ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 

ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 

Published on

ജോക്കര്‍, കാഴ്ചയിലെയും ആസ്വാദനത്തിലെയും അനുഭവം, കഥാകൃത്ത് വിവേക് ചന്ദ്രന്റെ നിരൂപണം

എഴുപതുകളുടെ അവസാനത്തില്‍ മധ്യവയസ്‌കനായിരുന്ന ഒരു പാവം കൊമാളിയാണ് (clown) അര്‍തര്‍ ഫ്‌ലെക്ക് (ഹ്വക്കിന്‍ ഫീനിക്‌സ്). ഗോഥം നഗരത്തില്‍ നിലനില്‍ക്കുന്ന ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം സമൂഹത്തിന്റെ എല്ലാ തുറകളിലും ക്ഷോഭവും ഉന്മാദവും നിറച്ചുകൊണ്ടിരിന്ന കാലത്താണ് അര്‍തര്‍ ജീവിച്ചിരുന്നത്. ഏതൊരപരിചിതനേയും തെരുവില്‍ വെച്ചാക്രമിക്കാനും, താഴ്ന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന നിസ്സാരരായ മനുഷ്യര്‍ക്ക് പോലും കൈത്തോക്ക് അരയില്‍ സൂക്ഷിച്ച് നിര്‍ബാധം നഗരത്തിലൂടെ അലയാനുംമാത്രം നിയമക്രമം (public order) നശിച്ചുതുടങ്ങിയ ഒരു സമൂഹമായി ഗോഥം അപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്നു. നഗരത്തിലെ താഴ്ന്ന വരുമാനക്കര്‍ക്കുള്ള പഴകിദ്രവിച്ച് ഏതാണ്ട് നിലംപൊത്താറായ അപ്പാര്‍ട്ടുമെന്റില്‍ രോഗിയായ അമ്മയ്‌ക്കൊപ്പമാണ് അര്‍തര്‍ ജീവിക്കുച്ചിരുന്നത്. നിറഞ്ഞുജീവിക്കാന്‍ അയാള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല, മനസ്സുതുറന്ന് ഒരിക്കല്‍പോലും അയാള്‍ ചിരിച്ചിട്ടില്ല. പരിസരം മറന്ന് അനിയന്ത്രിതമായി പൊട്ടിച്ചിരിച്ചുപോകുന്ന മനോരോഗവും പേറി അര്‍തര്‍ പലയിടങ്ങളില്‍ അലയുന്നു, പല ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുന്നു. താന്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ വേരുറപ്പിച്ചുതുടങ്ങിയ വിഫലതാബോധവും (negativity), താന്‍ ഇടപെടുന്ന മനുഷ്യരുടെ അലിവില്ലായ്മയും അയാളെ കൂടുതല്‍ ഏകാകിയും അന്തര്‍മുഖനുമാക്കി മാറ്റുന്നു.

