സമരങ്ങളുടെ രാഷ്ട്രീയവും, അരാഷ്ട്രീയവും

സമരങ്ങളുടെ രാഷ്ട്രീയവും, അരാഷ്ട്രീയവും
Published on

തെരുവുകളിലാണ്‌ എക്കാലവും സമരങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്‌. വേദി നഷ്‌ടപ്പെട്ട നാടകം പോലെയാണ്‌ തെരുവുകളില്‍ നിന്ന്‌ അകലം പാലിക്കുന്ന സമരങ്ങള്‍. പരമ്പരാഗതമായ അരങ്ങ്‌ സങ്കല്‍പ്പങ്ങളോട്‌ കലഹിക്കുന്ന നാടക പരീക്ഷണങ്ങള്‍ പോലും എത്തിച്ചേരുന്നത്‌ തെരുവ്‌ എന്ന വേദിയിലാണ്‌. അനേകം വിനിമയ സാധ്യതകള്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ കാലത്ത്‌ പോലും തെരുവ്‌ എന്ന സമരവേദിയുടെ പ്രസക്തി ഇല്ലാതാകുന്നില്ല. അധികാരികളോടുള്ള പ്രതികരണത്തിനും പ്രതിഷേധത്തിനുമുള്ള ഏറ്റവും പ്രായോഗികവും പ്രഹരശേഷിയുമുള്ള സമരവേദി തെരുവുകള്‍ തന്നെയാണ്‌.

അടുത്ത കാലത്ത്‌ നടന്ന ലോകശ്രദ്ധ ആകര്‍ഷിച്ച സമരങ്ങള്‍ തെരുവുകളെ കലാപഭൂമികളാക്കി മാറ്റിയാണ്‌ സാക്ഷാത്‌കരിക്കപ്പെട്ടത്‌. യുഎസില്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപരിച്ച `ബ്ലാക്ക്‌സ്‌ ലൈവ്‌സ്‌ മാറ്റര്‍' പ്രക്ഷോഭം, ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതിക്കും കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുമുള്ള സമരങ്ങള്‍ തുടങ്ങിയവയെല്ലാം തെരുവുകളെയും നഗരപാതകളെയും സ്‌തംഭിപ്പിച്ചുകൊണ്ടാണ്‌ മുന്നോട്ടുനീങ്ങിയത്‌. ദിവസങ്ങളോളം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഏതെങ്കിലും തരത്തില്‍ തടസപ്പെടുത്തി കൊണ്ടുതന്നെയാണ്‌ ഈ സമരങ്ങള്‍ നടന്നത്‌. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും തൊഴില്‍ ചെയ്യാനുള്ള അവകാശത്തെയും ബാധിച്ച ഈ സമരങ്ങളെ പക്ഷേ ജനങ്ങള്‍ തന്നെ അംഗീകരിച്ചത്‌ അവയുടെ രാഷ്‌ട്രീയമായ ഉദ്ദേശ്യശുദ്ധിമുന്‍നിര്‍ത്തിയാണ്‌. ഗൗരവതരമായ വലിയ നഷ്‌ടങ്ങളും അനീതിയും നേരിടുന്നവര്‍ക്ക്‌ തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അനുവദിച്ചു കിട്ടുന്നതിനുള്ള അനിവാര്യമായ പ്രക്ഷോഭങ്ങള്‍ എന്ന നിലയിലാണ്‌ അവ ജനങ്ങളുടെ സ്വീകാര്യത നേടിയെടുത്തത്‌.

അനീതിക്ക്‌ ഇരയാകുന്നവരുടെ സ്വാഭാവിക പ്രതികരണമാകുമ്പോഴാണ്‌ സമരങ്ങള്‍ ജൈവികരൂപം ആര്‍ജിക്കുന്നത്‌. എന്നാല്‍ അവ രാഷ്‌ട്രീയ കക്ഷികളുടെ തിണ്ണമിടുക്ക്‌ പ്രകടിപ്പിക്കുന്നതിന്‌ മാത്രമായ ഒരു ആചാരമായി മാറുമ്പോള്‍ അതിന്‌ ജൈവിക സ്വഭാവം നഷ്‌ടപ്പെടുന്നു. ജനജീവിതത്തെ തടസപ്പെടുത്തുന്ന ശല്യക്കാര്‍ മാത്രമായി അത്തരം സമരങ്ങളുമായി തെരുവിലിറങ്ങുന്നവര്‍ മാറുന്നു.

