വന്‍കിട വ്യവസായികളുടെ ഹബ്ബാകുന്ന സര്‍വകലാശാല, പണിക്കാരാകുന്ന വിദ്യാര്‍ത്ഥികള്‍

വന്‍കിട വ്യവസായികളുടെ  ഹബ്ബാകുന്ന സര്‍വകലാശാല, പണിക്കാരാകുന്ന വിദ്യാര്‍ത്ഥികള്‍
Published on

സര്‍വകലാശാലകളിലെ അധ്യാപകരാകാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ലാറ്ററല്‍ എന്‍ട്രി നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇത് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. നെറ്റ്, പി.എച്ച്.ഡി യോഗ്യതയില്ലെങ്കിലും എഞ്ചിനിയറിംഗ്, പോളിസി, വിവരസാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണെങ്കില്‍ അവര്‍ക്ക് സര്‍വകലാശാല അധ്യാപകരാകാം എന്നാണ് പ്രൊപ്പോസല്‍ പറയുന്നത് എന്നാണ് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞത് പ്രകാരം ഇവര്‍ 'പ്രൊഫസേഴ്‌സ് ഓഫ് പ്രാക്ടീസ്' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇത് നടപ്പിലാക്കുകയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എങ്ങനെയായിരിക്കും ബാധിക്കുക എന്ന് പറയുകയാണ് വിദ്യാഭ്യാസ വിദഗ്ധനായ ഡോ. കെ.എന്‍ ഗണേഷ്

യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ മുന്നോട്ട് വെക്കുന്ന ലാറ്ററല്‍ എന്‍ട്രി എന്ന ആശയം എങ്ങനെയായിരിക്കാം ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കുക? ഇത് ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ വഴിവെച്ചിരിക്കുകയാണല്ലോ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൂക്ഷ്മമായൊരു മാറ്റം സംഭവിക്കുന്നുണ്ട്. 2005ലെ സാം പിത്രോഡ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്നെ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെടുത്തികൊണ്ട് ഇന്നൊവേഷന്‍ മേഖലയില്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കണമെന്നുള്ള നിര്‍ദേശം വന്നിരുന്നു.

അതിന് ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളിലും പഠനങ്ങളിലും രണ്ട് കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു. അത് ഇപ്രകാരമാണ്

1. ഒന്ന് സാധാരണ ടീച്ചിങ്ങ് സര്‍വകലാശാലകളും ഗവേഷണ സര്‍വകലാശാലകളും (research universities) തമ്മില്‍ വേര്‍പെടുത്തണം. ഇവിടെ ഗവേഷണ സര്‍വകലാശാലകള്‍ എന്നാല്‍ വ്യവസായിക മേഖലയുമായി (industrial sector) ബന്ധപ്പെടുത്തി വാണിജ്യാവശ്യത്തിന് ( commercial use) വേണ്ടിയുള്ള പാറ്റന്റുകളും (patent) മറ്റും നിര്‍മ്മിക്കുന്ന ഇടങ്ങളാണ്.

ടീച്ചിങ്ങ് യൂണിവേഴ്‌സിറ്റികള്‍ എന്നാല്‍ ഇപ്പോഴത്തെ നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്നത് പോലെയുള്ള, ഡിഗ്രി, പിജി തുടങ്ങിയവയ്ക്കായുള്ള സംവിധാനങ്ങളായിരിക്കും.

2. രണ്ടാമത്തേത് കേന്ദ്ര സര്‍ക്കാരിന്റെ പി.എം സെക്രട്ടറിയേറ്റിന് കീഴിലായി ഒരു ഉന്നത സംവിധാനം (apex body) ഉണ്ടാക്കണമെന്നുള്ള ആശയമാണ്, ഇത് നേരത്തെ തന്നെയുണ്ട്. വ്യാവസായിക പ്രതിനിധിക്ക് ഉന്നത വിദ്യാഭ്യാസുമായി ബന്ധപ്പെട്ടുള്ള ആ അപക്‌സ് ബോഡിയില്‍ വലിയ പ്രാധാന്യമാണുള്ളത്. ഇവിടെ അക്കാദമീഷന്‍സിനേക്കാള്‍ കൂടുതലായി ബ്യൂറോക്രാറ്റ്‌സും വ്യാവസായിക വിദഗ്ധരോ (industry experts) ആയിരിക്കും ഈ അപക്‌സ് ബോഡിയില്‍ ഉണ്ടാകുക.

