ഗുരുത്വദോഷികളായ ഞങ്ങൾ മലയാളികളോട് ദയവു ചെയ്ത് പൊറുക്കുക

കെ എസ് സേതുമാധവൻ
കെ എസ് സേതുമാധവൻ
Published on
Summary

വിഖ്യാത ചലച്ചിത്രകാരൻ കെ.എസ്.സേതുമാധവനെക്കുറിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ എഴുതുന്നു

അന്നൊരിക്കൽ ഞാൻ വിഖ്യാത ചലച്ചിത്രകാരൻ കെ എസ് സേതുമാധവനെ കണ്ടുമുട്ടിയത് അങ്ങേയറ്റം ദുഃഖ സാന്ദ്രമായ ഒരു അന്തരീക്ഷത്തിൽ വച്ചായിരുന്നു. മലയാള സിനിമയുടെ രാജശില്പികളിലെ പ്രമുഖനായ ശ്രീകുമാരൻ തമ്പിയുടെ മകൻ, കണ്ണൻ എന്നു ഞങ്ങളെല്ലാം വിളിച്ചിരുന്ന, എന്റെ പ്രിയപ്പെട്ട കൊച്ചനുജൻ രാജകുമാരൻ തമ്പി ഉറ്റവരുടെയും ഉടയവരുടെയും മനസ്സുകളിൽ കടുത്ത ആഘാതമേല്പിച്ചുകൊണ്ട് 2009 മാർച്ച് മാസത്തിലെ ആ ദിവസം സ്വയം ജീവനൊടുക്കി. എപ്പോഴും ആഹ്ലാദവാനായി വിടർന്ന ചിരിയോടെ കാണപ്പെടാറുണ്ടായിരുന്ന കണ്ണൻ, താൻ സംവിധാനം ചെയ്ത പുതിയ തെലുങ്ക് ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാവിലെ പെട്ടെന്ന് ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ വെച്ച് ആ കടുംകൈ ചെയ്യുകയായിരുന്നു. കണ്ണന് അന്തിമോപചാരം അർപ്പിക്കാനായി സേതുമാധവൻ സാർ പത്നിയോടൊപ്പം, ചെന്നൈയിലെ വിജയാ ഹോസ്പിറ്റലിനു മുമ്പിലുള്ള ഫ്ലാറ്റിൽ എത്തി. അവിടെയൊരിടത്ത് മാറിയൊതുങ്ങി നിൽക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് ഞാൻ ചെന്നു. ഞങ്ങൾ രണ്ടുപേരും കൂടി മറ്റൊരു മുറിയിൽ ചെന്നിരുന്നു. കുറച്ചുനേരം അങ്ങനെ ഒന്നും മിണ്ടാതെയിരുന്നിട്ട് അദ്ദേഹം പറഞ്ഞു.

" എന്തൊരു മിടുക്കനായ ചെറുപ്പക്കാരനായിരുന്നു അയാൾ. സിനിമയെ കുറിച്ച് എത്രമാത്രം ഡീപ്പായ അറിവും ധാരണയുമുള്ള പയ്യൻ. ഈ പുതിയ തലമുറയിലെ കുട്ടികളൊക്കെ എന്തുകൊണ്ടാണ് ഇത്ര ദുർബലഹൃദയരായി പോയത്! സിനിമ പരാജയപ്പെട്ടുപോകുമോ എന്ന ചിന്ത പോലും അവർക്ക് താങ്ങാനാകുന്നില്ല. ഞങ്ങളൊക്കെ എന്തെല്ലാം കഠിനാനുഭവങ്ങളിലൂടെയാണ് കടന്നുവന്നത്! അയാളുടെ അച്ഛൻ തന്നെ എത്രയെത്ര പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിട്ടു കൊണ്ടാണ് ഈ സിനിമാരംഗത്ത് പിടിച്ചു നിന്നത്!"

അങ്ങനെ പഴയ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്ന കൂട്ടത്തിൽ സ്വന്തം ജീവിതത്തിലുണ്ടായ ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു.

