ഇടത് അധ്യാപകസംഘടനയാണ്‌പ്രധാന വില്ലന്‍: യൂണിവേഴ്‌സിറ്റി കോളേജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അഭിമുഖം
പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു എന്ന വിദ്യാര്‍ത്ഥി സംഘടന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. ബിഎ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അമല്‍ ചന്ദ്രയാണ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സംഘടനാ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. യൂണിറ്റ് രൂപീകരണത്തിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങളും പരിഹാസങ്ങളും അമല്‍ നേരിടുന്നുണ്ട്. കോണ്‍ഗ്രസുകാരനായിരുന്നിട്ടും എന്തുകൊണ്ട് ഇത്രനാള്‍ ക്യാംപസില്‍ പ്രവര്‍ത്തിച്ചില്ല, എന്താണ് ഇനി ചെയ്യാന്‍ പോകുന്നത് എന്നീ ചോദ്യങ്ങള്‍ക്കെല്ലാം അമലിന് മറുപടിയുണ്ട്. യൂണിറ്റ് രൂപീകരിച്ച ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കാന്‍ പേടിയാണെന്നും അദ്ധ്യാപകസംഘടനയായ എകെജിസിടിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പ്രധാന വില്ലനെന്നും അമല്‍ പറയുന്നു. 'ദ ക്യൂ'വുമായി അമല്‍ ചന്ദ്ര നടത്തിയ സംഭാഷണം.
യൂണിറ്റ് രൂപീകരിച്ചതിന് പിന്നാലെ അമലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ പരിഹാസങ്ങള്‍ വരുന്നുണ്ടല്ലോ?
രണ്ട് ക്യാംപെയ്‌നുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. ഒന്ന് സംഘിയാണെന്ന് പറയുന്നു. പിന്നെ ഞാന്‍ നിഷ്പക്ഷനായി നിന്ന് കെഎസ്‌യു യൂണിറ്റ് ഉണ്ടാക്കിയെന്ന് പറയുന്നു. നരേന്ദ്ര മോഡിയേയും വി മുരളീധരനേയും അഭിനന്ദിച്ചുകൊണ്ടുള്ള രണ്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് എന്നെ സംഘിയാക്കുന്നത്. അവര് മാത്രമല്ല ഭരണഘടനാപരമായ പദവികളില്‍ ആര് വന്നാലും ഞാന്‍ അഭിനന്ദിക്കും. നരേന്ദ്ര മോഡി നല്ല ക്യാംപെയ്‌നറാണ്. വാക്കില്‍ പറയുന്ന കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണിക്കട്ടെ എന്നാണ് ഞാന്‍ ആ ഫേസ്ബുക്ക് പോസ്റ്റില്‍ ഞാന്‍ പറയുന്നത്. അത് വെച്ച് എന്നെ സംഘിയാക്കുകയാണെങ്കില്‍ ഞാന്‍ സഖാവും ആകും. മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പിണറായി വിജയനേയും അഭിനന്ദിച്ചിട്ടുണ്ട്. ജന്മദിനാശംസകളും ഇടാറുണ്ട്. ആര്‍എസ്എസിനെയും ബിജെപിയും നിരന്തരമായി വിമര്‍ശിക്കുന്ന പോസ്റ്റുകളും ഇടാറുണ്ട്. കേരളത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ടാകുമ്പോള്‍ സ്വാഭാവികമായും ജനാധിപത്യ മര്യാദ അനുസരിച്ച് ആശംസ അറിയിക്കും. മോഡി രണ്ടാം വട്ടം പ്രധാനമന്ത്രിയായപ്പോള്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും അഭിനന്ദിച്ചിരുന്നു. ഞാനും അതല്ലേ ചെയ്‌തൊള്ളൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിക്കൊണ്ട് തന്നെ സിപിഐഎമ്മിനേയും ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ അനുകൂലിച്ചിട്ടുണ്ട്. വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിച്ചിട്ടും ഉണ്ട്.
