യൂട്യൂബിലൂടെ അപകീര്‍ത്തിപ്പെടുത്തിയ വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചതിനെ മോബ് ലിഞ്ചിംങ്ങാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇതില്‍ നിലപാടെന്താണ്?
അതിനെ മോബ് ലിഞ്ചിംങ് എന്ന് പറയാനാവില്ല. പ്രതിരോധമാണ്. സാമൂഹ്യമായി ആധിപത്യമുള്ളവര്‍ ചെയ്യുന്നതാണ് ലിഞ്ചിംഗ്. പ്രതിരോധത്തെ അടിച്ചമര്‍ത്തുന്നതാണ് ലിഞ്ചിംങ്്. കൂലി തരാതിരിക്കുക, റോഡില്‍ നടക്കാന്‍ അനുവദിക്കാതിരിക്കുക, വിദ്യാഭ്യാസം നല്‍കാതിരിക്കുക എന്നതാണ് വയലന്‍സ്. ആ വയലന്‍സിനെതിരെ പ്രതിരോധിക്കുന്നവരെ അക്രമികളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അതാണ് സ്ട്രാറ്റജി. കയറെടുത്ത് അടിച്ച യേശുക്രിസ്തു ലിഞ്ച് ചെയ്‌തെന്ന് പറയാന്‍ ബാധ്യത വരും. സ്വയം സത്യാഗ്രഹം എടുത്ത് മറ്റുള്ളവരുടെ മനസിനെ പീഡിപ്പിച്ച് കാര്യങ്ങള്‍ നേടിയെടുത്ത ഗാന്ധി വയലന്റാണെന്ന് പറയേണ്ടി വരും. ക്ഷേത്രത്തിനകത്ത് കടന്ന വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞ് പകരം വേറെ വിഗ്രഹം വെച്ച നാരായണഗുരുവും മുഹമ്മദ് നബിയും വൈലന്റാണെന്ന് പറയേണ്ടി വരും. ആ തരത്തിലുള്ള പ്രവൃത്തികള്‍ക്ക് റെസിസ്റ്റന്‍സിന്റെ തലമാണ്. ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ പിടയാന്‍ ശ്രമിക്കുന്നത് റെസിസ്റ്റന്‍സായി കാണുന്നതിന് പകരം വയലന്റായി പെരുമാറുന്നുവെന്ന് പറയുന്നതാണിത്. പാമ്പിനെ അടിച്ച് കൊല്ലുമ്പോള്‍ ആളുകള്‍ പറയും വാല്‍ അനങ്ങുന്നുണ്ട്, ഭീകരനാണെന്ന്.
വായടച്ച് മിണ്ടാതിരിക്കു എന്നാണ് എല്ലാ സ്ത്രീകളോടും പുരുഷന്‍മാര്‍ പറയുന്നത്. ഉറക്കെ കരയരുത്, മിണ്ടരുത് എന്നൊക്കെ പറയുന്നത് എന്തിനാണ്?. നാട്ടുകാര്‍ അറിയുമെന്നതാണ് പ്രശ്‌നം. പ്രതിരോധിക്കുന്നതിനെ വയലന്റായി അവതരിപ്പിക്കുന്നത് വഴിയാണ് അടിച്ചമര്‍ത്താന്‍ കഴിയുന്നത്. അങ്ങനെയാണ് നിയമവും പ്രയോഗിക്കുന്നത്. റോഡില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനെതിരെ കേസെടുക്കുന്നത് അങ്ങനെയാണ്. സിഎഎ വരുമ്പോള്‍ പ്രതിഷേധിക്കുന്നത് വയലന്‍സാണെന്ന് പറയും. സിഎഎയാണ് വയലന്‍സ്. അതോറിറ്റിയുള്ളവര്‍ ചെയ്യുന്നതാണ് ലിഞ്ചിംങ്, പ്രതിരോധിക്കുന്നവര്‍ ചെയ്യുന്നതല്ല.
പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നത് കൊണ്ടാണ് പ്രതിഷേധത്തിന് ശേഷം ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. സൈബര്‍ ആക്രമണങ്ങളില്‍ പൊതുവെ ഈ പരാതി ഉയരുന്നുണ്ട്.
