കെ-റെയില്‍ വിമര്‍ശനത്തിന്റെ പേരില്‍ എം.എന്‍ കാരശ്ശേരി, റഫീഖ് അഹമ്മദ്, സി.ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ സൈബര്‍ ഇടങ്ങളില്‍ വലിയ ആക്രമണവും വിമര്‍ശനവും നേരിടുകയാണ്. നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണത്തെക്കുറിച്ച് ദ ക്യുവിനോട് പ്രതികരിക്കുകയാണ് എം.എന്‍ കാരശ്ശേരി.
നവമാധ്യമങ്ങളില്‍ എനിക്കെതിരായി നടക്കുന്ന വ്യക്തിപരമായ ആക്രമണത്തെ ഒരു തമാശയായാണ് ഞാന്‍ കാണുന്നത്. 1970കളില്‍ ശരിയത്തിനെ വിമര്‍ശിച്ച് തുടങ്ങിയത് ഞാന്‍. അന്ന് എനിക്കെതിരായി വലിയ പ്രചരണമുണ്ടായിരുന്നു.
1985ല്‍ 'ഉമ്മമാര്‍ക്ക് വേണ്ടിയൊരു സങ്കട ഹര്‍ജി'യെന്ന ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. അന്ന് എന്നെ പറ്റി പറഞ്ഞത് ജൂത കുട്ടിയെന്നാണ്. എനിക്ക് ഇസ്രായേല്‍ പണം തരുന്നുണ്ട് എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഇതൊക്കെ അര്‍ഹമായ രീതിയില്‍ അവഗണിക്കാനും ഉദാസീനത പുലര്‍ത്താനും എനിക്ക് പ്രശ്‌നമൊന്നുമില്ല.
ഞാന്‍ കെ-റെയിലിന് എതിരായാണ് വിമര്‍ശനം ഉന്നയിച്ചത്, അല്ലാതെ ഏതെങ്കിലും വ്യക്തിക്ക് എതിരായ ആക്ഷേപമല്ല. മുന്നണിയിലോ സര്‍ക്കാരിലോ ഉള്ള ഏതെങ്കിലും നേതാവിനെയോ മുഖ്യമന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ഒന്നും നിന്ദിച്ചല്ല ഞാന്‍ സംസാരിച്ചത്.
ഇതൊന്നും എന്റെ മാത്രം വിമര്‍ശനങ്ങളുമല്ല. അതിവിടുത്തെ പരിസ്ഥിതി വാദികള്‍, പൗരാവകാശ പ്രവര്‍ത്തകരൊക്കെ ഉന്നയിച്ചതാണ്. ശാസ്ത്ര സാഹിത്യ പരിഷത്തും അതിന്റെ പ്രധാനപ്പെട്ട നേതാവ് ടി.പി കുഞ്ഞിക്കണ്ണന്‍, ആര്‍.വി.ജി മേനോന്‍ തുടങ്ങിയവരൊക്കെ പറഞ്ഞ കാര്യവുമാണ്.
സാധാരണഗതിയില്‍ അമ്പതിനായിരം കുടുംബങ്ങളെങ്കിലും കുടിയൊഴിപ്പിക്കപ്പെടും, അവരെ പുനരധിവസിപ്പിക്കാന്‍ എന്ത് ചെയ്യും? എന്നാണ് ഞാന്‍ ചോദിച്ചത്.
നിങ്ങള്‍ക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനം ഏര്‍പ്പാട് ചെയ്യാമെങ്കില്‍ നാലു മണിക്കൂറുകൊണ്ടോ മൂന്ന് മണിക്കൂറു കൊണ്ടോ രണ്ടര മണിക്കൂറു കൊണ്ടോ എത്താമല്ലോ?
ഇത്ര തിരക്കുള്ളത് ആര്‍ക്കാണ്? നാല് മണിക്കൂറുകൊണ്ട് എത്തേണ്ടത് ആര്‍ക്കാണ്? വ്യവസായികള്‍ക്കും, വ്യാപാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമൊക്കെയാണ്. അവര്‍ക്കുള്ളതാണല്ലോ വിമാനം. അതല്ലെങ്കില്‍ ഏതെങ്കിലും സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിയാല്‍ മതി. അതിന് മൂന്നോ നാലേ സ്‌റ്റോപ്പ് മാത്രമേ ഉള്ളുവെങ്കില്‍ നാലു മണിക്കൂറുകൊണ്ട് എത്താമല്ലോ.
കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ജലപാതയെ പറ്റി പറഞ്ഞ് കേട്ടിരുന്നു. ആ ജലപാത വന്നാല്‍ ഈ സമയം മുഴുവന്‍ ലാഭിക്കാമല്ലോ. അതിന് പരിസ്ഥിതി പ്രശ്‌നങ്ങളൊന്നുമില്ല.
വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി ആക്രമിക്കുകയാണ്. ഇപ്പോള്‍ പറയുന്നത് ഞാന്‍ ബെര്‍ലിനില്‍ പോയി എന്നാണ്. അതെങ്ങനെയാണ് എന്റെ വിമര്‍ശനത്തിന് മറുപടിയാകുന്നത്?
ഞാന്‍ ബെര്‍ലിനില്‍ പോയത് ഒരു രഹസ്യകാര്യമല്ലല്ലോ. അവിടെ കള്ളക്കടത്തിന് പോയതല്ല. ബെര്‍ലിനിലെ ചില സര്‍വ്വകലാശാലകളില്‍ പ്രബന്ധം അവതരിപ്പിക്കാനും ക്ലാസെടുക്കാനും പോയതാണ്.
അവിടെ ഒരു ട്രെയിനില്‍ ഞാന്‍ ഇരിക്കുന്ന ഒരു ഫോട്ടോ കണ്ടാല്‍ എന്താണ് എനിക്ക് വരാന്‍ പോകുന്നത്. അതിലെന്ത് മാനക്കേടാണുള്ളത്? അവിടെ ഈ അളവിലുള്ള വലിയ കുടിയൊഴിപ്പിക്കല്‍ നടന്നുവെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.
അവിടെ ഇങ്ങനെ അമ്പതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ടും, ലക്ഷക്കണക്കിന് കോടികളുടെ കടമെടുത്തിട്ടുമാണ് ആത്യാവശ്യമില്ലാത്തൊരു സന്ദര്‍ഭത്തില്‍ റെയില്‍ ഏര്‍പ്പെടുത്തിയത് എന്ന് പറഞ്ഞാല്‍ ഞാന്‍ അതിന് മറുപടി പറയാം. ഇവിടെ ആര്‍ക്കാണ് ഇതിന്റെ അത്യാവശ്യം.
വിമാനത്താവളങ്ങള്‍ ഉണ്ടാക്കാനും റെയില്‍ വേ സ്റ്റേഷനുകള്‍ ഉണ്ടാക്കാനും ബസ് സ്റ്റോപ്പുകള്‍ ഉണ്ടാക്കാനുമൊക്കെയായി കേരളത്തില്‍ നിരവധി പേരെ പല കാലത്തായി കുടിയൊഴിപ്പിച്ചിട്ടുണ്ട്. അതില്‍ മിക്ക എണ്ണത്തിന്റെയും പുനരധിവാസം പൂര്‍ത്തിയായിട്ടില്ല. അതിന്ന് നമ്മുടെ മുമ്പില്‍ ഉള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ പാവപ്പെട്ടയാളുകളായിരിക്കും കൂടുതല്‍.
എങ്ങനെ പുനരധിവസിപ്പിക്കും എന്ന ചോദ്യത്തിന് മറുപടി ഇല്ലാത്തതുകൊണ്ടല്ലേ ആക്രമിക്കുന്നത്. ആക്രമണമായിട്ട് ഞാന്‍ കാണുന്നില്ല. ഞാന്‍ ബെര്‍ലിനില്‍ പോയി എന്നത് എങ്ങനെയാണ് ആക്രമണമാകുക.
എന്നോട് പലരും ചോദിച്ചു അത് ഫേക്കാണോ എന്ന്. അത് ഫേക്കല്ല. എന്റെ ചില സുഹൃത്തുക്കള്‍ എടുത്ത ഫോട്ടായാണത്. അതില്‍ എന്താ തെറ്റുള്ളത്. ഈ തരത്തില്‍ എന്തെങ്കിലും അന്യായം അവിടെ നടന്നുവെന്ന് പറഞ്ഞാല്‍ മറുപടി ഞാന്‍ പറയാം.
