സിദ്ദിഖ് കാപ്പന്റേത് ഒറ്റിക്കൊടുക്കുന്ന സഹോദരന്മാരുടെ കഥ കൂടിയാണ്

സിദ്ദിഖ് കാപ്പന്റേത് ഒറ്റിക്കൊടുക്കുന്ന സഹോദരന്മാരുടെ കഥ കൂടിയാണ്
Published on

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്

ആരോ കെട്ടിച്ചമച്ച ഒരു പ്രൊപ്പഗാന്‍ഡയുടെ പുറത്ത് സാധാരണക്കാരനായ ഒരു പത്രപ്രവര്‍ത്തകനെ അവന്‍ മുസ്ലിം ആയതുകൊണ്ട് മാത്രം പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതുകൊണ്ട് സിദ്ദിഖ് കാപ്പന്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. എങ്കിലും ചില കാര്യങ്ങള്‍ പറഞ്ഞേ പറ്റൂ.

ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദിഖ് കാപ്പനെതിരെ ഉണ്ടാക്കിയിരിക്കുന്ന കുറ്റപത്രത്തില്‍ ശക്തമായ ഒരു തെളിവുമില്ല. സിദ്ദിഖ് കാപ്പന്‍ മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഏതോ ലേഖനം എഴുതി എന്നാണ് വാദം. കുറ്റപത്രത്തിന്റെ ഔദ്യോഗിക കോപ്പി ഇന്നും കെ.യു.ഡബ്ല്യു.ജെയ്ക്ക് കിട്ടിയിട്ടില്ല.

സിദ്ദിഖ് കാപ്പന്‍ ഈ കാലഘട്ടത്തിലെ മീഡിയയുടെ പ്രതീകമാണ്. കാരണം നിങ്ങളെയോ എന്നെയോ നാളെ പിടിച്ച് ജയിലില്‍ ഇടണം എന്നുണ്ടെങ്കില്‍ ഏത് സര്‍ക്കാരിന് വേണമെങ്കിലും വളരെ എളുപ്പത്തില്‍ അത് ചെയ്യാം. കാരണം ഇന്ന് ഏതെങ്കിലും കള്ളക്കേസുണ്ടാക്കി ഒരാളെ ജയിലില്‍ പിടിച്ചിടുക എന്ന് പറയുന്നത് അനായാസമാണ്.

അങ്ങനെയൊരു കള്ളക്കേസില്‍ പിടിച്ച് ജയിലില്‍ ഇടാമെന്ന പേടിപ്പുറത്ത് മാധ്യമ ധാര്‍മ്മികത മറന്നുപോയ ഒരു മാധ്യമസമൂഹം ഇവിടെയുള്ള കാലത്താണ് സിദ്ദിഖ് ജയിലില്‍ കിടക്കുന്നത്. വര്‍ഷം രണ്ടാകാന്‍ പോകുന്നു.

ഇന്നും കുറ്റപത്രം കൊടുത്തിട്ടില്ല. കൃത്യമായി വിചാരണ നടക്കുന്നില്ല. സുപ്രീംകോടതി ഉത്തരവാദിത്തം മറന്നുകൊണ്ട് മിണ്ടാതിരിക്കുകയാണ്. പക്ഷേ ഇതെല്ലാം സിദ്ദിഖിന്റെ മാത്രം പ്രശ്‌നമല്ല.

ഇതുവരെ സിദ്ദിഖിനെതിരെ വ്യക്തമായിട്ടുള്ള, അല്ലെങ്കില്‍ സിദ്ദിഖ് ചെയ്തത് മാധ്യമപ്രവര്‍ത്തനം അല്ല എന്ന് കാണിക്കുന്ന തരത്തിലുള്ള ഒരു തെളിവും നമ്മള്‍ കണ്ടിട്ടില്ല. ബാക്കിയെല്ലാം പ്രൊപ്പഗാന്‍ഡയാണ്.

ഇതിനകത്ത് വളരെ ദുഃഖകരമായ കാര്യം ഉത്തര്‍പ്രദേശ് പൊലീസ് സിദ്ദിഖിനെതിരെ പറയുന്ന പല തെളിവുകളും കെ.യു.ഡബ്ല്യു.ജെയുടെ ഡല്‍ഹി ബ്രാഞ്ചിനകത്തുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായുണ്ടായ ചില ആരോപണങ്ങളുമാണ്.

