കൂടല്‍മാണിക്യത്തിലും ഗുരുവായൂരിലും വേദികള്‍ കിട്ടിയില്ലെങ്കില്‍ നിന്നു പോകുന്നതല്ല എന്റെ നൃത്തം-മന്‍സിയ വി.പി അഭിമുഖം

കൂടല്‍മാണിക്യത്തിലും ഗുരുവായൂരിലും വേദികള്‍ കിട്ടിയില്ലെങ്കില്‍ നിന്നു പോകുന്നതല്ല എന്റെ നൃത്തം-മന്‍സിയ വി.പി അഭിമുഖം
Published on
Q

കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ്. അവിടെ സംഘടിപ്പിക്കുന്ന നൃത്തോല്‍സവത്തില്‍ നിന്നാണ് മന്‍സിയയെ ഒഴിവാക്കിയിരിക്കുന്നത്. കലാകാരി എന്ന നിലയില്‍ ഇതിനെ എങ്ങനെയാണ് കാണുന്നത്?

A

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണെങ്കിലും തന്ത്രിയുള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം കൊണ്ടാണ് പരിപാടിയില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് ഇക്കാര്യം അറിയിക്കാനായി വിളിച്ച ആള്‍ വിശദീകരിച്ചത്. നോട്ടീസ് ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധം ഉയര്‍ന്നത്. ഒരുവിഭാഗം എന്നെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചെന്നാണ് എനിക്ക് മനസിലായാത്.

ഈ നീക്കത്തെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല. നമ്മളെ പോലെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നവര്‍ ഒന്നോ രണ്ടോ ഉണ്ടാകില്ലേ അവിടെ. അവര്‍ക്ക് ഇതിനെയൊക്കെ ചോദ്യം ചെയ്യാന്‍ ധൈര്യമുണ്ടാകട്ടെ. അഹിന്ദുക്കള്‍ അപേക്ഷിക്കരുതെന്ന നിബന്ധന ഉണ്ടായിരുന്നില്ല. ഡാന്‍സിലെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബയോഡാറ്റ മാത്രമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്.

ബയോഡാറ്റ കൊടുത്തതിന് ശേഷം 21ന് സ്ലോട്ട് അനുവദിച്ചതായി അറിയിച്ചു. ഫോട്ടോ അയക്കാനും ആവശ്യപ്പെട്ടു. നോട്ടീസ് പുറത്തിറങ്ങിയതിന് ശേഷം ഇന്നലെ രാത്രി ഒമ്പതരയോടെ പരിപാടിയുടെ കണ്‍വീനര്‍ അഡ്വക്കേറ്റ് മണികണ്ഠന്‍ വിളിച്ച് പ്രോഗ്രാം അവതരിപ്പിക്കാന്‍ പറ്റില്ലെന്നും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും അറിയിച്ചു. അതെനിക്ക് അറിയില്ലായിരുന്നുവെന്ന് മറുപടി നല്‍കി.

ആചാരവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നില്ലല്ലോ, ദേശീയ നൃത്തോല്‍സവമാണ്. അതില്‍ ഇത്തരം പ്രശ്‌നങ്ങളുള്ളത് എനിക്ക് അറിയില്ലായിരുന്നു. ഹിന്ദു മതത്തിലേക്ക് കണ്‍വേര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി നല്‍കി. ഒരു മതത്തിലും വിശ്വാസമില്ലെന്നും പറഞ്ഞു. ഹിന്ദുവാണെങ്കില്‍ മാത്രമേ പരിപാടി അവതരിപ്പിക്കാന്‍ കഴിയുള്ളുവെന്ന് തന്നെയായിരുന്നു മറുപടി. ഭരതനാട്യത്തിലെ യോഗ്യതകള്‍ എന്തെല്ലാമാണെന്ന് നല്‍കാമെന്നും അതിനപ്പുറം മതവും കൂടി അടിസ്ഥാനമാണോയെന്നും ഞാന്‍ ചോദിച്ചു. നമുക്ക് മതമാണ് ആദ്യപരിഗണനയെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ അവിടെ കളിക്കാന്‍ താല്‍പര്യമില്ലെന്ന് മറുപടി നല്‍കി.