കാരശ്ശേരി കെ-റെയിലിന് എതിരാണ് എന്ന് കാരശ്ശേരിയെ ശ്രദ്ധിക്കുന്ന പത്ത് പേരിലേക്ക് എത്തിച്ചതിന് ഇവരോട് കൃതജ്ഞനാണ്. അവര്‍ക്ക് മറുപടി ഇല്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയേണ്ടി വരുന്നത്. ഉണ്ടെങ്കില്‍ തെറി പറയേണ്ടി വരില്ലല്ലോ. അതില്‍ എനിക്ക് പരാതിയും ഇല്ല.
ലണ്ടന്‍ പരാമര്‍ശം ഓര്‍മ്മ പിശക്, തിരുത്താന്‍ തയ്യാര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകനുമായി ബന്ധപ്പെട്ട ലണ്ടന്‍ പരാമര്‍ശത്തില്‍എനിക്കൊരു ഓര്‍മ്മ തെറ്റ് പറ്റിയിട്ടുണ്ട്. പിണറായി വിജയന്റെ മകന്‍ നേരത്തെ ലണ്ടനില്‍ ആയിരുന്നു. അയാളിപ്പോള്‍ അബുദാബിയിലാണ്. അതെന്റ ഭാഗത്തെ തെറ്റ് തന്നെ.
ലണ്ടനും അബുദാബിയുമൊക്കെ ഏകദേശം ഒരേ സൗകര്യമുള്ള സ്ഥലമാണല്ലോ. ലണ്ടനില്‍ ബെര്‍മ്മിങ്ങ്ഹാം യൂണിവേഴ്‌സിറ്റിയിലാണ് അദ്ദേഹം പഠിച്ചത്. കുറച്ച് കാലം അവിടെ ജോലി ചെയ്തുവെന്നാണ് എന്റെ ധാരണ. അവിടെ എന്റെ ഭാഗത്ത് വസ്തുതാപരമായ തെറ്റുണ്ട്. അത് ഞാന്‍ തിരുത്താന്‍ തയ്യാറാണ്. അയാളിപ്പോള്‍ അബുദാബിയിലാണ്.
ആധുനിക സൗകര്യമുള്ളൊരു സ്ഥലത്ത് ഞാന്‍ പോയി നിന്നിട്ടാണ് പറയുന്നത് എങ്കില്‍ മനസിലാക്കാം. എന്റെ മകന്‍ എന്ന് പറയുന്നത് 38 വയസുള്ള ആളാണ്. അയാളൊരു പൗരനാണ്. ഞാനാണോ അയാളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതൊക്കെ എങ്ങനെയാണ് ഇവിടെയൊരു ആര്‍ഗുമെന്റ് ആകുക എന്ന് എനിക്ക് മനസിലായിട്ടില്ല.
ഇടതുപക്ഷ വിരുദ്ധത ഉണ്ട്, അത് ഒളിച്ചുവെച്ചിട്ടില്ല
ഇടതുപക്ഷ വിരുദ്ധത ഉണ്ടെനിക്ക്. ഞാന്‍ അതൊരിക്കലും ഒളിച്ചുവെച്ചിട്ടില്ല. പി.വി അന്‍വറാണോ ഇവിടുത്തെ ഇടതുപക്ഷം, അല്ലെങ്കില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനോ, കാരാട്ട് റസാഖോ? പാലോളി മുഹമ്മദ് കുട്ടി ഇടതുപക്ഷമാണ് എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും. പി.വി അന്‍വര്‍ ഇടതുപക്ഷമാണ് എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. എനിക്ക് ഇടതുപക്ഷ വിരുദ്ധതയുണ്ട്.
ഇവിടുത്തെ കോണ്‍ഗ്രസില്‍ നിന്നോ ലീഗില്‍ നിന്നോ സിറ്റ് കിട്ടാത്ത മുതലാളിമാരോട് പണം വാങ്ങി അവരെ മന്ത്രിമാരോ എം.എല്‍.എമാരോ ആക്കുന്ന ഒരു സംഗതി ഇടതുപക്ഷം ചെയ്തതിന് തെളിവുണ്ട് ഇവിടെ.
പി.വി അന്‍വര്‍ ഞങ്ങളുടെ മണ്ഡലത്തില്‍ പല തരത്തില്‍ പരിസ്ഥിതി നശീകരണം നടത്തിയതിനെ പറ്റി കേരള ഹൈക്കോടതിയുടെ വിധിയുണ്ട്. അയാളെയാണ് പരിസ്ഥിതി സമിതിയില്‍ ഒന്നാമതായി ഗവണ്‍മെന്റ് വിദഗ്ധനായി വെച്ചിരിക്കുന്നത്.
