വന്ദേ ഭാരത് ട്രെയിനിന് സ്വീകരണം നല്‍കുന്നതിനിടെ താങ്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചത് ശരിയായോ?
മനഃപൂര്‍വ്വം ആരെങ്കിലും ആഹ്വാനം ചെയ്തോ ആലോചിച്ചിട്ടോ ചെയ്ത കാര്യമല്ല അത്. രണ്ട് മിനിട്ടായിരുന്നു ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയത്. ആയിരക്കണക്കിന് ആളുകള്‍ അഭിവാദ്യം അര്‍പ്പിക്കാനായി എത്തിയിരുന്നു. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്ന വിഷയം കുറേ ദിവസമായിട്ട് ചര്‍ച്ചയായിരുന്നു. സ്റ്റോപ്പില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ജനങ്ങള്‍ റെയില്‍വേയിലും എന്നിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങളുടെ ആവശ്യം കൃത്യമായി റെയില്‍വേയെ ബോധ്യപ്പെടുത്തി. ട്രെയിന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. അതിന്റെ സന്തോഷം പങ്കിടാനും അഭിവാദ്യം അര്‍പ്പിക്കുന്നതിനുമായാണ് ആയിരക്കണക്കിന് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
ട്രെയിന്‍ എത്തിയപ്പോള്‍ നല്ല മഴയായിരുന്നു. എഞ്ചിന്‍ നില്‍ക്കുന്ന ഭാഗത്തായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു. തിരിച്ച് കാറില്‍ മടങ്ങുമ്പോഴാണ് ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ച് വികലമാക്കിയെന്നും ശ്രീകണ്ഠന്റെ അറിവോട് കൂടിയാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇക്കാര്യം വിളിച്ച് അന്വേഷിച്ചു. ട്രെയിന്‍ ഷൊര്‍ണൂരില്‍ നിന്നും തിരൂരിലേക്ക് പോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിനിന്റെ മുന്‍ഭാഗം മുതല്‍ അവസാനഭാഗം വരെ അതില്‍ കാണാം. ഷൊര്‍ണൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്നും എടുത്ത വീഡിയോയില്‍ എവിടെയും പോസ്റ്റര്‍ പതിച്ചതായി കാണാനില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു.
അഭിവാദ്യം അര്‍പ്പിക്കാനെത്തിയതില്‍ രണ്ടോ മൂന്നോ പേര്‍ ട്രെയിനില്‍ പോസ്റ്റര്‍ വെക്കുന്നതും ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ കണ്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. കോച്ചിന് മുകളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങിയപ്പോള്‍ ഗ്ലാസില്‍ പിടിപ്പിച്ച് വെച്ച് ഫോട്ടോ എടുത്തതാണ്. പശയൊന്നും ഉപയോഗിച്ചല്ല അത് ചെയ്തത്. മഴ വെള്ളത്തിനൊപ്പം അത് ഊര്‍ന്ന് പോകുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതുകണ്ട് ആര്‍.പി.എഫും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ അവരത് എടുത്ത് മാറ്റുകയും ചെയ്തു. മുപ്പത് സെക്കന്റ് പോലും ട്രെയിനിന് മുകളില്‍ പോസ്റ്റര്‍ ഉണ്ടായിരുന്നില്ല. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. അവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്. അന്വേഷിക്കട്ടെ. മനഃപൂര്‍വ്വം കേടുവരുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് പുറത്ത് വരട്ടെ.
ഞങ്ങള്‍ അവിടെ പോയത് സന്തോഷത്തോടെയാണ്. സമരമുഖത്ത് പോസ്റ്റര്‍ ഒട്ടിച്ചു എന്ന് പറഞ്ഞാല്‍ ആവേശമോ അവിവേകമോ കാരണം ചെയ്തുവെന്ന് കരുതാം. അഭിവാദ്യം അര്‍പ്പിക്കാനെത്തിയവര്‍ എന്തിന് പോസ്റ്റര്‍ ഒട്ടിക്കണം. ആയിരത്തോളം ആളുകളുടെ കൈയില്‍ പ്ലകാര്‍ഡ് ഉണ്ടായിരുന്നു. അവരൊക്കെ ഒട്ടിച്ചാല്‍ എന്താകുമായിരുന്നു സ്ഥിതി. ഒരു ഫോട്ടോ കിട്ടിയ ഉടന്‍ ട്രെയിന്‍ വികൃതമാക്കിയെന്നും രാജ്യദ്രോഹ കുറ്റം ചെയ്തുവെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നത് ബി.ജെ.പി കേന്ദ്രങ്ങളാണ്. സ്റ്റോപ് അനുവദിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ ജാള്യതയുണ്ട്. അത് മറയ്ക്കുന്നതിന് വേണ്ടിയാണ് എന്നെ കരിതേക്കാന്‍ ശ്രമിക്കുന്നത്. ബി.ജെ.പിക്കാര്‍ ആരും സ്റ്റോപ് വേണമെന്ന് ആവശ്യപ്പെടുകയോ അതിന് വേണ്ടി മുന്നില്‍ നില്‍ക്കുകയോ ചെയ്തിട്ടില്ല.