നടപടിയുണ്ടായാലും ഈ പ്രതിരോധത്തിന് സ്‌പേസുണ്ടെന്നാണ് ഞാന്‍ പറയുന്നത്. കൂരി എന്ന മീനിനെ പിടിക്കുമ്പോള്‍ അത് കുത്തും. ആ കുത്ത് ഭീകര പ്രവര്‍ത്തനമാണെന്ന് പറയുന്നത് പോലെയാണ്. നമ്മള്‍ പിടിച്ചു കൊണ്ടിരിക്കുകയാണെന്ന കാര്യം മറക്കും. കാരിയുടെ കൊമ്പിന് വിഷമുണ്ട്. അത് ജീവിക്കുന്ന ചുറ്റുപാടില്‍ പോയി നമ്മള്‍ പിടിക്കുകയാണെന്ന കാര്യം വിട്ടാണ് ഭീകരനാണ് കാരിയെന്ന് പറയുന്നത്. അതുപോലെയാണ് സ്ത്രീകളുടെ പ്രതിരോധത്തെ ലിഞ്ചിംങ് എന്ന് പറയുന്നത്. അടിച്ചമര്‍ത്തുന്നവരുടെ ടെക്‌നിക്കാണത്. അങ്ങനെയാണ് പൊതുബോധത്തെ ഉണ്ടാക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിലോ വെര്‍ച്വല്‍ റേപ്പ് നടത്തുന്നതിലോ കേസെടുക്കുന്നില്ലെന്ന പരാതിയുണ്ടാകുമ്പോള്‍ ശിക്ഷിക്കാന്‍ നിയമമില്ലെന്നാണ് അധികാരികളുടെ വാദം.
എന്നും അങ്ങനെയാണ്. ഇത്തരം പ്രതിരോധങ്ങളിലൂടെ നിയമം ഉണ്ടാക്കിയേ മതിയാകൂ. ഗാര്‍ഹിക പീഡനത്തില്‍ നിയമമുണ്ടാകുന്നത് വരെ എങ്ങനെ കേസെടുത്തു. എന്റെ ഭര്‍ത്താവ് തല്ലുന്നതില്‍ നിങ്ങള്‍ക്കെന്താണെന്ന് അന്ന് ഭാര്യമാര്‍ തന്നെ ചോദിച്ചിട്ടുണ്ട്. നമ്മളിലുള്ള പ്രതിരോധത്തിനെ കുറച്ച് വിനയമുള്ളവരും രണ്ടാംതരം പൗരന്‍മാരുമാണെന്ന് പ്രാക്ടീസ് ചെയ്ത് ഉറപ്പിക്കുന്നതിലൂടെയാണ് നമ്മളെ കൈകാര്യം ചെയ്യുന്നത്. നിനക്ക് നന്ദി വേണമെന്ന് പറയും. അച്ചടക്കമുള്ളവരാക്കി വളര്‍ത്തുന്നു. അടക്കവും ഒതുക്കവുമുള്ള പെണ്ണെന്ന് പറയുന്നത്, മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന പരുവത്തിലാക്കി മാറ്റിയതിനെയാണ് പറയുന്നത്. കീഴടങ്ങി നില്‍ക്കുന്നതാണ് ശരിയെന്ന് അവര്‍ പഠിപ്പിക്കും. സഹിച്ച് വളരണമെന്നാണ് പഠിപ്പിക്കുന്നത്.വ്യകതിപരമായി, രാഷ്ട്രീയപരമായി ആധുനിക സമൂഹത്തിലെ പൗരരായി മാറുന്നവര്‍ പ്രതിരോധിക്കാന്‍ ബാധ്യതയുള്ളവരാണ്. അതാണ് രാഷ്ട്രീയം. വ്യക്തിത്വത്തോടെ, സ്വതന്ത്രമായ തീരുമാനമെടുക്കുന്ന, കേന്ദ്രീകരിച്ചിരുന്ന രാഷ്ടീയ ശക്തി വ്യക്തികളിലേക്ക് എത്തുന്നതാണ് ആധുനിക ജനാധിപത്യം. ജനാധിപത്യത്തിലെ പൗരര്‍ പ്രതിരോധിക്കാന്‍ ബാധ്യതയുള്ളവരാണ്. കടമയാണ്. അവകാശമാണ്. ഇത് മൂന്ന് ഇല്ലാത്ത പ്രജയായി ഇരിക്കണമെന്ന് പഠിപ്പിച്ച വീടുകളിലൂടെ ഇതേ സ്ത്രീകളും പുരുഷന്‍മാരും അതിന്റെ വാഹകരായി മാറും. അതിനെതിരെ പ്രതിരോധിക്കേണ്ട സമയമാണിത്.