നിലവില്‍ ലാറ്ററല്‍ എന്‍ട്രിയെക്കുറിച്ച് ജഗദീഷ് കുമാറാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പിന്തുണയും ഉണ്ടെന്ന് പറയുന്നുണ്ട്. അതായത് സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിന് ഗവേഷണയോഗ്യതയുള്ളവരോ നെറ്റുള്ളവരോ (national eligibility test) മാത്രം പോര ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ട്‌സിനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് പറയുന്നത്.

ഇതിന് പിന്നില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്

1. വ്യാവസായിക വാണിജ്യ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും നേരിട്ട് ബന്ധിപ്പിക്കുക. വ്യാവസായിക മേഖലയുടെ താത്പര്യത്തിന് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉടച്ചുവാര്‍ക്കുക.

2. സാങ്കേതിക വിദ്യയിലെ ഗവേഷണമാണ് ഇപ്പോള്‍ ഇന്നൊവേഷന്‍ (innovation) ആയിട്ട് കണക്കാക്കുന്നത്.

വന്‍കിട വ്യവസായികളുടെ  ഹബ്ബാകുന്ന സര്‍വകലാശാല, പണിക്കാരാകുന്ന വിദ്യാര്‍ത്ഥികള്‍
ഇന്ത്യയുടെ ഇമാജിനേഷനില്‍ നിങ്ങളില്ല

പണ്ട് കാലത്തെ പോലെ വലിയൊരു ഗവേഷണ പ്രബന്ധം എഴുതി പി.എച്ച്.ഡി എടുത്ത് നോബല്‍ പുരസ്‌കാരം നേടുക എന്ന് പറയുന്ന സ്വപ്‌നത്തില്‍ നിന്നൊക്കെ ഗവേഷണം മാറിയിട്ടുണ്ട്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടുള്ള കണ്ടുപിടുത്തമാണ് (technological innovation) ഇപ്പോള്‍ ഗവേഷണമായി കണക്കാക്കുന്നത്.

അതായത് ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കുക, അതില്‍ ചെറിയ മാറ്റങ്ങള്‍ (tinkering) വരുത്തുക എന്നതൊക്കെ ഗവേഷണമായി കണക്കാക്കുന്ന ഒരു അവസ്ഥ ഇപ്പോഴുണ്ട്. വ്യാവസായിക മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം അത്തരം കണ്ടുപിടുത്തങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.

സാമൂഹിക ശാസ്ത്രത്തിലോ (social science) ശുദ്ധ ശാസ്ത്രത്തിലോ (pure science) നടത്തുന്ന ആഴത്തിലുള്ള ഗവേഷണത്തേക്കാള്‍ പ്രധാന്യം ഇതിനായി മാറും. ഏതെങ്കിലും ഒരു പുതിയ ഉത്പന്നത്തിന്റെ (product) നിര്‍മ്മാണത്തിന് സഹായിക്കുന്ന ഫോര്‍മുലയ്ക്ക് വലിയ പ്രാധാന്യം വരും.

