കസേര മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം;പി.കെ.കുഞ്ഞാലിക്കുട്ടിയോട് വി. പി.സാനു

കസേര മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം;പി.കെ.കുഞ്ഞാലിക്കുട്ടിയോട് വി. പി.സാനു
Published on
Summary

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭ അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റുമായ വി.പി.സാനു സംസാരിക്കുന്നു

Q

പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണെന്ന് പ്രഖ്യാപിച്ചു. എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് പോയത്. ഇപ്പോള്‍ എം.പി സ്ഥാനം രാജിവെയ്ക്കാന്‍ പോകുന്നു. ജനാധിപത്യവിരുദ്ധ നടപടിയല്ലേ?

A

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്. ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. വലിയ ഭൂരിപക്ഷത്തിലാണ് ജനങ്ങള്‍ എം.എല്‍.എയായി തെരഞ്ഞെടുത്തത്. നിരവധി നേതാക്കളുണ്ടായിട്ടും ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നു. തുടര്‍ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടും മത്സരിക്കുന്നു. മുമ്പ് വേങ്ങരയില്‍ നാല്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയിലെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞത് കാണണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് മാത്രം പറഞ്ഞാല്‍ പോരാ. വേങ്ങര ഉപതെരഞ്ഞെടുപ്പും ഇപ്പോള്‍ മലപ്പുറത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഒഴിവാക്കേണ്ടതായിരുന്നു. അനാവശ്യമായി ഉണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ വലിയ തുക തെരഞ്ഞെടുപ്പിനായി ചിലവഴിക്കേണ്ടതായി വരുന്നു. ജനങ്ങളുടെ നികുതി പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഖജനാവിനെ വലിയ നഷ്ടമുണ്ടാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം. രാഷ്ട്രീയ പ്രബുദ്ധരായവരാണ് കേരളത്തിലെ ജനങ്ങള്‍. വോട്ടവകാശത്തിലൂടെ അത് തെളിയിക്കാറുമുണ്ട്. ഇത്തരം അനാവശ്യ ചിലവുണ്ടാക്കുന്നതിനെതിരെ വോട്ടവകാശത്തിലൂടെ ജനങ്ങള്‍ പ്രതികരിക്കണം.

രാഷ്ട്രീയപ്രവര്‍ത്തനമെന്നത് മുസ്ലിംലീഗിന് അധികാരം മാത്രമാണ്. അധികാരവും അധികാര കസേരയും മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നത് ഇവര്‍ മറക്കുന്നു. എല്ലാം കാലത്തും അത് മറന്ന് മുന്നോട്ട് പോയാല്‍ ജനങ്ങള്‍ ജയിപ്പിച്ച് വിടുമെന്ന ധാരണ എല്ലാപ്പോഴും ശരിയാകണമെന്നില്ല.
Q

മലപ്പുറം മുസ്ലിംലീഗിന്റെ ഉറച്ച സീറ്റാണ്. വേങ്ങരയും അങ്ങനെ തന്നെയാണ്. അവിടുത്തെ വോട്ടര്‍മാര്‍ കൂടെ നില്‍ക്കുമെന്ന ആത്മവിശ്വാസമല്ലേ മുസ്ലിംലീഗിനെ കൊണ്ട് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടാക്കിക്കുന്നത്?

A

കൂടുതല്‍ വോട്ടുണ്ടെന്ന ധൈര്യം തന്നെയായിരിക്കും അതിന് കാരണം. നേരത്തെ സൂചിപ്പിച്ചത് പോലെ വേങ്ങരയില്‍ ഭൂരിപക്ഷം ചുരുങ്ങിയത് നമ്മള്‍ കണ്ടതാണ്. 2006ല്‍ ഇതേ അഹങ്കാരവുമായി മത്സരിക്കാനെത്തിയ മുസ്ലിംലീഗിന്റെ മൂന്ന് നേതാക്കന്‍മാര്‍ കുറ്റിപ്പുറത്തും തിരൂരും മങ്കടയിലും പരാജയപ്പെട്ടു. കുറ്റിപ്പുറത്ത് 2001ല്‍ 26000 വോട്ടിന് ജയിച്ച വ്യക്തിയാണ് പരാജയപ്പെട്ടത്. തിരൂരിലും ഇതേ പോലെയായിരുന്നു. അധികാരത്തിന് വേണ്ടി ഇവര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കൊപ്പവും ജനങ്ങള്‍ നില്‍ക്കുമെന്ന ധാരണ തെറ്റാണെന്ന് തെളിയിച്ച ചരിത്രവും മലപ്പുറം ജില്ലയില്‍ തന്നെയുണ്ട്. മഞ്ചേരി ലോക്‌സഭ സീറ്റ് 2004ല്‍ നഷ്ടപ്പെട്ടതും ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയപ്രവര്‍ത്തനമെന്നത് മുസ്ലിംലീഗിന് അധികാരം മാത്രമാണ്. അധികാരവും അധികാര കസേരയും മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നത് ഇവര്‍ മറക്കുന്നു. എല്ലാം കാലത്തും അത് മറന്ന് മുന്നോട്ട് പോയാല്‍ ജനങ്ങള്‍ ജയിപ്പിച്ച് വിടുമെന്ന ധാരണ എല്ലാപ്പോഴും ശരിയാകണമെന്നില്ല.

ജനങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിലും അത് കാണിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞ, ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ തുടരില്ലെന്ന് പറഞ്ഞവര്‍ക്കെതിരായ കൃത്യമായ ജനവിധി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായി. ജനങ്ങളെ പട്ടിണിക്കിടാത്ത, പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കുന്ന, അവകാശങ്ങള്‍ സംരക്ഷിക്കുന്ന, വികസനം കണ്‍മുന്നില്‍ സാധ്യമാക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. മലപ്പുറവും അതില്‍ നിന്നും വലിയ തോതില്‍ മാറി നിന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ പ്രബുദ്ധത വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അതിലും ജനങ്ങള്‍ കാണിക്കും.

Q

നരേന്ദ്രമോദിക്കെതിരെയും സംഘപരിവാറിനെതിരെയും പ്രതിപക്ഷ കക്ഷികളുടെ ഏകോപനമാണ് എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തിരുന്നത്. അത് പൂര്‍ത്തിയാക്കിയാണോ തിരിച്ചുവരുന്നത്?

A

പി.കെ.കുഞ്ഞാലിക്കുട്ടിയെ അത്തരം ഒരുവേദിയിലും നമ്മള്‍ കണ്ടിട്ടില്ല. കര്‍ഷകദ്രോഹ ബില്ലിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യസഭയില്‍ നിന്നും ആറ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ഷക വിരുദ്ധ ബില്ല് ഭരണഘടന വിരുദ്ധമായി പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ഇടതുപക്ഷത്തെ മൂന്ന് പേര്‍ അതിലുണ്ടായിരുന്നു. ഇപ്പോള്‍ ഞാനുള്ളത് ഹരിയാന- രാജസ്ഥാന്‍ ബോര്‍ഡറിലാണ്. കഴിഞ്ഞ ദിവസം ഹരിയാന-ഡല്‍ഹി ബോര്‍ഡറിലായിരുന്നു. ഇവിടെയൊക്കെ വലിയ സമരം കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റിയുണ്ട്. 200ലധികം സംഘടനകള്‍ ഇപ്പോള്‍ അതിലുണ്ട്. നിരവധി സമരങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തി.യോജിക്കാത്ത സംഘടനകളും വ്യക്തികളും ഇതിന്റെ ഭാഗമാകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഐക്യപ്പെട്ട് സമരത്തിനെത്തുന്നു. ഇത്തരം സമരങ്ങളില്‍ എവിടെയാണ് മുസ്ലിംലീഗിന്റെ സാന്നിധ്യമുള്ളത്. കോണ്‍ഗ്രസിന് പോലും വിസിബിലിറ്റിയില്ല. രാഷ്ട്രപതിയെ കാണുന്നുവെന്നൊക്കെ പറയുമ്പോഴും സമരത്തിന്റെ ഭാഗമായി നില്‍ക്കാന്‍, സമരം ചെയ്യുന്ന കര്‍ഷകരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. ഇത്തരത്തിലുള്ള സമരത്തിന്റെ ഭാഗമാകാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ പ്രതിപക്ഷനിരയെ ഐക്യപ്പെടുത്തുന്നുവെന്നാണ് അവകാശപ്പെടുന്നതെന്ന് മനസിലാകുന്നില്ല.

മറ്റൊരു മുന്നണിയായി ഇവര്‍ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ ബീഹാറില്‍ നിന്നും എന്‍.ഡി.എ മുന്നണിയെ അധികാരത്തില്‍ നിന്നും ഇറക്കാന്‍ സാധിക്കുമായിരുന്നു. ആ സാധ്യതയെ പോലും ഇല്ലാതാക്കിയവരാണ് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താന്‍ മുന്നിലുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്
Q

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചു വരുമ്പോള്‍ ആരാണ് ശത്രുപക്ഷത്തുള്ളതെന്നതില്‍ മുസ്ലിംലീഗിന് അവ്യക്തതയുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

