സെക്രട്ടറിയേറ്റിലെ തീപിടിത്തം: മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലെന്ന് വിടി ബല്‍റാം എംഎല്‍എ

സെക്രട്ടറിയേറ്റിലെ തീപിടിത്തം: മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലെന്ന് വിടി ബല്‍റാം എംഎല്‍എ
Published on

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. തുടക്കം മുതല്‍ സമരത്തിന്റെ മുന്‍നിരയിലുള്ള വിടി ബല്‍റാം എംഎല്‍എ സംസാരിക്കുന്നു.

Q

പ്രോട്ടോകോള്‍ വിഭാഗത്തില്‍ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട രേഖകള്‍ സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഫയലുകള്‍ നശിപ്പിച്ചുവെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണോ

A

എന്‍ഐഎയുടെ അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റില്‍ നിന്നും അവര്‍ പ്രധാനപ്പെട്ട രേഖകള്‍ ചോദിക്കാനിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനകള്‍ നമുക്ക് മുന്നിലുണ്ട്. ആ രേഖകള്‍ സൂക്ഷിച്ചിടത്ത് തീപിടിത്തമുണ്ടാകുന്നു എന്നതാണ് അട്ടിമറി സാധ്യതയുണ്ടെന്ന് ആദ്യം തന്നെ സംശയിക്കാന്‍ കാരണം. മാത്രമല്ല ക്ലിഫ് ഹൗസില്‍ ഇടിവെട്ടി അവിടുത്തെ സിസിടിവി കേട് വന്നു എന്ന് ഏതാനും ദിവസം മുമ്പാണ് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങളില്‍ ചിലതും നഷ്ടപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം വന്നു. ഇടിവെട്ടി അവിടുത്തെ സിസിടിവിയും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് പറഞ്ഞു. മൂന്നാമതായിട്ട്, തീപിടിത്തമുണ്ടായ വിഭാഗം മൂന്ന് ദിവസമായിട്ട് അടഞ്ഞു കിടക്കുകയാണ്. കൊവിഡിന്റെ പേര് പറഞ്ഞ് എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി. ഉദ്യോഗസ്ഥരൊന്നും ഇല്ലാതെ ഓഫീസ് രണ്ട് ദിവസം അടഞ്ഞു കിടക്കുന്നു, മൂന്നാമത്തെ ദിവസം അവിടെ തീപിടിത്തം ഉണ്ടാകുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ഇത് അപകടമല്ല അട്ടിമറിയാണെന്ന് തോന്നുന്നത്. കൂടാതെ തീപിടിത്തമുണ്ടായതിന് തൊട്ട് പിന്നാലെ മന്ത്രി ഇ പി ജയരാജനും സിപിഎമ്മിന്റെ സൈബര്‍ ടീമും ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ്. ഇ ഫയലാണെന്നും എല്ലാത്തിനും രേഖകളുണ്ടെന്നും വാദിക്കുന്നു. ഞങ്ങള്‍ അവിടെ നേരിട്ട് പോയ ആളുകളാണ്. ചീഫ് സെക്രട്ടറി അല്ലാത്ത സര്‍ക്കാരിലെ പ്രധാന ഉയര്‍ന്ന ഉദ്യോഗസ്ഥരായ ഹോം സെക്രട്ടറി, റവന്യു സെക്രട്ടറി അടക്കമുള്ളവരോട് സംസാരിച്ചതാണ്. എല്ലാം ഇ ഫയലല്ലെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഇ ഫയലിംഗ് സെക്രട്ടറിയേറ്റില്‍ നന്നായി നടപ്പാക്കിയിട്ടുണ്ട്. 90 ശതമാനത്തോളമാണത്. തീപിടിത്തമുണ്ടായ വിഭാഗത്തില്‍ ഇപ്പോഴും ധാരാളം പേപ്പര്‍ ഫയലുകളുണ്ട്. അതിന് ബാക്കപ്പ് ഇല്ല. നൂറോളം ഫയലെങ്കിലും കത്തി നശിച്ച് പോകാനിടയുണ്ടെന്നാണ് ഈ ഘട്ടത്തില്‍ നമുക്ക് മുന്നിലുള്ള പ്രാഥിമികമായ നിഗമനം. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്യാംപെയിന്‍ തുടക്കം മുതലെ ഉണ്ടാകുന്നത് ദുരൂഹമാണ്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കൗശികന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരെ നിയോഗിച്ചു കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ അന്വേഷണ സമിതി എന്തൊക്കെയാണ് പരിശോധിക്കേണ്ടതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ മൂന്നാമത്തെ ഐറ്റമായിട്ടുള്ളത് ഏതെങ്കിലും ഫയല്‍ കത്തി നശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ്. ഫയല്‍ കത്തി നശിച്ച് പോകുമെന്ന് സര്‍ക്കാര്‍ തന്നെ പ്രാഥമികമായി അംഗീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ കൗശികനും അവിടെ ഉണ്ടായിരുന്നു. രാത്രി എട്ട് മണി വരെ അദ്ദേഹം അന്വേഷണം ആരംഭിച്ചിട്ടില്ല. എന്നിട്ടും ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറൊക്കെ പറയുന്നത്. അത് സംശയത്തിന് ഇടയാക്കുന്നുണ്ട്. അന്വേഷണത്തിന് ശേഷമാണല്ലോ ഏതൊക്കെ ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമാകുക. ഏതെല്ലാം ഫയലുകള്‍ കത്തി നശിച്ചു, കത്തിയവ പേപ്പര്‍ ഫയലുകളാണോ, അവയുടെ ഇ ഫയല്‍ ഉണ്ടോ ഹാര്‍ഡ് കോപ്പി മാത്രമാണോ സൂക്ഷിച്ചിട്ടുള്ളത്, നഷ്ടപ്പെട്ടാലും തിരിച്ചെടുക്കാന്‍ കഴിയുന്നവയാണോ എന്നെല്ലാം അന്വേഷണത്തിന്റെ ഒടുവിലാണ് കണ്ടെത്തേണ്ടത്. അത് ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ ഭാവിയില്‍ ഇത്തരം രേഖകള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പറയുന്നുണ്ട്.