കെ എസ് സേതുമാധവൻ
കെ എസ് സേതുമാധവൻ

സേതുമാധവനും സഹോദരനായ കെ എസ് ആർ മൂർത്തിയും ചേർന്നാരംഭിച്ച നിർമ്മാണക്കമ്പനിയായ ചിത്രാഞ്ജലി (പിന്നീടതിന്റെ പേര് ചിത്രകലാകേന്ദ്രം എന്നാക്കി ) കലാപരമായും സാമ്പത്തികമായും വിജയം വരിച്ച ചിത്രങ്ങൾ ഓരോന്നായി പുറത്തിറക്കുന്ന കാലം. സ്വന്തം നിർമ്മാണക്കമ്പനിക്കും എം ഓ ജോസഫിന്റെ മഞ്ഞിലാസ് പിക്ചേഴ്സിനും പുറമെ സുപ്രിയയും എം എസ് പ്രൊഡക്ഷൻസും ഉൾപ്പെടെയുള്ള അക്കാലത്തെ പ്രമുഖ ബാനറുകൾക്കെല്ലാം വേണ്ടി വർഷത്തിൽ അഞ്ചോ ആറോ ചിത്രങ്ങൾ സേതുമാധവൻ ആ നാളുകളിൽ സംവിധാനമേറ്റെടുത്തിരുന്നു. 1971 ൽ ചിത്രാഞ്ജലി നിർമ്മിച്ച 'ഒരു പെണ്ണിന്റെ കഥ','ഇൻക്വിലാബ് സിന്ദാബാദ്', 72 ൽ പുറത്തുവന്ന 'ആദ്യത്തെ കഥ ', സേതുമാധവന്റെ സംവിധാനമേൽനോട്ടത്തിൽ പുറത്തുവന്ന 'മയിലാടും കുന്ന്' എന്നീ ചിത്രങ്ങളെല്ലാം തന്നെ സാമാന്യം നല്ല സാമ്പത്തിക വിജയം നേടിയവയായിരുന്നു. സുപ്രിയ നിർമ്മിച്ച 'കരകാണാക്കടലി'ലൂടെ 1971ലെ മികച്ച സംവിധായകന്റെ സംസ്ഥാന അവാർഡും അദ്ദേഹം നേടി. മഞ്ഞിലാസിന് വേണ്ടി 1972ൽ സേതുമാധവൻ സംവിധാനം ചെയ്ത 'ദേവി'യും 'പുനർജ്ജന്മ'വും സാമ്പത്തികമായി മാത്രമല്ല കലാപരമായും മികച്ചുനിന്നു. ചിത്രകലാകേന്ദ്രമെന്ന് പേരു മാറ്റിയ ശേഷം ആദ്യമായി നിർമ്മിച്ച, ബാനറിന്റെ ആദ്യത്തെ കളർ ചിത്രം കൂടിയായ 'പണി തീരാത്ത വീട്' നിറഞ്ഞ സദസ്സുകളിൽ കളിക്കുകയും 1972 ലെ മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന പുരസ്‌കാരം നേടുകയും ചെയ്തു.

അതിനുശേഷം മുട്ടത്തുവർക്കിയുടെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച 'അഴകുള്ള സെലീന' എന്ന വർണ്ണ ചിത്രത്തിൽ ജയഭാരതിയെയും വിൻസെന്റിനെയും നായികാ നായകന്മാരാക്കിയ സേതുമാധവൻ ഒരു സാഹസത്തിനു കൂടി മുതിർന്നു. നിത്യഹരിത നായകനായ പ്രേം നസീറിനെ ക്രൂരനും ചതിയനുമായ കുഞ്ഞച്ചൻ മുതലാളിയുടെ വേഷം കെട്ടിച്ചു! നായികയായ സെലീനയെ ബലാൽസംഗം ചെയ്യുകയും അവളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനാകുകയും ചെയ്യുന്ന ഒട്ടും മനുഷ്യപ്പറ്റില്ലാത്ത തനിവില്ലൻ! കള്ളിചെല്ലമ്മയിലേത് ഒഴിച്ചാൽ ( അതും കുഞ്ഞച്ചൻ!) പ്രേം നസീറിന്റെ ഏക വില്ലൻ വേഷം.

