ഇന്ത്യ പിടിക്കാന്‍ കുറുക്കുവഴിയില്ല

ഇന്ത്യ പിടിക്കാന്‍ കുറുക്കുവഴിയില്ല
Published on

ഉപദേശകരാല്‍ തീര്‍ത്ത ഒരു ഇക്കോചേംബറില്‍ നിന്നുകൊണ്ട് എത്ര സ്ഥിരതയുള്ള ചുവടുകളുമായി മുന്നോട്ടു പോയാലും യാഥാര്‍ഥ്യത്തില്‍ നിന്നും അകലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 3500 കിലോമീറ്ററുകള്‍ നീണ്ട ഭാരത് ജോഡോ യാത്ര, ശ്രീനഗറില്‍ എത്തുമ്പോള്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയായിരിക്കും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി.

ഇന്ത്യയെ, ബി.ജെ.പിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. എന്നാല്‍ യാത്ര തുടങ്ങി അഞ്ചു ദിവസങ്ങള്‍ക്കുള്ളിൽ പുറത്തു വന്ന പത്രവാർത്തകൾക്ക് തലക്കെട്ടുകളിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ നിന്ന് നെഹ്റു, ഗാന്ധി കുടുംബം എത്ര ദൂരെയാണെന്ന് മനസിലാകും.

രാഹുല്‍ ഗാന്ധി തന്റെ എല്ലാ നിസ്സംഗതകളും മാറ്റിവെച്ച് ബി.ജെ.പിക്കെതിരെ നടത്തുന്ന ഇത്തരമൊരു യാത്ര ഏതൊരാള്‍ക്കും സ്വാഗതം ചെയ്യാന്‍ മാത്രമേ കഴിയൂ. എന്നാൽ നീണ്ട പത്തൊന്‍പതു ദിവസങ്ങള്‍ കേരളത്തില്‍ ചിലവഴിക്കുന്നത് കേരളത്തില്‍ എണ്ണപ്പെടുന്ന സാന്നിധ്യമേ അല്ലാത്ത ബി.ജെ.പി യില്‍ നിന്നും കേരളത്തെ രക്ഷിക്കാനാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല.

കേരളത്തിന്റെ ഒത്തൊരുമയും കൂട്ടായ്മയും മറ്റു സംസ്ഥാനങ്ങളിലേക്ക്കൂടി എത്തിക്കുക എന്നതാണ് തന്റെ ഉദ്ദേശം എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അപരവിദ്വേഷവും വെറുപ്പും നിലനില്‍ക്കുന്ന, ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ഈ യാത്രയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളാകാത്തത്?

ഗുജറാത്ത് പോലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആദ്യ പരീക്ഷണശാലയായ ഒരു സ്ഥലം എങ്ങനെയാണ് പൂര്‍ണ്ണമായും അതില്‍ നിന്നും ഒഴിവാക്കപ്പെട്ടത്? ഗുജറാത്തില്‍ അടുത്ത വര്‍ഷം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ് എന്നത് കൂടി നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അതുപോലെ തന്നെയാണ് ഹിമാചല്‍ പ്രദേശ്, ബി.ജെ.പി അധ്യക്ഷന്റെ സംസ്ഥാനം കൂടിയാണ് ഹിമാചല്‍.

ബി.ജെ.പി യെ നേരിടുക എന്നതിനപ്പുറം കോണ്‍ഗ്രസിന്റെ സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിലാണ് രാഹുലിനും ഉപദേശകര്‍ക്കും ശ്രദ്ധ എന്ന് ഒരാള്‍ അഭിപ്രായപെട്ടാല്‍ തെറ്റ് പറയാന്‍ കഴിയില്ല. 2019 ല്‍ 53 സീറ്റുകളിലേക്ക് മാത്രമായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒതുങ്ങിയപ്പോള്‍, അതില്‍ 19 സീറ്റുകളും കേരളത്തില്‍ നിന്നായിരുന്നു. (ഒരു സീറ്റില്‍ വിജയിച്ച കേരളാ കോണ്‍ഗ്രസ് പിന്നീട് ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്നു) ഇതിനു ശേഷമാണ് രാഹുല്‍ കൂടുതലായി കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ശക്തമായ യോഗി ആദിത്യനാഥിന്റെ യു.പി യില്‍ രാഹുല്‍ ഒരു ഞൊടിനേരം മാത്രമേ കാണു. ഈ യാത്രയ്ക്ക് മുമ്പ് രാഹുലിന് പറ്റിയ വലിയ ഒരബദ്ധം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള വയനാട്ടില്‍ മത്സരിച്ചതാണ്. ഇത് ആര്‍.എസ്.എസ് ന്റെ കയ്യില്‍ കിട്ടിയ വടി ആയിമാറി. രാഹുല്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായി മാറി എന്ന പ്രചാരണം ശക്തമാക്കാന്‍ ഇത് സഹായകമായി.

അദ്ദേഹത്തിന്റെ ഉപദേശകര്‍ ഈ യാത്രയെ 2024ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആരംഭമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് പഞ്ചാബിലെപ്പോലെ കേരളത്തില്‍ നിന്നും സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനാണ്. പഞ്ചാബില്‍ ഒടുവിൽ ആം ആദ്മിയുടെ കൈകളില്‍ കാര്യങ്ങള്‍ എത്തുന്ന തരത്തിലേക്കെത്തി. രാഹുല്‍ മോദിയെ കാര്യക്ഷമമായി നേരിടാന്‍ തയ്യാറാകാതെ കോണ്‍ഗ്രസിനകത്തെ അസ്വസ്ഥതകള്‍ ഇല്ലാതാകില്ല.

വലിയൊരു ശതമാനം കോണ്‍ഗ്രസുകാര്‍ക്കും നേതൃത്വത്തില്‍ ഗാന്ധി കുടുംബത്തെയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചരിത്രപരമായ ഈ സന്ധിയില്‍, സംഘടനാപരമായ അഴിച്ചുപണിയും പ്രത്യയശാസ്ത്രപരമായ ഉള്‍കാഴ്ചയുമാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള കൂടുതല്‍ ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കണം. രാജ്യവും കോണ്‍ഗ്രസും മാറാന്‍ തയ്യാറായിരിക്കുകയാണ് എന്ന് തിരിച്ചറിയാൻ കഴിയുകയാണെങ്കിൽ, അദ്ദേഹം സ്വയം മാറുകയോ, പിന്‍ഗാമികള്‍ക്ക് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരം നല്‍കുകയോ ചെയ്യണം. അല്ലാതെ കയ്യടികളും ആരവങ്ങളും മാത്രമുള്ള വഴിയിലൂടെ പാര്‍ട്ടിയെ നടത്തിച്ച് പ്രവര്‍ത്തകരെ കബളിപ്പിക്കരുത്.

എല്ലാവരും കാത്തിരിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി റോഡിലായിരിക്കും. ഒരു കാര്യം ഉറപ്പാണ്, രാഹുല്‍ഗാന്ധി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വസ്തന്‍ ആയിരിക്കും പാര്‍ട്ടി അധ്യക്ഷന്‍. അല്ലാതെ, പാര്‍ട്ടിയെ മുഴുവനായും നയിച്ചുകൊണ്ട് രാഹുല്‍ റോഡിലുള്ളപ്പോള്‍ പുതിയ അധ്യക്ഷന്‍ പ്രത്യേകിച്ച് എന്ത് ചെയ്യാനാണ്?

Related Stories

No stories found.
logo
The Cue
www.thecue.in