ജൈവികമായ രാഷ്‌ട്രീയത്തിന്റെ അന്തസത്ത നഷ്‌ടപ്പെട്ട, അധികാരത്തെ ലക്ഷ്യമിട്ട്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക്‌ മാത്രമായി മിക്കവാറും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പാര്‍ട്ടികളുടെ കൈയില്‍ സമരങ്ങള്‍ കേവല ആചാരങ്ങളായി മാത്രം മാറുമ്പോഴാണ്‌ അവ ജനദ്രോഹകരമാകുന്നത്‌. അധികാര രാഷ്‌ട്രീയത്തെ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ പാര്‍ട്ടികളില്‍ സംഭവിക്കുന്ന അരാഷ്‌ട്രീയവല്‍ക്കരണമാണ്‌ ഇതിന്‌ കാരണം. അടുത്തിടെ ലോകം ഉറ്റുനോക്കിയ ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ഏതെങ്കിലും വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ നയിച്ചതല്ല എന്നത്‌ ഏറെ ശ്രദ്ധേയമായ വസ്‌തുതയാണ്‌. പൗരത്വ നിയമ ഭേദഗതിക്കും കാര്‍ഷിക ബില്ലുകള്‍ക്കുമെതിരായ സമരങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ അനീതിക്ക്‌ ഇരകളായ ഒരു വിഭാഗം ജനങ്ങളാണ്‌. ഈ സമരങ്ങളെ പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടികള്‍ പിന്തുണച്ചുവെന്ന്‌ മാത്രം. ആ പാര്‍ട്ടികള്‍ രൂപം കൊടുക്കുകയോ �നടപ്പിലാക്കുകയോ ചെയ്‌ത സമരങ്ങള്‍ ആയിരുന്നില്ല അവ.

സമീപകാലത്ത്‌ കേരളത്തിലും ഇന്ത്യയിലും നടന്ന ജൈവികമായ സമരങ്ങളോട്‌ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടുകളും ഇതിനോട്‌ ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. ആദിവാസികളുടെ ഭൂമേഖലയെ വെള്ളത്തിലാഴ്‌ത്തുന്ന പദ്ധതിക്കെതിരെ മേധാപട്‌കറുടെ നേതൃത്വത്തില്‍ നര്‍മദാ ബചാവോ ആന്ദോളന്‍ നടത്തിയ സമരത്തിന്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണ കാര്യമായി ലഭിച്ചിരുന്നില്ല. ചെങ്ങറ ഭൂസമരത്തെ തകര്‍ക്കാനാണ്‌ ഇടതുപക്ഷം എന്ന്‌ അവകാശപ്പെടുന്ന സിപിഎം പോലുള്ള പാര്‍ട്ടികള്‍ ശ്രമിച്ചത്‌. ആദിവാസികളെയും ദളിതരെയും പോലുള്ള പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും പ്രക്ഷോഭങ്ങള്‍ നയിക്കാനും ഇത്തരം പാര്‍ട്ടികള്‍ എപ്പോഴും വൈമുഖ്യമാണ്‌ പ്രകടിപ്പിക്കുന്നത്‌.

മുഖ്യധാരാ രാഷ്‌ട്രീയത്തിന്‌ സംഭവിച്ചിരിക്കുന്ന അരാഷ്‌ട്രീയവല്‍ക്കരണമാണ്‌ ഈ വിമുഖതയുടെ കാരണം. ഇടതുപക്ഷമെന്ന ലേബലൊട്ടിച്ചിരിക്കുന്ന പാര്‍ട്ടികള്‍ പ്രായോഗിക തലത്തില്‍ ഒട്ടേറെ `സൗകര്യപ്രദമായ' വലതുപക്ഷ നിലപാടുകളിലേക്ക്‌ മാറുമ്പോള്‍ ഇത്തരം സമരങ്ങള്‍ ഏറ്റെടുക്കുക അസാധ്യമായി വരുന്നു. പ്രശ്‌നാധിഷ്‌ഠിത രാഷ്‌ട്രീയത്തില്‍ നിന്നും വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിലേക്ക്‌ മാറുമ്പോള്‍ പാര്‍ട്ടികളുടെ പരിഗണനകളിലും മുന്‍ഗണനകളിലും വലിയ വെള്ളംചേര്‍ക്കലുകള്‍ സംഭവിക്കുന്നു. അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള സമരങ്ങളോട്‌ അവ വിമുഖത കാട്ടുകയും ഹര്‍ത്താലുകള്‍, വഴിതടയലുകള്‍ തുടങ്ങിയ സമര പ്രതീതി മാത്രം സൃഷ്‌ടിക്കുന്ന ആചാരങ്ങളില്‍ തൃപ്‌തിയടയുകയും ചെയ്യുന്നു.