അത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായ മേല്‍നോട്ടം നല്‍കാന്‍ ഒരു പി.എച്ച്.ഡി പ്രൊഫസറേക്കാള്‍ വ്യാവസായിക മേഖലയുമായി ബന്ധമുള്ള ആളുകളാണ് നല്ലതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഒരു വിഷയത്തിന്റെ വൈജ്ഞാനിക മണ്ഡലത്തില്‍( knowledge domain) നിന്ന് കൊണ്ട് പുതിയ കാര്യങ്ങള്‍ കണ്ട് പിടിക്കുക എന്നുള്ളതാണ് ഒരു പി.എച്ച്.ഡി പ്രൊഫസര്‍ ചെയ്യുക. അതേസമയം ഒരു ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ട് അയാളുടെ ഒരു ഉത്പന്നത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി അതൊരു പുതിയ ഉത്പന്നമായി ഇറക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് നമ്മള്‍ മൊബൈല്‍ ഫോണിന്റെയൊക്കെ പുതിയ മോഡല്‍ ഇറക്കുന്നത് പോലെ. അതിനായിരിക്കും അയാള്‍ക്ക് താത്പര്യം.

അങ്ങനെയുള്ള ആളുകളെ കൊണ്ട് വന്ന് ക്ലാസെടുപ്പിച്ചാല്‍ അതനുസരിച്ചുള്ള ഗവേഷണം അവിടെ നടക്കും.

ലാറ്ററല്‍ എന്‍ട്രി എന്ന ആശയത്തിന്റെ പിന്നിലുള്ള പ്രധാനപ്പെട്ട യുക്തി അതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരമ്പരാഗത സങ്കല്‍പത്തെ(conventional concepts of higher education) സംബന്ധിച്ചിടത്തോളം പരമപ്രാധാന്യം വിദ്യാഭ്യാസത്തിന് ആയിരിക്കണം എന്നാണ്. അത് മാറ്റി വാണിജ്യാനുസൃതമായ (commercially viable) ഒരു കോഴ്‌സ് ഇറക്കുക, അതനുസരിച്ച് ചില പ്രോജക്ടുകള്‍ ഉണ്ടാക്കുക എന്നതിനാണ് ഇവിടെ പ്രധാന്യം നല്‍കുന്നത്.

ചുരുക്കി പറഞ്ഞാല്‍ അത്തരത്തിലുള്ള പഠനങ്ങള്‍ നടത്തി ആ പഠന ഫലം ഉപയോഗിച്ച് വാണിജ്യപരമായ പേറ്റന്റുകള്‍ ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കുക എന്ന്. നിലവില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഉദ്ദേശ്യവും അതാണ്.

വന്‍കിട വ്യവസായികളുടെ  ഹബ്ബാകുന്ന സര്‍വകലാശാല, പണിക്കാരാകുന്ന വിദ്യാര്‍ത്ഥികള്‍
വിചാരണയുടെ ദിവസങ്ങളില്‍ ഒറ്റപ്പെട്ടു; ഇത് എന്റെ യുദ്ധമെന്ന് അന്ന് തിരിച്ചറിഞ്ഞു Bhavana|Barkha Dutt

ഉദാഹരണത്തിന് കൊമേഴ്‌സ്, മാധ്യമ പഠനം തുടങ്ങിയ കോഴ്‌സുകളെ സംബന്ധിച്ചിടത്തോളം ഗവേഷണത്തിന്റയൊന്നും ആവശ്യമില്ല എന്ന ധാരണയ്ക്ക് പുറത്താണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഗവേഷണ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു ആശങ്കയുളവാക്കുന്ന തീരുമാനമല്ലേ? പൂര്‍ണമായും എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന സ്ഥിതിയായിരിക്കുമോ ഉണ്ടാകാന്‍ പോകുന്നത്?

ഗവേഷണം പൂര്‍ത്തിയാക്കിയ വലിയൊരു വിഭാഗത്തിന് ഇപ്പോള്‍ തന്നെ ജോലിയില്ല. അവരുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നതാണ് ഇതിന്റെ അന്തിമ ഫലം.

അവര്‍ക്കാരും ജോലി കൊടുക്കുന്നില്ല. കേരളത്തിനെ സംബന്ധിച്ചിടത്തോളം നിരവധി ഗവേഷണ വിദ്യാര്‍ത്ഥികള്‍ പണിയൊന്നും ലഭിക്കാതെ നടക്കുന്നുണ്ട്. എയിഡഡ് കോളേജില്‍ ലക്ഷങ്ങള്‍ കൊടുത്ത് കയറാന്‍ അവര്‍ക്ക് കഴിയില്ല. ഇന്ത്യയില്‍ ഉടനീളമുള്ള അവസ്ഥ ഇത് തന്നെയാണ്.

