courtesy: ABC News
courtesy: ABC News

സിസ്റ്റര്‍ ലൂസി കളപ്പുര അഭിമുഖം: വിശ്വാസി സമൂഹം അടിമത്തത്തില്‍, അവരെയാണ് മോചിപ്പിക്കേണ്ടത്

Published on
Q

കര്‍ത്താവിന്റെ നാമത്തില്‍ എന്ന അനുഭവ കേന്ദ്രീകൃതമായ പുസ്തകം വായനക്കാരിലേക്ക് എത്തിയിരിക്കുന്നു. സിസ്റ്ററിന്റെ പോരാട്ടം സഭയ്ക്കകത്തു നിന്നും പൊതുസമൂഹത്തിലേക്ക് എത്തിയതിന്റെ തുടര്‍ച്ച തന്നെയാണ് പുസ്തകം. പൊതുസമൂഹം കൂടുതല്‍കാര്യങ്ങള്‍ അറിയുകയാണ്, ചര്‍ച്ച ചെയ്യുകയാണ്. പൊതുസമൂഹത്തില്‍ നിന്നുള്ള പിന്തുണ വര്‍ധിക്കാന്‍ പുസ്തകം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

A

തീര്‍ച്ചയായിട്ടും വലിയ ജനപിന്തുണയാണ് കിട്ടുന്നത്. ഇപ്പോള്‍ തന്നെ നാല് എഡിഷന്‍ കഴിഞ്ഞു എന്നാണ് പറയുന്നത്. എന്തായാലും കേരളത്തിലുള്ള എല്ലാവരും വായിക്കും. ഈ പുസ്തകം എഴുതാനുണ്ടായ കാരണവും അതുവഴി നമ്മളുദ്ദേശിച്ച ലക്ഷ്യവും ജനങ്ങളിലേക്കെത്തും. ഞാന്‍ ആരാണെന്ന് വല്ലപ്പോഴും ഞാന്‍ തന്നെ പറഞ്ഞുള്ള അറിവോ എതിരാളികള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളോ മാത്രമേ ജനത്തിന് അറിയുകയുള്ളു. എന്നാല്‍ പുസ്തകം വായിക്കുമ്പോള്‍ എല്ലാമൊന്നും എഴുതാന്‍ പറ്റിയില്ലെങ്കില്‍ പോലും എന്റെ പേഴ്സണല്‍ അനുഭവം എന്നതിലുപരി ഒരു കന്യാസ്ത്രീ സമൂഹത്തിന് നേരിടേണ്ടി വരുന്ന ചൂഷണങ്ങളുടെ ഒരംശം ജനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതൊരു അടഞ്ഞ അധ്യായമായിട്ട് കിടക്കുകയായിരുന്നു. ഇതൊരു പറുദിസായാണെന്നും ഇതിനുള്ളിലുള്ളവരൊക്കെ മാലാഖമാരാണെന്നുമൊക്കെയാണ് കേരളാസമൂഹത്തിന് നല്‍കിയിട്ടുള്ള ധാരണ. ഞങ്ങളോട് ഇടപെട്ടിട്ടുള്ള ചില സാഹചര്യങ്ങളില്‍ നിന്നെങ്കിലും ഞങ്ങളെപ്പോലുള്ളവര്‍ ചിലസമയങ്ങളില്‍ മാലാഖമാര്‍ അല്ലെന്നും വീഴ്ചകളുണ്ടെന്നും ജനത്തിന് അറിയാം. എങ്കിലും ചാര്‍ത്തപ്പെട്ടിട്ടുള്ള പുണ്യപരിവേഷത്തില്‍ അത് അടഞ്ഞുകിടക്കുകയാണ്. ചില വൃത്തങ്ങളുടെ പേരില്‍ മനുഷ്യാവകാശം പോലും ലംഘിക്കപ്പെടുകയും, ഇതേ വൃത്തങ്ങളുടെ ആനുകൂല്യത്തില്‍ ചിലര്‍ ചെയ്യുന്ന തെറ്റുകളും അടഞ്ഞു കിടക്കുകയാണ്. അതും തുറന്നുകാട്ടുക എന്നതാണ് ലക്ഷ്യം.

