മുത്തങ്ങ പോലെ ഒറ്റപ്പെട്ട ഭൂസമരങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല-എം. ഗീതാനന്ദന്‍

മുത്തങ്ങ പോലെ ഒറ്റപ്പെട്ട ഭൂസമരങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല-എം. ഗീതാനന്ദന്‍
Published on
Summary

2023 ഫെബ്രുവരി 19ന് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന് 20 വർഷമാവുകയാണ്. കേരള ചരിത്രത്തിലെ നിർണായക സമരങ്ങളിലൊന്നാണ് മുത്തങ്ങയിലെ ഭൂവകാശ സമരം. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ മുത്തങ്ങ സമരത്തിലൂടെ മൂന്നോട്ട് വച്ച ആദിവാസി ഭൂപ്രശ്നം എവിടെയെത്തി നിൽക്കുന്നു, സമരങ്ങളുടെ തുടർച്ചയെന്തായിരുന്നു, ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ സംസാരിക്കുന്നു.

Q

-മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേല്‍ക്കുകയും ജയിലിലാകുകയും കേസില്‍ പ്രതികളാവുകയും ചെയ്തവരുണ്ടല്ലോ. അവരുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ്?

A

ആയിരത്തിനടത്ത് കുടുംബങ്ങള്‍ അന്ന് സമരത്തില്‍ പങ്കെടുത്തിരുന്നു. ഞങ്ങളുടെ കണക്കില്‍ 825 കുടുംബങ്ങള്‍ സമരത്തിലുണ്ടായിരുന്നു. അതില്‍ എല്ലാ കുടുംബങ്ങളും ഞങ്ങളുടെ മൂവ്മെന്റിനൊപ്പം ആക്ടീവായിട്ടില്ല. എങ്കിലും വൈകാരികമായി ഇതിനൊപ്പം നില്‍ക്കുന്നവര്‍ തന്നെയാണ്. ആര്‍ക്കും തന്നെ സമരത്തിന്റെ ഭാഗമായി ഭൂമി കിട്ടിയെന്ന് പറയാന്‍ കഴിയില്ല, പല പാക്കേജുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും. കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുന്നവരാണ് ഏറെ ആളുകളും. അടുത്ത തലമുറയെ പഠിപ്പിക്കാനൊക്കെയുള്ള ശ്രമങ്ങള്‍. പാട്ടകൃഷി ഉള്‍പ്പെടെ ചെയ്യുന്നു. അപൂര്‍വം പേര്‍ക്ക് മാത്രമാണ് ഭൂമി കിട്ടിയത്. കിട്ടിയവര്‍ക്ക് തന്നെ അതിലേക്ക് പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ പലതരത്തില്‍ നെട്ടോട്ടമോടുന്നവര്‍. മിക്കവരുടെയും ജീവിതാവസ്ഥകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ സ്‌കീമുകള്‍ മാറിയല്ലോ. ആ നിലയ്ക്കുള്ള ലൈഫ് സ്‌റ്റൈലുകളിലുള്ള ഗണനീയമായ മാറ്റമെന്ന് പറയുന്നത് കേരളാ സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള വീടുകളാണ്. പഴയ കുടിലുകള്‍ എന്നതില്‍ നിന്നും ഭൂരിപക്ഷം ആളുകളും മാറിയിട്ടുണ്ട്. 99 ശതമാനം എന്ന് വേണമെങ്കില്‍ പറയാം. സ്വന്തമായി സുരക്ഷതമായ ഭവനങ്ങളുള്ളവരാണ് അവര്‍. കൃഷിപ്പണി ഉള്‍പ്പടെയുള്ള തൊഴിലുകള്‍ ചെയ്യുന്നു. 50 ഓളം കുടുംബങ്ങള്‍ മറ്റ് ഏരിയകളിലുള്ള സമരഭൂമികളിലേക്ക് പ്രവേശിച്ചിട്ടുണ്ട്. എന്തായാലും പഴയ ജീവിതത്തില്‍ നിന്നും മാറ്റം വേണമെന്ന് തീരുമാനിച്ച് വലിയൊരു വിഭാഗവും മാറിയിട്ടുണ്ട്. മുത്തങ്ങയില്‍ പോയവരുടെ മാത്രമല്ല, അല്ലാത്ത ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ആ മാറ്റം നമുക്ക് കാണാന്‍ കഴിയും. എങ്കിലും അവര്‍ നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. കാര്‍ഷിക മേഖലയിലെ തൊഴിലുകളെ ആശ്രയിക്കുന്നവരായിരുന്നു ഭൂരിഭാഗവും. സ്വന്തമായി ഭൂമിയില്ലാത്തത് കൊണ്ടാണല്ലോ സമരരംഗത്തേക്ക് വന്നത്. കര്‍ഷകത്തൊഴിലാളികളും തോട്ടത്തൊഴിലാളികളുമാണ് ഭൂരിഭാഗവും. ചെറിയ വിഭാഗം മാത്രമാണ് തൊഴിലുറപ്പ് ജോലിക്ക് പോകുന്നത്. പൊതുവെ വയനാട്ടിലെ വലിയൊരു വിഭാഗം ആദിവാസികള്‍ തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്നില്ല. അപ്പപ്പോള്‍ കൂലി കിട്ടുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. കാര്‍ഷിക മേഖലയില്‍ തൊഴില്‍ കുറവാണ്. നെല്‍കൃഷിയില്‍ യന്ത്രവത്കരണം വന്നു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കായിരുന്നു തൊഴില്‍ കിട്ടിക്കൊണ്ടിരുന്നത്. അത് ഇല്ലാതായി എന്ന് തന്നെ പറയാം. തോട്ടങ്ങളിലെ പണികളില്‍ മറ്റ് വിഭാഗങ്ങളും വരുന്നുണ്ട്. നിര്‍മ്മാണ തൊഴിലിയിലേക്ക് ഉള്‍പ്പെടെ മാറി കൊണ്ടാണ് ഇപ്പോള്‍ ജീവിച്ച് പോകുന്നത്.