സമരങ്ങളും സമര പ്രതീതിയും തമ്മില്‍ വലിയ അകലമുണ്ട്‌. അത്‌ രാഷ്‌ട്രീയവും അധികാര രാഷ്‌ട്രീയവും തമ്മിലുള്ള അകലം കൂടിയാണ്‌. ജനകീയ പ്രശ്‌നങ്ങളെ രാഷ്‌ട്രീയമായി അഭിമുഖീകരിക്കാനുള്ള സന്നദ്ധതയോ ആര്‍ജവമോ ഇല്ലാത്ത പൊളിറ്റിക്കല്‍ പ്രൊഫഷണലുകള്‍ നയിക്കുന്ന സംഘങ്ങള്‍ മാത്രമായി മുഖ്യധാരാ പാര്‍ട്ടികള്‍ രാഷ്‌ട്രീയമായി ചുരുങ്ങിപ്പോയതിന്റെ ഫലം എന്ന നിലയിലാണ്‌ ഈ അകലം സംഭവിച്ചത്‌.

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച്‌ നടത്തുന്ന ജനദ്രോഹത്തോട്‌ എറണാകുളം വൈറ്റിലയിലെ ഒരു പാതയില്‍ കുറച്ചുനേരം വഴിതടഞ്ഞ്‌ പ്രതിഷേധിച്ചാല്‍ അത്‌ സമരമായി എന്ന്‌ കരുതുന്ന നിലയിലേക്ക്‌ ഈ പാര്‍ട്ടികളുടെ പാപ്പരത്തം എത്തിനില്‍ക്കുന്നത്‌ അവയുടെ അരാഷ്‌ട്രീയവല്‍ക്കരണത്തിനുള്ള മറ്റൊരു ഉദാഹരണം മാത്രമാണ്‌. കോവിഡ്‌ കാലത്ത്‌ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമായി തീര്‍ന്നപ്പോള്‍ ലോകത്തെ മറ്റു പല സര്‍ക്കാരുകളും ചെയ്‌തതു പോലുള്ള സാമ്പത്തിക പിന്തുണ അവര്‍ക്ക്‌ നല്‍കുന്നതിനു പകരം അവരുടെ ജീവിതം കൂടുതല്‍ കഷ്‌ടതരമാക്കും വിധം ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ത്തുന്നത്‌ സമകാലിക ലോകത്തു തന്നെ സമാനതയില്ലാത്ത ഒരു ഭരണകൂട അനീതിയാണ്‌. അതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. പൗരത്വ നിയമ ഭേദഗതിക്കും കാര്‍ഷിക ബില്ലുകള്‍ക്കും എതിരായ പ്രക്ഷോഭങ്ങള്‍ക്ക്‌ സമാനമായ സമരങ്ങള്‍ നമ്മുടെ തെരുവുകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന്‌ നേതൃത്വം നല്‍കേണ്ടവരാണ്‌ കേരളത്തിലെ ഒരു നഗരത്തിലെ ഒരു പാതയില്‍ വഴി തടഞ്ഞ്‌ തങ്ങളും പ്രതിഷേധിച്ചുവെന്ന്‌ വരുത്തിതീര്‍ക്കുന്നത്‌.

2018ല്‍ ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സില്‍ നടന്ന പ്രക്ഷോഭം ഈ അവസരത്തില്‍ സ്‌മരണീയമാണ്‌. ദിവസങ്ങളോളം രാജ്യത്തെ സ്‌തംഭിപ്പിക്കുന്നതിനാണ്‌ ഫ്രാന്‍സിലെ മഞ്ഞ മേല്‍ക്കുപ്പായ മണിഞ്ഞവരുടെ പ്രക്ഷോഭം വഴിവെച്ചത്‌. അതിനെ തുടര്‍ന്ന്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണിന്‌ ഇന്ധന വില വര്‍ധന പിന്‍വലിക്കേണ്ടി വന്നു.