ചിത്രത്തിന്റെ സംഗീതവിഭാഗത്തിലായിരുന്നു മറ്റൊരു പുതുമ കൊണ്ടുവന്നത്. ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ വിശ്രുത ഗായകൻ യേശുദാസിന്റെ അരങ്ങേറ്റം 'അഴകുള്ള സെലീന' യിലൂടെയായിരുന്നു.'താജ് മഹാൾ നിർമ്മിച്ച രാജശില്പി'യും 'മരാളികേ'യും 'പുഷ്പഗന്ധീ സ്വപ്നഗന്ധീ'യും ഇന്ന് സംഗീത പ്രേമികൾ ഏറ്റുപാടുന്ന പാട്ടുകളാണെങ്കിലും ആ നാളുകളിൽ അല്പം വ്യത്യസ്തമായ ആ ട്യൂണുകൾ ആളുകളെ അത്രകണ്ട് അങ്ങോട്ട് ആകർഷിച്ചില്ല. സംവിധായകന്റെ ഈ രണ്ടു തീരുമാനങ്ങളും പ്രേക്ഷകർ പാടേ നിരാകരിച്ചു. ഫലം, പടം 'ബോക്‌സ് ഓഫീസി'ൽ തകർന്നുവീണു. മഞ്ഞിലാസിന് വേണ്ടി ആ വർഷം സേതുമാധവൻ ചെയ്ത രണ്ടു പടങ്ങളുടെ കാര്യവും ഏതാണ്ട് അതുപോലെയൊക്കെത്തന്നെയായിരുന്നു. 'കലിയുഗം','ചുക്ക്' എന്നീ സിനിമകൾക്ക് മഞ്ഞിലാസ് ചിത്രങ്ങളുടെ സ്ഥിരം നിലവാരം കാത്തുസൂക്ഷിക്കാനായില്ല എന്ന്‌ നിരൂപകരുടെയും കാണികളുടെയും ഇടയിൽ മാത്രമല്ല, ഇന്റസ്ട്രിയിലാകെയും അഭിപ്രായമുയർന്നു.

ഇതെല്ലാം കാരണം ,ഇനി ഒരു വിജയം കണ്ടേ തീരൂ എന്ന ദൃഢനിശ്ചയത്തോടെയാണ് സേതുമാധവൻ, തന്റെ ചിത്രത്തിന്റെ പ്രവർത്തനങ്ങളാരംഭിച്ചത്. വർണ്ണചിത്രങ്ങൾ അപൂർവമായ അക്കാലത്ത് പുതിയ സംരംഭവും കളറിൽ തന്നെ ഒരുക്കാനാണ് സംവിധായകനും നിർമ്മാതാവായ അനുജൻ കെ എസ് ആർ മൂർത്തിയും തീരുമാനമെടുത്തത്.

1950 കളിൽ വായനക്കാർക്കിടയിൽ ഒട്ടേറെ ശ്രദ്ധ നേടിയ, വെട്ടൂർ രാമൻ നായർ രചിച്ച 'ജീവിക്കാൻ മറന്നുപോയ സ്ത്രീ' എന്ന നോവലാണ് പുതിയ സിനിമക്ക് വേണ്ടി സേതു മാധവൻ കണ്ടെത്തിയത്. തിരക്കഥ പതിവുപോലെ തോപ്പിൽ ഭാസിയെഴുതി.