ചീഫ് സെക്രട്ടറിയാണ് രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി പറയുന്നത്. അദ്ദേഹം തന്നെ സംശയത്തിന്റെ നിഴലിലാണ്. തീപിടിത്തമുണ്ടായപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് നിന്ന് മാറ്റാന്‍ ചീഫ് സെക്രട്ടറി നേരിട്ടാണ് ഇറങ്ങി വന്നത്. മാധ്യമപ്രവര്‍ത്തകരെ തള്ളി പുറത്താക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഞങ്ങളെ തടഞ്ഞു നിര്‍ത്തുകയും പ്രതിപക്ഷ നേതാവ് വന്ന് കുത്തിയിരിപ്പ് സമരം നടത്തേണ്ടി വന്നതും ചീഫ് സെക്രട്ടറി അനുവദിക്കാത്തത് കാരണമാണ്. മിഡില്‍ ലെവലിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് കൗശികന്‍. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള ജൂനിയര്‍ ഉദ്യോഗസ്ഥനാണ്. അദ്ദേഹം നടത്തുന്ന അന്വേഷണത്തില്‍ യാഥാര്‍ത്ഥ്യം പുറത്ത് വരില്ല. ഭരണത്തിന്റെ ഏറ്റവും തലപ്പത്തിരിക്കുന്ന ആളുകളുടെ ഇടപെടല്‍ വരെ സംഭവത്തില്‍ സംശയിക്കുന്നുണ്ട്.

Q

മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍ നേരിട്ട് പങ്കുണ്ടെന്നാണോ ആരോപിക്കുന്നത്?

A

മുഖ്യമന്ത്രിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇടിവെട്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത്. മന്ത്രിമാരുടെ വിദേശ യാത്രകളുടെ രേഖകള്‍, മന്ത്രിമാര്‍ നടത്തുന്ന ഔദ്യോഗിത പരിപാടികള്‍, അവരുടെ വിരുന്നുകള്‍ എന്നിവയുടെയെല്ലാം ഫയലുകള്‍ ഈ വിഭാഗത്തിലാണ് സൂക്ഷിക്കുന്നത്. ഇതില്‍ ഏതിനൊക്കെയാണ് ഇ ഫയലുകള്‍ ഉള്ളതെന്ന് അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു. മുഖ്യമന്ത്രിയാണ് സ്വര്‍ണക്കള്ളക്കടത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. നാല് വര്‍ഷമായി അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ക്രമക്കേടുകള്‍ നടക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ സംശയിക്കാവുന്നതാണ്.

Q

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ് രണ്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ സമരം നടന്നത്. ഇത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമല്ലേ നല്‍കുക

A

കൊവിഡ്, കൊവിഡ് എന്ന് പറഞ്ഞുകൊണ്ട് എല്ലാ കാലത്തും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതില്‍ നിന്നും ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ബ്ലാക്മെയില്‍ ചെയ്ത് നിയന്ത്രിച്ച് നിര്‍ത്താനാകില്ല. കൊവിഡിന്റെ കാലത്ത് തന്നെ സിപിഎമ്മിന്റെ നിരവധി പരിപാടികള്‍ നടന്നു. മന്ത്രിമാരടക്കം നേരിട്ട് പങ്കെടുക്കുന്ന, നൂറുകണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞ് പങ്കെടുക്കുന്ന പരിപാടികള്‍ നടന്നു. ഇത്തരത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണങ്ങളെ നിയന്ത്രിക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ല. രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരാണ് തിങ്ങി നിറഞ്ഞ് നിന്നിരുന്നത്. അവര് കൊവിഡ് പരത്താനായി വന്നവരല്ലല്ലോ? നൂറ് കണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നില്ലേ. അവര്‍ കൈ കോര്‍ത്ത് പിടിച്ചല്ലേ ഞങ്ങളെ ബ്ലോക്ക് ചെയ്തത്. ഓരോരുത്തരും അവരവരുടെതായ ഉത്തരവാദിത്വങ്ങളാണ് നിറവേറ്റുന്നത്.