Q

സിസ്റ്ററുടെ പരാതിയില്‍ വത്തിക്കാനില്‍ നിന്നും പ്രതികൂല നടപടിയാണ് ഉണ്ടായത്. അത്തരം സാഹചര്യത്തില്‍ പൊതുസമൂഹത്തെ ഉള്‍പ്പെടുത്തിയുള്ള സമരപോരാട്ടങ്ങള്‍, പുസ്തകം പോലുള്ള തുറന്നുപറച്ചിലുകള്‍ കൂടുതല്‍ ദോഷമല്ലേ ഉണ്ടാക്കുക. മതസംവിധാനത്തിനകത്ത് നിന്ന് പൊരുതുന്ന ആളാകുമ്പോള്‍ വിശ്വാസിമൂഹത്തെയാണല്ലോ പ്രാഥമികഘട്ടത്തില്‍ കൂടെ നിര്‍ത്തേണ്ടത്, എന്തെങ്കിലും ഘടകങ്ങള്‍ ഇതിനെദുര്‍ബലപ്പെടുത്തുന്നുണ്ടോ ?

A

വിശ്വാസി സമൂഹമാണ് വിശ്വാസത്തിന്റെ അടിമത്തത്തില്‍ കിടക്കുന്നത്. അവരെയാണ് മോചിപ്പിച്ചെടുക്കേണ്ടത്. പക്ഷെ, നമുക്ക് അതിനുള്ള സാഹചര്യങ്ങള്‍ കുറവാണ്. സമൂഹമൊന്നാകെ വിഷയം ഏറ്റെടുക്കുന്ന പ്രവണതയുണ്ടാകണം. ഒരു സിസ്റ്ററിന് സന്യസ്തസഭയില്‍ നിന്നോ വൈദികരില്‍ നിന്നോ ഏതെങ്കിലും രീതിയിലുള്ള ചൂഷണം നേരിട്ടാല്‍ അത് തുറന്ന് പറഞ്ഞാല്‍ മനസ്സിലാകുന്ന സാമൂഹിക വ്യവസ്ഥിതി രൂപപ്പെടണം. അതിപ്പോ വിശ്വാസി സമൂഹത്തില്‍ നിന്നോ കത്തോലിക്കാസഭയുടെ അധികാരത്തില്‍ നിന്നോ പെട്ടെന്നൊന്നുംപ്രതീക്ഷിക്കാന്‍ സാധിക്കത്തില്ല എന്നുളളതാണ് എന്നോടും ഫ്രാങ്കോയാല്‍ പീഡിപ്പിക്കപ്പെട്ട സിസ്റ്ററോടും അവരെ പിന്തുണച്ച മറ്റ്സിസ്റ്റര്‍മാരോടുമുള്ള പെരുമാറ്റത്തില്‍ നിന്ന് മനസ്സിലാക്കുന്നത്. സാമൂഹിക വ്യവസ്ഥിതി മാറിയാല്‍ സ്വാഭാവികമായിട്ടും അവരിലേക്കും കൂടെ ആമാറ്റം അടിച്ചേല്‍പ്പിക്കപ്പെടും. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസിലെ ആ ആറ് സിസ്റ്റര്‍മാര്‍ തങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു എന്ന് പറഞ്ഞതിന്റെ പേരില്‍, സത്യം പറഞ്ഞതിന്റെ പേരില്‍ മാനസികമായി അബ്യൂസ് ചെയ്യപ്പെടുന്നുണ്ട്, ഒരുപക്ഷെ സെക്ഷ്വല്‍ അബ്യൂസ് നേരിട്ട ആളിനേക്കാള്‍. അധികാരികള്‍ നിരന്തരമായി അവരുടെമേല്‍ കുറ്റം ആരോപിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ കോണ്‍ഗ്രിഗേഷനില്‍ പോലുംസിസ്റ്റേഴ്സ് പറയുന്നത് ഫ്രാങ്കോയെ രക്ഷിക്കണമെന്നാണ്്. അതെന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാകാത്ത കാര്യമാണ്. ഫ്രാങ്കോയേക്കാള്‍ രാഷ്ട്രീയ സാമ്പത്തിക സ്വാധീനമില്ലാത്ത, അധികാരപരമായി ഏറെ താഴ്ന്ന നിലയിലുള്ളവരാണ് കന്യാസ്ത്രീകള്‍. അപ്പോള്‍ നമ്മള്‍ ആരുടെ കൂട്ടത്തിലാണ് നില്‍ക്കേണ്ടത്?.

courtesy: ABC News
Q

അനുസരണം, ദാരിദ്യം, ബ്രഹ്മചര്യം തുടങ്ങിയ കാര്യങ്ങളെ സിസ്റ്റര്‍ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത് ?

