കിഫ കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്നും കള്ളനാണയമാണെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയാണ് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകല്‍.
കിഫ പറയുന്ന കടുവയുടെ കണക്ക് ശരിയല്ലെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ആരോപിക്കുന്നത്. എവിടുന്നാണ് അവര്‍ക്ക് കണക്ക് കിട്ടിയതെന്ന ബാലിശമായ ചോദ്യം ചോദിക്കുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഏജന്‍സി കടുവയുടെ കണക്ക് വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ലെ ഡാറ്റ അവരുടെ സൈറ്റിലുണ്ട്. കേരളത്തിലെ കടുവകളുടെ എണ്ണം പടം ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട്. കേരള 196 കടുവകളുള്ളതില്‍ 154 എണ്ണവും വയനാട്ടിലാണ്. ക്യാമറയില്‍ പതിഞ്ഞ കടുവകളുടെ എണ്ണമാണിത്. ഇതുപോലും അറിയാത്ത ആളാണ് വനംമന്ത്രിയെന്നതാണ് വളരെ സങ്കടകരമായ കാര്യം. 2019ല്‍ സെന്‍സസ് നടന്നപ്പോള്‍ മൊത്തം കടുവകളുടെ എണ്‍പത് ശതമാനമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. 20 ശതമാനം ക്യാമറയില്‍ പതിയാത്തതിനാല്‍ പഗ് മാര്‍ക്ക് ഒക്കെ വെച്ച് തിരിച്ചറിഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന സര്‍വേയില്‍ കേരളത്തില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവെന്ന് മന്ത്രി പറയുന്നത് ശരിയല്ല. ഞാനും ആ റിപ്പോര്‍ട്ട് വായിച്ചതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കടുവകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വയനാട്ടിലെ കടുവകളുടെ എണ്ണം കുറഞ്ഞോ എന്ന നമുക്ക് അറിയില്ല. 2023 ല്‍ പ്രധാനമന്ത്രി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യാമറയില്‍ പതിഞ്ഞ കടുവകളുടെ എണ്ണം 90 ശതമാനമാണ്. ക്യാമറയില്‍ പതിയുകയെന്ന് പറഞ്ഞാല്‍ നൂറ് ശതമാനം ഉറപ്പാണ്. മനുഷ്യരുടെ കണ്ണിലെ കൃഷ്ണമണിയും വിരലടയാളവും പോലെ കടുവകളുടെ സ്‌ട്രൈപ്‌സ് എന്ന് പറയുന്നത് യുണീക് ആണ്. ഒരു കടുവയുടെ സ്‌ട്രൈപ്‌സ് മറ്റൊരു കടുവയ്ക്ക് ഉണ്ടാകില്ല. കേരളത്തിലെ കടുവകളുടെ ഫോട്ടോ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ സൈറ്റിലുണ്ട്. ആ കണക്കിനെ സംസ്ഥാന വനംമന്ത്രി തള്ളിപ്പറയുകയെന്ന് പറഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിനെയും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയേയും അവരെടുക്കുന്ന മുഴുവന്‍ എഫേര്‍ട്ടുകളെയും തള്ളിപ്പറയുകയാണെന്നാണ് അര്‍ത്ഥം. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല.
ആന ഉള്‍പ്പെടെയുള്ള മറ്റ് വന്യജീവികളുടെ കാര്യത്തില്‍ കിഫയുടെ കൈയിലെ ഡാറ്റയെക്കുറിച്ചും മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നുണ്ടല്ലോ. കിഫയുടെ കയ്യിലെ ഡാറ്റ വനംവകുപ്പിന്റെതാണ്. എല്ലാ വര്‍ഷവും വനംവകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട് പുറത്ത് വിടാറുണ്ട്. അതില്‍ മന്ത്രി ഒപ്പു വയ്ക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പുറത്തു വിടുകയും ചെയ്യുന്നത്. ആ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് പോലും വനംമന്ത്രിക്ക് അറിയാത്ത സ്ഥിതിയാണ്. 1993ലും 1997ലും 2002, 2011 എന്നീ നാല് സെന്‍സസുകളിലെ ഡാറ്റ വനംവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. 1993 ല്‍ ഏകദേശം 4300 ആനകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. 2011 ല്‍ എത്തിയപ്പോള്‍ 7200നും മുകളിലെത്തി. കിഫ പറയുന്നത് വനംവകുപ്പിന്റെ ഡാറ്റ ഉദ്ദരിച്ചാണ്. 2017ലാണ് പിന്നെ കേന്ദ്രീകൃതമായ ആന സെന്‍സസ് നടന്നത്. അതില്‍ പറയുന്നത് 5700 മുതല്‍ 6000 ആനകള്‍ വരെ കേരളത്തിലുണ്ടെന്നാണ്. ഇന്ത്യ മൊത്തം 30000 ആനകളാണ് ഉള്ളത്. അതില്‍ 6000 എണ്ണം വീതം കേരളത്തിലും കര്‍ണാടകയിലുമാണ്. 3000 എണ്ണം തമിഴ്‌നാട്ടിലുമുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ ആനകളുടെ 50 ശതമാനമുള്ളത്. ഇതെല്ലാം ഞങ്ങളുടെ കണക്കല്ല, വനംവകുപ്പിന്റെ കണക്കാണ്. അദ്ദേഹത്തിന് ആ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയില്ല. ഉദ്യോഗസ്ഥര്‍ എഴുതി കൊടുക്കുന്നത് തത്ത പറയുന്നത് പോലെ വായിക്കുന്നു എന്നതിന് അപ്പുറം വനംവകുപ്പിനെക്കുറിച്ച് യാതൊരു ധാരണയും മന്ത്രിക്ക് ഇല്ല എന്നതിന്റെ തെളിവാണ് കടുവയുടെ എണ്ണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന. സ്വന്തം വകുപ്പിന്റെ കണക്ക് തന്നെ വനംമന്ത്രി തള്ളിപ്പറയുകയെന്ന് വെച്ചാല്‍ പുള്ളിക്ക് ആ കസേരയില്‍ ഇരിക്കാന്‍ എന്ത്് യോഗ്യതയാണ് ഉള്ളത്. അദ്ദേഹം തന്നെ ഒപ്പിട്ട രേഖങ്ങളിലെ വിവരങ്ങള്‍ ഞങ്ങള്‍ പറയുമ്പോള്‍ അത് തെറ്റാണെന്ന് മന്ത്രി പറയുന്നു. സ്വന്തമായി കാര്യങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കഴിയുന്ന ആരെയെങ്കിലും വനംമന്ത്രിയാക്കണം. മിനിമം സ്വബോധമുള്ള ഒരാളെ വനംമന്ത്രിയാക്കണമെന്നാണ് എല്‍.ഡി.എഫിനോടുള്ള റിക്വസ്റ്റ്.