ഏകാന്തനിമിഷങ്ങളില്‍ അര്‍തര്‍ ദിനസരിപുസ്തകം (journal) തുറന്ന് അതില്‍ തന്റെ ജീവിതത്തെ കുറിച്ച് അങ്ങേയറ്റം അശുഭപ്രതീക്ഷ (pessimism) കലര്‍ന്ന ഒറ്റവരികള്‍ (aphorism) എഴുതി സൂക്ഷിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ അമ്മയെ കിടത്തിയതിനുശേഷം സ്വയം ആസ്വദിച്ചുചെയ്യുന്ന നൃത്തമായി അയാളില്‍ അടിഞ്ഞുകൂടിയ അപകര്‍ഷതബോധം ചിലപ്പോഴൊക്കെ വെളിപ്പെടുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് തുരുമ്പിച്ചുപോയ ഗോഥം നഗരത്തിന്റെ അവസ്ഥ ചെറിയ അനുഭവങ്ങളായി അര്‍തറിനെ ബാധിച്ചുതുടങ്ങുന്നു. അതിന്റെ മൂര്‍ധന്യത്തിലാണ് അര്‍തറിന് തന്റെ ജന്മരഹസ്യം വെളിവാകുന്നത്. തനിക്ക് പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട പല ഭേദപ്പെട്ട ജീവിതാനുഭവങ്ങള്‍ പോലും തന്റെ മനസ്സിന്റെ സ്ഥിരതയില്ലായ്മകൊണ്ടുണ്ടായ മായക്കാഴ്ചകളാണ് എന്നയാള്‍ വേദനയോടെ തിരിച്ചറിയുന്നുണ്ട്. താന്‍ ജീവിക്കുന്ന നഗരത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍ താനാണെന്ന സത്യം അര്‍തര്‍ പതിയെ ഉള്‍ക്കൊള്ളുന്നു. അതോടെ അയാളില്‍ അത്രകാലമായി അടിഞ്ഞുകൂടിയിരുന്ന അക്രമവാസനയും ഉന്മാദവും എല്ലാ നിയന്ത്രണങ്ങളുംവിട്ട് പുറത്തുവരുന്നുണ്ട്. ഇതേസമയം ഭരണകൂടത്തിന് എതിരായി രൂപപ്പെട്ട പ്രക്ഷോഭം അര്‍തര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലൂടെ കൂടുതല്‍ ശക്തമാവുകയും അത് പതിയെ ജോക്കര്‍ മുഖംമൂടിവെച്ച അസാന്മാര്‍ഗികളുടെയും ഉന്മാദികളുടെയും ഒരു മതമായി (cult) രൂപപ്പെടുകയും ചെയ്യുന്നു. ഗോഥം നഗരത്തിനെ ജോക്കര്‍ ബാധിക്കുന്നത് അങ്ങനെയൊക്കെയാണ്.

ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 
‘ജോക്കര്‍ ഹീറോയല്ല’; അറോറ തിയേറ്റര്‍ വെടിവെയ്പ് ഇരകള്‍ക്കൊപ്പമെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ്

ജോക്കര്‍ എന്ന സമൂഹഉന്മാദം

ഒരു പരാജയപ്പെട്ട മനുഷ്യന്റെ സൂക്ഷ്മമായ close character studyല്‍ തുടങ്ങി JOKER CULTന്റെ ഉദയം വരെയുള്ള കാലത്തെ കഥയാണ് സിനിമ പറയുന്നത്. ഇത് ഒരു കോമാളിയുടെ മാത്രം കഥയല്ല, ഒരു നഗരത്തിനെ മുഴുവനായും ബാധിച്ച ഉന്മാദത്തിന്റെ കഥയാണ് എന്ന് THE ചേര്‍ക്കാത്ത JOKER എന്ന ടൈറ്റിലില്‍ നിന്നും വ്യക്തമാണ്. ആ കഥയില്‍ ഗോഥത്തിന്റെ മേയര്‍ സ്ഥാനാര്‍ഥിയും ധനികനുമായ തോമസ് വെയിനുണ്ട്, അയാളുടെ മകന്‍ (പില്‍ക്കാലത്ത് ബാറ്റ്മാനായി മാറുന്ന) ബ്രൂസ് ഉണ്ട്. JOKERല്‍ നമ്മള്‍ കാണുന്ന ബാലനായ ബ്രൂസും മധ്യവയസ്‌കനായ ജോക്കറും തമ്മിലുള്ള പ്രായവ്യത്യാസത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന രസകരമായ ഒരു കാര്യമുണ്ട്. ഹ്വക്കിന്‍ ഫീനിക്‌സ് അവതരിപ്പിച്ച അര്‍തര്‍ എന്ന കഥാപാത്രം ആരംഭിക്കുന്ന ജോക്കര്‍ കള്‍ട്ടിലെ വെറുമൊരു അനുയായി മാത്രമായിരിക്കാം ഒരുപക്ഷെ പില്‍ക്കാലത്ത് ബാറ്റ്മാന്റെ എതിരാളിയായി വരുന്ന ഹീത്ത് ലെഡ്ജര്‍ അവതരിപ്പിച്ച ജോക്കര്‍. കഥയുടെ ദര്‍ശനം മാറുമ്പോള്‍, അര്‍തര്‍ പൊടുന്നനെ ഒരു കലാപകാരിയായി, working class hero ആയി രൂപാന്തരം പ്രാപിക്കുന്നു. അതേസമയം ആര്‍ജ്ജിതസ്വത്തും, പാരമ്പര്യവും, അധികാരവും കൈയ്യാളുന്ന ബ്രൂസ് വെയിന്റെ കഥാപാത്രം പൊടുന്നനെ വെറും കാല്‍പനികനായ ദേശീയവാദി മാത്രമായി ചുരുങ്ങിപ്പോകുന്നു. ട്രെയിലര്‍ ഇറങ്ങിയതുമുതല്‍തന്നെ JOKERന് കിട്ടിവരുന്ന സ്വീകാര്യത ഒട്ടും യാദൃശ്ചികമല്ല, ഗോഥം നഗരത്തിന്റെ എഴുപതുകളിലെ അഭ്യന്തര അവസ്ഥ ഇന്നത്തെ ലോകക്രമത്തില്‍ ഏതൊരു വികസ്വര രാഷ്ട്രത്തിന്റെയും സാമ്പത്തിക, സാമൂഹിക അവസ്ഥയുമായി സാമ്യം തോന്നുന്ന ഒന്നാണ്.

ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 
റൊമീറോ മുതല്‍ ഫീനിക്‌സ് വരെ; സൈക്കോ സൂപ്പര്‍ വില്ലനെ മാസാക്കിയത് ഇവര്‍

ഏകാന്തത: കലാപത്തിന്റെ പണിപ്പുര

1983ല്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ സംവിധാനം ചെയ്ത് റോബര്‍ട്ട്-ഡി-നീറോ അഭിനയിച്ച കിംഗ് ഓഫ് കോമഡി എന്ന ചിത്രത്തിലെ ടെലിവിഷനില്‍ ടോക്ക്‌ഷോ നടത്തുന്ന രസികനായ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഈ സിനിമയിലെ മുറേ ഫ്രാങ്ക്‌ലിന്‍ (റോബര്‍ട്ട്-ഡി-നീറോ) എന്ന കഥാപാത്രം. എന്നാല്‍ ഡി-നീറോയും സ്‌കോര്‍സെസെയുമായുള്ള ഈ സിനിമയുടെ ബന്ധം അവിടെ തീരുന്നില്ല. സ്‌കോര്‍സെസെയുടെ ഏറ്റവും വലിയ ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ടാക്‌സി ഡ്രൈവര്‍ (1976) ലെ ഡി-നീറോ തകര്‍ത്തഭിനയിച്ച ട്രാവിസ് ബിക്കിള്‍ ആയിരിക്കാം ഒരുപക്ഷെ അര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രത്തിന്റെ പൂര്‍വ്വമാതൃക. എഴുപത്തിയഞ്ചില്‍ വിയത്‌നാം യുദ്ധത്തിനുശേഷം അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ നിരാശയോടെ ഉറക്കമില്ലാതെ കലങ്ങിച്ചുവന്ന കണ്ണുകളോടെ ടാക്‌സി ഓടിച്ചുനടന്ന പഴയ പട്ടാളക്കാരനായ ട്രാവിസ്. അയാള്‍ തന്റെ വിരസമായ ഒഴിവുവേളയില്‍ ഉന്മാദം പൂക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയെ വധിക്കാന്‍ പദ്ധതിയിടുകയും അതിനായി വാങ്ങിയ തോക്കിനെ താലോലിച്ച് രാത്രിമുഴുവന്‍ ചിലവഴിക്കുകയും ചെയ്യുന്നു. ഇതിനു സമാനമായ രംഗങ്ങള്‍ JOKERല്‍ കാണാം. അതുപോലെ സാമ്യം തോന്നിയ രംഗമാണ് അര്‍തര്‍ സോഫിയുമായി കോഫീ ഷോപ്പില്‍ ഇരിക്കുന്ന രംഗം, ഏതാണ്ട് അതേയിടത്ത് തന്നെയാണ് ട്രാവിസും അയാളുടെ കാമുകി ബെറ്റ്‌സിയും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇരുന്ന് സംസാരിച്ചത്. എന്നാല്‍ ട്രാവിസ് കഥാന്ത്യത്തില്‍ രാജ്യത്തിന്റെ ആരാധന (national hero) ഏറ്റുവാങ്ങുമ്പോള്‍ അര്‍തര്‍ രാജ്യം അന്വേഷിക്കുന്ന കുറ്റവാളിയായി നിലനില്‍ക്കുന്നു

