രോഗിയായ അച്ഛന്‍, മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നാലുമക്കള്‍, ജപ്തിയുടെ പേരില്‍ വീട് വിട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമായിരുന്ന ആ കുടുംബത്തിന്റെ പ്രതിസന്ധി താങ്കളുടെ ഇടപെടലിലൂടെയാണ് പുറത്ത് ചര്‍ച്ചയായത്. ആ വിഷയം താങ്കളുടെ മുന്നിലേക്ക് എത്തിയത് എങ്ങനെയാണ്?
അറക്കുഴ പഞ്ചായത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ വിളിച്ചത്. ജപ്തിയുടെ ഭാഗമായി നാല് കുട്ടികള്‍ വീടിന് പുറത്തായെന്നും ആ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ട് അറിയിക്കാനാണ് വിളിച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു. ജപ്തിയെന്നത് സ്വാഭാവിക നടപടിയാണെന്നും നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മറുപടി നല്‍കി. കുട്ടികള്‍ വളരെ പ്രയാസത്തിലാണെന്ന് ആവര്‍ത്തിച്ചപ്പോള്‍ അവരെ സമാധാനിപ്പിക്കുന്നതിനായി അമ്മയുടെ കൈയില്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അച്ഛന്‍ ചോര ചര്‍ദ്ദിച്ച് ആശുപത്രിയിലാണെന്നും അമ്മ കൂട്ടിരിക്കുകയാണെന്നും മറുപടി കിട്ടി. അമ്മയും അച്ഛനും വീട്ടിലില്ലാത്തപ്പോഴാണോ ജപ്തിയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ അത് നിയമവിരുദ്ധമാണെന്നും ഞാന്‍ അങ്ങോട്ട് വരാമെന്നും അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്ത് പെട്ടെന്ന് തന്നെ കുട്ടികളുടെ അടുത്തേക്ക് പോയി. എം.എല്‍.എ വരുന്നുവെന്ന് അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരുമൊക്കെ അവിടെ കൂടിയിരുന്നു. പോലീസും ഉണ്ടായിരുന്നു.അയല്‍വക്കത്തെ സ്ത്രീകളും അമ്മമാരുമൊക്കെ വന്ന് സംസാരിച്ചു. അച്ഛനും അമ്മയും ആശുപത്രിയില്‍ പോയിരിക്കുകയാണെന്നും പിള്ളേരെ ഇറക്കി വിടരുതെന്നും രണ്ട് ദിവസം കഴിഞ്ഞ് വന്ന് ചെയ്‌തോയെന്ന് പറഞ്ഞതായി ഈ സ്ത്രീകളും അമ്മമാരും എന്നോട് പറഞ്ഞു. എന്നിട്ടും അവര്‍ കേട്ടില്ല. അതിനിടെ ബങ്കുകാരോടും സംസാരിച്ചു. നിയമവിരുദ്ധമായ കാര്യമാണ് ചെയ്യുന്നതെന്ന് അറിയിച്ചു. നിങ്ങളായി തിരുത്തുന്നില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്ന് അവരെ അറിയിച്ചു. പിന്നീട് വാര്‍ത്തകളൊക്കെ വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയായി. താക്കോല്‍ കൊടുത്തയക്കാമെന്ന് ബാങ്കുകാര്‍ പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ഒരു മണിക്കൂര്‍ കാത്ത് നിന്നു. അപ്പോഴേക്കും സമയം എട്ടേമുക്കാലായി. എന്നിട്ടും വരാതായതോടെ തുറക്കുകയാണെന്ന് പോലീസിനോടും ബാങ്കുകാരോടും പറഞ്ഞു. അല്ലാതെ മാര്‍ഗമില്ലായിരുന്നു. കുട്ടികളെ ഇങ്ങനെ അനാഥരായി ഇട്ടിട്ട് പോകാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് അത് ചെയ്തു.