Q

-മുത്തങ്ങയിലെ വെടിവെപ്പില്‍ ഇനിയും ഏറെ പേര്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹം സത്യമാണോ?

A

നേരിട്ട് കൊല്ലപ്പെട്ടു എന്ന് പറയുന്നത് രണ്ടുപേരാണ്. പോലീസുകാരനും ജോഗിയുമാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പരിക്ക് പറ്റിയവരുണ്ട്. മൂന്നാം ദിവസം ഒമ്പത് മാസം പ്രായമുള്ള കുട്ടി കാട്ടില്‍പ്പെട്ട് പ്രതികൂല കാലാവസ്ഥയില്‍ പനിയും ജ്വരവുമൊക്കെ പിടിപെട്ട് മരണപ്പെട്ടിട്ടുണ്ട്. വളരെ ദാരുണമായ മരണമാണെന്ന് വേണമെങ്കില്‍ പറയാം. കിലോമീറ്ററുകള്‍ താണ്ടി മാനന്തവാടി ആശുപത്രിയിലെത്തിച്ചു. മരിച്ചിട്ട് ബോഡി കൊണ്ടുപോകാന്‍ വണ്ടി വിട്ടുകൊടുക്കാതിരുന്നു. മാളു എന്നാണ് കുഞ്ഞിന്റെ അമ്മയുടെ പേര്. ഇത് കൂടാതെയുള്ള മരണങ്ങളെക്കുറിച്ച് അന്നും ഇന്നും ദുരൂഹത നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ക്യാബിനറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണമുണ്ടായെന്നായിരുന്നു. ആദ്യവാര്‍ത്തകളും അങ്ങനെയായിരുന്നു. ഞങ്ങളുടെ കണക്ക് പ്രകാരം സമരത്തില്‍ പങ്കെടുത്ത ആരെയും കാണാതായിട്ടില്ല. സമരത്തിന്റെ ഭാഗമായി അല്ലാതെ വന്നവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നോയെന്ന് പറയാന്‍ കഴിയില്ല. സാധ്യതകള്‍ തള്ളിക്കളയാനും കഴിയില്ല. സമരത്തില്‍ നേരിട്ട് പങ്കെടുക്കാത്ത പലരും പോലീസ് ആക്ഷന്റെ സമയത്ത് തീവെപ്പുള്‍പ്പെടെ പലതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ വന്നവരാണ്. അങ്ങനെ ചിലര്‍ കണ്ണൂരില്‍ നിന്നുള്‍പ്പെടെ വന്നതായിട്ട് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ നമ്മള്‍ അറിയാതെ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ല. വലിയൊരു മേഖലയിലാണ് സംഭവങ്ങള്‍ ഉണ്ടായത്.