ചാനല്‍ ചര്‍ച്ചയില്‍ നിഷ്പക്ഷവിദ്യാര്‍ത്ഥിയായി വേഷം കെട്ടിയെന്ന വിമര്‍ശനം
എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു, കോളേജില്‍ വന്നപ്പോള്‍ മുതല്‍ എന്നെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നു, ഭയപ്പെട്ടിരുന്നു എന്നെല്ലാം ചര്‍ച്ചകളില്‍ ഞാന്‍ കൃത്യമായി പറയുന്നുണ്ട്. അന്ന് ചാനല്‍ ചര്‍ച്ചയില്‍ കെഎസ്‌യു പ്രസിഡന്റ് അല്ലാത്തതുകൊണ്ട് മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥിയെന്ന് കൊടുത്തു. ഞാന്‍ കെഎസ്‌യുവില്‍ ഇതുവരെ സജീവമായി പ്രവര്‍ത്തിച്ചിട്ടില്ല. ശശി തരൂരിന്റെ ഐടി സെല്ലില്‍ വര്‍ക്ക് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ ക്യാംപെയ്ന്‍ ടീമിലുണ്ടായിരുന്നു. കെഎസ്‌യുവില്‍ ഒരു ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത് ആദ്യമായാണ്.
കോണ്‍ഗ്രസുകാരനായ അമല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായിരുന്നല്ലോ?
എന്റെ മുന്നിലിട്ടും വിദ്യാര്‍ത്ഥികളെ തല്ലിയിട്ടുണ്ട്. ഞാന്‍ അത് കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേടി എനിക്കുണ്ടായിരുന്നു. ഇപ്പോഴും, യൂണിറ്റ് ഉണ്ടാക്കിയതിന് ശേഷം വിളിക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പേടിയാണ്. പിന്തുണയുണ്ട്, ഞങ്ങള്‍ പുറകിലുണ്ട്. എസ്എഫ്‌ഐക്കാര്‍ കാണ്‍കെ മുന്നില്‍ വരാന്‍ പറ്റില്ല എന്നാണവര്‍ പറയുന്നത്. എനിക്ക് കുറച്ച് ദിവസം മുമ്പ് വരെ ആ പേടിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി സാര്‍ അടക്കമുള്ളവര്‍ വിളിച്ച് പിന്തുണ നല്‍കി. ബാലചന്ദ്ര മേനോന്‍ സാര്‍ (നടന്‍) ഒക്കെ സംസാരിച്ചിരുന്നു. അങ്ങനെയുള്ള പിന്തുണയുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഇപ്പോഴും ഭയമുണ്ടോ?
പട്ടാളത്തില്‍ സേവനം ചെയ്യുമ്പോള്‍ നമ്മള്‍ പേടിക്കാറുണ്ടോ? അതുപോലത്തെ അവസ്ഥയാണിവിടെ.
യൂണിവേഴ്‌സിറ്റി കോളേജില്‍ അഡ്മിഷന്‍ എടുത്തപ്പോള്‍ കെഎസ്‌യു യൂണിറ്റ് തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നോ?