സി.ഐ.ടി.യു അംഗങ്ങളായ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ വായ്പ കുടിശിക അടച്ചുതീര്‍ത്തുവെന്ന് പ്രസിഡന്റ് തന്നെ അറിയിച്ചു. ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് താങ്കള്‍ ഉള്‍പ്പെടെ പറയുന്നത്. ഇതില്‍ എന്താണ് മുന്നോട്ട് വെക്കുന്ന പരിഹാരം?
എനിക്ക് എന്റെ അകൗണ്ടില്‍ പ്രൈവസിയുണ്ട്. എന്റെ അനുമതിയില്ലാതെ ബാങ്കിന് പോലും ഒന്നും ചെയ്യാന്‍ കഴിയില്ല. അകൗണ്ടിലെ പൈസ മാറ്റാനോ ലോണില്‍ ഇടപെടാനോ ബാങ്കിന് പറ്റില്ല. സി.ഐ.ടി.യു വായ്പ അടച്ചുവെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ആ കുടുംബത്തെ ആര് സഹായിച്ചാലും സന്തോഷമാണ്. അതിനെ രാഷ്ട്രീയമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല. അവരാണ് ഇതിലേക്ക് രാഷ്ട്രീയം കൊണ്ടുവന്നത്. നിയമപരമായി ഫോഴ്‌സുഫുളായി അടയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതാണ് അതിന്റെ ഫാക്ട്.
ബാങ്കിന്റെ ഭരണസമിതിയുടെ രാഷ്ട്രീയവും താങ്കളുടെ രാഷ്ട്രീയവും ഇപ്പോള്‍ ചര്‍ച്ചയാവുന്നു. ഇതില്‍ താങ്കള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ താങ്കള്‍ ഇടപെട്ടുവെന്ന ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന സമിതി അംഗവുമായ ഗോപികോട്ടമുറിക്കലിന്റെ ആരോപണത്തെ എങ്ങനെ കാണുന്നു?
വളരെ നിര്‍ഭാഗ്യകരമാണ് അത്തരമൊരു പരാമര്‍ശമുണ്ടായത്. എന്റെ പ്രവര്‍ത്തികള്‍ തുടക്കം മുതല്‍ നിങ്ങള്‍ക്ക് ഓഡിറ്റ് ചെയ്ത് നോക്കാം. എന്റെ ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നു. പല തവണ മാധ്യമങ്ങളോട് സംസാരിക്കേണ്ടി വന്നു. ഒരു സമയത്ത് പോലും സി.പി.എം ഭരിക്കുന്ന ബാങ്കാണെന്നോ പ്രസിഡന്റ് ഇന്ന ആളാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. സി.പി.എമ്മോ ഇടതുപക്ഷമോ ചെയ്യുന്ന ക്രൂരതയാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ആ പ്രശ്‌നത്തില്‍ സാമൂഹികവും നിയമപരവുമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞിരുന്നത്. ഗോപി കോട്ടമുറിക്കല്‍ വാര്‍ത്താസമ്മേളനം നടത്തി, എനിക്കെതിരെ പറയുന്നത് വരെയും വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാന്‍ കഴിയും. അവര്‍ ആരോപണം ഉന്നയിച്ചതോടെ എനിക്ക് മറുപടി പറയേണ്ടി വന്നു. അതാണ് അതിന്റെ യാഥാര്‍ത്ഥ്യം.
സര്‍ഫാസി നിയമമാണല്ലോ ഇതിനകത്ത് പ്രധാന പ്രശ്‌നം. ആ നിയമത്തിന്റെ പരിധിയില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ പദ്ധതികളിലൂടെ ജനങ്ങള്‍ വീടുവെക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കുകള്‍ ഈ നിയമം ഉപയോഗിച്ച് ജപ്തി ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നല്ലോ?