അതുകൊണ്ട് തന്നെ ഇത്തരമൊരു സ്ഥിതി കൂടി വരികയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കണ്ടന്റും സ്വഭാവവും പൂര്‍ണമായി മാറും. അതൊരു വ്യാവസായിക കേന്ദ്രത്തിന് കീഴിലുള്ള ഉപ മേഖലയാകും (industry sub domain) . വന്‍കിട വ്യവസായികളുടെ ഒരു സബ്ബ് ഓഫീസായി സര്‍വ്വകലാശാലകളും കോളേജുകളും മാറും. അതിന് ഏതെങ്കിലും രീതിയില്‍ പണിയെടുക്കുന്നവരായി വിദ്യാര്‍ത്ഥികളും പരിണമിക്കും.

താങ്കള്‍ ഇപ്പോള്‍ പറഞ്ഞത് പ്രകാരം വിജ്ഞാന നിര്‍മ്മിതിയെ ഇത് ഗുരുതരമായി ബാധിക്കില്ലേ?

അത് എന്താണ് വിജ്ഞാന നിര്‍മ്മിതി( knowledge creation) എന്നതുകൊണ്ട് നമ്മള്‍ അര്‍ത്ഥമാക്കുന്നത് എന്നത് അനുസരിച്ച് ഇരിക്കും.

എല്ലാ രംഗങ്ങളിലുമുള്ള വൈജ്ഞാനിക ശാഖയുടെ വളര്‍ച്ചയെയാണ് നിങ്ങള്‍ വൈജ്ഞാനിക നിര്‍മ്മിതി എന്ന് പറയുന്നതെങ്കില്‍ അവിടെ കാര്യമായുള്ള മുന്നോട്ട് പോക്കൊന്നും ഉണ്ടാകണമെന്നില്ല. കാരണം ശാസ്ത്രം (science) എന്ന് പറയുന്നതും സാങ്കേതിക വിദ്യ (technology) എന്ന് പറയുന്നതും തമ്മിലുള്ള വേര്‍തിരിവൊക്കെ പതുക്കെ ഇല്ലാതായിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന ഗവേഷണത്തില്‍ നല്ലൊരു ശതമാനവും ജനിറ്റിക്ക് എഞ്ചിനിയറിംഗ്, നാനോ ടെക്‌നോളജി തുടങ്ങിയ വളരെ പ്രയാഗിക തലത്തിലുള്ള വിഷയങ്ങളിലാണ്. അതായത് പേറ്റന്റുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ്.

മറ്റുള്ള വിഷയങ്ങളിലുള്ളതു പോലെ പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ഐന്‍സ്റ്റീന്‍ സിദ്ധാന്തത്തില്‍ മുകേഷ് അംബാനിക്കൊന്നും ഒരു താത്പര്യവും ഉണ്ടാകണമെന്നില്ല.

അയാള്‍ക്കിപ്പോള്‍ പ്രപഞ്ചമെങ്ങിനെ നടന്നാലും പ്രശ്‌നമൊന്നുമല്ല. അതുകൊണ്ട് അത്തരത്തിലുള്ള ജ്ഞാന നിര്‍മ്മാണം എന്ന് പറയുന്നതില്‍ വലിയ പുരോഗതി ഉണ്ടാകില്ല.

ഐ.ഐ.ടി ഗോരഖ്പൂര്‍ ഇറക്കിയ ഇന്നൊവേഷന്‍ കലണ്ടറില്‍ മഹാഭാരത്തിന്റെയും രാമായണത്തിന്റെയും ചരിത്രമൊക്കെയാണ് പറയുന്നത്. ഐ.ഐ. ടി പോലത്തെ ഒരു സ്ഥാപനമാണ് എന്ന കാര്യം ആലോചിക്കണം.