പ്രേം നസീറിനെയും മധുവിനെയുമൊക്കെ ഒഴിവാക്കിക്കൊണ്ട്, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ മോഹൻ ശർമ്മ എന്ന യുവത്വവും പൗരുഷവും തുളുമ്പുന്ന നടനെ, നായക കഥാപാത്രമായ ചന്ദ്രന്റെ വേഷത്തിലേക്ക് തിരഞ്ഞെടുത്തു. നായികയായ ഭാമയുടെ റോളിലേക്കാകട്ടെ, വിവാഹവും പ്രസവവുമൊക്കെ കഴിഞ്ഞ്, നായികാ വേഷങ്ങളിൽ നിന്നു മാത്രമല്ല, സിനിമാരംഗത്തോട് തന്നെ വിടപറയാനായി ഒരുങ്ങിനിൽക്കുന്ന ഷീലയെയും. നായികാ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമായി, അന്ന് മാദകവേഷങ്ങളിൽ തിളങ്ങിനിന്നിരുന്ന വിജയശ്രീയെയും നിശ്ചയിച്ചു. സാധാരണ അടൂർ ഭാസി കൈകാര്യം ചെയ്യാറുള്ള നായികയുടെ ജ്യേഷ്ഠ സഹോദരന്റെ വേഷത്തിലേക്ക് നേരത്തെ 'സ്വയംവരം' എന്ന ഒരൊറ്റ പടത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള നാടക നടൻ പി കെ വേണുക്കുട്ടൻ നായരെ കാസ്റ്റ് ചെയ്തു. പേരിനൊരു തമാശ പോലും പറയാനില്ലാത്ത, വളരെ ഗൗരവസ്വഭാവമുള്ള ഒരു വേഷത്തിൽ ബഹദൂറിനെയും 'ഇട്ടു'.

കുറേക്കാലം കൊണ്ട് വളർന്നു വന്ന സ്വരചേർച്ചയില്ലായ്മ കാരണം ദേവരാജനെ ഇത്തവണയും മാറ്റിനിറുത്തിക്കൊണ്ട് സംഗീത സംവിധാനത്തിന്റെ ചുമതല എം എസ് വിശ്വനാഥനെ തന്നെ ഏൽപ്പിച്ചു.

പടത്തിന്റെ പ്രിവ്യൂ കണ്ടിറങ്ങിയ ആരും തന്നെ മോശം അഭിപ്രായം ഒന്നും പറഞ്ഞില്ല. ലൈംഗികത കൈകാര്യം ചെയ്തതിൽ സംവിധായകൻ കാട്ടിയ മിതത്വം പ്രത്യേകം പ്രശംസിക്കപ്പെട്ടു. ഷീലയുടെയും വിജയശ്രീയുടെയും വേഷങ്ങൾ, അവർ അന്നേ നാൾ വരെ കൈകാര്യം ചെയ്തു കണ്ടിട്ടില്ലാത്തവയായിരുന്നു. വയലാർ എഴുതിയ 'വീണപൂവേ, കുമാരനാശാന്റെ വീണപൂവേ', 'അഷ്ടപദി യിലെ നായികേ, യക്ഷഗായികേ' എന്നീ പാട്ടുകൾ എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ എല്ലാം കൊണ്ടും പുതുമയാർന്ന ചിത്രം. പ്രേക്ഷകരും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്ന് സംവിധായക നിർമ്മാതാക്കളായ ജ്യേഷ്ഠാനുജന്മാർക്ക് ഉറപ്പായിരുന്നു.1974 ഫെബ്രുവരി 22 ന് 'ജീവിക്കാൻ മറന്നുപോയ സ്ത്രീ' പ്രദർശനത്തിനെത്തി.

എന്നാൽ സേതുമാധവനെ ഞെട്ടിച്ചുകൊണ്ട് ചിത്രത്തെ പ്രേക്ഷകർ പാടെ തള്ളിപ്പറഞ്ഞു. അടിമുടി യുവത്വം തുടിച്ചുനിൽക്കുന്ന മോഹന്റെ നായികയായി ഷീലയെ -- അതും ഒരു കോളേജ് വിദ്യാർത്ഥിനിയുടെ വേഷത്തിൽ-- കാണികൾക്ക് ഒരിക്കലും ഉൾക്കൊള്ളാനായില്ല. രണ്ട് അഭിനേതാക്കളും തമ്മിൽ രൂപത്തിലും ഭാവത്തിലും ഒരു ചേർച്ചയുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