Q

- ഇരുളം പോലെയുള്ള ആദിവാസി സമരഭൂമികള്‍ ഇപ്പോഴുമുണ്ട്. പല സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്. ഒറ്റക്കെട്ടായി നിന്ന് സമ്മര്‍ദ്ദ ശക്തിയായി മാറുന്നില്ലെന്നത് ആദിവാസി സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്നില്ലേ?

A

അതൊരു പ്രശ്നം തന്നെയാണ്, അതിന് ഓര്‍ഗനൈസ്ഡ് ആയിട്ടുള്ള ലീഡര്‍ഷിപ്പ് ഇല്ലാത്തത്. സി.കെ ജാനുവിന്റെ നേതൃത്വത്തിലുണ്ടായിരുന്നതാണ് എടുത്തു പറയേണ്ട ഒന്ന്. അത് വളരെ വൈബ്രന്റായി ഭൂമി എന്നത് കോര്‍ ഇഷ്യു ആയി ഉയര്‍ത്തി കൊണ്ടുവന്നു. ഭൂമി എന്നത് വലിയ വിഷയമാണെന്ന് കേരളീയ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും കഴിഞ്ഞു. തൊണ്ണൂറുകളുടെ ആദ്യം അഞ്ചേക്കര്‍ ഭൂമി വേണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുമ്പോള്‍ കേരളത്തിന് ഇതിനുള്ള ഭൂമി എവിടെയെന്ന ചോദ്യമായിരുന്നു അഭിമുഖീകരിച്ചിരുന്നത്. ദളിത് പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ അത് വേണ്ട വിധം അംഗീകരിച്ചില്ല. 2010ലെ ഡോക്ടര്‍ രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ തോട്ടം മേഖലയിലെ ഭൂമിയുടെ ഏതാണ്ട് വലിയൊരു ഭാഗം, അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായിട്ടാണ് കൈവശം വെച്ചിരിക്കുന്നതെന്ന് പുറത്ത് വന്നു. ഭൂമിയുണ്ടെന്നത് അംഗീകരിക്കപ്പെട്ടു. മുത്തങ്ങയില്‍ ആദിവാസികള്‍ പ്രശ്നം നേരിട്ടെങ്കിലും പിന്നീട് ചെങ്ങറ, അരിപ്പ തുടങ്ങിയ സമരങ്ങളൊക്കെയുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് മരിയാനാട്ടെ സമരം. ഭൂമി പ്രശ്നം ഉയര്‍ത്തി ചെറിയ ഗ്രൂപ്പുകള്‍ ഇടപെട്ട് തുടങ്ങുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. സമരങ്ങളുടെ ബഹുസ്വരതയായി അതിനെ എടുത്താല്‍ മതി. ഭൂമിയുടെ രാഷ്ട്രീയം കൂടുതല്‍ ഉയര്‍ന്നു വരികയാണെന്ന പോസറ്റീവ് സൈഡ് ഞാന്‍ അതില്‍ കാണുന്നു. ഒറ്റ നേതൃത്വം എന്നതില്‍ നിന്നും പൊതുവായ ഒരു ആവശ്യത്തിനായി ആദിവാസികളും ദളിതരും നില്‍ക്കുന്നുവെന്നതാണ് അതിലെ കാര്യം. ശക്തമായ നേതൃത്വം ഉണ്ടെങ്കില്‍ മാത്രമേ അത് രാഷ്ട്രീയമായി ഏകോപിപ്പിക്കപ്പെടുകയുള്ളു. എല്ലാ ഭൂരഹിതരുടെയും പ്രശ്നം എന്നതാണ് രാഷ്ട്രീയം എന്നത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പലപ്പോഴും സര്‍ക്കാര്‍ ഇതിനെ വേര്‍തിരിച്ച്, ചെങ്ങറക്കാര്‍ക്കുള്ളത്, അരിപ്പക്കാര്‍ക്കുള്ളത് എന്നിങ്ങനെ പാക്കേജുകാളാക്കി അവരോട് വിലപേശി അരാഷ്ട്രീയമാക്കി മാറ്റി അവസാനിപ്പിക്കും. അരാഷ്ട്രീയമാക്കി അവസാനിപ്പിച്ച് മൂലയിലാക്കുന്നതിലെ അപകടം എന്താണെന്ന തിരിച്ചറിവാണ് ആദിവാസികള്‍ക്ക് ഉണ്ടാകേണ്ടത്.