ഒരു സമൂഹം ജീര്‍ണിക്കുന്നത് എപ്പോഴാണെന്ന് അറിയുമോ സഹോദരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒറ്റിക്കൊടുക്കുമ്പോഴാണ്. ഈ ഒറ്റിക്കൊടുക്കുന്ന സഹോദരന്മാരുടെ കഥകൂടിയാണ് സിദ്ദിഖിന്റേത്. കാരണം ഒരുമിച്ചിരുന്ന് ഊണ് കഴിച്ച്, ഒരേ പ്രസ് കോണ്‍ഫറന്‍സ് വര്‍ഷങ്ങളോളം കവര്‍ ചെയ്ത്, അങ്ങോട്ടുമിങ്ങോട്ടും ദുഃഖത്തിലും സന്തോഷത്തിലുമൊക്കെ ഒരുമിച്ച് ഇരുന്നിരുന്ന ഒരു കൂട്ടം മലയാളി പത്രപ്രവര്‍ത്തകര്‍ കെ.യു.ഡബ്ല്യു.ജെ തെരഞ്ഞെടുപ്പിന് വേണ്ടി മത്സരിച്ചപ്പോഴുണ്ടായ എന്തോ വാക്ക് തര്‍ക്കത്തിന്റെ പുറത്ത് ഒരു മനുഷ്യനെ കുരുതികൊടുക്കുകയാണ്. അതാണ് ഏറ്റവും ദുഃഖകരമായ കാര്യം.

ഇസ്ലാമോഫോബിക് ആയിട്ടുള്ള ആരോപണങ്ങളും അവ്യക്തമായ ആരോപണങ്ങളും ഉയര്‍ത്തുകയാണ്. ആ മനുഷ്യന് എന്തൊക്കെയോ പൈസ കിട്ടിയെന്നൊക്കെ പറയുകയാണ്.

സിദ്ദിഖ് കാപ്പന്‍ എന്നെ കാണാന്‍ വരുമ്പോള്‍ അദ്ദേഹം വയറ് നിറച്ച് ആഹാരം കഴിച്ചിട്ട് മൂന്ന് ദിവസമായിരുന്നു. കയ്യില്‍ ഉപയോഗിക്കാന്‍ ഒരു കംപ്യൂട്ടര്‍ ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകനെയാണ് ഞാന്‍ കണ്ടത്. സ്വന്തം കുടുംബത്തെ നോക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ട് ഭാര്യയെയും കുട്ടികളെയും നാട്ടില്‍ വിട്ട ഒരു പത്രപ്രവര്‍ത്തകനെയാണ് ഞാന്‍ കണ്ടത്.

ഇവിടുത്തെ പ്രശ്‌നം എന്ന് പറയുന്നത് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന, യാതൊരുവിധ നിയന്ത്രണവും ഉത്തരവാദിത്തവുമില്ലാത്ത സോഷ്യല്‍ മീഡിയ എന്ന പബ്ലിഷിംഗ് പ്ലാറ്റ് ഫോമിലൂടെ എന്ത് വിഡ്ഢിത്തരവും വിളിച്ച് കൂവാന്‍ സ്വാതന്ത്ര്യം കിട്ടിയ ഒരു കൂട്ടം ജനതയാണ്. ഉള്ളില്‍ നിന്ന് മനുഷ്യത്വം അപ്രസക്തമായി കൊണ്ടിരിക്കുന്ന അവര്‍ എന്തും വിളിച്ച് പറയും. പക്ഷേ യാഥാര്‍ത്ഥ്യത്തില്‍ കുറ്റപത്രത്തില്‍ സിദ്ദിഖിനെതിരെ ജേണലിസ്റ്റിക്ക് അല്ലാത്ത ഒരു അലിഗേഷനുമില്ല.

സിദ്ദിഖിനെതിരെ അവര്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളാണ് കുറ്റമെങ്കില്‍ ഇന്ത്യയില്‍ ഉള്ള എല്ലാ പത്രപ്രവര്‍ത്തകരും ജയിലില്‍ പോകണം. കാരണം നമ്മള്‍ എന്നെങ്കിലുമൊക്കെ അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞിട്ടുണ്ടാകും. ഇതിനപ്പുറത്ത് ഇവരുടെ കയ്യില്‍ എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ കോടതിയില്‍ അത് അറിയിക്കട്ടെ. പക്ഷേ ദുഃഖകരമെന്ന് പറയുന്നത് ഇതാണ് സഹോദരങ്ങള്‍, സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്നു. അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവര്‍ തമ്മില്‍ വിശ്വാസമില്ലാത്ത സമൂഹമായി മാറികൊണ്ടിരിക്കുന്നു. അങ്ങനെ വിശ്വാസമില്ലാത്ത ഒരു സമൂഹത്തെ ഉണ്ടാക്കിയതില്‍ ഈ സര്‍ക്കാരിനും കൃത്യമായ പങ്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in