ജീവിക്കാൻ മറന്നുപോയ സ്ത്രീ
ജീവിക്കാൻ മറന്നുപോയ സ്ത്രീ

പടത്തിന്റെ പരാജയം സേതുമാധവനെ മാനസികമായി തകർത്തുകളഞ്ഞു. ഉറക്കവും മനസ്വാസ്ഥ്യവും നഷ്ടപ്പെട്ട്, വീടിനു പുറത്തേക്ക് ഇറങ്ങാതെ സദാസമയവും ഒരു മുറിയ്ക്കകത്ത് അടച്ചുപൂട്ടി ഇരിപ്പായി. ഒരിത്തിരി ഉറക്കം കിട്ടാനായി വിഷാദരോഗികൾക്ക് കൊടുക്കുന്ന കടുത്ത മരുന്നുകളെ അഭയം പ്രാപിക്കുന്ന അവസ്ഥയിലെത്തി. സേതുമാധവന്റെ ജീവിതത്തിലെ സർവസ്വവുമായിരുന്ന അമ്മയുടെ വാക്കുകൾക്ക് പോലും ഒരു സ്വാധീനവും ചെലുത്താനായില്ല. ആ സമയത്ത് സേതുമാധവൻ സംവിധാനം ചെയ്തുവരികയായിരുന്ന മഞ്ഞിലാസ് ചിത്രത്തിന്റെ പ്രവർത്തനങ്ങളെയൊക്കെ ഇത് വല്ലാതെ ബാധിച്ചു.

ആ അന്തരീക്ഷത്തിൽ നിന്നു മാറി നിൽക്കുന്നതിനായി ഒരു ദിവസം അദ്ദേഹം ഭാര്യയും മറ്റൊരു ബന്ധുവുമൊത്ത് തിരുപ്പതിയിലേക്ക് ഒരു യാത്ര പോയി. യാത്രയ്ക്കിടയിൽ കൈലാസകോണ എന്ന സ്ഥലത്തുള്ള നാരായണവനത്തിലെ വെള്ളച്ചാട്ടം കാണാനിറങ്ങി. സിനിമാക്കാരുടെ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനാണ് അത്. നിറയെ ടൂറിസ്റ്റുകളുമുണ്ടാകും. മനസിന്റെ സ്വാസ്ഥ്യം വീണ്ടു കിട്ടാതെ, ഒന്നിലും താത്പര്യം തോന്നാതെ മാറിയൊരിടത്തു നിന്ന സേതുമാധവനെ അവിടെ കണ്ട ഒരു ആശ്രമം ആകർഷിച്ചു. ആത്മീയ വഴിയേ സഞ്ചരിക്കണമെന്നായിരുന്നു സേതുമാധവന്റെ തീരെ ചെറുപ്പകാലം തൊട്ടുതന്നെയുള്ള ആഗ്രഹം.

അന്നാ ആശ്രമത്തിൽ വെച്ചു കണ്ട ആത്മീയാചാര്യന്റെ വാക്കുകളാണ് സേതുമാധവന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഏറെ നേരത്തിനു ശേഷം ആ ആശ്രമത്തിൽ നിന്ന് മടങ്ങുമ്പോൾ, ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയും വിശ്വാസവുമെല്ലാം വീണ്ടെടുത്ത ഒരു പുതിയ മനുഷ്യനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