Q

- ആദിവാസി പുനരധിവാസ മിഷന്‍ അട്ടിമറിക്കപ്പെട്ടതെങ്ങനെയാണ്. മിഷന്‍ അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിയിരുന്നെങ്കില്‍ ആദിവാസി ഭൂപ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നോ

A

തീര്‍ച്ചയായും നല്ലൊരു തുടക്കമായിരുന്നു അത്. ഇന്ത്യയില്‍ തന്നെ മാതൃകയാക്കാമായിരുന്ന പദ്ധതിയായിരുന്നു. പ്രത്യേകിച്ചും കേരളം പോലെ ഭൂരഹിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍. നോര്‍ത്ത് ഇന്ത്യയില്‍ പലയിടത്തും ആദിവാസികളുടെ പരമ്പരാഗത ആവാസ വ്യവസ്ഥയും ജീവിത രീതിയും വനാവകാശവും ഗ്രാമസഭകളും നിലനിന്നു പോരുന്നുണ്ട്. ജന്‍മിത്തവും കൊളോണിയല്‍ വ്യവസ്ഥയും നിലനിന്ന കേരളത്തില്‍ 80 ശതമാനം ആദിവാസികളും ഭൂമിയില്‍ നിന്നും അവരുടെതായ എല്ലാ സംവിധാനങ്ങളില്‍ നിന്നും പുറംതള്ളപ്പെട്ടവരാണ്. കാര്‍ഷിക അടിയാളരായി മാറ്റപ്പെട്ടവരാണ്. വനനിയമങ്ങളും അവരെ വനത്തില്‍ നിന്നും പതുക്കെ പതുക്കെ പുറത്താക്കുകയാണ്. അടിമകളെന്ന തരത്തിലുള്ള താവളങ്ങളായി ഇവരുടെ താമസസ്ഥലങ്ങള്‍ മാറി. ഇവരുടെ ആവാസ സ്ഥലത്തെ കോളനിയെന്ന് സര്‍ക്കാര്‍ നാമകരണം ചെയ്തു. ആദിവാസി കോളനിയോ അംബേദ്കര്‍ കോളനിയോ ആക്കി. ഭൂരാഹിത്യത്തിന്റെ ദുരന്തങ്ങളും തൊഴിലില്ലായ്മയും തൊണ്ണൂറുകള്‍ മുതല്‍ നേരിട്ടിട്ടുണ്ടെങ്കിലും മദ്യപാനവും പട്ടിണിയും ദാരിദ്ര്യവും വന്നതിന് ശേഷമാണ് സ്ഫോടനാത്മകമായ സാഹചര്യം ഉണ്ടായത്. ഇവിടെ എസ്.സി എസ്.ടി ഡിപ്പാര്‍ട്മെന്റുണ്ട്. അവരുടെ വെല്‍ഫെയര്‍ കാര്യങ്ങള്‍ക്കുള്ള വകുപ്പാണിത്. എന്നാല്‍ ആദിവാസികളുടെ ഭൂപ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ പുനരധിവസിപ്പിച്ച് സ്വയംഭരണപരമായ ജീവിതത്തിന്റെ പുനക്രമീകരണം എന്നത് വന്നത് 2001ലെ സമരത്തിന്റെ ഭാഗമായുള്ള പാക്കേജിലാണ്. അത് കൈകാര്യം ചെയ്യുന്നതിനായാണ് ആദിവാസി പുനരധിവാസ മിഷന്‍ വന്നത്. കേരളത്തില്‍ ഇപ്പോള്‍ പല പദ്ധതികളും മിഷന്‍ മോഡലില്‍ നടപ്പിലാക്കുന്നുണ്ട്. ക്യാബിനറ്റ് സബ്കമ്മിറ്റിയുണ്ടായി. ബജറ്റ് വിഹിതമുണ്ടായി. നൂറ് കോടി ഇതിനായി മാറ്റി വെച്ചു. 