ജനപ്രതിനിധി എന്ന നിലയില്‍ ആളുകളുടെ ശരിയായ ആവശ്യത്തിനൊപ്പം നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. അധികാരങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും സ്റ്റോപ്പ് അനുവദിച്ച് എടുക്കാനും സാധിച്ചു. അതിന് ആളുകള്‍ അഭിവാദ്യം അര്‍പ്പിക്കുന്നത് കണ്ട് അസൂയയും വെറളിയും പൂണ്ട് ഉണ്ടാക്കിയ കഥയാണ്. വ്യാപകമായി പ്രവചിരിപ്പിക്കുന്നത് ഒററ കേന്ദ്രത്തില്‍ നിന്നാണ്. സംഘപരിവാരാണ്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഇവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എന്റെ മൊബൈല്‍ നമ്പര്‍ ഇട്ട് കൊടുത്തിട്ട് എല്ലാവരോടും വിളിച്ച് ചീത്ത പറയാന്‍ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നാണമുണ്ടോയെന്നാണ് എനിക്ക് അറിയേണ്ടത്.
കുറേ പേരെ കൊണ്ട് അസഭ്യം പറയിപ്പിച്ചാലും ഭീഷണിപ്പെടുത്തിയാലും മുട്ടുമടക്കുന്ന ആളല്ല വി.കെ ശ്രീകണ്ഠന്‍. .വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലം മുതല്‍ പൊതുരംഗത്തുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസോ ആരോപണമോ ഇല്ല. ട്രെയിന്‍ അഗ്‌നിക്കിരയാക്കിയതും ആളുകളെ ചുട്ടുകൊന്നതുമാണ് ഇവരുടെ ചരിത്രം. നമ്മുടെ രാജ്യത്ത് സംഘപരിവാറിന്റെ ഫാസിസ്റ്റ് നയമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ ശത്രുതയ്ക്ക് ഇങ്ങനെ പകരം വീട്ടിയാല്‍ ജനങ്ങള്‍ അത് വിശ്വസിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഞാന്‍. എന്റെ നാട്ടുകാര്‍ക്ക് എന്നെ അറിയാം. ഇത്തരം പ്രചരണങ്ങള്‍ അവര്‍ വിശ്വസിക്കില്ല.
സ്നേഹിച്ച് കുഴിയില്‍ ചാടിച്ചതാണോ. പാര്‍ട്ടിയില്‍ താങ്കളോട് വിരോധമുള്ള ആരെങ്കിലുമാണോ ഇതിന് പിന്നില്‍?
വേറെ വല്ല പാര്‍ട്ടിക്കാരുമായിരുന്നെങ്കില്‍ എന്തെല്ലാം പേക്കൂത്തുകള്‍ കാണിക്കുമായിരുന്നു. ട്രയല്‍ റണ്ണിന് വേണ്ടി വന്ദേ ഭാരത് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുമ്പോള്‍ ആദ്യം എത്തിയത് പാലക്കാടായിരുന്നു. അന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളില്‍ ബി.ജെ.പിയുടെ പതാക പുതപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ബി.ജെ.പിയുടെ തറവാട് സ്വത്ത് പോലെയാണ് അന്ന് അവര്‍ കാട്ടിക്കൂട്ടിയത്. അതൊന്നും ആരും കാണുന്നില്ല. സംഘടിതമായി വ്യക്തിഹത്യ നടത്താനും അസഹിഷ്ണുത പ്രചരിപ്പിക്കാനുമുള്ള പ്ലാറ്റ്ഫോമായാണ് പരിവാര്‍ സംഘടനകളും തീവ്രവാദികളും സോഷ്യല്‍ മീഡിയയെ കാണുന്നത്. മഴയത്ത് ചില്ലു ഗ്ലാസിന് മുകളില്‍ ഫോട്ടോയെടുക്കാനായി മുപ്പത് സെക്കന്റില്‍ താഴെ പോസ്റ്റര്‍ വെക്കുക മാത്രമാണ് ചെയ്തത്. പതിച്ചു എന്ന് പോലും എനിക്ക് പറയാന്‍ കഴിയില്ല. പോലീസും ആര്‍.പി.എഫും ഇന്റലിജന്‍സും എല്ലാം അവിടെ ഇല്ലേ. ആര്‍.