ചട്ടക്കാരി
ചട്ടക്കാരി

പിന്നീടൊട്ടും വൈകിയില്ല. ചിത്രീകരണം ഒട്ടുമുക്കാലും തീർത്തുകഴിഞ്ഞിരുന്ന മഞ്ഞിലാസ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം പെട്ടെന്നു തന്നെ പൂർത്തിയാക്കി.1974 ലെ വിഷുദിനത്തിൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ ആദ്യത്തെ വർണ്ണ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി. തമിഴ് സിനിമയിലെ മുൻ നിര നായികമാരിലൊരാളായ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച ആ ചിത്രം മഞ്ഞിലാസിന്റെ ചരിത്രത്തിലെ മാത്രമല്ല സേതുമാധവന്റെ സിനിമാജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു --- 'ചട്ടക്കാരി.' ആ ചിത്രത്തിന്റെ റീമേക്ക് ചെയ്യാനായി ബോംബെയിലേക്ക് ക്ഷണിക്കപ്പെട്ട അദ്ദേഹം 'ജൂലി' എന്ന ആ ചിത്രത്തിലൂടെ മറ്റൊരു വിജയഗാഥ രചിച്ചു. മക്കൾ തിലകം എം ജി ആറിനെ ഇരട്ട വേഷങ്ങളിൽ അഭിനയിപ്പിച്ചുകൊണ്ട് 'യാദോം കി ബാരാത്തി'ന്റെ തമിഴ് റീമേക്കായ 'നാളേ നമതേ' സംവിധാനം ചെയ്തു. ഒരു വർഷം അഞ്ചും ആറും സിനിമകൾ സംവിധാനം ചെയ്യുന്നതിന്റെ തിരക്കുകളിൽ മുഴുകുന്ന നേരത്തും, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം അകന്നുമാറി കുടുംബത്തിന്റെ ഇത്തിരിവട്ടത്തിലേയ്ക്ക് ഒതുങ്ങിക്കൂടിയിരുന്ന തനിക്ക് മറ്റൊരിക്കൽ പോലും മനസിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ സേതുമാധവൻ സാർ അന്നാ സംഭവമോർമ്മിച്ചു കൊണ്ട് എന്നോട് പറഞ്ഞു.....

കേരള സർക്കാർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ഏർപ്പെടുത്തിയ ആദ്യവർഷത്തിൽ തന്നെ 'അടിമകൾ'ക്ക് അവാർഡ് നേടിയ കെ എസ് സേതുമാധവൻ പിന്നീട് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന അവാർഡുകൾ നേടി.'മറുപക്ക'ത്തി ലൂടെ തമിഴ് സിനിമയ്ക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. എന്നാൽ സേതുമാധവനോളം അർഹതയില്ലാത്ത മറ്റു പലർക്കും കൊടുത്ത ശേഷം എത്രയോ വൈകിയാണ് അദ്ദേഹത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്‌ക്കാരം തേടിച്ചെന്നത്. പി ഭാസ്കരനും എ വിൻസെന്റിനും കിട്ടാത്ത പത്മ പുരസ്‌ക്കാരം അദ്ദേഹത്തിനും ലഭിച്ചില്ല. എങ്കിലും ഒരു പരാതിയോ പരിഭവമോ പറയാതെ അവസാന നാൾ വരെ അങ്ങേയറ്റത്തെ മാന്യത പുലർത്തിക്കൊണ്ട് സേതുമാധവൻ ജീവിച്ചു. സ്വഭാവത്തിൽ ഉൾച്ചേർന്നിട്ടുള്ള ആത്മീയഭാവം കൊണ്ടാകാം സന്യാസ തുല്യമായ രീതിയിൽ എല്ലാത്തിനോടും സമചിത്തത പാലിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു സേതുമാധവൻ. അങ്ങനെയുള്ള ഒരാൾ ഒരിക്കൽ വേദനയോടെ ഒരു കാര്യം പറയുമ്പോൾ ദുഃഖത്തോടെ എനിക്കത് കേട്ടുനിൽക്കേണ്ടി വന്നു.

2006 ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. അതിലേക്ക് ക്ഷണിച്ചു വരുത്തിയ ഒരു അതിഥി ആയിരുന്നു കെ എസ് സേതുമാധവൻ. മേളയുടെ ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം രാവിലെ ഞാൻ കൈരളി തീയേറ്ററിന്റെ അകത്തേക്ക് കയറിച്ചെന്നപ്പോൾ ആദ്യം തന്നെ ശ്രദ്ധയിൽപ്പെട്ടത് അവിടുത്തെ ബഹളമയമായ അന്തരീക്ഷത്തിൽ നിന്നൊക്കെ അകന്നുമാറി ഒരിടത്ത് ഒതുങ്ങി നിൽക്കുന്ന സേതു സാറിനെയാണ്. ഞാൻ അടുത്തു ചെന്ന് പണ്ടൊരിക്കൽ ഇന്റർവ്യൂ ചെയ്യാനായി മദ്രാസിലെ വീട്ടിൽ ചെന്നുകണ്ട ഓർമ്മ പുതുക്കി. തീർത്തും അപരിചിതമായ ഒരു സ്ഥലത്ത് വെച്ച്, പണ്ടെപ്പോഴോ പരിചയപ്പെട്ടിട്ടുള്ള ഒരാളിനെ വളരെ ആകസ്മികമായി കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരു ആശ്വാസമാണ് ഞാൻ അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്.