2002 ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കി. അതിന് നേതൃത്വം കൊടുക്കാനായി ഐ.എ.എസ് ഓഫീസറെ നിയമിച്ചു. മാസ്റ്റര്‍ പ്ലാനുണ്ടായിരുന്നു. ആദിവാസികള്‍ക്ക് വേണ്ടി പ്രത്യേക പ്ലാനുണ്ടായി. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് അഞ്ച് ഏക്കര്‍ വരെ നല്‍കി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആന്റിണിയുടെ ഓഫീസില്‍ നിന്നും പദ്ധതിക്ക് നല്ല പിന്തുണ ലഭിച്ചിരുന്നു. വനംവകുപ്പാണ് ആദ്യം എതിര്‍ത്തത്. പിന്നെ റവന്യുവകുപ്പും എതിരായി. ഇടതു-വലതു മുന്നണികളും പ്രതിഷേധം ഉയര്‍ത്തി. പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ എല്ലാ വകുപ്പുകളും ചേര്‍ന്ന് അത് അട്ടിമറിക്കും എന്ന് തോന്നിയപ്പോഴാണ് മുത്തങ്ങയിലെ സമരം പൊട്ടിപ്പുറപ്പെടുന്നത്. വനംവകുപ്പില്‍ നിന്നുള്ള എതിര്‍പ്പും റവന്യു വകുപ്പിന്റെ സഹകരണമില്ലായ്മയും എസ്.സി-എസ്.ടി മന്ത്രിയുടെ പിന്തുണയില്ലാതിരുന്നതുമാണ് പദ്ധതി മുന്നോട്ട് പോകാത്ത അവസ്ഥയുണ്ടാക്കിയത്. രാഷ്ട്രീയ ഇച്ഛാശക്തിയോടെ ആ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് പരിഹാരമുണ്ടാക്കി കേരളത്തിലെ ആദിവാസി ജീവിതത്തില്‍ ഗണ്യമായ മാറ്റമുണ്ടാകുമായിരുന്നു. മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത്, വനാവകാശ നിയമം 2006 ല്‍ വന്നു. പാരമ്പര്യമായി വനത്തില്‍ താമസിക്കുന്നവര്‍ക്കുള്ള പരമ്പരാഗതമായ അവകാശങ്ങള്‍ അംഗീകരിക്കുന്നതാണ് ഈ നിയമം. കേരളത്തെ സംബന്ധിച്ചിടത്തോളം 80 ശതമാനം ആദിവാസികളും ഭൂമിയില്‍ നിന്നും പുറംതള്ളപ്പെട്ടു പോയവരാണെന്നതിനാല്‍ ആ നിയമവും അപ്രസക്തമാണ്.

Q

ഭൂമി, കൃഷി എന്നത് മാത്രമായി ചുരുങ്ങുന്നുണ്ടോ മുദ്രാവാക്യങ്ങള്‍. വിദ്യാഭ്യാസ മേഖലയില്‍ നിന്നും ആദിവാസി കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഇപ്പോഴുമുണ്ട്. പഠനം, ജോലി എന്നതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് വളരെ കുറച്ച് പേര്‍ മാത്രമാണ്. ഇതിലൊക്കെ മാറ്റം വരേണ്ടതല്ലേ?

