മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി, തൊഴിലിടത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഫോക്കസ് ചെയ്യും

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി, തൊഴിലിടത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഫോക്കസ് ചെയ്യും
Published on
Summary

''ഈ നാട്ടിലെ സകലരുടെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സത്യത്തില്‍ അനുഭവിക്കുന്നത് അവര്‍ പലരും നേരിടുന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ്. സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പ്പം വിസ്മൃതിയിലേക്കാണ്. കരാര്‍ വത്കരണം മാധ്യമ മേഖലയിലും വ്യാപിച്ചു കഴിഞ്ഞു. ഇത്തരം പ്രവണതകള്‍ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും വേണം'' കെ.യു.ഡബ്ല്യു.ജെ പ്രഥമ വനിത അധ്യക്ഷ വിനീത എം.വിയുമായി നടത്തിയ അഭിമുഖം.

Q

പത്ര പ്രവര്‍ത്തക യൂണിയനായ കെ.യു.ഡബ്ല്യു.ജെയുടെ പ്രഥമ വനിതാ അധ്യക്ഷയാണ്. ഈ ഉത്തരവാദിത്തത്തെ എങ്ങനെ കാണുന്നു?

A

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രഥമ വനിതാ അധ്യക്ഷ എന്ന പ്രത്യേകത തീര്‍ച്ചയായും ഉണ്ട്. പക്ഷെ പുരുഷനായാലും സ്ത്രീ ആയാലും യൂണിയന്റെ അധ്യക്ഷ എന്ന നിലയില്‍ ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. അത് കൃത്യതയോടെ നിറവേറ്റുക എന്നതിനായിരിക്കും മുന്‍ഗണന. വളരെ ഗൗരവകരമായ ഒട്ടേറെ വിഷയങ്ങളില്‍ ഇടപെടേണ്ടി വരും. അത് സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ നിര്‍വഹിക്കുക എന്നതിനാണ് പ്രാധാന്യം.

Q

മാധ്യമ പ്രവര്‍ത്തന മേഖലകളിലടക്കം സ്ത്രീകള്‍ പ്രധാന ഉത്തരവാദിത്തങ്ങളില്‍ നിന്ന് തഴയപ്പെടുന്ന സ്ഥിതിയുണ്ട്. കേരള പത്ര പ്രവര്‍ത്തന യൂണിയനില്‍ 56 വര്‍ഷം വൈകിമാത്രം ഒരു സ്ത്രീ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതും അതേ കാരണം കൊണ്ടാണെന്ന് തോന്നുന്നുണ്ടോ?

A

തഴയപ്പെടല്‍ എന്നതിന് ഉപരിയായി അത്തരമൊരു അവസ്ഥയെ മറികടക്കാന്‍ എന്ത് ഇടപെടല്‍ നടത്താന്‍ നമുക്ക് കഴിയുന്നു എന്നതാണ് പ്രധാനം. ഇത് മാറിയ കാലഘട്ടമാണ്. എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സ്ത്രീ ആയതിന്റെ പേരില്‍ ഉള്ള അവകാശവാദങ്ങള്‍ക്കും അപ്പുറത്ത് നമ്മളെ അടയാളപ്പെടുത്തുക എന്നതിനായിരിക്കണം ഫോക്കസ്. ഞാന്‍ 2013 ല്‍ യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് മത്സരിച്ച് ജയിച്ചത്. അത് വനിതാ സംവരണത്തില്‍ ആയിരുന്നില്ല. 2015ല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ചു. രണ്ട് എതിരാളികളോട് ഏറ്റുമുട്ടിയാണ് ആദ്യ തവണ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 2019ല്‍ എതിരില്ലാതെ വീണ്ടും സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് ആയും അവസരം ലഭിച്ചു. അംഗബലം കുറഞ്ഞ ഒരു സ്ഥാപനത്തിന്റെ പ്രതിനിധിയായിട്ടും യൂണിയന്റെ പ്രധാന പദവിയിലേക്ക് മത്സരിക്കാന്‍ എന്നെ പരിഗണിക്കുമ്പോള്‍ ഞാന്‍ മനസിലാക്കുന്നത് കഴിഞ്ഞകാലങ്ങളിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിലയിരുത്തപ്പെട്ടിട്ടുണ്ടാവുക എന്ന് തന്നെയാണ്. അത്തരത്തിലുള്ള പോസിറ്റീവ് ആയ മാറ്റങ്ങള്‍ എല്ലാ മേഖലയിലും സംഭവിക്കണം എന്നാണ് അഭിപ്രായം.

Q

വനിതാ മാധ്യമപ്രവര്‍ത്തകയെ സദാചാര ഗുണ്ടായിസം കാണിച്ച് അപമാനിച്ചയാള്‍ പ്രസ് ക്ലബ് ഭാരവാഹിയായി തുടരുന്നതടക്കം നിരവധി വിഷയങ്ങള്‍ മാധ്യമ മേഖലയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. അധ്യക്ഷയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് പരിഗണന കൊടുത്തുകൊണ്ടായിരിക്കുമോ പ്രവര്‍ത്തനങ്ങള്‍?

A

തീര്‍ച്ചയായും സ്ത്രീകള്‍ തൊഴിലിടത്ത് നേരിടുന്ന എല്ലാ തലത്തിലുമുള്ള പ്രശ്‌നങ്ങള്‍ ഫോക്കസ് ചെയ്യും. നിയമപരമായി നേരിടേണ്ടതിനെ അങ്ങനെയും സംഘടനാപരമയി വേണ്ടതിനെ അത്തരത്തിലും അഡ്രസ് ചെയ്യും.