പി.എഫുകാര്‍ തടയുമ്പോള്‍ പ്രവര്‍ത്തകര്‍ തന്നെ അതെടുത്ത് പോകുന്നത് വീഡിയോകളില്‍ കാണാം. ഇതിനെ പെരുപ്പിച്ച് കാണിക്കുന്നത് നാണംകെട്ട രാഷ്ട്രീയമാണ്. ഇത്തരം കാര്യങ്ങളാണ് കൈയിലുള്ളതെന്നത് കൊണ്ടാണ് ബി.ജെ.പി ഇവിടെ ക്ലച്ച് പിടിക്കാത്തത്. നന്നായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ പ്രചരണം നടത്തുകയാണ്. ഇവര്‍ക്ക് തെമ്മാടിത്തരം ചെയ്യാന്‍ കുറച്ച് ഗുണ്ടകള്‍ കൂട്ടിനുണ്ടെന്ന് വെച്ച് എന്തും ചെയ്യാമെന്നാണോ? ഫാസിസ്റ്റ് നയങ്ങള്‍ക്കും ഏകാധിപത്യത്തിനും എതിരെയുള്ള പോരാട്ടം ഇനിയും ശക്തമായി തുടരും.
രാജ്യം ഉണ്ടായത് തന്നെ മോദി വന്നതിന് ശേഷമാണെന്ന് പ്രചരിപ്പിക്കുന്നത് വിശ്വസിക്കാന്‍ മൂഢന്‍മാരല്ല. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അല്ലാതെ പഞ്ചായത്ത് കമ്മിറ്റിയല്ല. മാറ്റം ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അത് മുഴുവന്‍ ബി.ജെ.പിയുടേതാണെന്ന് വീമ്പിളക്കുന്നത് കേട്ടിരിക്കാന്‍ പറ്റില്ല.
പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ താങ്കള്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ഇത് ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കുമോ?
അത്രയേയുള്ളൂ. അവര് പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നേരിട്ട് കണ്ടവര്‍ക്കും കാര്യങ്ങള്‍ ശരിയായി വിലയിരുത്തിയവര്‍ക്കും അറിയാം. സെല്‍ഫി എടുക്കാന്‍ വേണ്ടി മാത്രം ചെയ്തതാണ്. മഴയത്ത് കടലാസ് വെച്ചാല്‍ അവിടെ കുറച്ച് സെക്കന്റുകള്‍ നില്‍ക്കുമല്ലോ. അവര്‍ നേരത്തേ ആലോചിച്ച് തീരുമാനിച്ചോ ഗൂഢാലോചന നടത്തിയോ ചെയതതല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കം പാലിക്കണമെന്നും നാളെ മുതല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശം കൊടുത്തിട്ടുണ്ട്. പോലീസ് അന്വേഷിക്കുന്നുമുണ്ടല്ലോ. തെളിയിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടെ.
പോസ്റ്റര്‍ ഒട്ടിച്ചത് ശരിയായില്ലെന്നാണ് കെ.മുരളീധരന്‍ എം.പി വിമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കുമെന്നാണ് കെ.മുരളീധരന്‍ പറഞ്ഞിരിക്കുന്നത്. താങ്കളുടെ പാര്‍ട്ടിയില്‍ തന്നെയുള്ളവര്‍ തന്നെ വിയോജിപ്പ് പരസ്യമായി പറയുന്നുണ്ടല്ലോ?
അത് അയാളുടെ മണ്ഡലത്തിലെ എവിടെത്തെയെങ്കിലും കാര്യമായിരിക്കും. എന്റെ മണ്ഡലത്തിലെ കാര്യം ഞാനല്ലേ പറയേണ്ടത്. അയാളുടെ മണ്ഡലത്തിലെ എന്തെങ്കിലും കാര്യത്തില്‍ നടപടിയെടുക്കുമെന്ന് ഞാനാണോ പറയേണ്ടത്. അയാളാരാണ് പാര്‍ട്ടിയില്‍ നടപടിയെടുക്കാന്‍. അങ്ങനെ തീരുമാനമെടുത്തില്ല. അതിന് ഇവിടെ പാര്‍ട്ടി നേതൃത്വവും ജില്ലാ കമ്മിറ്റിയുമുണ്ട്. അവര്‍ ഇടപെടും. വേണ്ട നിര്‍ദേശം അവര്‍ നല്‍കും.
പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ കേസെടുത്തിരിക്കുകയാണല്ലോ. കേസിനെ എങ്ങനെ നേരിടും?
ആര്‍ക്കെതിരെ പരാതി നല്‍കിയാലും കേസെടുക്കും. കേസെടുത്ത ഉടന്‍ കുറ്റവാളിയാകില്ല. അങ്ങനെയെങ്കില്‍ നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും എതിരെ എത്ര കേസുണ്ട്. അവര്‍ പോയി ജയിലില്‍ കിടക്കുമോ?. ആര്‍.പി.എഫ് കേസെടുത്തിട്ടുണ്ടല്ലോ. അവര്‍ അന്വേഷിക്കട്ടെ. അതിന് മുമ്പ് അഭിപ്രായം പറയുന്നത് ശരിയല്ല.
താങ്കളുടെ ഇടപെടലിലൂടെയാണ് ഷൊര്‍ണൂരില്‍ സ്റ്റോപ് അനുവദിച്ചതെന്നാണ് അവകാശപ്പെടുന്നത്. എങ്ങനെയായിരുന്നു ആ ഇടപെടല്‍?
അത് എല്ലാവര്‍ക്കും അറിയാമല്ലോ. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റെയില്‍വേയുടെ ഉന്നത കേന്ദ്രങ്ങളെ സമീപിച്ചു. മന്ത്രി മുതല്‍ ഡി.ആര്‍.എം വരെയുള്ളവര്‍ക്ക് കത്ത് നല്‍കി. മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. അവര്‍ക്ക് കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നില്ല. വീണ്ടും സമ്മര്‍ദ്ദം ചെലുത്തി. സര്‍വീസ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പും തീരുമാനമാകതിരുന്നതോടെ പത്രസമ്മേളനം നടത്തി പരസ്യമായി പറഞ്ഞു. പ്രധാനമന്ത്രി തിരുവനന്തപുരത്ത് പച്ചകൊടി കാണിച്ച് ട്രെയിന്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ പാലക്കാട് എം.പി ചുവപ്പ് കൊടി കാണിച്ച് ശക്തമായ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചു. അതിന് ശേഷം റെയില്‍വേ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. സ്റ്റോപ് അനിവാര്യമാണെന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ എല്ലാ തെളിവുകളും എടുത്ത് സാഹചര്യങ്ങള്‍ അറിയിച്ചു. റെയില്‍വേ ബോര്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചു. ജനങ്ങളുടെ വികാരം ബോധ്യപ്പെടുത്തുകയെന്ന കടമ ഞാന്‍ നിര്‍വഹിച്ചു. ക്രെഡിറ്റ് വേറെ ആര്‍ക്കെങ്കിലും പോകുമോയെന്ന ഭയം കൊണ്ടാണ് ബി.ജെ.പി ഈ പേക്കൂത്ത് മുഴുവന്‍ കാണിക്കുന്നത്. എന്റെ പൊതുപ്രവര്‍ത്തനത്തിന് ഇതൊരു കോട്ടവും വരുത്തില്ല. ഈ പ്രചരണം രണ്ടോ മൂന്നോ ദിവസം നില്‍ക്കും. പിന്നെ യാഥാര്‍ത്ഥ്യം പുറത്ത് വരും.
ക്രെഡിറ്റ് വേറെ ആര്‍ക്കെങ്കിലും പോകുമോയെന്ന ഭയം കൊണ്ടാണ് ബി.ജെ.പി ഈ പേക്കൂത്ത് മുഴുവന്‍ കാണിക്കുന്നത്. എന്റെ പൊതുപ്രവര്‍ത്തനത്തിന് ഇതൊരു കോട്ടവും വരുത്തില്ല. ഈ പ്രചരണം രണ്ടോ മൂന്നോ ദിവസം നിലനില്‍ക്കും. യാഥാര്‍ത്ഥ്യം പുറത്ത് വരും.
റെയില്‍വേയുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന പരാതി കോണ്‍ഗ്രസും സി.പി.എമ്മും ഉയര്‍ത്താറുണ്ട്. വന്ദേഭാരതിലൂടെ ആ പരാതി ഇല്ലതാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞോ?