K R Krishnan
Q

പരിപാടിയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം അറിയിക്കാനായി വിളിച്ച സംഘാടക സമിതി ഭാരവാഹി മതം മാറിയോ എന്ന് ചോദിച്ചിരുന്നല്ലോ. മതം ഇല്ലാത്തൊരാള്‍ക്ക് അല്ലെങ്കില്‍ മതത്തില്‍ വിശ്വസിക്കാത്ത ആള്‍ക്ക് ഇത്തരം കല അവതരിപ്പിക്കാന്‍ വേദികള്‍ ലഭിക്കില്ലെന്നാണോ ഇതില്‍ നിന്നും വ്യക്തമാകുന്നത്?

A

ഞാന്‍ ഒരു മതത്തില്‍ ജനിച്ചെങ്കിലും എനിക്ക് മതമില്ല. ഒരു സുപ്രഭാതത്തില്‍ മതമില്ലെന്ന് പറഞ്ഞതല്ല. അനുഭവങ്ങളില്‍ നിന്നാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. മതം നോക്കിയല്ല വിവാഹം കഴിച്ചത്. ഞങ്ങള്‍ രണ്ടുപേരും മാര്‍ക്‌സിസ്റ്റുകളാണ്. പരസ്പരം ഇഷ്ടമായത് കൊണ്ടാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ആ വീട്ടില്‍ അവര്‍ ഹിന്ദുമത വിശ്വാസികളായി തുടരുന്നു. ഞാന്‍ മതമില്ലാതെയും. അതിനെ ഞങ്ങള്‍ പരസ്പരം ചോദ്യം ചെയ്യുന്നില്ല.

ഇന്ത്യ പോലെ ബഹുസ്വരമായ രാജ്യത്ത് ഞാനത് പ്രതീക്ഷിക്കുന്നു. മതമില്ലാതെയും മതത്തോടെയും ജീവിക്കാന്‍ ഇവിടെ അനുവാദമുണ്ട്. ഇത്തരം ആളുകള്‍ ജീവിക്കുന്ന നാട്ടില്‍ തീര്‍ത്തും നിരാശയാണെങ്കിലും അത്ഭുതമില്ല. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ എം.എ പഠിക്കാന്‍ പോയപ്പോള്‍ അവര്‍ക്ക് എന്റെ പേരില്‍ നിന്നും മതം ഏതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബ്രാഹ്‌മണ സമുദായത്തിലാണോയെന്ന് നേരിട്ട് ചോദിച്ചിട്ടുണ്ട്. മറ്റൊരു മതത്തില്‍പ്പെട്ട ആള്‍ ആദ്യമായാണ് ഞങ്ങളുടെ ഭരതനാട്യത്തിലെ റാങ്ക് കൊണ്ടുപോകുന്നതെന്ന് ചെന്നൈയില്‍ എം.എയ്ക്ക് റാങ്ക് കിട്ടിയപ്പോള്‍ എന്റെ വകുപ്പ് മേധാവി അമര്‍ഷത്തോടെ പ്രതിഷേധം മുഖത്ത് നോക്കി അറിയിച്ചിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവസരം ലഭിച്ചിരുന്നത് ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിന് പുറത്തായിരിക്കും സ്റ്റേജ്. അതില്‍ വിഷമം തോന്നിയ ഒറ്റ സ്റ്റേജ് മാത്രമേയുണ്ടായിരുന്നുള്ളു. വളാഞ്ചേരി ഭാഗത്ത് എനിക്ക് മാത്രമായി ക്ഷേത്രത്തിന് പുറത്ത് വേദി കെട്ടി. അതെന്നെ വിഷമിപ്പിച്ചെങ്കിലും എനിക്ക് കുഴപ്പമില്ലായിരുന്നു.