A

സാമൂഹികമായ ഒഴിവാക്കല്‍ പലതലത്തില്‍ നടക്കുന്നുണ്ട്. ഇതിന് വിധേയമാകുന്ന കമ്യൂണിറ്റികള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഭൂരിപക്ഷമാണ്. അതിദുര്‍ബല വിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക,ഊരാളി വിഭാഗങ്ങളാണിത്. കുറിച്യ, കുറുമ വിഭാഗങ്ങളൊക്കെ കൂടുതല്‍ ജീവിത നിലവാരമുള്ളവരാണ്. അവരുടെ രണ്ടാം തലമുറയൊക്കെ വിദ്യാഭ്യാസം ലഭിക്കുകയും സര്‍വീസ് മേഖലകളിലേക്ക് കടക്കുകയും ചെയ്തവരാണ്. കൂടുതല്‍ അവസരങ്ങള്‍ കൊണ്ടു പോകുന്നത് അവരാണ്. പ്രൈമറി തലത്തില്‍ നിന്നും സെക്കണ്ടറി തലത്തിലേക്ക് എത്തുമ്പോള്‍ ഭൂരിഭാഗം കുട്ടികളും ഡ്രാപ് ഔട്ട് ആകുന്നു. ആയിരം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കുമ്പോള്‍ 100 കുട്ടികള്‍ മാത്രമാണ് ഹയര്‍ സെക്കണ്ടറിയിലും ഡിഗ്രി ലെവലിലേക്കും മാറുന്നുള്ളു. പ്ലാനിംഗം രേഖകളില്‍ വര്‍ഷങ്ങളായി ഇതിനെ ഡ്രാപ് ഔട്ട് സിന്‍ഡ്രോം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിന്‍ഡ്രോം ആണെന്ന് മനസിലാക്കിയിട്ടും ഇതിനുള്ള പരിഹാരം എന്താണെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല എന്നിടത്താണ് സാമൂഹികമായ ഒഴിവാക്കല്‍ ഉണ്ടെന്ന് പറയേണ്ടി വരുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടുന്നവര്‍ 2500 പേര്‍ വരും. എന്നാല്‍ ഇവര്‍ക്കായി നീക്കിവെക്കുന്നത് 650 മുതല്‍ 700 വരെ സീറ്റുകളായിരിക്കും. ബാക്കി കുട്ടികളെ എവിടെ എങ്ങനെ പഠിപ്പിക്കണമെന്നതില്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലായിരുന്നു. ഈ വിഷയം മൂന്ന് നാല് വര്‍ഷമായി സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി വണ്‍ ടൈം എന്‍ട്രോള്‍മെന്റ് സ്‌കീം വന്നു. സ്പോട്ട് അലോട്ട്മെന്റ് സ്‌കീം പോലെയാണ് ഇത് ചെയ്യുക. പ്രവേശനവും ക്ലാസും തുടങ്ങി രണ്ട് മൂന്ന് മാസം കഴിയുമ്പോഴാണ് ഇത് നടത്തുക. പ്രവേശനം കിട്ടി എത്തുമ്പോഴേക്കും ക്ലാസില്‍ എന്താണ് നടക്കുന്നതെന്ന് മനസിലാകില്ല. സീറ്റ് വര്‍ദ്ധന നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. ഹയര്‍ സെക്കണ്ടറിയില്‍ തോല്‍വി കൂടുതലാണ്. ഒന്നോ രണ്ടോ പരീക്ഷകളിലായിരിക്കും പരാജയപ്പെട്ടിട്ടുണ്ടാകുക. ഈ കുട്ടികള്‍ക്ക് സ്പെഷ്യല്‍ ചാന്‍സ് നല്‍കുന്നില്ല. അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ നാലായിരത്തിനടുത്ത് കുട്ടികള്‍ ഒന്നോ രണ്ടോ വിഷയത്തില്‍ തോറ്റുപോയിട്ടുണ്ടാകും. ഇവരെ ആ പരീക്ഷ ജയിപ്പിക്കാന്‍ പ്രത്യേക പരിശീലനവും നല്‍കുന്നില്ല. മറ്റൊരു പ്രശ്നം ഇവരുടെ മാതൃഭാഷ ഗോത്രഭാഷയാണ്. ഒന്നാം ക്ലാസില്‍ ചെല്ലുമ്പോള്‍ മലയാളം അവര്‍ക്ക് അന്യഭാഷയാണ്. അത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അക്ഷരമാല അറിയണമെന്നില്ല. അവിടെ മുതല്‍ അവര്‍ പുറംതള്ളപ്പെടുന്നു. അവരുടെ പഠന ബോധന രീതിയില്‍ എങ്ങനെയാണ് മാറ്റം വരുത്തേണ്ടതെന്ന ആലോചനകളില്ല. സാമൂഹികമായ ഒഴിവാക്കല്‍ മറച്ചുവെക്കാനുള്ള ഒന്നാണ് ഡ്രാപ് ഔട്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്‌കൂളുകള്‍ ഹൈട്ടക്ക് ആക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതില്‍ എവിടെയും പാര്‍ശ്വവത്കൃതരായ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുള്ള നടപടികളില്ല. ഗുരുതരമായ സ്ഥിതിയായിരുന്നു കോവിഡ് കാലത്തുണ്ടായത്. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 2015 മുതല്‍ ആദിവാസി ഗോത്രമഹാസഭ ഇടപെടല്‍ നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. പല പരാതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്ന് പരിഹാരം കാണാന്‍ കഴിയാറുണ്ട്.