ഞാന്‍ എന്റെ ഇടതുപക്ഷ വിമര്‍ശനം ഒരിക്കലും ഒളിച്ചുവെച്ചിട്ടില്ല. ഞാന്‍ ഇവരുടെ ആരുടെയും ഒരു സൗജന്യവും പറ്റിയിട്ടില്ല. ഒരു സമ്മാനവും സ്ഥാനമാനവും വാങ്ങിയിട്ടില്ല. എനിക്ക് സൗകര്യമുള്ളത് ഞാന്‍ പറയും.
പി.വി അന്‍വറിന്റെ ഇടതുപക്ഷത്തെ ഞാന്‍ വിമര്‍ശിക്കും. പാലോളി മുഹമ്മദ്കുട്ടിയുടെ ഇടതുപക്ഷത്തെ ഞാന്‍ ബഹുമാനിക്കും. ഉദാഹരണത്തിന് ഒരു പേര് പറയുന്നതാണിവിടെ. പി.വി അന്‍വറിനോട് വിരോധമുണ്ടായിട്ടല്ല പറയുന്നത്. അദ്ദേഹത്തെ ഒരു പ്രതീകമായി പറഞ്ഞു എന്നേ ഉള്ളൂ.
ആഫ്രിക്കയില്‍ സ്വര്‍ണ ഖനി നടത്തുന്ന ഒരു മുതലാളിയാണ് പി.വി അന്‍വര്‍. സഭയില്‍ ഹാജരാകാന്‍ നേരമില്ല അയാള്‍ക്ക്. അതാണോ ഇടതുപക്ഷം. എനിക്ക് വിമര്‍ശിക്കാന്‍ തോന്നിയാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാറുണ്ട്, ലീഗിനെ വിമര്‍ശിക്കാറുണ്ട്, ബി.ജെ.പിയെ വിമര്‍ശിക്കാറുണ്ട്.
എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇടതുപക്ഷ വിമര്‍ശകനാകുന്നതില്‍ എനിക്കൊരു ബേജാറുമില്ല. അതില്‍ എനിക്കൊരു മടിയുമില്ല. കെ-റെയില്‍ എന്ന് പറഞ്ഞാല്‍ ഇടതുപക്ഷമാണെന്ന് പറയുന്നവന് ഇടതുപക്ഷം എന്താണെന്ന് മനസിലാകില്ല.
കെ-റെയില്‍ കൊണ്ടുവരുന്നതല്ല ഇടതുപക്ഷം അതിനെ വിമര്‍ശിക്കലാണ് ഇടതുപക്ഷം. കാനം രാജേന്ദ്രനോ ബിനോയ് വിശ്വമോ ഇതിനെ അനുകൂലിക്കുമോ?
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആര്‍.വി.ജി മേനോനോ, ടി.പി കുഞ്ഞിക്കണ്ണനോ ഇതിനെ അനുകൂലിക്കുമോ? അവരുടെ ലേഖനങ്ങളും വീഡിയോയും നമ്മുടെ മുമ്പിലുണ്ട്.
ഈയടുത്ത് മരിച്ചു പോയ എന്റെ അടുത്ത സഹപ്രവര്‍ത്തകന്‍ എന്‍.കെ പ്രസാദ് മാഷ്, അദ്ദേഹം അവസാനമായി ഒപ്പിട്ടത് കെ-റെയില്‍ വിരുദ്ധ പ്രസ്താവനയാണ്. അദ്ദേഹം ഇടതുപക്ഷക്കാരന്‍ അല്ലേ.
മുതലാളിമാരുടെ മൂലധന താത്പര്യങ്ങളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങളും സംരക്ഷിക്കുന്ന ഒരു ഗവണ്‍മെന്റിനെ ഇടതുപക്ഷമായി ഞാനെടുക്കില്ല. ഇടതുപക്ഷ വിമര്‍ശനത്തിന്റെ പേരില്‍ നഷ്ടപ്പെടുന്ന ഒന്നിനെ പറ്റിയും എനിക്കൊരു പേടിയുമില്ല. ശരിയാണ് എന്ന് തോന്നിയ ഒരു കാര്യത്തില്‍ എന്റെ നിലപാട് എടുക്കുന്ന ഒരാളാണ് ഞാന്‍ അത്രയേ ഉള്ളൂ.