കലയുടെ അടിസ്ഥാനം മതമാകുമ്പോള്‍ വലിയ ബുദ്ധിമുട്ട് തോന്നുന്നു. നൃത്തം പാടില്ലെന്ന് പറഞ്ഞ മതസാഹചര്യത്തില്‍ കൂടിയാണ് ഞാന്‍ വളര്‍ന്ന് വന്നത്. ശാസ്ത്രീയ നൃത്തം ഞങ്ങളുടേതാണ്, നിങ്ങള്‍ മാറി നില്‍ക്കണമെന്ന് മറ്റൊരു മതവും പറയുകയാണ്. കേരളത്തില്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക് വേദികളുള്ളത്. മറ്റെവിടെയും അതിനുള്ള അവസരങ്ങളില്ല.അതുകൊണ്ട് തന്നെ നമുക്ക് വേറെ വഴിയില്ല. ചെന്നൈ പോലുള്ള നഗരങ്ങളില്‍ മറ്റ് വേദികളുണ്ട്.

ചെറുപ്പം മുതല്‍ ഒരുപാട് അനുഭവിച്ചതാണ് ഞാന്‍. എന്റെ ഗവേഷണ വിഷയവും ഇതുതന്നെയാണ്. കലകള്‍ ഉള്‍പ്പെടെ എല്ലാത്തിനെയും വീണ്ടും വീണ്ടും ആളുകള്‍ മതവുമായി കൂട്ടിക്കെട്ടുകയാണ്. ഭയങ്കര സങ്കടം തോന്നുകയാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പഴയ പ്രശ്‌നമുണ്ടാകുന്നത്. അപ്പോള്‍ മുതല്‍ പറയുന്നത് കാലം മാറും നമ്മള്‍ മാറുമെന്നാണ്. ഏഴാം ക്ലാസില്‍ നിന്നും പി.എച്ച്.ഡി വരെ എടുത്തിട്ടും പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ വളരുകയാണ്. മനുഷ്യന്‍മാരുടെ ചിന്തകള്‍ക്ക് മാറ്റം വരുന്നില്ലെന്ന് കാണുമ്പോള്‍ സങ്കടം തോന്നുന്നു. നമ്മള്‍ മുന്നോട്ട് വന്നതിലോ സംസാരിക്കുന്നതിലോ കാര്യമില്ലെന്ന് തോന്നുകയാണ്.

Q

വേദി നിഷേധിക്കപ്പെട്ടതില്‍ സര്‍ക്കാരിന് പരാതി നല്‍കുന്നുണ്ടോ?

A

ഇതിനെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നല്‍കും. ഡാന്‍സ് മെയിന്‍ എടുത്ത് പഠിക്കാന്‍ താല്‍പര്യമുള്ള മറ്റ് മതത്തിലെ കുട്ടികളോട് യാതൊരു ബുദ്ധിമുട്ടും നേരിടില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതിലേക്ക് വന്ന മറ്റ് മതവിശ്വാസികളുണ്ട്. അവര്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വരരുത്. വേദികള്‍ ഉയര്‍ന്ന് വരണം. നൃത്തം ഒരാളുടെ കുത്തകയും മറ്റൊരാള്‍ക്ക് നിഷേധിക്കപ്പെടുന്ന ഒന്നായും മാറരുത്. അത്തരം വേദികള്‍ ഒരുക്കാന്‍ കഴിയുന്ന മണ്ണാണ് കേരളത്തിലേത്. എന്നിട്ടും എന്തോ ക്ലാസിക്കല്‍ നൃത്തങ്ങള്‍ക്ക് അങ്ങനെ ആരും മുന്‍കൈ എടുക്കുന്നില്ല. വിരലില്‍ എണ്ണാവുന്ന വേദികള്‍ മാത്രമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. കൂടുതല്‍ വേദികള്‍ ഉണ്ടാകുമ്പോഴാണ് ഇതൊരു പ്രത്യേക സ്ഥലത്തിരുന്ന് കാണേണ്ട കലാരൂപമല്ലെന്ന് മനസിലാകുക.