Q

ആദിവാസി സമരങ്ങള്‍ക്ക് ഒക്കെ പ്രാമുഖ്യം കിട്ടുന്ന സിവില്‍ സൊസൈറ്റി സമരങ്ങള്‍ കേരളത്തില്‍ ഇല്ലാതാവുകയാണോ?

A

അടിസ്ഥാനപരമായി ഓരോ സമരങ്ങളെയും പരിശോധിക്കുമ്പോള്‍ ഇതെല്ലാം പാര്‍ശ്വവത്കൃതരായവരുടെ അടിസ്ഥാനപരമായ അതിജീവനത്തിന് വേണ്ടിയുള്ളതാണ്. ഗോമതിയുടെ നേതൃത്വത്തില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ സമരം കൂലി വര്‍ദ്ധനയ്ക്ക് വേണ്ടിയുള്ളതെന്നതിനേക്കാളും പ്രാഥമികമായ ആവശ്യങ്ങള്‍ എന്നതിനൊപ്പം ഭൂമിയും എന്ന പ്രശ്നവും ഉയര്‍ത്തിയിരുന്നു. തീരമേഖലയിലെ സമരത്തില്‍ അതിജീവനമെന്നതിനൊപ്പം കടലവകാശം എന്നതും വെച്ചു കഴിഞ്ഞു. ഇതിനപ്പുറമുള്ള സിവില്‍ സൊസൈറ്റിയുടെ പ്രശ്നങ്ങളെന്ന് പറയുമ്പോള്‍, വിഭാവാധികാരത്തില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവരെ മാറ്റുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ നിന്നാണ് ഉയര്‍ന്ന് വരുന്നത്. ക്വാറികള്‍ക്കെതിരെയും പ്ലാച്ചിമടയും കെ.റെയിലിനെതിരെയുള്ളതുമെല്ലാമാണ്. ഭരണകൂടത്തിനെതിരെയും കോര്‍പ്പറേറ്റ് മേധാവിത്തത്തിനെതിരെയോ ഉള്ള ചെറുത്തു നില്‍പ്പായിട്ടാണ് വരുന്നത്. എത്രത്തോളം വികേന്ദ്രീകരിപ്പെട്ടതാണെങ്കിലും അതിലൊരു പോരാടുന്ന വിഭാഗമുണ്ട്. എല്ലാ പ്രതിഷേധ ഗ്രൂപ്പിലും അടിയൊഴുക്കായി ഇത് ഉണ്ടെന്ന് കാണാം. എങ്കിലും പഴയത് പോലെയുള്ള സിവില്‍ സൊസൈറ്റി സപ്പോര്‍ട്ട് കേരളത്തിലെ ഇത്തരം മൂവ്മെന്റുകള്‍ക്ക് കിട്ടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഇക്കാര്യത്തില്‍ സിവില്‍ സൊസൈറ്റി വലിയ തോതില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. കക്ഷി രാഷ്ട്രീയ വിഭജനത്തിന്റെ ഉള്ളില്‍ നില്‍ക്കുന്നുവെന്നത് വലിയൊരു പ്രശ്നമാണ്. ഉയരുന്ന വിഷയത്തിന്റെ ശരിയും നീതിയും നോക്കിയല്ല സിവില്‍ സൊസൈറ്റിയില്‍ നിന്നുള്ള പിന്തുണ കിട്ടുന്നത്. ആദിവാസികളും ദളിതരുമല്ലാത്തവരില്‍ വിള്ളലുണ്ടാകാറുണ്ട്. കെ റെയിലിന്റെ വിഷയത്തില്‍ നമ്മളത് കണ്ടതാണ്. ആദിവാസികളുടെ പ്രശ്നത്തില്‍ വലിയൊരു വിഭാഗവും നിശബ്ദത പാലിക്കാറുണ്ട്. സിവില്‍ സൊസൈറ്റി എന്നത് ഉദ്ഗ്രഥിക്കപ്പെട്ട, ശരി എന്നതിനൊപ്പം മാത്രം നില്‍ക്കുന്നവരല്ല. അതുകൊണ്ടാണ് ഇത്ര ഗുരുതരമായ വിഷയങ്ങളില്‍ സമരം നടന്നിട്ടും അത് പരിഹരിക്കപ്പെടാതെ പോകുന്നത്.