സഹകരണ ബാങ്കുകള്‍ സര്‍ഫാസി നടപ്പാക്കാനാകില്ലെന്ന് പറഞ്ഞാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?. അത് ബാങ്കുകള്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണ്. ആര്‍.ബി.ഐ നിര്‍ബന്ധിച്ചിട്ടല്ല ഇത്. ആര്‍.ബി.ഐയെ കുറ്റം പറയേണ്ടതില്ല. സഹകരണ ബാങ്കുകള്‍ക്ക് അധികാരവും അവകാശവുമുണ്ട്. അവരത് തെരഞ്ഞെടുത്ത് ചെയ്യുകയാണ്. അവരത് വേണ്ടെന്ന് വെച്ചാല്‍ ആര്‍ക്കും അത് ചെയ്യാന്‍ നിര്‍ബന്ധിക്കാനാകില്ല. അതില്‍ യാതൊരു സംശയവുമില്ല.
ബാധ്യതകള്‍ ഏറ്റെടുക്കാന്‍ താങ്കള്‍ തയ്യാറാണെന്ന് അറിയിച്ചു. ആ കുടുംബത്തിനെ സഹായിക്കാമെന്നും അറിയിച്ചിട്ടുണ്ടല്ലോ. എന്തൊക്കെയാണ് താങ്കള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
ആ വിഷയത്തില്‍ ഇടപെട്ട് പൂട്ട് പൊളിക്കുമ്പോള്‍ തന്നെ അവരുടെ ലോണ്‍ തിരിച്ചടയ്ക്കുമെന്ന് ബാങ്കുകാരോടും പോലീസിനോടും പറഞ്ഞിരുന്നു. ആ വാക്കില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് അവരെ വിളിച്ച് അറിയിച്ചിട്ടുണ്ട്. ആദ്യം ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കണം. പിതാവിന്റെ ചികിത്സ, കുട്ടികളുടെ പഠനം, അവര്‍ക്ക് നല്ല വീട് വേണം.
സി.ഐ.ടി.യു ലോണ്‍ അടച്ചിട്ടുണ്ടല്ലോ. അതില്‍ ഇനി ഇടപെടാന്‍ പറ്റുമോ?
സി.ഐ.ടി.യു ലോണ്‍ അടച്ചുവെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അത് വാങ്ങാന്‍ തയ്യാറല്ല. ബലം പ്രയോഗിച്ച് അടയ്ക്കാനാകില്ലല്ലോ. അവര് സഹായിക്കുകയാണെങ്കില്‍ ആ കുടുംബത്തിന്റെ അവസ്ഥ അങ്ങനെയായതിനാല്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. സി.പി.എം അയാലും സി.ഐ.ടി.യു ആയാലും ഞാനതിനെ നെഗറ്റീവായി കാണുന്നില്ല.
വീട് വെക്കാനെടുത്ത ലോണല്ലെന്നാണ് സി.പി.എം ഇതിനെ പ്രതിരോധിക്കാനായി പറയുന്ന വാദം. സംഭവം കോടതിയിലെത്തിയപ്പോള്‍ താങ്കള്‍ക്ക് ഹാജരായി വാദിക്കാമായിരുന്നില്ലേയെന്നാണ് ചോദ്യം. ലോണ്‍ എടുത്താല്‍ തിരിച്ചടക്കാന്‍ പറ്റിയില്ലെങ്കില്‍ സാവകാശം തേടാമല്ലോ. കയ്യടി കിട്ടാനാണ് താങ്കള് ശ്രമിച്ചതെന്നും ഉത്തരവാദിത്തം കാണിച്ചില്ലെന്നും വിമര്‍ശനത്തെ എങ്ങനെ കാണുന്നു?
ഈ കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുന്നത് വളരെ അഡ്വാന്‍സ്ഡ് സ്റ്റേജിലാണ്. ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്ന് കുട്ടികളെ പുറത്ത് ഇറക്കി നിര്‍ത്തിയിരിക്കുകയാണ്. ആ ഘട്ടത്തില്‍ മാത്രമാണ് എന്റെ ശ്രദ്ധയില്‍ വരുന്നതും പറ്റാവുന്നത് പോലെ ഇടപെടുന്നതും. അല്ലാതെ ഇത് സംഭവിക്കാനായി കാത്ത് നിന്നതൊന്നുമല്ല. അതെല്ലാം ദുരാരോപണങ്ങള്‍ മാത്രമാണ്. ആരും അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല. പറയാന്‍ വേണ്ടി പറയുന്നതാണ്. ലോണ്‍ എടുക്കാനുണ്ടായ സാഹചര്യം ചോദിച്ചിരുന്നു. അദ്ദേഹം ഫോട്ടോഗ്രാഫറാണ്. ക്യാമാറ വാങ്ങാന്‍ വേണ്ടിയാണ് ലോണെടുത്തത്. ക്യാമറ വാങ്ങുകയും സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. കോവിഡ് കാരണം പരിപാടികളൊന്നും അധികം ഉണ്ടായിരുന്നില്ല. കോവിഡ് മഹാമാരിയുടെ ഇരകളാണ് ഈ കുടുംബം. സാമ്പത്തികയായി തകര്‍ന്നു പോയത് കോവിഡ് കാരണമാണ്.