ഇല്ല. ഞാന്‍ വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും എന്റെ പഴയ ഫേസ്ബുക് പോസ്റ്റ് പ്രശ്‌നമായി. ആ സമയത്ത് ചില കെഎസ്‌യു-കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളില്‍ ഞാനുണ്ടായിരുന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് ചെയര്‍മാനായ അമല്‍ മുഹമ്മദ് എന്ന എസ്എഫ്‌ഐ നേതാവ് അതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തുകൊണ്ട് വന്നു. ഇപ്പോള്‍ കുത്തുകേസില്‍ പ്രതിയായ ഹൈദറും ഒപ്പമുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ഈ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് എന്നെ ഒരു റൂമിലിട്ട് വിരട്ടി. യൂണിറ്റ് ഉണ്ടാക്കണമെന്ന ഉദ്ദേശ്യമൊന്നും അന്നുണ്ടായിരുന്നില്ല. ‘പുറത്ത് നീ എന്തും ആയിക്കോ, ഇതിനകത്ത് വന്നിട്ട് ഒന്നും പറയരുത്, ഇവിടെ ഒന്നേ ഒളളൂ, അതിനോടൊപ്പം നില്‍ക്കണം’ എന്നെല്ലാം പറഞ്ഞു. എസ്എഫ്‌ഐയുടെ എത്രയോ പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു. എന്നേക്കൊണ്ട് അവര്‍ എസ്എഫ്‌ഐയുടെ മുദ്രാവാക്യം വിളിപ്പിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല എല്ലാവരും പേടിച്ചിട്ടാണ് പോകുന്നത്. ഇപ്പോള്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചാലും കുത്തുകിട്ടും, പ്രവര്‍ത്തിച്ചില്ലെങ്കിലും കുത്ത് കിട്ടും. അപ്പോള്‍ പിന്നെ പേടിച്ച് നിന്നിട്ടും കാര്യമില്ലല്ലോ. അഖിലിനെ കുത്തിയെങ്കില്‍ പിന്നെ ആര്‍ക്കാണ് രക്ഷയുള്ളത്. ഇനിയും പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല എന്ന് തോന്നിയപ്പോഴാണ് ആക്ടീവ് ആയി ഇറങ്ങിയത്.
എന്റെ സീനിയറായുള്ള ഒരു ബാച്ചിനെ യൂണിയന്‍ ഓഫീസ് റൂമില്‍ കൊണ്ടുപോയി അടിച്ചിട്ടുണ്ട്. എസ്എഫ്‌ഐ ഡിപ്പാര്‍ട്‌മെന്റ് കമ്മിറ്റിക്കാര്‍ തന്നെ മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട്. ഓണാഘോഷത്തിനിടെയൊക്കെ എസ്എഫ്‌ഐ നേതാക്കളുടെ അടിയുണ്ടായിട്ടുണ്ട്. യൂണിന്‍ ഓഫീസ് റൂമില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഗേറ്റ് വരെ അടിച്ച് പുറത്താക്കിയിട്ടുണ്ട്. അഖിലിനെതിരെ ആക്രമണമുണ്ടാകുമ്പോഴും ഞാന്‍ ക്യാംപസിലുണ്ട്. അവര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ ആരായാലും തല്ലും. 25-30ലധികം ആള്‍ക്കാരുണ്ട്. അവരില്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ ആരാണ്, യൂണിയന്‍ അംഗങ്ങള്‍ ആരാണ് എന്നൊന്നും അറിയില്ല. കോഴ്‌സ് കഴിഞ്ഞു പോയവരേയും യൂണിറ്റ് കമ്മിറ്റിയംഗങ്ങള്‍ എന്നാണ് പറയുന്നത്. ഹൈദര്‍ ഉള്‍പ്പെടെയുള്ളവരൊന്നും ഇപ്പോള്‍ ഇവിടെ പഠിക്കുന്നവരല്ല.
മുന്‍പേ എഴുതിയ ഉത്തരമെഴുതിയ ആന്‍സര്‍ ഷീറ്റുകള്‍ പരീക്ഷാ ഹാളില്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ?
ഇന്‍വിജിലേറ്ററുടെ കൈയില്‍ അവസാന സമയം പേപ്പര്‍ കൊണ്ടുവന്ന് കൊടുക്കുന്നതും കണ്ടിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍ എല്ലാ വിദ്യാര്‍ത്ഥികളേയും പുറത്തുവിട്ടതിന് ശേഷവും 10 മിനുറ്റോളം ഇരുന്നാണല്ലോ ഉത്തരക്കടലാസുകള്‍ അറേഞ്ച് ചെയ്യുന്നത്. ആ സമയത്ത് പുറത്ത് നിന്ന് ആളുകള്‍ പേപ്പറുമായി അകത്തുവരുന്നത് എന്തിനാണ്?