Q

മുത്തങ്ങ പോലെ ആദിവാസി ഭൂപ്രശ്‌നമുയര്‍ത്തിയുള്ള സമരത്തിന് ഇനി സാധ്യതയുണ്ടോ?

A

ഒറ്റപ്പെട്ട ഭൂസമരങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. ഒറ്റപ്പെട്ട ഭൂസമരം എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത്, ഏതെങ്കിലും കൃഷി ഭൂമിയോ പ്ലാന്റേഷനോ ഏതാനും ആളുകള്‍ കൈയേറി പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനെയാണ്. ഭൂമിയുടെ വിഷയത്തില്‍ നയപരമായുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം സമരങ്ങള്‍ കൊണ്ട് കാര്യമില്ല. ആ കുടുംബങ്ങളുടെ മാത്രം പ്രശ്നം പരിഹരിക്കുന്നതിലേക്ക് ചുരുങ്ങി പോകും. ജാനു ഉയര്‍ത്തിയത് എല്ലാ ആദിവാസികളുടെയും മോചനത്തിന്റെ രാഷ്ട്രീയമായിരുന്നു. അത് എല്ലാ ആദിവാസികളുടെയും ആവശ്യമായിരുന്നു. ഭൂമിയുടെ വിഷയം രാഷ്ട്രീയ പ്രശ്നമായി തന്നെ ഉയര്‍ത്തി കൊണ്ടുവരേണ്ടതാണ്. എല്ലാ ദളിത്-ആദിവാസികള്‍ക്കും ഭൂമി നല്‍കുന്ന പാക്കേജാണ് വേണ്ടത്. രണ്ടാം ഭൂപരിഷ്‌കരണം എന്നതിലേക്ക് സര്‍ക്കാരിനെ എത്തിക്കാന്‍ കഴിയുകയും അത് കേരളത്തിന്റെ വികസന മോഡലിനെ തന്നെ പൊളിച്ചെഴുതുകയും വേണം. കേരള മോഡല്‍ വികസനം എന്നത് വളരെ മനോഹരമായ സങ്കല്‍പ്പമായാണ് കഴിഞ്ഞ മുപ്പത് നാല്പത് കൊല്ലമായി നമ്മള്‍ കരുതിയിരുന്നത്. അതിനുള്ളില്‍ ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് ആദിവാസി-ദളിത് സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. കേരള മോഡല്‍ വികസനം വീണ്ടും രൂപകല്‍പന ചെയ്യേണ്ടതുണ്ട്. ഭൂമിയുടെ രാഷ്ട്രീയം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് അത് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാകണം.

Related Stories

No stories found.
logo
The Cue
www.thecue.in