A

ഞാന്‍ അനുസരണ തെറ്റിച്ചു, പിന്നെ ദാരിദ്യവ്രതം തെറ്റിച്ചു എന്നാണ് അവര്‍ പറയുന്നത്. ഇത് രണ്ടും തെറ്റിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിക്കറിയാം. ഇപ്പോഴും എഫ്സിസിയില്‍ ഉള്ള ഏതൊരു സിസ്റ്ററിനെക്കാളും വളരെ ലളിതമായ ജീവിതശൈലിയില്‍ പോകുന്നയാളാണ് ഞാന്‍. എന്റെ റൂമില്‍ വന്നു നോക്കട്ടെ. ദാരിദ്യവ്രതം തെറ്റിച്ചു എന്ന് ആരോപിക്കുന്നത് 18 മുതലുള്ള സാലറി കൊടുത്തിട്ടില്ല എന്നതുകൊണ്ടാണ്. ഒരു വര്‍ഷത്തെ ശമ്പളം മുഴുവനും സോഷ്യല്‍ സര്‍വ്വീസിനാണ് ഞാന്‍ ഉപയോഗിച്ചത്. അവിടെ ഞാന്‍ എടുത്തത് ക്രൈസ്തവ മൂല്യമുള്ള തീരുമാനം ആണ്. അതുകൊണ്ടാണ് എനിക്ക് ഭയം വരാത്തതും. നേട്ടങ്ങള്‍ ഉദ്ദേശിച്ചും ആരെയെങ്കിലും തൃപ്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിച്ചാല്‍ എനിക്ക് ഭയം വരണം. ഞാന്‍ ചെയ്തത് സുവിശേഷ പ്രഘോഷണം തന്നെയാണ്. അതുകൊണ്ട് അനുസരണവും ഞാന്‍ തെറ്റിച്ചിട്ടില്ല.

Q

സിസ്റ്ററിപ്പോള്‍ സംസാരിക്കുന്നത് സിസ്റ്ററിന്റെ വ്യക്തിപരമായ ബോധ്യത്തിനനുസരിച്ചാണ്. ഒരു സെറ്റ് ഓഫ് റൂള്‍ ഉള്ള കൂട്ടായ്മയില്‍,അതില്‍ ഉള്‍പ്പെടുന്ന എല്ലാവരും അത് കൃത്യമായി പാലിക്കണം എന്ന നിഷ്‌കര്‍ഷയുള്ളപ്പോള്‍ അതിന് തയ്യാറാകാത്ത ഒരാള്‍ കൂട്ടത്തില്‍നില്‍ക്കേണ്ടതില്ല എന്ന് സ്വാഭാവികമായും ആ സംവിധാനത്തിന് തോന്നില്ലെ. വിശ്വാസികളെ എളുപ്പത്തില്‍ അത് ധരിപ്പിക്കാനും അവര്‍ക്ക് പറ്റില്ലെ ?

A

സെറ്റ് ഓഫ് റൂള്‍സ് ആര്‍ക്കു വേണ്ടിയാണ് ? അവിടെ കുറവുകളുണ്ടാകും ഉറപ്പാണ്. സെറ്റ് ഓഫ് റൂള്‍സ് പ്രകാരം നീതിനിഷേധിക്കപ്പെടുന്നത് ഏറ്റവും താഴേക്കിടയിലുള്ള വിഭാഗത്തിനാകും. അവര്‍ക്ക് മാനുഷിക അന്തസോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. അപ്പോള്‍ അതിലുള്ള ഒരാള്‍ അതിനെതിരെ പ്രതികരിച്ചാല്‍ സെറ്റ് ഓഫ് റൂള്‍സ് മാറിയെന്ന് പറയാന്‍ പറ്റില്ല, നവീകരിക്കപ്പെട്ടു എന്നേ പറയാന്‍ പറ്റു. മാറ്റങ്ങള്‍ക്ക് വിധേയപ്പെടാന്‍ തയ്യാറുള്ളിടത്തുമാത്രമേ ശരിക്കുള്ള സ്പിരിച്വാലിറ്റി ഉണ്ടാകൂ.