അതാണ് ജ്ഞാനമെന്ന് എല്ലാവരും കൂടി തീരുമാനിക്കുകയാണെങ്കില്‍ ആ ജ്ഞാനത്തിലേക്ക് പോകുക എന്നുള്ളതില്‍ വലിയ എതിര്‍പ്പൊന്നും ആര്‍ക്കും ഉണ്ടാകാന്‍ ഇടയില്ല. പിന്നെ ബാക്കിയുള്ള ഇവിടുത്തെ വിജ്ഞാനം എന്ന് പറയുന്നത് ടിങ്കറിംഗ് നടത്തിയിട്ട് എന്തെങ്കിലും ഒരു ആപ്പ് ഉണ്ടാക്കിയെടുക്കാനുള്ള വിജ്ഞാനമാകും.

വന്‍കിട വ്യവസായികളുടെ  ഹബ്ബാകുന്ന സര്‍വകലാശാല, പണിക്കാരാകുന്ന വിദ്യാര്‍ത്ഥികള്‍
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് അടുക്കുന്ന ബിജെപി; ഒട്ടും വളരാത്ത തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്
സ്റ്റേറ്റ് ഈ പണി വേണ്ട എന്ന് വെച്ച് പകരം ഇതെല്ലാം കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയാണ്. പിന്നെ കോര്‍പ്പറേറ്റുകള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ പണിയെടുത്തോളും. അവര്‍ക്ക് തോന്നിയ രീതിയിലുള്ള ആള്‍ക്കാരെ അവര്‍ നിയമിക്കുകയും ചെയ്യും.

അങ്ങനെയെങ്കില്‍ ഗുണങ്ങള്‍, ദോഷങ്ങള്‍ എന്ന തരത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ലാറ്ററല്‍ എന്‍ട്രി എന്ന കണ്‍സപ്റ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തും?

വളരെ പഴയ കാലത്തൊക്കെ ഉന്നത വിദ്യാഭ്യാസം എന്ന് പറയുന്നത് വൈദഗ്ധ്യത്തിന്റെ ലോകമായിരുന്നു.

നമ്മള്‍ സാധാരണഗതിയില്‍ ഏതൊരു വിഷയം എടുത്ത് കഴിഞ്ഞാലും സാമാന്യ വിജ്ഞാനം അല്ലെങ്കില്‍ പ്രാഥമിക ധാരണ എന്ന് പറയുന്നത് ഹയര്‍ സെക്കണ്ടറി കാലത്തോടെ ലഭിക്കും. ബിരുദ വിദ്യാഭ്യാസത്തിലെത്തുമ്പോള്‍ കുറച്ചുകൂടി ഉയര്‍ന്ന തരത്തിലുള്ള ഒരു ധാരണയുണ്ടാകും. ബിരുദാനന്തര ബിരുദവും ഗവേഷണവും വൈദഗ്ധ്യത്തിന്റെ (expertise) ലോകമാണ്.

പഴയ സങ്കല്‍പമെന്ന് പറയുന്നത് അടുത്തകാലം വരെ നിലനിന്നിരുന്ന ഇപ്പോഴും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സങ്കല്‍പമാണ്. ഇപ്പോഴുള്ള സങ്കല്‍പത്തില്‍ ഇത് മാറിയിരിക്കുകയാണ്. അതിനൊരു കാരണം

സാങ്കേതിക വിദ്യയുടെ കാലത്ത് സാമാന്യ വിജ്ഞാനം ആര്‍ക്കും ആര്‍ജിക്കാം. അപ്പോള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൊണ്ട് എന്ത് ചെയ്യണം?

