രണ്ടു ദിവസം മുമ്പ് മണിപ്പൂരിൽ മെയ്തി പുരുഷന്മാരുടെ ഒരു സംഘം രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിയ വീഡിയോ പുറത്ത് വന്നിരുന്നു. മണിപ്പൂരിൽ കലാപം ആരംഭിച്ച് രണ്ടു മാസങ്ങൾക്ക് ശേഷം ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ മൗനം വെടിയുന്നത്. ആ വീഡിയോയിലുണ്ടായിരുന്ന രണ്ട് കുക്കി സ്ത്രീകളിൽ ഒരാളുമായി അഭിമുഖം നടത്താൻ ദി വയർ ജേർണലിസ്റ്റ് സംഗീത ബറൂഹ ഫോണിൽ വിളിക്കുമ്പോൾ ആ സ്ത്രീ തന്റെ കുടുംബത്തിന് ഭക്ഷണം തയ്യാറാക്കുകയായിരുന്നു. "നോക്കൂ, എനിക്ക് നാല് വയസുള്ള ഒരു കുട്ടിയുണ്ട്." അവർ സംഗീതയോട് പറഞ്ഞു. ഏകദേശം മൂന്നുമാസം മുമ്പ് ആ കുട്ടിയുടെ പേരിലാണ് അവർ അക്രമികളോട് അപേക്ഷിച്ചത്. തന്റെ ജീവനെടുക്കരുതെന്ന് കെഞ്ചിയത്. "പെട്ടന്ന് നിന്റെ വസ്ത്രങ്ങൾ ഊരിയാൽ നിന്നെ കൊല്ലാതിരിക്കാം.. എന്നവർ ആക്രോശിച്ചു."
അതിജീവിതയുമായി ദി വയർ ഡെപ്യൂട്ടി എഡിറ്റർ സംഗീത ബറൂആഹ് നടത്തിയ ടെലിഫോൺ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ മലയാളത്തിൽ
അന്ന് സംഭവിച്ചതെന്താണെന്ന് നിങ്ങൾക്ക് ഓർത്തെടുക്കാനാകുന്നുണ്ടോ?
ആ ദിവസം രാവിലെ തന്നെ ഒരു മെയ്തി അക്രമി സംഘം ഗ്രാമം ലക്ഷ്യമാക്കി വരുന്നുണ്ട് എന്ന് അയല്പക്കത്തുള്ളവർ പറയുന്നുണ്ടായിരുന്നു. (ഗാങ്പോക്പി ജില്ലയിലെ ബി. ഫയിനോം ആണ് ഗ്രാമം) അവർ ഞങ്ങളോട് എങ്ങോട്ടെങ്കിലും മാറാനും രക്ഷപ്പെടാനും പറഞ്ഞു. ഒരുപാട് പേർ കാടുകയറി. എന്റെ കുട്ടിയെ ഗ്രാമത്തിലെ ഒരു കുക്കി സ്ത്രീയുടെ കൂടെ പറഞ്ഞയച്ചതിന് ശേഷം ഞാനും ഭർത്താവും സാധനങ്ങളൊക്കെ എടുത്ത് ഇറങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴേക്കും അക്രമി സംഘം ഞങ്ങളുടെ ഗ്രാമം വളഞ്ഞു. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്കായി. എന്താണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു.
ആ കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ പറഞ്ഞു, ചുരാചന്ദ്പൂരിൽ ഞങ്ങളുടെ കൂട്ടത്തിലെ ഒരു സ്ത്രീയെ നിങ്ങൾ ബലാത്സംഗം ചെയ്തു. (അതൊരു വ്യാജ വീഡിയോയുടെ അടിസ്ഥാനത്തിലുണ്ടായ ആരോപണമായിരുന്നു). ഞങ്ങൾ നിങ്ങളുടെ മേലും അത് തന്നെ ചെയ്യും. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയുടെ അച്ഛനും സഹോദരനും അവരെ തടഞ്ഞു. അവരെ അക്രമി സംഘം കൊന്നു. എനിക്ക് ഒരു കുട്ടിയുണ്ട്, അതെങ്കിലും ഓർത്ത് എന്നെ കൊല്ലാതെ വിടണം എന്ന് ഞാൻ അവരോട് അപേക്ഷിച്ചു. മരിക്കേണ്ടെങ്കിൽ വസ്ത്രങ്ങൾ ഊരാൻ അവർ പറഞ്ഞു. ഞങ്ങൾ അത് ചെയ്തില്ലായിരുന്നെങ്കിൽ അവർ ഞങ്ങളെ കൊന്നേനെ. അവരെ അനുസരിക്കുകയല്ലാതെ മുന്നിൽ വേറെ വഴികളൊന്നുമില്ലായിരുന്നു.
പിന്നീട് എന്ത് സംഭവിച്ചു?