Q

സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

A

തീര്‍ച്ചയായും സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. കൂടല്‍മാണിക്യവും ഗുരുവായൂരും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളാണ്. ആചാരാനുഷ്ഠാനങ്ങളെ ലംഘിച്ച് അതിനകത്ത് കയറി തച്ചുടയ്ക്കണമെന്നല്ല ഞാന്‍ പറയുന്നത്. നൃത്തോല്‍സവത്തില്‍ നര്‍ത്തകര്‍ക്ക് അവതരിപ്പിക്കാനുള്ള അവസരമാണ് ഉണ്ടാക്കേണ്ടത്. ദേശീയ നൃത്തോല്‍സവമെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ അതില്‍ ഹിന്ദുക്കളുടെ നൃത്തോല്‍സവമാണെന്ന് ഞാന്‍ കണ്ടിട്ടില്ല. ദേശീയത എന്നത് എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതാണ്. അതാണ് ഇന്ത്യ. അവിടെ എല്ലാവര്‍ക്കും നൃത്തം അവതരിപ്പിക്കാനുള്ള വേദിയാണ് ഒരുക്കേണ്ടത്. ഞാന്‍ നല്ലൊരു നര്‍ത്തകി അല്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നതില്‍ വിഷമമില്ല. അവര്‍ നൃത്തത്തെ അങ്ങനെ കാണുന്നതില്‍ സന്തോഷമേയുള്ളു. ഇവിടെ മറ്റൊരു തരത്തിലാണ് എന്നെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. അത്തരം മാറ്റി നിര്‍ത്തലുകള്‍ സാധാരണമാകുകയാണ്. അതിനെതിരെ സര്‍ക്കാര്‍ തലത്തിലൊക്കെ ശാസ്ത്രീയ നൃത്തങ്ങള്‍ക്ക് മതേതര വേദികള്‍ ഉണ്ടാവട്ടെ. കല നമ്മുടെ ഉപജീവന മാര്‍ഗമാണ്. ഫേമസ് ആയ വ്യക്തികള്‍ക്ക് കൊടുക്കാന്‍ കാശുണ്ടാകും. നമ്മളോട് പറയുക പതിനായിരം രൂപയേയുള്ളുവെന്നാണ്. അതിന്റെ രണ്ടിരട്ടി ചിലവാകും. സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കണം.

Q

നേരത്തെ ഗുരുവായൂരിലെ പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നില്ലേ. അതില്‍ എന്തായിരുന്നു സംഭവിച്ചത്?

A

കോവിഡ് വരുന്നതിന് മുമ്പ് ഗുരുവായൂരില്‍ ഉത്സവത്തിന് എനിക്കൊരു വേദി തന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു. മന്‍സിയയുടെ പേര് പറഞ്ഞപ്പോള്‍ ഒരുപാട് പ്രതിഷേധം വന്നുവെന്ന് പിന്നീട് വിളിച്ച് അറിയിച്ചു, മുസ്ലിം കുട്ടിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് പലരും നിലപാട് എടുത്തുവെന്ന്. എനിക്ക് വിഷമം തോന്നിയില്ല. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് എന്റെ എല്ലാം അരങ്ങേറ്റങ്ങളും നടന്നത്. അതിനായി എന്റെ പേര് മാനസി എന്നൊന്നും മാറ്റിയിരുന്നില്ല. മന്‍സിയ എന്ന പേരില്‍ തന്നെയാണ് അവതരിപ്പിച്ചത്. ആ അരങ്ങേറ്റം നടന്നത് കൊണ്ടാണ് മറ്റൊരു മത വിഭാഗത്തില്‍ നിന്നും എനിക്ക് എതിര്‍പ്പ് നേരിട്ടത്. കൂടല്‍മാണിക്യത്തിലും ഗുരുവായൂരിലും വേദികള്‍ കിട്ടിയില്ലെങ്കില്‍ നിന്നു പോകുന്നതല്ല എന്റെ നൃത്തം. വേദികളൊന്നും കിട്ടിയില്ലെങ്കിലും ദിവസവും രണ്ട് മണിക്കൂര്‍ പരിശീലനം തുടര്‍ന്ന് കൊണ്ടേയിരിക്കും. എന്റെ കലാജീവിതത്തെ അതൊന്നും ബാധിക്കില്ല.

വര്‍ഷം കൂടുന്തോറും മനുഷ്യരുടെ ചിന്തകള്‍ ചുരുങ്ങുകയാണ്. കല കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്തും പ്രശ്‌നമുണ്ട്. അവര്‍ വീണ്ടും പ്രാമാണ്യ ഗ്രന്ഥങ്ങളിലും അതിന്റെ സങ്കേതങ്ങളിലും ചുറ്റിപ്പറ്റി കല ഒരു മതത്തിന്റെതാണെന്ന് ഊട്ടിയുറപ്പിക്കുന്നു. സുനില്‍ പി. ഇളയിടം മാഷിന്റെ 'ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍' എന്ന പുസ്തകത്തിലൊക്കെ പറയുന്നത് അതിന്റെ ചരിത്ര സന്ദര്‍ഭങ്ങളാണ്.