ഞാനൊക്കെ പിജി പഠിക്കുന്ന കാലത്ത് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് വരുന്നവര്‍ സിവില്‍ സര്‍വ്വീസ് മോഹികളായിരുന്നു. കാരണം അക്കാലത്ത് സിവില്‍ സര്‍വീസിന് ദേശീയ മുന്നേറ്റങ്ങളെക്കുറിച്ചും, സങ്കല്‍പത്തെക്കുറിച്ചുമൊക്കെ ഒരു അവബോധം വേണമായിരുന്നു, അത് കൊണ്ട് അത്തരക്കാര്‍ ആ വിഷയം തെരഞ്ഞെടുക്കും.

ഇന്നത് മാറിയിരിക്കുന്നു. ഇപ്പോഴത്തെ ഐ.എ.എസുകാരൊക്കെ കൂടുതല്‍ ടെക്കികളാണ്. അവര്‍ക്ക് ചരിത്രമൊന്നും അറിയണമെന്നില്ല. അറിയണമെങ്കില്‍ തന്നെ ആഴത്തിലുള്ള അറിവും വേണ്ട. അങ്ങനെ വരുമ്പോള്‍ നമ്മുടെ ഹയര്‍ എഡ്യുക്കേഷന്റെ കോണ്‍സപ്റ്റ് എന്തിന് വേണ്ടി എന്നുള്ള ചോദ്യം നിലനില്‍ക്കുന്നു. അതാണ് ഒരു പ്രശ്‌നം.

സയന്‍സിന്റെ കാര്യമെടുക്കുമ്പോള്‍ സയന്‍സ് കൂടുതല്‍ ഫോക്കസ് ചെയ്തിരുന്നത് ദേശീയ തലത്തിലുള്ള ആളുകളുടെ പ്രശ്‌ന പരിഹാരത്തിനായിരുന്നു. (problem solving) അതിനായി സ്റ്റേറ്റ് അവരെ ഉപയോഗപ്പെടുത്തുന്നു. അവരെ ശാസ്ത്രജ്ഞരായി നിയമിക്കുന്നു. സ്റ്റേറ്റ് ഈ പണി വേണ്ട എന്ന് വെച്ച് പകരം ഇതെല്ലാം കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയാണ്. പിന്നെ കോര്‍പ്പറേറ്റുകള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ പണിയെടുത്തോളും. അവര്‍ക്ക് തോന്നിയ രീതിയിലുള്ള ആള്‍ക്കാരെ അവര്‍ നിയമിക്കുകയും ചെയ്യും.

അങ്ങനെ വരുമ്പോള്‍ ഉന്നത വിദ്യാഭ്യാസവും അതിനനുസരിച്ച് മാറും. അത് ലാഭ കേന്ദ്രീകൃതമാകും. ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പറയുന്നത് ഹ്യൂമണ്‍ ക്യാപിറ്റല്‍ ഫോര്‍മേഷനാണ്. അതായത് മനുഷ്യ മൂലധനം സൃഷ്ടിക്കുക എന്നുള്ളത്. ചുരുക്കി പറഞ്ഞാല്‍ നല്ല കോര്‍പ്പറേറ്റ് മാനേജര്‍മാരെയും സൈന്റിസ്റ്റുകളെയും കോര്‍പ്പറേറ്റുകള്‍ തന്നെയുണ്ടാക്കും അതാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

നെറ്റ് (national eligibility test) എന്ന് പറയുന്നത് ആളുകളെ ഫില്‍റ്റര്‍ ചെയ്യാനുളള ഒരു അരിപ്പയാണ്. നെറ്റ് അതാവശ്യമാണ്. നെറ്റിന്റെ ഉദ്ദേശ്യമെന്ന് പറയുന്നത് ആളുകളുടെ ഗുണം കണ്ടുപിടിക്കുകയൊന്നുമല്ല. ആളുകളെ ഒഴിവാക്കലാണ്. എത്ര പേരെ പരമാവധി ഒഴിവാക്കാമെന്ന ഗവേഷണം നടത്തിയാണ് നെറ്റ് പരീക്ഷ നടത്തുന്നത് തന്നെ. നെറ്റുണ്ടാകും, അതൊരു ശല്യമൊഴിവാക്കലാണ്. യോഗ്യത പരീക്ഷകള്‍ ഇങ്ങനെ നിലനില്‍ക്കുന്നത് കൊണ്ടാണല്ലോ നമ്മുടെ കുട്ടികള്‍ക്ക് യുക്രൈനിലൊക്കെ പോകേണ്ടി വരുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വൈജ്ഞാനിക നിര്‍മ്മാണത്തിനുപരിയായി സ്‌കില്‍ ബേസ്ഡാകുന്നതിനാണല്ലോ പ്രധാന്യം വരുന്നത്. കേരളവും സമാനമായൊരു പാത തന്നെയല്ലേ പിന്തുടരുന്നത്?

ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് എന്തൊക്ക വേണമെന്നുള്ളത് ആ സമൂഹത്തിന്റെ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് അനുസരിച്ചിരിക്കും. കേരളം ഒരു സെക്കന്റ് ജനറേഷന്‍ പ്രോബ്ലം നേരിടുന്ന സംസ്ഥാനമാണ്. ഫസ്റ്റ് ജനറേഷന്‍ പ്രശ്‌നങ്ങളായി വിദ്യാഭ്യാസത്തിനുള്ള സൗകര്യം (access to education), വിദ്യാര്‍ത്ഥികളുടെ പ്രവേശനം, ഉന്നമനം തുടങ്ങിയ പ്രശ്‌നങ്ങള്‍ നമ്മള്‍ പരിഹരിച്ചു കഴിഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം 37 ശതമാനത്തോളം ആളുകള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ പ്രവേശനമുണ്ട്. കേരളത്തിന് പുറത്ത് പോയി പഠിക്കുന്നവരെ കൂടി കൂട്ടികഴിഞ്ഞാല്‍ ഏകദേശം 50 ശതമാനത്തോളം ആളുകള്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പ്ലസ്ടു കഴിഞ്ഞവരെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തിക്കേണ്ട ആവശ്യം ഉണ്ടാകാം, ഉണ്ടാകാതിരിക്കാം.

അത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലക്ഷ്യ നിര്‍ണയം എങ്ങനെ നടക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും.

ഈ ഒരു സാഹചര്യത്തില്‍ ഈ പറയുന്ന ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തിച്ചേരുന്ന ആളുകള്‍ക്ക് തൊഴില്‍ കൊടുക്കേണ്ട ബാധ്യതകൂടി സര്‍ക്കാരിനുണ്ടാകും. കാരണം ഭൂരിപക്ഷം ആളുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്നത് നോബല്‍ സമ്മാനം നേടാനല്ല. അവര്‍ വരുന്നത് എന്തെങ്കിലുമൊരു വരുമാന ദായകമായ തൊഴിലിന് വേണ്ടിയാണ്.

കേന്ദ്ര സര്‍ക്കാര്‍ പക്ഷേ വരുമാന ദായകമായ തൊഴില്‍ ഉണ്ടാക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ മനസിലാക്കുന്നിടത്തോളം കേരളത്തില്‍ ഇതിനായി സ്റ്റേറ്റ് തന്നെ മുന്നിട്ടിറങ്ങുകയാണ്.

സ്റ്റേറ്റ് തന്നെ അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കാനുള്ള മുന്നൊരുക്കങ്ങളും ഇവിടെ നടത്തുന്നുണ്ട്. സ്റ്റേറ്റ് തന്നെ അതിനാവശ്യമായിട്ടുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് ഓറിയന്റേഷന്‍ നടത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

കേരളം സ്റ്റേറ്റിന്റെ പ്രോഗ്രാമിലേക്ക് പങ്കാളികളാകാന്‍ താത്പര്യമുള്ളവരെയൊക്കെ പങ്കെടുപ്പിക്കുകയാണ് ചെയ്യുന്നത്. സ്റ്റേറ്റിന്റെയും സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെയും നിലപാട് ഒന്നാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്റെ അഭിപ്രായത്തില്‍ നേര്‍ വിപരീതമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in