വന്ദേഭാരത് കേരളത്തിനായി കൊണ്ടു വന്നതല്ല. രാജ്യത്തെ പതിനാലാമത്തെ ട്രെയിനാണ്. റെയില്‍വേ എന്നത് ഒരു വ്യക്തി കൊണ്ടുവന്ന് ഉണ്ടാക്കുന്നതല്ല. നരേന്ദ്രമോദി കഴിവും മികവാണെന്നുമൊക്കെ പ്രചരിപ്പിച്ചോട്ടെ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദരവൊക്കെ ഞങ്ങള്‍ക്കും ഉണ്ട്. രാജ്യത്തിന്റെ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍വേ. കരിയെഞ്ചിനായിരുന്നു ബ്രിട്ടീഷുകാരുടെ കാലത്ത്. ഡീസല്‍ എഞ്ചിനാക്കി മാറ്റിയത് കോണ്‍ഗ്രസ് ഭരണത്തില്‍ എത്തിയപ്പോഴാണ്. കാലാകാലങ്ങളായി നടത്തേണ്ട ആധുനികവത്കരണ കാര്യങ്ങള്‍ നടത്തി. ജനശതബ്ദി, രാജധാനി തുടങ്ങിയ നൂറുകണക്കിന് ട്രെയിനുകള്‍. ആദ്യമായി ട്രെയിനില്‍ ഭക്ഷണം, ഫസ്റ്റ് എ.സി എന്നിവയൊക്കെ കൊണ്ടു വന്നു. റെയില്‍വേയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. കോച്ചുഫാക്ടിയില്‍ വര്‍ഷങ്ങളായി നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായാണ് വന്ദേഭാരതും വരുന്നത്. ഇതിനൊക്കെ തന്നെയല്ലേ സര്‍ക്കാരുകള്‍.
റെയില്‍വേ മൊത്തം കൊണ്ടു വന്നത് മോദിയും ബി.ജെ.പിയുമാണെന്ന് പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം അറയുന്നവരല്ല. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ വന്ന വികസന പ്രവര്‍ത്തനങ്ങളുണ്ട്. രാജ്യം ഉണ്ടായത് തന്നെ മോദി വന്നതിന് ശേഷമാണെന്ന് പ്രചരിപ്പിക്കുന്നത് വിശ്വസിക്കാന്‍ മൂഢന്‍മാരല്ല. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. അല്ലാതെ പഞ്ചായത്ത് കമ്മിറ്റിയല്ല. മാറ്റം ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അത് മുഴുവന്‍ ബി.ജെ.പിയുടേതാണെന്ന് വീമ്പിളക്കുന്നത് കേട്ടിരിക്കാന്‍ പറ്റില്ല. ട്രെയിനിന് മുന്നില്‍ ബി.ജെ.പിയുടെ കൊടി പുതപ്പിക്കാമോ?
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അത്ഭുത വിജയം വരുന്ന തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമോ?
ഞാന്‍ വിജയിച്ചത് അത്ഭുതമായി എനിക്ക് തോന്നുന്നില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യവും സംഘടനാ പ്രവര്‍ത്തനവും പൊതുജനങ്ങളുടെ ഇടയിലുള്ള കാര്യങ്ങളും എനിക്ക് അറിയാം. 38 വര്‍ഷമായി പാലക്കാട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സര്‍ക്കാരുകള്‍ മാറുമ്പോള്‍ അവര്‍ക്ക് പലതരം സ്വാധീനമുണ്ടാകും. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. രാഷ്ട്രീയമായും സംഘടനാപരമായും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങളാണ് അന്തിമമായി ആരെ ജയിപ്പിക്കണമെന്നും തോല്‍പ്പിക്കണമെന്നും തീരുമാനിക്കുക. അത് അവര്‍ക്ക് വിടുക. എന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നീതിപൂര്‍വ്വം ചെയ്യുന്നുണ്ട്. അത് മനസിലാക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ പാലക്കാടുണ്ട്. തെറ്റായി ചിത്രീകരിക്കാന്‍ അന്നും ഇന്നും ശ്രമമുണ്ട്. അതൊക്കെ പുച്ഛിച്ച് തള്ളിയ ചരിത്രമാണ് പാലക്കാട്ടെ ജനങ്ങളുടേത്. ഞാന്‍ ജനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള പൊതുപ്രവര്‍ത്തന മാതൃക സ്വീകരിക്കുന്ന ആളാണ് ഞാന്‍. അത് തുടരും. അതിന്റെ റിസല്‍ട്ട് പാലക്കാട്ടെ ജനങ്ങള്‍ തരുമെന്നാണ് എന്റെ വിശ്വാസം.