ. ഭേദപ്പെട്ട ഒരു ഹിന്ദുവും, ഒട്ടും നിലവാരമില്ലാത്ത ഒരു ഹിന്ദുവും ഉണ്ടായിരിക്കാം, എന്നാൽ ഒരു നല്ല ഹിന്ദു ഉണ്ടാകില്ല" അംബേദ്‌കർ പറയുന്നു.

ഇനി ബി.ജെ.പിക്കാർക്ക് അംബേദ്‌കറിന്റെ നിലപാടുകൾ അറിയാഞ്ഞിട്ടാണോ? അതോ മറ്റുള്ളവർ അംബേദ്കറിനെ മനസ്സിലാക്കിയിട്ടില്ല എന്നും, മനസ്സിലാക്കാൻ ശ്രമിക്കില്ല എന്നും ബി.ജെ.പി കരുതുന്നതാണോ? അതോ അവരുടേതായ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുവേണ്ടി ഇത്രയധികം വ്യത്യാസങ്ങളുണ്ടായിട്ടും അംബേദ്കറിനെ പിന്തുണക്കുന്നതാണോ?

ഈ ചോദ്യങ്ങൾ കൂടുതൽ തീവ്രമാകുന്നത് അംബേദ്‌കർ ഇന്ത്യയിലെ ന്യുനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ്. 1948 ൽ ഭരണഘടനാ നിർമ്മാണസഭയിൽ നടത്തിയ പ്രസംഗത്തിൽ അംബേദ്‌കർ പറയുന്നു: "ഇന്ത്യയിലെ ന്യുനപക്ഷം അവരുടെ ഭരണം പൂർണ്ണമായും ഭൂരിപക്ഷത്തിന്റെ കയ്യിലേൽപ്പിച്ചിരിക്കുകയാണ്. അവർ പൂർണ്ണമായും ഭൂരിപക്ഷത്തിന്റെ ഭരണത്തിന് വഴങ്ങുകയാണ്. അത് ശരിക്കും രാഷ്ട്രീയ ഭൂരിപക്ഷമല്ല. വർഗ്ഗീയമായ ഭൂരിപക്ഷമാണ്. ഇവിടെ ഭൂരിപക്ഷം മനസിലാക്കേണ്ട ഒന്നുണ്ട്, ഒരു തരത്തിലും ന്യുനപക്ഷത്തെ വിവേചനത്തോടെ കാണാൻ ശ്രമിക്കരുത്.

"ഈ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പുതിയ ജനാധിപത്യ സംവിധാനം അതിന്റെ ഘടന നിലനിർത്തികൊണ്ടുതന്നെ നാളെ സ്വേച്ഛാധിപത്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്." ഇത് അംബേദ്‌കർ 1948 ൽ തന്നെ നൽകിയ താക്കീതാണ്.

ബി.ജെ.പി മനസ്സിലായിട്ടും മനസിലാകാത്തതായി നടിക്കുന്നതാണോ? "ബാബർ കി ഔലദ്" "അബ്ബാ ജാൻ" എന്നീ വാക്കുകൾ അംബേദ്‌കർ അംഗീകരിച്ചിരുന്നോ? "കബ്രിസ്ഥാൻ", "ഷംഷാൻ ഘട്ട്" എന്നിവയുടെ വ്യത്യാസം അംഗീകരിച്ചിരുന്നോ? പ്രത്യേക മതവിഭാഗത്തിൽ പ്പെടുന്നവർ മുഴുവൻ പാകിസ്താനിലേക്ക് പോകണം എന്ന് പറയുന്നതും അംബേദ്‌കർ അംഗീകരിച്ചതാണോ?