Q

മഠത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇനി സഹനമല്ല സമരമാണ് വേണ്ടത് എന്ന് പറഞ്ഞ് ആഭ്യന്തരതലത്തില്‍ സമരം നടത്തിയതിന് ശേഷമാണ് പുറത്താക്കപ്പെടുന്നത്. ക്രിസ്തുവിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ കൂടുതല്‍ പേര്‍ക്ക് പുറത്തുവരാന്‍ പറ്റാത്തത് എന്താണ്. അവരുംക്രൈസ്തവമൂല്യങ്ങള്‍ക്കൊത്ത് ക്രിസ്തുവിനോട് മാത്രം നീതി പുലര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളതല്ലേ ?

A

വ്യക്തികള്‍ എല്ലാവരും ഒരുപോലെ അല്ലല്ലോ. സാമൂഹികവ്യവസ്ഥിതി മാറിയാല്‍ ഒത്തിരിപേര്‍ തുറന്നുപറയും. ഇതിപ്പോള്‍ പേടിയാണ്. ചൂഷണം ചെയ്യപ്പെടുന്നത് പലരും പുറത്തുപറയാത്തത് പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിട്ടാണ്. ഒരു സിസ്റ്റര്‍ പുറത്തേയ്ക്ക് വന്നാല്‍, ആ അവര് മഠം ചാടിയെന്ന് പറയും. മോശം ജീവിതം നയിച്ചിട്ടാണ് പുറത്താക്കപ്പെട്ടതെന്ന് മുദ്രകുത്തപ്പെടും. കുടുംബത്തെപ്പോലും ഇത്ബാധിക്കും. പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ പറ്റണമെങ്കില്‍ സാമൂഹിക വ്യവസ്ഥിതി മാറി അവരെ വിശ്വസത്തോടെ ചേര്‍ത്തുപിടിക്കുന്നവര്‍ ചുറ്റുമുണ്ടാകണം.

Q

വിശ്വാസസമൂഹത്തേക്കാള്‍ പൊതുസമൂഹമാണല്ലോ പിന്തുണ തരുന്നത്. നവീകരണമുണ്ടാകണമെങ്കില്‍ വിശ്വാസസമൂഹത്തില്‍ നിന്ന് അധികാരദുര്‍വിനിയോഗത്തിനെതിരെ പൗരോഹിത്യ സംവിധാനത്തിലെ, ആണത്ത അധികാരത്തിനെതിരെ ചൂഷണത്തിനെതിരെ ശബ്ദമുയരണം. പൊതുസമൂഹത്തില്‍ നിന്ന് കിട്ടുന്ന പിന്തുണയ്ക്ക് സമാനമായി വിശ്വാസ സമൂഹത്തില്‍ നിന്ന് കിട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?

A


പൊതുസമൂഹം വഴിയും മാധ്യമങ്ങള്‍ വഴിയും വിശ്വാസികളിലേക്ക് മാറ്റങ്ങള്‍ വരും. പൊതുസമൂഹത്തിലും വിശ്വാസികളുണ്ട്. സമൂഹ മാധ്യങ്ങളിലൂടെ രൂപാന്തരപ്പെട്ട കൂട്ടായ്മകള്‍ നവീകരണപ്രവര്‍ത്തനങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. വിശ്വാസികളെ ഒറ്റയടിക്ക് മാറ്റുന്നത് വളരെ പ്രയാസമാണ്. സ്വര്‍ഗ്ഗ നരക പാപങ്ങള്‍ക്കപ്പുറത്ത് സ്വന്തമായ വിശ്വാസ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വിശ്വാസികള്‍ക്ക് കഴിയാറില്ല. കാരിക്കാമലയിലെ ഹൈസ്‌കൂളില്‍ 24 വര്‍ഷമായി പഠിപ്പിക്കുന്നു. നാട്ടിലെ ഭൂരിഭാഗം മക്കളും പഠിച്ചത് ഇവിടെയാണ്. എത്രയോ വര്‍ഷമായി എന്നെ അറിയാവുന്നവരാണ്. ആ മഠത്തില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഇത്രയും നല്ല സിസ്റ്ററിനെ ഞങ്ങള്‍ക്ക് ആദ്യമായാണ് കിട്ടുന്നതെന്ന് എന്നോട് നേരിട്ട് എത്രയോ പേര്‍ പറഞ്ഞിരിക്കുന്നു. എനിക്കെതിരെ പന്തം കൊളുത്താന്‍ ആ ജനത്തെ അവര്‍ ഒരുക്കിയെടുത്തു. ഞാന്‍ സഭാ വിരുദ്ധയാണ്, എനിക്ക് അധോലോക ബന്ധങ്ങളുണ്ട്, അതല്ലാതെ എറണാകുളത്ത് ഹോര്‍ഡിങ്സ് ഒന്നും ഉയരത്തില്ല എന്നൊക്കെയാണ് ധരിപ്പിച്ചുവച്ചിരിക്കുന്നത്.