Q

തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാണെന്ന് പറയുമ്പോഴും പല മാധ്യമ സ്ഥാപനങ്ങളിലും ഐ.സി നടപ്പിലാക്കുന്നില്ല. ഐ.സി നടപ്പിലാക്കുന്നത് നിര്‍ബന്ധമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പത്രപ്രവര്‍ത്തക യൂണിയന്‍ അധ്യക്ഷയെന്ന നിലയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?

A

ഉറപ്പായും. വെറുതെ പേരിന് വേണ്ടി മാത്രം രൂപീകരിക്കപ്പെടുന്ന കമ്മിറ്റികള്‍ ഉണ്ട്. അത്തരം സാഹചര്യവും ഒഴിവാക്കപ്പെടണം. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാത്ത മാധ്യമസ്ഥാപനങ്ങളെ കണ്ടെത്തും. ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സെല്ലുകള്‍ ഉണ്ടെങ്കില്‍ അത്തരം കാര്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകും. നിരവധി വനിത മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘടനയാണ് ഞങ്ങളുടേത്. യൂണിയന്‍ എന്ന നിലയിലും യൂണിയന് അകത്ത് വരുന്ന പരാതികളില്‍ നീതിപൂര്‍വകമായ നടപടി ഉറപ്പുവരുത്തുന്നതിന് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ലക്ഷ്യത്തിലെത്തിക്കും.

Q

മാധ്യമ പ്രവര്‍ത്തനമേഖല ഒരു തൊഴിലിടം എന്ന അര്‍ത്ഥത്തില്‍ സ്ത്രീ സൗഹൃദമാണെന്ന് ഉറപ്പിച്ച് പറയാവുന്ന സ്ഥിതി ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നുണ്ടോ?

A

പൂര്‍ണ്ണമായി അങ്ങനെ പറയാനാവില്ല. പല രൂപത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിന്റെ മറ്റെല്ലാ മേഖലയിലും ഉള്ളത് പോലെ മാധ്യമമേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ട്.

Q

പീരിയഡ് ലീവ് അടക്കം നടപ്പാക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. അത്തരം അവധികള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ എങ്ങനെയാണ് കാണുന്നത്? അത് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമോ?

A

ഒരേ തരത്തിലുള്ള തൊഴില്‍ ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറയുമ്പോഴും ജനറ്റിക് ആയ വ്യത്യാസങ്ങള്‍ ഉണ്ട്. പീരീഡ് ലീവ് സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. അത്തരത്തില്‍ അവധി അനുവദിക്കപ്പെടാത്ത വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടപെടലുകള്‍ ഉണ്ടാകും.

Q

കേരളത്തിലെ മാധ്യമ മേഖലയില്‍ അടിസ്ഥാന വേതനം നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവാണ്. വേജ് ബോര്‍ഡ് നടപ്പിലാക്കണമെന്ന ആവശ്യം പലപ്പോഴായി ഉയര്‍ന്നതുമാണ്. സംഘടനാതലത്തില്‍ വേജ് ബോര്‍ഡ് സംബന്ധിച്ച് അത്തരം നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള സാഹചര്യം ഇപ്പോഴുണ്ടോ?

A

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. വേതനത്തിലെ കുറവ് മാത്രമല്ല അനുവദിക്കപ്പെടുന്ന ശമ്പളത്തിനായി ശബ്ദമുയര്‍ത്തേണ്ട ഗതികേടിലാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ നാട്ടിലെ സകലരുടെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സത്യത്തില്‍ അനുഭവിക്കുന്നത് അവര്‍ പലരും നേരിടുന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ്. വേജ് കോഡിന്റെ വരവോടെ വേജ് ബോര്‍ഡ് ഇല്ലാതാവുകയാണ് ചെയ്യുക. തൊഴില്‍ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു. സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പ്പം വിസ്മൃതിയിലേക്കാണ്. കരാര്‍ വത്കരണം മാധ്യമമേഖലയിലും വ്യാപിച്ചു കഴിഞ്ഞു. ഇത്തരം പ്രവണതകള്‍ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും വേണം. അതിന് പ്രാപ്തമാക്കുന്ന കൂട്ടായ്മ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. നമ്മുടെ ശബ്ദത്തെ അധികാരികള്‍ ഭയക്കണം. കെ.യു.ഡബ്ല്യൂ.ജെ അത്തരത്തില്‍ ഒരു പൊളിച്ചെഴുത്ത് കൂടി ആവശ്യമായ സന്ദര്‍ഭത്തില്‍ നില്‍ക്കുന്ന സമയമാണ്.

Q

മാറി വരുന്ന മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ പ്രതീക്ഷയാണെന്നിരിക്കെ കേരളത്തിലെ പ്രസ്‌ക്ലബുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ അവഗണിക്കുന്ന സ്ഥിതിയാണുള്ളത്? ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?

A

ഓണ്‍ലൈന്‍ മാധ്യമങ്ങളെ യൂണിയന്റെ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ യൂണിയന്‍ തലത്തില്‍ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ പ്രതീക്ഷയാണ് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും മറ്റ് ചില വശങ്ങള്‍ കൂടി അതിലുണ്ട്. ആര്‍ക്കും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം നടത്താം എന്നൊരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രൊഫെഷണല്‍ ആയി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ ക്രെഡിബിലിറ്റി കൂടി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം അതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ യൂണിയന്റെയും പ്രസ്സ് ക്ലബ്ബുകളുടെയും ഭാഗമാകുന്നത്തിനുള്ള ആലോചനകളാണ് നടക്കുന്നത്. കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്നാണ് അത് നീണ്ടു പോയത്.

Related Stories

No stories found.
logo
The Cue
www.thecue.in