ഭരതനാട്യം ഒരു മതത്തിന്റെ കുത്തകയല്ല. അതിന്റെ ചരിത്രം എടുത്ത് നോക്കിയാല്‍ ജനാധിപത്യ ബോധമുണ്ടെന്ന് വ്യക്തമാകും. ഇത് പറയാന്‍ ഒന്നോ രണ്ടോ പേരെയുള്ളു. കലയ്ക്ക് പുറത്തുള്ളവര്‍ക്കാണ് അത് ഉറക്കെ പറയാനുള്ള ധൈര്യമുള്ളു. ഞാന്‍ അതിന്റെ അകത്ത് നിന്ന് ഇതൊക്കെ പറയുമ്പോള്‍ എന്ത് ബുദ്ധിമുട്ടാണ് കലയ്ക്ക് ഇതുകൊണ്ടുണ്ടാകുന്നതെന്ന് ചോദിക്കുന്നു. ഇതൊക്കെ തന്നെയാണ് അതിന്റെ ബുദ്ധിമുട്ട്. കപില വേണുവിനെ പോലുള്ളവര്‍ക്ക് പോലും ജാതി വിവേചനം നേരിടുന്ന സന്ദര്‍ഭങ്ങള്‍ കൂടിക്കൂടി വരികയാണ്.

Q

മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നതില്‍ നിരാശ തോന്നാറുണ്ടോ

A

കേരളം പോലൊരിടത്ത് മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്നതില്‍ നിരാശയുണ്ടാക്കുന്നു. കൂടിയാട്ടത്തില്‍ പൈങ്കുളം രാമചാക്യാരൊക്കെ കൂത്തമ്പലത്തില്‍ നിന്നും മതേതര വേദികളിലേക്ക് കൊണ്ടുവന്നതിനെ തിരിച്ച് അങ്ങോട്ട് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് എല്ലാ ശാസ്ത്രീയ നൃത്തങ്ങളുടെ കാര്യത്തിലുമുണ്ട്. ക്ഷേത്രങ്ങളിലേക്ക് തിരിച്ച് പോകട്ടെയെന്ന ഭാവമാണ് എല്ലാവര്‍ക്കും. നൃത്തോല്‍സവങ്ങളെല്ലാം ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്.

സര്‍ക്കാരിന് ചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ട്. എന്റെ പ്രതിഷേധമാണ് ഞാനിതില്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ജീവിതം കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവെയ്ക്കുമ്പോള്‍ കേരളത്തില്‍ അത് അവതരിപ്പിക്കാന്‍ വേദികളില്ല. നമ്മള്‍ ഈ കലയെ എന്തുചെയ്യും. ക്ഷേത്രത്തിന് പുറത്തുള്ള മതേതര വേദികളിലും സര്‍ക്കാര്‍ ഒരുക്കുന്ന വേദികളിലും ഞങ്ങള്‍ക്കൊരു സ്ഥാനവുമില്ല. നടിമാര്‍ക്കാണ് സ്ഥാനം. ഏതെങ്കിലും സിനിമയില്‍ മുഖം കാണിച്ച് പോപ്പുലാരിറ്റി വന്നവര്‍ക്ക് അവസരം ലഭിക്കുന്നു. നൃത്തമല്ല അവിടെ പരിഗണിക്കപ്പെടുന്നത്. അവിടെയും ഞങ്ങള്‍ പുറംതള്ളപ്പെടുന്നു. അപ്പോള്‍ ഞങ്ങള്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഇന്നലെ മുതല്‍ അലട്ടുന്നത്. എന്നെ പോലെ ഒരുപാട് പേര്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മുന്നില്‍ നില്‍ക്കുന്നു.