വിശ്വാസികളെ മാറ്റാന്‍ എളുപ്പമല്ലേ.അവര് പുറത്തുപോയിട്ട് നമ്മുടെ മതത്തെ അവഹേളിക്കുന്നു. അതിന് ക്രൈസ്തവവിരുദ്ധരായ ആളുകളുടെ പിന്തുണയുമുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ വളരെ എളുപ്പമാണ്. മനുഷ്യനാണ് ടെമ്പിള്‍ ഓഫ് ഗോഡ്. ക്രൈസ്തവര്‍, ക്രൈസ്തതേര എന്നൊന്നുംപറയുന്നതില്‍ അര്‍ഥമില്ല. അവിടെ എന്തിനാണ് വേര്‍തിരിവ് കാണിക്കുന്നത്. ഈ വിശ്വസിക്കുന്നു എന്നു പറയുന്ന എനിക്ക് എന്ത് വിശ്വാസമുണ്ട്.

Q

ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ ചര്‍ച്ച്് ആക്ട് നടപ്പാക്കുന്നനതിന് പരോക്ഷമായി സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് ആരോപണമുണ്ടായിരുന്നല്ലോ ?

A

ചര്‍ച്ച് ആക്ട് 2009-ല്‍ ഒരു മഹാനായ വ്യക്തി രൂപപ്പെടുത്തിവെച്ചിരിക്കുന്നതാണ്. ഇതുവരെയുള്ള സര്‍ക്കാരുകളെല്ലാം പലതരം ലാഭങ്ങളുടെ പേരില്‍ അത് മൂടിവെച്ചിരിക്കുകയായിരുന്നു. സീറോ മലബാര്‍ സഭയുടെ മേലധ്യക്ഷന്‍മാര്‍ നടത്തിയ സാമ്പത്തിക അഴിമതികള്‍ ലോകം കണ്ട കുറ്റകൃത്യമാണ്. തുടര്‍ച്ചയായുണ്ടാകുന്ന അഴിമതികളെപ്പോലും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ആത്മീയ നേതൃത്വത്തെ കണ്ടപ്പോള്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന സാമ്പത്തിക ചൂഷണം, ലൈംഗീക ചൂഷണം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള ആയുധമാണ് 2009-ല്‍ അവതരിപ്പിച്ച ചര്‍ച്ച് ബില്‍. ഇത് പാസ്സായാല്‍ ഇത്തരത്തിലുള്ള അഴിമതികള്‍ ഇല്ലാതാവുകയും ആത്മീയ നേതൃത്വം ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാവുകയും ചെയ്യും.

Q

ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും കുറച്ചുകൂടി ജനാധിപത്യ സ്വഭാവം കൈവരുമെന്നും പ്രതീക്ഷിക്കുന്നുണ്ടോ ?

A

അധികാര ദുര്‍വിനിയോഗത്തില്‍ സാമ്പത്തികത്തിന് വലിയൊരു പങ്കുണ്ട്. അവര്‍ക്കാവശ്യമുള്ളത് മാത്രം കൊടുത്തുകൊണ്ട് സാമ്പത്തിക കാര്യങ്ങള്‍ മൊത്തം അവരില്‍ നിന്ന് എടുത്തുമാറ്റുകയാണ്. കോടിക്കണക്കിന് രൂപ വരുമാനമുള്ള സ്ഥാപനങ്ങളുണ്ട്. മാനന്തവാടി രൂപതയിലെ സ്‌കൂളിലേക്കുള്ള നിയമനത്തിന് ലക്ഷക്കണക്കിന് രൂപയാണ് വ്യക്തികളലില്‍ നിന്ന് ഈടാക്കുന്നത്്. ഇങ്ങനെ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന എത്രയോ സ്ഥാപനങ്ങളുണ്ട്. ഈ പണം സുതാര്യമായി കൈകാര്യം ചെയ്താല്‍ പണം കുമിഞ്ഞുകൂടുമ്പോള്‍ ഇതിനോട് ചേര്‍ന്നുവരുന്ന ലൈംഗീകചൂഷണമടക്കമുള്ള പല തെറ്റുകളും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയും. പക്ഷെ ഇതിന് നിരന്തരമായ ബോധവത്കരണം നടത്തേണ്ടി വരും. ചര്‍ച്ച് ബില്ലിനെതിരെ പല ബിഷപ്പുമാരും സര്‍ക്കുലര്‍ ഇറക്കുകയാണ്. ബില്ലിനെക്കുറിച്ച് വിശ്വാസികളില്‍ ശരിയായ അവബോധമുണ്ടാക്കിയാല്‍ മാത്രമേ ഫലം കാണൂ. ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന് കൂട്ടായ്മ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. എന്റെ പേര് ഒരു ഐക്കണ്‍ മാത്രമാണ്. എല്ലാവര്‍ക്കും നീതി എന്നതാണ് ആശയം. ലോകത്തിന്റെ പല ഭാഗത്തുള്ള മലയാളികള്‍ ഈ കൂട്ടായ്മയിലുണ്ട്.