പൗരത്വ നിയമ ഭേദഗതിക്കും കാര്‍ഷിക ബില്ലുകള്‍ക്കും എതിരായ പ്രക്ഷോഭങ്ങള്‍ മൂലമാണ്‌ രണ്ട്‌ നിയമങ്ങളും മരവിപ്പിച്ചു നിര്‍ത്താന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ ജനരോഷം ഭയന്ന്‌ പിന്നോക്കം പോകുന്നതാണ്‌ ഈ രണ്ട്‌ പ്രശ്‌നങ്ങളിലും നാം കണ്ടത്‌. അധികാരികളെ അത്തരം തീരുമാനങ്ങളിലേക്ക്‌ നയിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രക്ഷോഭങ്ങളാണ്‌ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ഉണ്ടാകേണ്ടത്‌. അല്ലാതെ സാധാരണ നിലയില്‍ പോലും ട്രാഫിക്‌ സ്‌തംഭനം മൂലം ഇഴയുന്ന ഒരു നഗര പാതയില്‍ ജനങ്ങളെ വഴിതടഞ്ഞുകൊണ്ടല്ല ഒരു ജനകീയ പ്രശ്‌നത്തിന്റെ പേരിലുള്ള സമരം നടത്തേണ്ടത്‌.

ലക്ഷ്യത്തിലെത്തില്ലെന്ന്‌ അത്രയേറെ ഉറപ്പുണ്ടായിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്ന ഒരേയൊരു കാര്യത്തില്‍ ഒതുങ്ങുന്ന ഇത്തരം വിലക്ഷണമായ സമര പ്രയോഗങ്ങള്‍ നടത്തുന്ന അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട രാഷ്‌ട്രീയക്കാരോട്‌ ജനങ്ങള്‍ പ്രതികരിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌. ഖാദി കുപ്പായമിട്ട അരാഷ്‌ട്രീയത മുഖമുദ്രയായ കക്ഷിരാഷ്‌ട്രീയക്കാരോട്‌ ഒരു നടന്‍ സിനിമാ സ്റ്റൈലില്‍ പ്രതികരിക്കുന്നതിന്‌ ജനം കൈയടിക്കുന്ന ക്ഷുദ്രരംഗമാകരുത്‌ ഇന്ധന വില വര്‍ധനയും ജനദ്രോഹവും എന്ന ഗൗരവമേറിയ രാഷ്‌ട്രീയ നാടകത്തിന്റെ ഹൈലൈറ്റ്‌. മാക്രോണിനെ പോലെ മോദി ജനങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുകുത്തുന്ന കാഴ്‌ചയാണ്‌ ക്ലൈമാക്‌സില്‍ അന്തിമമായി നമുക്ക്‌ കാണേണ്ടത്‌. അത്‌ സംഭവ്യമാക്കാന്‍ രാഷ്‌ട്രീയ നാടകത്തിന്റെ ധര്‍മത്തെയും സാക്ഷാത്‌കാരത്തെയും കുറിച്ചുള്ള ഉത്തമബോധ്യത്തോടെ തെരുവ്‌ എന്ന വിശാലവേദിയിലേക്ക്‌ ഇറങ്ങിത്തിരിക്കുകയാണ്‌ ചെയ്യേണ്ടത്‌.

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണത്തില്‍ അവരുടെ രാഷ്‌ട്രീയമായ പാപ്പരത്തം ഒന്നുകൂടി വ്യക്തമാകുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട തോല്‍വിയെ തുടര്‍ന്ന്‌ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ്‌ തീരുവ യഥാക്രമം അഞ്ച്‌ രൂപയും പത്ത്‌ രൂപയും കുറച്ച നടപടി തങ്ങളുടെ സമരഫലമാണെന്നാണ്‌ കോണ്‍ഗ്രസ്‌ അവകാശപ്പെടുന്നത്‌. അതേ സമയം ഒരു മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ്‌ പെട്രോളിനും ഡീസലിനും ഇപ്പോഴുമുള്ളതെന്നിരിക്കെ ഈ വെട്ടിക്കുറയ്‌ക്കല്‍ എന്തുമാത്രം അപര്യാപ്‌തമാണെന്നതിനെയും ഇനിയും വില കുറയ്‌ക്കാന്‍ സമരം ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്‌ എന്നതിനെയും കുറിച്ച്‌ അവര്‍ മിണ്ടാതെ പോകുന്നു. കണ്ണില്‍ പൊടിയിടുന്ന സര്‍ക്കാര്‍ നടപടി കൊണ്ട്‌ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല. സമരാഭാസങ്ങള്‍ക്കും പ്രതിഷേധ പ്രതീതികള്‍ക്കും പകരം ഈ ദുരിതം പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്കായാണ്‌ തെരുവുകള്‍ കാത്തിരിക്കുന്നത്‌.

Related Stories

No stories found.
logo
The Cue
www.thecue.in