ന്യൂനപക്ഷങ്ങൾ എത്രത്തോളം പ്രഹരശേഷിയുള്ള വിഭാഗമാണെന്ന് അംബേദ്‌കർ 1948 നവംബറിലെ പ്രസംഗത്തിൽ താക്കീത് നൽകുന്നുണ്ട്. "ന്യുനപക്ഷം ഉഗ്രപ്രഹര ശേഷിയുള്ള വിഭാഗമാണ്, അത് പൊട്ടിത്തെറിച്ചാൽ ഒരു രാഷ്ട്രത്തിന്റെ എല്ലാ സാമൂഹിക സംവിധാനങ്ങളും ഇല്ലാതാകും. എഴുപതു വർഷം മുമ്പ് അവർ നിങ്ങൾക്ക് തള്ളിക്കളയാൻ കഴിയുന്ന അത്രയും ചെറിയ വിഭാഗമായിരുന്നിരിക്കാം. ഇന്ന് അവരുടെ ജനസംഘ്യ 200 മില്യൺ ആയി. മോശമായി പെരുമാറുന്നതും, മാറ്റി നിർത്തുന്നതും മനസിലാക്കാൻ കഴിയുന്നത്രയും വലുതായി."

അംബേദ്‌കർ ഇന്നുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഏറെ ആശങ്കകളുണ്ടാകുമായിരുന്നു. അതിൽ ഒന്ന് പോലും ഇന്ന് ബി.ജെ.പിക്കാർക്കില്ല. ബി.ജെപി ഇന്ന് ഭ്രാന്തമായി ചെയ്തുകൊണ്ടിരിക്കുന്ന പലതും കാണുമ്പോൾ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് അംബേദ്‌കർ പറഞ്ഞേനെ.

ബി.ജെ.പി യും അംബേദ്കറും തമ്മിലുള്ള മറ്റൊരു പ്രധാന വൈരുധ്യം; ജനാധിപത്യം നാളെ എന്താകാൻ സാധ്യതയുണ്ട് എന്നാണോ അംബേദ്‌കർ പറഞ്ഞത് അതിലേക്ക് തന്നെയാണ് ബി.ജെ.പി രാജ്യത്തെ എത്തിക്കുന്നത് എന്നതാണ്. "ഈ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പുതിയ ജനാധിപത്യ സംവിധാനം അതിന്റെ ഘടന നിലനിർത്തികൊണ്ടുതന്നെ നാളെ സ്വേച്ഛാധിപത്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്." ഇത് അംബേദ്‌കർ 1948 ൽ തന്നെ നൽകിയ താക്കീതാണ്.

ഇപ്പോൾ നമ്മുടെ രാഷ്ട്രീയത്തെ നയിക്കുന്നത് ഒരു ഭീമാകാരമായ രൂപമാണ്. അതൊരു നേതാവിന്റെ രൂപമാണ്. അതിനു ചുറ്റും അയാളുടെ വ്യക്തിപ്രഭാവത്തിൽ കറങ്ങുന്ന ഒരു കൂട്ടമുണ്ട്. വിയോജിപ്പുകൾ അസഹിനീയമായിത്തുടങ്ങി. ഭരണ നിർവഹണത്തിൽ സർക്കാർ പാർലമെന്റിനെ സമീപിക്കാതെയായി. ഇലക്ഷൻ കമ്മീഷനും ജുഡീഷ്യറിയും ദുർബലമായി. സി.ബി.ഐ, ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സായുധ സംഘങ്ങൾ പോലെയായി. മാധ്യമങ്ങളെ നിരായുധീകരിച്ചു.

ഞാൻ അത്ഭുതപ്പെടുന്നു, അംബേദ്‌കർ ബി.ജെ.പിയെ കുറിച്ചും അവരുടെ ഇന്ത്യയെ കുറിച്ചുള്ള സങ്കല്പങ്ങളെ കുറിച്ചും നരേന്ദ്രമോദി തന്റെ ഭക്തനാകുന്നതിനെക്കുറിച്ചും എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്നോർത്ത്. എന്ത് തന്നെയായാലും അവർ തന്റെ പാത പിന്തുടരുകയാണെന്ന് അംബേദ്‌കർ ചിന്തിച്ചു കാണുമോ?

വിവർത്തനം: ജിഷ്ണു രവീന്ദ്രൻ

Related Stories

No stories found.
logo
The Cue
www.thecue.in