Q

മഠത്തില്‍ നിന്ന് പുറത്താക്കിയാല്‍ പീഡകരുടെ പേര് പറയുമെന്ന് സിസ്റ്റര്‍ പറഞ്ഞിരുന്നു. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകം വന്നപ്പോള്‍ അത്തരത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടായില്ല. ഇതൊരു സമ്മര്‍ദ്ദതന്ത്രമായിരുന്നുവെന്ന് വിമര്‍ശനം നേരിടുന്നുണ്ട്?

A

പീഡകരുടെ പേര് വെളിപ്പെടുത്താതിരുന്നത് വ്യക്തമായ ഉള്‍ക്കാഴ്ചയിലാണ്. വ്യക്തമായ ലക്ഷ്യങ്ങളുമുണ്ട്. അവരെ പ്രതിരോധിക്കാന്‍ മാത്രമല്ല. പുസ്തകം വായിച്ചവര്‍ക്കറിയാം ഇതൊരു വ്യക്തിയുടെ ജീവിതാനുഭവങ്ങളാണ്. പിള്ളേര് അനുഭവിച്ചതില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച കാര്യങ്ങള്‍ മാത്രമാണ്. അതില്‍ ചില സാഹചര്യങ്ങളും പേരുകളും മാറ്റിവെച്ചിട്ടുണ്ട്. അത് കൂടുതല്‍ നന്മയ്ക്കായിട്ടാണ്. ആ വ്യക്തി, അയാളടങ്ങുന്ന കുടുംബം അങ്ങനെ പല കാര്യങ്ങള്‍ എനിക്ക് പരിഗണിക്കേണ്ടി വന്നു. അതുകൊണ്ടാണ്് ചില സ്ഥലങ്ങളില്‍ പേരൊഴിവാക്കിയത്. ഞാനേറ്റുപറയുകയാണ് വേറൊരു ദുരുദ്ദേശവും ഇതിന് പിന്നിലില്ല. പിന്നെ നിയമപരമായി ആരെങ്കിലും മുന്നോട്ട് പോയാല്‍ അവരോട് പറഞ്ഞാല്‍മതിയല്ലോ, ലോകത്തോട് വിളിച്ച് പറയേണ്ടല്ലോ. ലോകത്തോട് വിളിച്ചുപറഞ്ഞ പേരുകള്‍ ആദ്യം അവര്‍ കൈകാര്യം ചെയ്യട്ടേ. ഫ്രാങ്കോ, റോബിന്‍, മൈസൂര്‍ ബിഷപ്പ്...റോബിന്‍ ഇപ്പോഴും പൗരോഹിത്യത്തിലാണ്. റോബിനെ പുറത്താക്കിക്കൊണ്ട് അവര്‍ സര്‍ക്കുലര്‍ ഇറക്കട്ടെ. പേരായവരുടെ പേരില്‍ സഭ നിയനടപടികള്‍ സ്വീകരിക്കട്ടെ, നടപടികള്‍ കൈക്കൊള്ളും എന്ന്് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകം ആരെയും ദ്രോഹിക്കാന്‍ അല്ല. ഇനിയും ഒരുപാട് എഴുതാനുണ്ട്. അത് അടുത്ത പുസ്തകമായി എഴുതാം എന്ന് വിചാരിക്കുന്നു.

logo
The Cue
www.thecue.in