വസ്ത്രം അഴിച്ചപ്പോൾ അവർ ഞങ്ങളെ നഗ്നരാക്കി പൊതുവഴിയിലൂടെ നടത്താൻ തുടങ്ങി. ആ ആൾക്കൂട്ടം ഏകദേശം ആയിരത്തോളം പേരുണ്ടാകും. എന്റെ സ്വകാര്യഭാഗങ്ങളിൽ ആളുകൾ സ്പർശിച്ചു. എന്റെ യോനിയിൽ അവർ വിരലുകൾ ഇട്ടു. ചിലർ എന്റെ വായയിൽ അവരുടെ നാവിട്ടു. ഞങ്ങളെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി. ഞാൻ വീണ്ടും അവരോട് അപേക്ഷിച്ചു, കുട്ടിയെ ഓർത്തിട്ടെങ്കിലും എന്നെ വെറുതെ വിടണം.
അവൾക്ക് അച്ഛന്റെയും, സഹോദരന്റെയും മൃതദ്ദേഹത്തിന്റെ അടുക്കലേക്ക് പോകണമായിരുന്നു. നമ്മുടെ ജീവനെങ്കിലും രക്ഷിക്കാം അവർ എന്തായാലും കൊല്ലപെട്ടല്ലോ എന്ന് അപേക്ഷിച്ച് ഞാൻ അവളെ വലിച്ചിഴച്ച് തിരിച്ചു കൊണ്ടുവന്നു.
നിങ്ങൾ എങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു?
പ്രദേശവാസികളായ ചില മെയ്തി ആളുകളുടെ സഹായത്തോടെ തന്നെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. അവർ അവരുടെ ഷർട്ടുകൾ ഞങ്ങൾക്ക് നൽകി. എന്നിട്ട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാൻ പറഞ്ഞു. നടക്കുന്ന വഴിയിൽ ആളുകൾ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. പുരുഷന്മാരുടെ ഷർട്ട് ധരിച്ച് നടക്കുന്ന ഈ നാടോടി സ്ത്രീകൾ ആരാണ് എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. വീണ്ടും ചിലർ അടുത്തേക്ക് വന്ന് ഞങ്ങളുടെ വസ്ത്രം എവിടെ പോയി എന്ന് ചോദിച്ചു. വഴിയരികിൽ കിടന്ന ഞങ്ങളുടെ വസ്ത്രം തിരിച്ചു കിട്ടാൻ സഹായിച്ചതും അവരായിരുന്നു. അക്രമികളെ തടഞ്ഞതിനെ പേരിലാണ്, ഞങ്ങളുടെ കൂട്ടത്തിലെ പ്രായം കുറഞ്ഞ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും അവർ കൊന്നത്. അവൾക്ക് അവരുടെ മൃതശരീരത്തിനടുത്തേക്ക് പോകണമായിരുന്നു. ഞാൻ അതിനു സഹായിക്കാൻ ശ്രമിച്ചു. അങ്ങോട്ട് പോയാൽ നിങ്ങളെയും കൊല്ലും എന്നവർ ആക്രോശിച്ചു. പക്ഷെ അവൾക്ക് അച്ഛന്റെയും, സഹോദരന്റെയും മൃതദ്ദേഹത്തിന്റെ അടുക്കലേക്ക് പോകണമായിരുന്നു. നമ്മുടെ ജീവനെങ്കിലും രക്ഷിക്കാം അവർ എന്തായാലും കൊല്ലപെട്ടല്ലോ എന്ന് അപേക്ഷിച്ച് ഞാൻ അവളെ വലിച്ചിഴച്ച് തിരിച്ചു കൊണ്ടുവന്നു. അച്ഛന്റെയും സഹോദരന്റെയും ശരീരം അപ്പോഴും അവിടെ കിടക്കുന്നുണ്ടായിരുന്നു.
അക്രമത്തിനിരയായ സ്ത്രീയുടെ ഭർത്താവുമായി ദി വയർ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
ഈ ലൈംഗികാതിക്രമം നടക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു?
നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ രണ്ടു വഴികളിലായിരുന്നു. മറ്റൊരു കൂട്ടം ആളുകൾ എന്നെ പിടിച്ച് കൊണ്ടുപോയി.
ആ ആൾക്കൂട്ടത്തിൽ നിന്ന് നിങ്ങളെങ്ങനെ രക്ഷപ്പെട്ടു?
ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. ആയിരത്തോളം വരുന്ന അക്രമികളിൽ എന്റെ സുഹൃത്തുക്കളുടെ മക്കളുമുണ്ടായിരുന്നു. അവരെന്നെ തിരിച്ചറിഞ്ഞു. ഞാൻ ഗ്രാമത്തലവനുമായിരുന്നു. അവരെന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റി. അക്രമികളുടെ കണ്ണിൽ നിന്ന് മാറിയപ്പോൾ എന്നോട് രക്ഷപ്പെടാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ മരിക്കാതെ രക്ഷപ്പെട്ടത്.
