എന്റെ സഹോദരന്റെ രക്തസാക്ഷിത്വം ആരോടെങ്കിലും കലഹിച്ചതുകൊണ്ടോ, ഏതെങ്കിലും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടോ ആണെന്ന് എതിരാളികള്‍പോലും ആരോപിച്ചിട്ടില്ല. സ്വന്തം ജീവത്യാഗം കൊണ്ട് അനേകായിരങ്ങളുടെ ആവേശമായി മാറുകയാണ് ചെയ്തത്. ആ രക്തസാക്ഷിത്വത്തിൽ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ സഹോദരൻ ജെയ്മോൻ ആൻഡ്രൂസ് എഴുതുന്നു
ലോക ചരിത്രം കണ്ട ഏറ്റവും പ്രധാനപ്പെട്ട രക്തസാക്ഷി നസ്രാണിയായ യേശു ആണെന്നത് കാലം അടയാളപ്പെടുത്തിയതാണ് യഹൂദരായ 'കണ്ടവന്മാരോട് ' അവരുടെ അനീതിക്കെതിരെ കലഹിച്ചു പോയതുകൊണ്ട് മാത്രം രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ലോക രക്ഷകന്‍. ലോകത്തിന്റെ പാപങ്ങള്‍ മുഴുവനും സ്വയം ഏറ്റെടുത്ത യഹൂദന്മാരുടെ പരമാവധി ശിക്ഷയായ കുരിശുമരണം സ്വയം ഏറ്റുവാങ്ങിയവന്‍. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആശയങ്ങള്‍ പ്രചരിപ്പിച്ചു എന്നതുകൊണ്ട് മാത്രം അധികാരി വര്‍ഗം നിഷ്ടൂരമായി കൊലപ്പെടുത്തിയ മനുഷ്യ സ്നേഹി. എന്നാല്‍ ക്രിസ്തുവിന്റെ അനുയായി എന്ന് അവകാശപ്പെടുന്ന ഒരു മേലധ്യക്ഷനിൽ നിന്നും, വിശ്വസിച്ച പ്രസ്ഥാനത്തിനോ ആശയത്തിനോ വേണ്ടി നിലനിന്നതിന്റെ പേരിൽ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട അനേകരായ രക്തസാക്ഷികളെ അടച്ചാക്ഷേപിക്കുന്ന അത്യന്തം ഹീനമായ പ്രസ്താവന ഉണ്ടായിരിക്കുന്നു.
ക്രിസ്തു മാത്രമല്ല ക്രിസ്തുവിന്റെ ശിക്ഷ്യന്മാരും അനുയായികളുമായി നിരവധിപ്പേർ ക്രിസ്തു മതത്തില്‍ വിശ്വസിച്ചതിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെയും പേരില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലും മറ്റും അധിനിവേശ ശക്തികള്‍ക്കെതിരായി സാധാരണ മനുഷ്യരോടൊപ്പം പോരാട്ടത്തിന് ഇറങ്ങി രക്തസാക്ഷികളായ നിരവധി പുരോഹിതന്‍മാരുടെ ചരിത്രവുമുണ്ട്.
ഇന്ത്യയിലേക്ക് വന്നാല്‍, ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ഇടയില്‍ അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവൃത്തിച്ചതിന്റെ പേരില്‍ മാത്രം ജീവന്‍ നഷ്ടമായ ധാരാളം ക്രിസ്ത്യന്‍ മിഷനറിമാരുമുണ്ട്. സംഘപരിവാര്‍ ശക്തികളാല്‍ കുടുംബത്തോടൊപ്പം ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സും, മലയാളിയായ സിസ്റ്റര്‍ റാണി മരിയയും, ഭരണകൂട ഭീകരതയുടെ ഇരയായി ജയിലില്‍ മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമിയും, തെക്കേ ഇന്ത്യയിലാണെങ്കിൽ ഈ അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ദൈവസഹായം പിള്ളയുമെല്ലാം ഉദാഹരണങ്ങളാണ്.
ലോക ചരിത്രത്തില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ രക്ത സാക്ഷിത്വം വരിച്ച മഹാന്മാരുടെ നീണ്ട നിരയുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും , ഹുന്ദുത്വ വാദികള്‍ വെടിവെച്ചുകൊന്ന ഗാന്ധിജിയും, ബ്രിട്ടീഷ് ഭരണ കൂടം തൂക്കിലേറ്റിയ ഭഗത് സിങ്ങും രാജ്ഗുരുവും ഉള്‍പ്പെടെയുള്ള ധീര ദേശാഭിമാനികളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജീവന്‍ പൊലിഞ്ഞ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ മറ്റനേകരും ആരോടെങ്കിലും 'വഴക്കോ കലഹമോ ' ഉണ്ടാക്കിയതാണ് രക്തസാക്ഷിത്വത്തിനു കാരണമെന്ന് അല്പം വിവേകമുള്ള ആരും പറയാന്‍ സാധ്യതയില്ല.