എല്ലുകള്‍ വളയ്ക്കുന്ന വിഷാദം

പരാജിതനായ, വിഷാദവാനായ മനുഷ്യനാണ് ഹ്വക്കിന്‍ ഫീനിക്‌സ് അവതരിപ്പിക്കുന്ന അര്‍തര്‍. അകം കുഴിഞ്ഞ് കുറ്റിയാനായ അയാളെ ആദ്യനോട്ടത്തില്‍ നമ്മള്‍ ഗൌരവത്തില്‍ എടുത്തില്ലെന്നുവരാം. അമ്മയെ കരുതലോടെ നോക്കുന്ന, വലിയ സ്‌നേഹം മനസ്സില്‍ സൂക്ഷിക്കുന്ന അയാളുടെ കണ്ണില്‍ പക്ഷെ വേദനയുടെ തിളക്കമുണ്ട്. അര്‍തറിന്റെ പലസ്ഥായികളിലുള്ള പൊട്ടിച്ചിരികള്‍ താന്‍ നില്‍ക്കുന്ന ചുറ്റുപാടില്‍ നിന്നും മാറുന്ന നിമിഷം മറഞ്ഞുപോകുന്നു, അയാള്‍ ഉള്ളില്‍ത്തട്ടി ഒരിക്കല്‍പ്പോലും ചിരിക്കുന്നില്ല. സംഗീതം അയാളില്‍ സൃഷ്ടിക്കുന്ന രാസമാറ്റം അത്ഭുതാവഹമാണ്, തീവ്രമായ മതിഭ്രമത്തില്‍പ്പെട്ട് അയാള്‍ എല്ലുകള്‍ നുറുങ്ങിയും പുളഞ്ഞും നൃത്തച്ചുവടുകള്‍ വെക്കുമ്പോള്‍ തിരശീലയുടെ ഒരറ്റത്തുനിന്നും ഭയം അരിച്ചുകയറുന്നു. ഒന്ന് ചാരി നില്ക്കാന്‍ ഒരു മനുഷ്യനില്ലാതെയാവുമ്പോള്‍, തന്റെ ജന്മരഹസ്യം അറിഞ്ഞ് അപഹസ്യനാവുമ്പോള്‍, തന്റെ ജീവിതത്തില്‍ സംഭവിച്ച ഓരോ പിഴവിന്റെയും തുടക്കം മനസ്സിലാവുമ്പോള്‍, നഗരത്തില്‍ രൂപപ്പെട്ടുതുടങ്ങുന്ന കലാപത്തിന്റെ അനുരണങ്ങള്‍ തന്റെ വ്യക്തിജീവിതത്തില്‍ അനുഭവിച്ചുതുടങ്ങുമ്പോള്‍, ഒക്കെ അര്‍തറില്‍ ഉണ്ടാവുന്ന ഹിംസ എത്ര തീക്ഷണമായാണ് ഹ്വക്കിന്‍ ഫീനിക്‌സിന്റെ ചായം തേച്ച മുഖത്ത്/ വഴക്കമുള്ള ശരീരത്തില്‍ വെളിപ്പെടുന്നത്. ചുമലെല്ലുകള്‍ വളച്ച് നീളന്‍ മുടി മുഖത്തേക്ക് വീഴ്തി നിരാശയോടെ അയാള്‍ തന്റെ തമാശകള്‍ കുറിച്ചുവെക്കുന്ന പുസ്തകത്തിലേക്ക് തലകുനിച്ചിരിക്കുമ്പോള്‍ എന്റെയുള്ളില്‍ ടാക്‌സി ഡ്രൈവറിലെ ഒരു വരി മുഴങ്ങിക്കേള്‍ക്കുന്നു, 'Loneliness has followed me my whole life, everywhere. There's no escape. I'm God's lonely man'. ആ നിമിഷത്തില്‍ അയാള്‍ ഞാനാണ്, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ !

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in