സായ്ക്കുൾ പോലീസ് സ്റ്റേഷനിൽ ആരാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്?
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞ് മെയ് 18 ന് ഞാൻ തന്നെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നൊങ്പുക് സെഗ്മയ് ആണ് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ. പക്ഷെ ഈ അക്രമങ്ങൾക്ക് ശേഷം അങ്ങോട്ട് പോകാൻ ധൈര്യമില്ലായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഞാൻ ഭാര്യയേയും കുട്ടിയേയും കാണുന്നത് കാട്ടിൽ വച്ചാണ്. അവിടേക്ക് ഒരുമിച്ച് പുറപ്പെട്ടതായിരുന്നു ഞങ്ങൾ. അവിടെ നിന്ന് ഖംജോങ് ജില്ലയിലേക്ക് ഞങ്ങൾ നീങ്ങി. അവിടെ, ലൈറം ഖുല്ലൻ ഗ്രാമത്തിൽ ഒരു തങ്ഖുൽ നാഗ കുടുംബം ഒരാഴ്ചയോളം അഭയം തന്നു. അവർ കാണിച്ച കരുണയ്ക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.
പിന്നീട് തെങ്നോവുപാൽ ജില്ലയിലേക്ക് നീങ്ങി. ചുരാചാന്ദ്പൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ കുടുംബത്തെ പാർപ്പിച്ചു. അവർ സുരക്ഷിതരാണ് എന്നുറപ്പുവരുത്തിയതിന് ശേഷമാണ് ഞാൻ കാങ്‌പോക്പി ജില്ലയിലേക്ക് മടങ്ങിപ്പോയത്. അത് മെയ് 18 ആം തീയ്യതിയാണ്. സായ്ക്കുൾ പൊലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് നൽകി. പൊലീസ് എഫ്.ഐ.ആർ ഇട്ടു. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെടുന്നതുവരെ പൊലീസ് ഒരു നടപടിയും എടുത്തില്ല.
നിങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്നല്ലോ. വ്യക്തിപരമായി സംഭവിച്ച ഈ ദുരന്തത്തെ എങ്ങനെ കാണുന്നു?
ഞാൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആളാണ്. രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി പോരാടി, പക്ഷെ ആ ദിവസം എന്റെ ഭാര്യയുടെ ആത്മാഭിമാനം സംരക്ഷിക്കാൻ എനിക്ക് സാധിച്ചില്ല. ഇപ്പോഴത്തെ മാനസികാവസ്ഥ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.
രണ്ടു മാസങ്ങൾക്കു ശേഷം മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് ഈ വീഡിയോ പ്രചരിക്കപ്പെട്ടപ്പോഴാണ്. എന്ത് തോന്നുന്നു?
എനിക്ക് രാഷ്ട്രീയം മനസിലാകില്ല. ഞാൻ രാജ്യത്തെ സേവിച്ചു. പ്രധാനമന്ത്രിയോട് ഒന്ന് മാത്രമേ പറയാനുള്ളു; സ്ത്രീകൾക്ക് നീതി നൽകൂ. ഞങ്ങൾക്കെല്ലാവർക്കും നീതി നൽകൂ. സൈന്യത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഞാൻ ഗ്രാമത്തിൽ തന്നെ ഒരു ചെറിയ ബിസിനസ് ആരംഭിച്ചിരുന്നു. ഒരു മിനി ട്രക്കും വാങ്ങിച്ചു. ഇതെല്ലാം എന്റെ റിട്ടയർമെന്റ് സമയത്ത് ലഭിച്ച പൈസകൊണ്ട് വാങ്ങിയതാണ്. എന്റെ വീട് പോയി. അതിനടുത്ത് തന്നെ എന്റെ മിനി ട്രക്ക് കത്തി നശിച്ച അവസ്ഥയിൽ കിടക്കുന്നു. ബിസിനസ്സിന്റെ ഭാഗമായി വാങ്ങിച്ച മെഷീൻ അവർ കൊണ്ടുപോയി.
ഇതാണ് ഞാൻ, ഇവിടെ എന്റെ ഭാര്യയോടൊപ്പം, ഈ ദുരന്തത്തിന്റെ ഇരകളോടൊപ്പം നിൽക്കുന്നു. ഈ ദുരുന്തം പുറംലോകത്തെത്തിച്ച എല്ലാവർക്കും നന്ദി. നീതിക്കുവേണ്ടി മാത്രമാണ് ഞാൻ അപേക്ഷിക്കുന്നത്.
സ്വതന്ത്ര വിവർത്തനം: ജിഷ്ണു രവീന്ദ്രൻ