എസ്എഫ്‌ഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇടത് അദ്ധ്യാപക സംഘടനകളുടെ പിന്തുണ എത്രത്തോളമുണ്ട്?
അത് മാത്രമേയുള്ളൂ. അദ്ധ്യാപക സംഘടനയാണ് പ്രധാന വില്ലന്‍. ഇന്നലെ ഞങ്ങള്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ പോയപ്പോള്‍ ചുറ്റും നിന്നത് എകെജിസിടി നേതാക്കളാണ്. എല്ലാ അദ്ധ്യാപകരും വില്ലന്‍മാരാണെന്ന് പറയാന്‍ കഴിയില്ല. കുറച്ചുപേരുണ്ട്. അവരാണ് പ്രശ്‌നക്കാര്‍. അഖിലിന് കുത്തേറ്റ സമയത്ത് മാധ്യമപ്രവര്‍ത്തകരെ തള്ളി പുറത്താക്കിയത് ഇവരാണ്. അവരാണ് എസ്എഫ്‌ഐക്ക് എല്ലാറ്റിനും സപ്പോര്‍ട്ട് കൊടുക്കുന്നത്. എകെജിസിടി അദ്ധ്യാപകരാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഭൂരിഭാഗവും എന്ന് തോന്നുന്നു. എസ്എഫ്‌ഐയും എകെജിസിടിയും തമ്മില്‍ ഒരു പരസ്പര സഹകരണ പദ്ധതിയുണ്ട്. എല്ലാ സൗകര്യങ്ങളും പിന്തുണയുമുണ്ട്.
കെഎസ്‌യു എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇനി യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്താന്‍ പോകുന്നത്?
കൊടിമരം വെക്കുന്നതിന് പ്രിന്‍സിപ്പളിനെ കണ്ട് റിക്വസ്റ്റ് കൊടുക്കുന്നു. കോളേജില്‍ പരസ്യമായി അംഗത്വവിതരണ ക്യാംപെയന്‍ നടത്താന്‍ അനുവദിക്കുമോ എന്നറിയില്ല. നോക്കണം. മുന്നോട്ടു പോകണം എന്ന് തന്നെയാണ്. നാട്ടില്‍ കോണ്‍ഗ്രസായി ഇവിടെ വന്ന് എസ്എഫ്‌ഐ ആകുന്നവര്‍ ഒത്തിരി പേരുണ്ട്. അവരെയൊക്കെ കണ്ടെത്തണം.
വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യങ്ങള്‍ വീണ്ടും വരുന്നല്ലോ
അതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. ക്യാംപസ് രാഷ്ട്രീയം വേണം. ആരോഗ്യപരമായ ജനാധിപത്യം വേണം. ഞങ്ങള്‍ എസ്എഫ്‌ഐയ്ക്ക് എതിരല്ല. ഇത്തരം പ്രവണതകളോടാണ് എതിര്‍പ്പ്. എവിടെ ആയിരുന്നാലും ഏകാധിപത്യം അനുവദിക്കാനാകില്ല. എബിവിപി എംജി കോളേജിലും എന്‍എസ്എസ് കോളേജിലും ചെയ്തുകൊണ്ടിരിക്കുന്നത് ഇത് തന്നെയാണ്. അതില്‍ മാറ്റമുണ്ടാകണം. എല്ലാ ക്യാംപസുകളിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയണം. സ്വാതന്ത്ര്യം വേണം. സമാധാനമുണ്ടാകണം.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനേക്കുറിച്ച് പറയുന്നുണ്ട്
മന്ത്രി കെ ടി ജലീല്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി അറിയില്ല. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ യൂണിയനില്‍ വരാന്‍ പാടില്ല, തുടങ്ങിയ കാര്യങ്ങളാണോയെന്ന് ഉറപ്പില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ക്രിമിനലുകളില്ല.