A

ശത്രുവാരാണെന്ന കാര്യത്തില്‍ മുസ്ലിംലീഗിന് യാതൊരു കണ്‍ഫ്യൂഷനുമില്ല. ബി.ജെ.പിയല്ല, സി.പി.എമ്മാണ് ശത്രുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാസിസത്തിനെതിരായ പോരാട്ടം നയിക്കാനാണെന്നാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ലമെന്റില്‍ കൃത്യമായ ഇടപെടല്‍ പോലും ഉണ്ടായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ ഏറ്റവും അന്റന്റന്‍സ് കുറവുള്ള ആളും ഏറ്റവും കുറവ് ചോദ്യങ്ങള്‍ ചോദിച്ച, ചര്‍ച്ചകളില്‍ പങ്കെടുക്കാത്ത എം.പിയായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ അത് വലിയ ചര്‍ച്ചയായപ്പോള്‍ വീഴ്ച ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞാണ് വോട്ട് തേടിയത്. എന്നാല്‍ അത് തന്നെ തുടരുകയായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി ചെയ്തത്. തൊഴിലാളികളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഹനിക്കുന്ന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി. കര്‍ഷക ദ്രോഹബില്ലുകളും സി.ഐ.എയും നടപ്പാക്കാന്‍ ശ്രമിച്ചു. ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത് പോരാടേണ്ട സമയമായിരുന്നു. അതുകൊണ്ടാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ മുന്നണിയില്‍ നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ആ മുന്നണിയില്‍ പോലും മുസ്ലിം ലീഗ് ഉണ്ടായിരുന്നില്ല. മറ്റൊരു മുന്നണിയായി ഇവര്‍ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ ബീഹാറില്‍ നിന്നും എന്‍.ഡി.എ മുന്നണിയെ അധികാരത്തില്‍ നിന്നും ഇറക്കാന്‍ സാധിക്കുമായിരുന്നു. ആ സാധ്യതയെ പോലും ഇല്ലാതാക്കിയവരാണ് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താന്‍ മുന്നിലുണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. സി.പി.എം എന്ന ശത്രുവിനെ നേരിടാനാണ് കേരളത്തിലേക്ക് വരുന്നത്. ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. കൊലപാതക രാഷ്ട്രീയത്തിനെതിരായി ജനങ്ങള്‍ വിധിയെഴുതിയെന്ന് മുസ്ലിം ലീഗ് വിലയിരുത്തിയിരുന്നു. അവര്‍ തന്നെയാണ് കൊലപാതകം നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്.

Q

പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് മുസ്ലിംലീഗ് നേരിടുന്ന പ്രതിസന്ധി കൊണ്ട് കൂടിയായിരിക്കില്ലേ? സംസ്ഥാനത്ത് ശക്തമായൊരു നേതൃത്വമില്ലാത്ത അവസ്ഥ ലീഗ് നേരിടുന്നില്ലേ?

A

തീര്‍ച്ചയായും അത്തരമൊരു വലിയ പ്രതിസന്ധി അവര്‍ നേരിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ജനങ്ങളില്‍ നിന്നും അകന്ന് പോയി എന്നത് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ജമായത്ത് ഇസ്ലാമിയെ കൂട്ടുപിടിച്ചത്. പലയിടത്തും എസ്.ഡി.പിഐയുമായി കൂട്ടുചേര്‍ന്നത്. ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടത് കൊണ്ടാണ് ഇത്തരം കൂട്ടുകെട്ടുകളുണ്ടായത്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ പുരോഹിതന്‍മാരെ കാണാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത കണ്ടു. വിവിധ വിഭാഗം ആളുകള്‍ക്കിടയില്‍ , പ്രത്യേകിച്ച് യു.ഡി.എഫിനെ ഇത്രയും കാലം പിന്തുണച്ച സമസ്ത പോലുള്ള വിഭാഗങ്ങള്‍ മുസ്ലിംലീഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ആ അകല്‍ച്ചയുടെ ആഴം കുറയ്ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അത് വെറുതെയാകുമെന്ന് വരും കാലങ്ങളില്‍ അവര്‍ക്ക് ബോധ്യപ്പെടും.

Q

ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സാനുവിനെ തന്നെ ദൗത്യമേല്‍പ്പിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കുമോ?

A

നേരത്തെ പറഞ്ഞത് പോലെ ഞാനിപ്പോളുള്ളത് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലാണ്. ഇത് സംഘടന എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ്. പൊരുതുന്ന കര്‍ഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെ അണിനിരത്തുകയെന്നതാണ് ആ ദൗത്യം. സംഘടന ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്യുകയെന്നതാണ് ഞാന്‍ ശീലിച്ചത്. പാര്‍ട്ടി പറയുന്നത് ചെയ്യുകയെന്നതാണ് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിവിധ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ചുമതലയുമായി ഒന്നരമാസം കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തായിരുന്നു. ആ സമയത്ത് അതായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നു. ആത്മാര്‍ത്ഥമായി അത്തരം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയെന്നതാണ് എന്റെ പാര്‍ട്ടി എന്നെ പഠിപ്പിച്ചിട്ടുള്ളത്. അത് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in