ഈ ചരിത്ര പശ്ചാത്തലത്തിൽ പാംപ്ലാനി പിതാവ് നടത്തിയ ഈ പ്രസ്താവന, ഇന്ന് അദ്ദേഹം ചേർന്ന് നില്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം 'തലക്ക് പിടിച്ച'തിന്റെ ഭാഗമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ ജനങ്ങള്‍ പൊതുവെ കാത്തുസൂക്ഷിക്കുന്ന ഒരു ഇടതുപക്ഷ മതനിരപേക്ഷ മനസ്സ് ഇവിടെ വര്‍ഗീയ ശക്തികള്‍ക്ക് കാര്യമായ വേരോട്ടം ഉണ്ടാക്കാനുള്ള സാഹചര്യമില്ലാതാക്കിയതാണ്. എന്നാല്‍ അധികാരത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ഇത്തരക്കാര്‍ എല്ലാക്കാലത്തും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ കേരളത്തിലെ ഇടതു സര്‍ക്കാരുകള്‍ പ്രത്യേകിച്ച് അര്‍ഹതപ്പെട്ടത് നല്‍കുക എന്നതും സ്വാധീനത്തിനു വഴിപ്പെടാതിരിക്കുക എന്നതുമായ നയം കൃത്യമായി സ്വീകരിക്കപ്പെട്ടത് ഇവരില്‍ ചിലരെ ചെറുതല്ലാത്ത വിധം അസ്വസ്ഥതപെടുത്തിയിട്ടുണ്ട്.
സമൂഹത്തിലെ ഒറ്റപ്പെട്ട അപലപനീയമായ ചില സംഭവങ്ങളെ സാമാന്യവത്കരിച്ച് മതസ്പര്‍ദ്ധ വളര്‍ത്തി, അധികാരത്തിന്റെ പങ്കുപറ്റാൻ വേണ്ടിയുള്ള ശ്രമം ചിലര്‍ നടത്തുമ്പോള്‍ അതിനെതിരായി ഒരു പൊതുവികാരവും സാമാന്യമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ ശ്രദ്ധിക്കുന്നത്. ഇത് ചിലരെ അസ്വസ്ഥമാക്കുന്നുണ്ട് എന്നാണ് ബിഷപ്പിന്റെ ഈ പ്രസ്താവനയിൽ മനസിലാക്കാൻ കഴിയുന്നത്. അദ്ദേഹം ഈ പ്രസംഗം നടത്തിയ ദേശം പോലും വര്‍ഗീയ കലാപത്തില്‍ മതശക്തികള്‍ അഴിഞ്ഞാടിയപ്പോള്‍ പള്ളി സംരക്ഷിക്കുന്നതിനു വേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളുടേതാണ്. 'മത രക്തസാക്ഷികള്‍ ' 'രാഷ്ട്രീയ രക്തസാക്ഷികള്‍ 'എന്ന വേർതിരിവ് സൃഷ്ടിച്ച് നിലവാരമില്ലാത്ത ഈ പ്രസ്താവനയെ ന്യായീകരിക്കാനുള്ള ശ്രമവും ഒരുവശത്ത് നടക്കുന്നുണ്ട്. എന്നാല്‍ അവനവനു വേണ്ടിയല്ലാതെ, സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും, ഇടപെടല്‍ നടത്തുകയും ചെയ്യുന്നവര്‍ ഏതു രാഷ്ട്രീയമോ, മതമോ, ആശയമോ പിന്തുടരുന്നവരായാലും അവഹേളിക്കുന്നത് സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ല എന്ന് തന്നെയാണ് അഭിപ്രായം.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരുന്നു എന്നതിന്റെ പേരില്‍ മാത്രം സ്വന്തം സഹോദരനെ നഷ്ടപ്പെട്ടയാളാണ് ഈ ലേഖകന്‍. എന്റെ സഹോദരന്റെ രക്തസാക്ഷിത്വം ആരോടെങ്കിലും കലഹിച്ചതുകൊണ്ടോ, ഏതെങ്കിലും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതുകൊണ്ടോ ആണെന്ന് എതിരാളികള്‍പോലും ആരോപിച്ചിട്ടില്ല. സ്വന്തം ജീവത്യാഗം കൊണ്ട് അനേകായിരങ്ങളുടെ ആവേശമായി മാറുകയാണ് ചെയ്തത്. മൂന്ന് പതിറ്റാണ്ടിനു ശേഷവും, ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും എനിക്കും എന്റെ മാതാപിതാക്കള്‍ക്കുമെല്ലാം കിട്ടുന്ന സ്നേഹവും ആദരവും ആ രക്തസാക്ഷിത്വത്തിന്റെ പേരിലാണ്. അതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍.
ഏതു പക്ഷത്തേക്ക് പാലം ഇടുന്നതിന്റെ ഭാഗമായിട്ടാണെങ്കിലും രക്തസാക്ഷികളെ അപമാനിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പൊതു സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന കാര്യത്തില്‍ സംശയമില്ല . ഇത്തരം ശ്രമങ്ങൾ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ സമൂഹത്തില്‍ കൂടുതല്‍ തിളക്കത്തോടെ നിലനിർത്താന്‍ മാത്രമേ സഹായിക്കൂ എന്ന് അതിനു മുതിരുന്നവര്‍ ഓര്‍ത്താല്‍ നല്ലത്.
'നിന്നെ കൊന്ന നിയമം
ഇതാ വിശുദ്ധന്റെ വസ്ത്രമണിഞ്ഞ് പാപികള്‍ക്കു മാപ്പു നല്കുന്നു. ന്യായാധിപര്‍ കൈ കഴുകുന്നു.
നീ മരിച്ചതിന് അവര്‍ക്ക് തെളിവുകളില്ല. പക്ഷേ, നീ ജീവിച്ചിരുന്നതിന് ഞങ്ങള്‍ക്ക് തെളിവുകളുണ്ട്.'
കവി സച്ചിതാനന്ദന്റെ വാക്കുകള്‍ ഒരിക്കല്‍കൂടി ബഹുമാനപ്പെട്ട പിതാവിനെ ഓര്‍മ്മപ്പെടുത്തുന്നു.