സമരം ചെയ്യാന്‍ നോട്ടീസ് കൊടുക്കണം. സമരം ചെയ്യാന്‍ എങ്ങനെയാണ് നോട്ടീസ് കൊടുക്കുന്നത്? അതെങ്ങനെയാണ് അവകാശമാക്കുന്നത്? സമരം ചെയ്യുന്നത് തെറ്റാണെന്ന് പറയേണ്ടേ? അതെങ്ങനെ അനുവദിക്കാനാവും. ആധുനിക പൗരത്വ ബോധമുള്ളവര്‍ക്ക് അത് അവകാശമാണെന്ന് മനസിലാകും. സ്ത്രീകള്‍ക്കും ദളിതര്‍ക്കും ഇതില്ലാതായി പോകേണ്ട കാര്യമെന്താണ്? പ്രതിരോധിക്കാനുള്ള അവകാശത്തെ ലിഞ്ചിംങും വയലന്‍സുമെന്നും പറയരുത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ അപമാനിച്ച അജയ് പി നായര്‍ക്കെതിരെ ആ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണെന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്
ഗാന്ധി ഉപ്പുരുക്കിയത് നിയമം നോക്കിയിട്ടാണോ? ചില നിയമങ്ങള്‍ ലംഘിച്ച് തന്നെയേ സമരം ചെയ്യാനാകൂ. പൊലീസ് കേസെടുത്തെങ്കില്‍ വില കൊടുക്കേണ്ടതാണ്. സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെല്ലാം വില കൊടുത്ത് ചെയ്യേണ്ടതാണ്. നിയമം മാറ്റുന്നത് വരെ സമരം ചെയ്യേണ്ടി വരും. യുഎപിഎക്കെതിരെ സമരം ചെയ്യുന്നവരെ യുഎപിഎ വെച്ച് അറസ്റ്റ് ചെയ്യും. നിയമം അനുസരിച്ച് ചെയ്യാനുള്ള സ്‌പേസ് ഉണ്ടാകുന്നത് വരെ ഇങ്ങനെയായിരിക്കും. നിലവിലുള്ള നിയമം മറ്റുള്ളവരെ ഭരിക്കാനുണ്ടാക്കിയതാണ്. അല്ലാതെ സഹകരിച്ച് ജീവിക്കാനുണ്ടാക്കിയതല്ല. പുരുഷന്‍മാരായ പൊലീസും പുരുഷന്‍മാരായ സ്റ്റേറ്റുമാണ്. ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമം പത്ത് വര്‍ഷത്തിനുള്ളിലുണ്ടായതാണ്. ഗാര്‍ഹിക പീഡനം അതിന് മുമ്പ് തന്നെയുണ്ടല്ലോ. അതൊരു പ്രക്രിയയാണ്. നിലനില്‍ക്കുന്ന നിയമങ്ങളെ എതിര്‍ക്കുക എന്നത് തന്നെയാണ് ശരി. അങ്ങനെയാണ് ജനാധിപത്യം വരുന്നത്. വസ്തുക്കള്‍ തല്ലിപ്പൊളിച്ച് നശിപ്പിക്കുന്നത് മാത്രമല്ല റോഡിലൂടെ സമരം നടത്തുന്നതും വയലന്‍സാണ്. സത്യാഗ്രഹം നടത്തുന്നത് സെല്‍ഫ് വയലന്‍സാണ്. സ്വയം പീഡിപ്പിക്കാനോ ആത്മഹത്യ ചെയ്യാനോ അവകാശമില്ലല്ലോ. പിന്നെയെങ്ങനെ സത്യാഗ്രഹമിരിക്കും. ഞാനിപ്പോള്‍ ചാകും എന്ന് പറയുന്നതാണ് സത്യാഗ്രഹം. സെല്‍ഫ് വയലന്‍സിനൊപ്പം മറ്റുള്ളവരുടെ മനസിനെ വേദനിപ്പിച്ച് കാര്യം നേടുകയെന്നതാണ് സത്യാഗ്രഹം. അതിനപ്പുറത്തേക്ക് വയലന്‍സിനെ ചിന്തിക്കാനാവില്ല.