ആദ്യം ഇങ്ങനെയൊരു വിഷയം വന്നപ്പോള്‍ വലിയ സങ്കടമായിരുന്നു. ഇന്ന് ഈ വിഷയം നേരിടുമ്പോഴുള്ള മാനസികാവസ്ഥയല്ല അന്നുണ്ടായിരുന്നത്. ഇപ്പോള്‍ ഇതെല്ലാം എനിക്ക് ഓകെയാണ്. ഇതിന്റെ മറ്റൊരു രൂപം അനുഭവിച്ചത് കൊണ്ടാണത്. ചിരിച്ച് കൊണ്ടാണ് ഈ പ്രശ്നങ്ങളെ നേരിട്ടത്. പ്രതിഷേധിക്കണമെന്ന് തോന്നി. ഒരു ഭാഗത്ത് നിന്ന് മാത്രമല്ല ഇതെല്ലാം നേരിടുന്നതെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് ചിന്തിച്ചു. എന്റെ എല്ലാ കാര്യങ്ങളിലും ഒരു മതം അവര്‍ അങ്ങനെ ചെയ്തുവെന്ന് പറയുന്ന സാഹചര്യമുണ്ട്.

അഹിന്ദുവായതു കൊണ്ട് പരിപാടി അവതരിപ്പിക്കാന്‍ പറ്റിലെന്ന് പറയുന്നതും ആദ്യത്തെ അനുഭവമല്ല. ഏഴാം ക്ലാസിലെ പ്രശ്‌നത്തില്‍ ഒരുപാട് കലാസ്‌നേഹികളും പുരോഗമന പ്രസ്ഥാനവും എല്ലാത്തിലും ഉപരി എന്റെ കുടുംബവും ഒരുമിച്ച് നിന്നത് കൊണ്ടാണ് അതില്‍ നിന്നും മുന്നോട്ട് പോകാനായത്. വാശിയോടെയല്ല മുന്നോട്ട് പോയത്. ഡാന്‍സിനോടുള്ള താല്‍പര്യം കൊണ്ടാണ് അത് പ്രധാന വിഷമായി എടുത്ത് പഠിച്ചത്. എതിര്‍പ്പുയര്‍ന്നപ്പോള്‍ എന്തുകൊണ്ട് ഇതുമായി മുന്നോട്ട് പോയി കൂടാ എന്നായിരുന്നു ചിന്ത. ഈ കലയോടുള്ള ഇഷ്ടവും സ്‌നേഹവുമാണ് ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത്.

Q

മാറ്റി നിര്‍ത്തപ്പെടുന്ന അനുഭവം നിരന്തരം ഉണ്ടാകുമ്പോള്‍ നൃത്തം ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് പോകണമെന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

A

നൃത്തം ഉപേക്ഷിക്കണമെന്ന് തോന്നിയിട്ടില്ല. ഒറ്റ നിമിഷത്തിലെ വാശിയിലല്ല ഞാന്‍ ഈ മേഖല തെരഞ്ഞെടുത്തത്. ചിന്തിച്ചിട്ട് തന്നെയാണ്. വേറെ ജോലി ചെയ്തിട്ടുണ്ട്. എം.എ ജേണലിസം കഴിഞ്ഞതാണ്. നിയമസഭയിലൊക്കെ ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് നിവൃത്തിയില്ലാതെയാണ് വേറെ ജോലി ചെയ്തത്. കലാകാരന്‍മാര്‍ക്ക് വേദികളില്ലാതായിട്ട് രണ്ടര കൊല്ലമായി. മറ്റ് ജോലി ചെയ്യുമ്പോഴും എന്റെ മുന്നില്‍ നൃത്തം തന്നെയായിരുന്നു ഉണ്ടായിരുന്നത്. പ്രാക്റ്റീസില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍. ചെറിയ പ്രായത്തില്‍ ഓരോ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ നമുക്കിത് നിര്‍ത്താമെന്ന് വീട്ടില്‍ വന്ന് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം ഒരിക്കലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല.

Q

കല, ജാതി-മതം എന്നിവയില്‍ നിന്നും പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

A

മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. പക്ഷേ കൂടുതല്‍ കൂടുതല്‍ നമ്മുടെ ചിന്തകള്‍ അടഞ്ഞടഞ്ഞ് പോകുകയാണ്. നൃത്തത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാത്തിലും ഇങ്ങനെ സംഭവിക്കുന്നു. ജാതിയും മതവും പറഞ്ഞ് കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in