ബാങ്കുകള്‍ക്ക് അവരുടെ നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരും. എന്നാലും രാജ്യത്തെ പൊതുവായ സ്ഥിതി എല്ലാവര്‍ക്കും അറിയാമല്ലോ. ജനങ്ങളെല്ലാം പ്രയാസത്തിലും ബുദ്ധിമുട്ടിലുമാണ്. അത്തരം സാഹചര്യത്തില്‍ ചെറിയ ലോണുകള്‍ക്ക് പോലും ജപ്തിയുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുന്നത് ശരിയല്ല. മാത്രമല്ല വര്‍ണബിളായിട്ടുള്ള വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് ഇതൊന്നും പ്രതിരോധിക്കാന്‍ കഴിയുന്നില്ല. കോടതിയില്‍ ഒരു വക്കീലിനെ വെക്കാന്‍ പോലും കഴിയുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഇപ്പോള്‍ നടക്കുന്ന ഹരാസ്‌മെന്റ് അവസാനിപ്പിക്കണം. നിയമസഭയില്‍ തന്നെ ഞങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴയില്‍ ഉപവാസം സംഘചിപ്പിച്ചു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലുണ്ടായി. എല്ലാതരത്തിലും സര്‍ക്കാരിനോട് ഈ വിഷയത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഒന്നോ രണ്ടോ പേരുടെ കേസുകളില്‍ ഇതുപോലെ ഞങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമായിരിക്കും. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന വിഷയമാണ്.
ഈ വിഷയത്തില്‍ സി.പി.എമ്മിനും സര്‍ക്കാരിനും ആത്മാര്‍ത്ഥതയില്ലെന്ന് കരുതുന്നുണ്ടോ?
ഈ വിഷയമുണ്ടായപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച രീതിയാണ് സി.പി.എമ്മിന്റെ മുഖം വികൃതമാക്കിയത്. മനുഷ്യ സഹജമായ തെറ്റുപറ്റി, അത് പരിഹരിക്കാം,തിരുത്താമെന്ന് പറഞ്ഞിരുന്നെങ്കില്‍ ആരും കുറ്റം പറയുമായിരുന്നില്ല. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട ആളുകള്‍ പോലും അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാവപ്പെട്ടവരോട് ദയവുള്ളവരല്ലെന്ന് വ്യക്തമായി. അവിടെയാണ് പ്രശ്‌നം. പാവപ്പെട്ടവരോടും സാധാരണക്കാരോടും ആ പാര്‍ട്ടിയുടെ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സി.പി.എം പോലൊരു പാര്‍ട്ടി എങ്ങനെയാണ് ഇങ്ങനെ മാറിയതെന്നാണ്. ഈ സംഭവം നടന്നതിന് ശേഷം ഒരുപാട് പേര്‍ എന്നെ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. അതില്‍ കൂടുതല്‍ പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിരുന്നു. കോണ്‍ഗ്രസുകാരല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണെന്നും നിങ്ങള്‍ വളരെ നല്ല കാര്യമാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. സാധാരണ കമ്യൂണിസ്റ്റുകാരുടെ മാനസികാവസ്ഥ സി.പി.എം നേതാക്കള്‍ക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അതാണ് ഇതെല്ലാം കാണിക്കുന്നത്.