അവിടെ തിങ്ങി നിറഞ്ഞിരുന്ന സിനിമാ പ്രവർത്തകരിലോ മാധ്യമ പ്രവർത്തകരിലോ പെട്ട ഒരാൾ പോലും, ഒരുകാലത്ത് മുഖ്യധാരാ മലയാള സിനിമയുടെ മെഗാഫോണേന്തിയിരുന്ന ആ വലിയ മനുഷ്യനെ ശ്രദ്ധിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അതിനെ കുറിച്ചെന്തോ ഞാൻ പരാമർശിച്ചപ്പോൾ വേദന കലർന്ന ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു.

"ഇന്നലെ രാത്രി ഞാൻ ഹോട്ടൽ മുറിയിലിരുന്ന് ടിവിയിൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനച്ചടങ്ങു കാണുകയായിരുന്നു. അവിടെ honour ചെയ്‌ത വ്യക്തികളുടെയൊക്കെ ഡീറ്റൈൽസ് എടുത്തെടുത്തു പറഞ്ഞുകൊണ്ടിരുന്ന മലയാളത്തിലെ പ്രധാനപ്പെട്ട ഒരു വാർത്താ ചാനൽ എന്റെ പേരൊന്നു mention ചെയ്യാൻ പോലും തയ്യാറായില്ല. അപ്പോൾ എനിക്കൊരു സംശയം തോന്നി. അത്രമാത്രം പ്രാധാന്യമർഹിക്കാത്ത ഒരാളായി തീർന്നിട്ടുണ്ടോ ഇപ്പോൾ ഞാൻ?"

എന്തുപറയണമെന്നറിയാതെ ഞാൻ തലകുനിച്ചു നിശബ്ദനായിനിന്നു.

മലയാളത്തിലെ വിശിഷ്ട സിനിമയുടെ മാത്രമല്ല, ഒരു കലയും വ്യവസായവുമെന്ന നിലയിലുള്ള മലയാള സിനിമയുടെ വളർച്ചയ്ക്ക് തന്നെ അടിത്തറ പണിഞ്ഞ മനുഷ്യനോട് എങ്ങനെയാണ് ക്ഷമാപണം നടത്തേണ്ടത്? മനസു കൊണ്ട് തലകുനിച്ച് ഈ വാക്കുകൾ ഉള്ളിൽ പറഞ്ഞുകൊണ്ട് അദ്ദേഹത്തോട് അന്നു ഞാൻ ക്ഷമ ചോദിച്ചു.

ഫെസ്റ്റിവൽ ജീവികളായ ന്യൂജൻ മലയാളിക്ക്, ഇന്ന് ആകെ മതിപ്പും ആരാധനയുമുള്ളത് അറബ് സിനിമയോടും കൊറിയൻ സിനിമയോടും പിന്നെ കിം കി ഡുക്കിനോടുമാണ്. അത്തരം സിനിമകളെയും ചലച്ചിത്രകാരന്മാരെയും മാത്രം കൊണ്ടാടാനുള്ള വേദിയാണ് ഇന്ന് ചലച്ചിത്രോത്സവങ്ങൾ. സിനിമയെ സ്നേഹിക്കുന്നവരുടെ എത്രയോ തലമുറകളെ മോഹിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയുമൊക്കെ ചെയ്ത അങ്ങ്, ഗുരുത്വദോഷികളായ ഞങ്ങൾ മലയാളികളോട് ദയവു ചെയ്ത് പൊറുക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in