Q

പ്രതിഷേധം കരിദിനമായി ആചരിക്കുന്നതിലെ വര്‍ണ്ണവെറി ചൂണ്ടിക്കാട്ടി നേരത്തെ താങ്കളൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സെക്രട്ടറിയേറ്റിലെ തീ പിടിത്തത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കരിദിനത്തില്‍ താങ്കളും പങ്കെടുത്തിട്ടുണ്ട്. ഇത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ടല്ലോ? കരിദിനത്തെക്കുറിച്ചുള്ള താങ്കളുടെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോ

A

ഒരു കച്ചിത്തുരുമ്പ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് സിപിഎമ്മിന്റെ സൈബര്‍ വിങ്ങെന്നതിന്റെ ഉദാഹരണമാണിത്. എക്സ്ട്രാ ഓര്‍ഡിനറി സിറ്റ്വോഷനില്‍ എക്സ്ട്രാ ഓര്‍ഡിനറി തീരുമാനം എടുക്കേണ്ടി വരുമെന്ന സര്‍ക്കാരിന്റെ വാദം തന്നെയാണ് ഇതിലെ മറുപടി. ഇത്ര വലിയ തീവെട്ടിക്കൊള്ള നടക്കുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ടനസിന്റെ നൂലാമാലകള്‍ നോക്കാനാവില്ല. ഹര്‍ത്താലിനെ താത്വികമായി എതിരാണ്. അതിന് പകരമായി മറ്റൊരു സമരമാര്‍ഗ്ഗം ഉണ്ടായി വരാത്തിടത്തോളം ആരും പ്രതികരിക്കാതിരിക്കുന്നില്ലല്ലോ. ദീര്‍ഘകാലത്തേക്കുള്ള ചര്‍ച്ചയ്ക്കായി മുന്നോട്ട് വെക്കുന്ന കാര്യങ്ങളാണിത്. കരിദിനത്തില്‍ സിപിഎമ്മിന്റെ നിലപാട് അവര് പറയട്ടെ. വംശീയതയും വര്‍ണ്ണവെറിയും ശരിയാണോയെന്ന നിലപാടാണോ. അതോ എന്നെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണോ ഇത് ഉയര്‍ത്തുന്നത്. ട്രോളാക്കി എനിക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടിയാണോ? സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് നടീനടന്‍മാരും സംവിധായകരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പിന്നീട് അവര്‍ ചെയ്ത സിനിമകള്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ ഓന്നോ രണ്ടോ ഡയലോഗുകള്‍ ഇനിയും കാണാന്‍ കഴിയും. അതുകൊണ്ട് അവര്‍ ഉയര്‍ത്തിയ വിമര്‍ശനം ഇല്ലാതാകുന്നില്ലലല്ലോ. പൊളിറ്റിക്കല്‍ കറക്ടസിനെക്കുറിച്ചും സമരരൂപങ്ങളും പദപ്രയോഗങ്ങളും രൂപപ്പെടുന്നതിന്റെ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ചുള്ള നിരീക്ഷണമാണ്. കേരളം അതിന്റെ അടിസ്ഥാനത്തില്‍ ഒറ്റയടിക്ക് മാറുമെന്ന് സങ്കല്‍പ്പിക്കാനാവില്ല. സൈബര്‍ ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ സിപിഎമ്മിന് ഓരോ ദിവസവും ഓരോന്നും വേണം. അതിന് വേണ്ടി ഓരോന്ന് തപ്പിപ്പിടിച്ച് കൊണ്ട് വരും. ഇതാണോ ഏറ്റവും വലിയ ഇരട്ടത്താപ്പ്. സിപിഎമ്മിന്റെ നേതാക്കള്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ വലിയ സമരം നടത്തി ചോര ചാലുകള്‍ നീന്തിക്കയറിയാണല്ലോ എംഎല്‍എമാരായത്. തലവരി പണം വാങ്ങിയ രണ്ട് കോളേജുകളെ രക്ഷിക്കാന്‍ നിയമമുണ്ടാക്കി അതിന് അനുകൂലമായി വോട്ട് ചെയ്തവരല്ലേ. അതിനേക്കാള്‍ വലിയ കാപട്യമോ ഇരട്ടത്താപ്പോ ആണോ ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in