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യ അവകാശമല്ല ഉള്ളത്. വന്യമൃഗങ്ങള്‍ക്ക് അവകാശമുള്ളത് വനത്തിലാണ്. വനത്തില്‍ മനുഷ്യര്‍ക്ക് അവകാശം വേണ്ട. വനത്തില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന് ആരെങ്കിലും പറയുമോ. ഇല്ലല്ലോ. വനം വന്യജീവികള്‍ക്കും അതിന് പുറത്തുള്ള സ്ഥലം മനുഷ്യര്‍ക്ക് ഉള്ളതുമാണ്. വനംമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സഹവസിച്ച് പോകാന്‍ പറയുന്നു. മനുഷ്യര്‍ക്ക് മൃഗങ്ങളുമായി സഹവസിച്ച് പോകാന്‍ കഴിയുമോ. സ്വന്തം കയ്യിലെ ചോര കുടിച്ച കൊതുകിനെ അടിച്ചു കൊല്ലാതെ ഉറങ്ങാത്തവരാണ് സഹവസിക്കാന്‍ പറയുന്നത്. ഇവര്‍ ആരെങ്കിലും സ്വന്തം വീട്ടില്‍ പാമ്പോ ചേരയോ പുലിയോ കടുവയോ ആനയോ ആയി സഹവസിച്ച് ജീവിക്കുമോ?. ഇല്ലല്ലോ. വന്യജീവികളുടെ സഹവസിച്ച് ജീവിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. ഹോമോ സാപ്പിയന്‍സ് എന്ന് പറയുന്ന മുന്‍തലമുറ പണ്ട് കാട്ടിലായിരുന്നല്ലോ. അവര്‍ മൃഗങ്ങളെ വേട്ടയാടിയാണ് ജീവിച്ചത്. അവര്‍ എന്തുകൊണ്ടാണ് പുറത്തിറങ്ങിയത്. മനുഷ്യര്‍ക്ക് വന്യജീവികളുമായി മല്ലടിച്ച് ജീവിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പൂര്‍വ്വികര്‍ വനം വന്യജീവികള്‍ക്ക് നല്‍കി പുറത്തേക്ക് ഇറങ്ങിയത്. ഭക്ഷണമായിരുന്നല്ലോ അപ്പോള്‍ അവര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. വനത്തില്‍ നായാടി ജീവിക്കാനാകും. ഭക്ഷണത്തിന് വേണ്ടിയാണ് കൃഷി ചെയ്തത്. അത് തുടങ്ങിയിട്ട് പതിനായിരം വര്‍ഷങ്ങളായിട്ടേയുള്ളു. മൃഗങ്ങളുമായി സഹവസിച്ച് മനുഷ്യര്‍ ജീവിക്കണമെന്നത് ചരിത്രമറിയാതെ പറയുന്ന വിഡ്ഢിത്തമാണ്. അത് സാധ്യമല്ല. വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കുന്നത് വനംവകുപ്പിന്റെയോ മന്ത്രിയുടെയോ ഔദാര്യമല്ല. അവരുടെ അവകാശമാണ്. നിയമവിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ ഇതില്‍ ഇടപെടുന്നത്. അഹങ്കാരമാണ്. കാട്ടില്‍ താമസിക്കുന്ന വനവാസിക്ക് പോലും റോഡിനും വൈദ്യുതിക്കുമുള്ള അവകാശമുണ്ട്. ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുമ്പോള്‍ അത് തിരുത്തേണ്ടത് മന്ത്രിയാണ്. അത് മന്ത്രിയുടെ കടമയാണ്.
വന്യമൃഗങ്ങള്‍ ജൈവായുധം
നിയമത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് ആര്‍ജ്ജവമില്ല. ഇടുക്കിയില്‍ 43 പേരെ ആനകളെ കൊന്നു. അതില്‍ ഏഴ് പേരെ കൊന്നത് അരികൊമ്പനാണ്. ഏഴ് പേരെ കൊല്ലാന്‍ കാത്തിരിക്കേണ്ടതില്ല. ഒരാളെ കൊന്നാല്‍ ആ ആനയെ വെടിവെച്ച് കൊല്ലാനുള്ള അധികാരമുണ്ട്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11 1(എ) പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാന്‍ കഴിയും. അല്ലെങ്കില്‍ സി.ആര്‍.പി.സി 133 എഫ് പ്രകാരം ജില്ലാ കലക്ടര്‍ക്ക് ഉത്തരവിടാം. രണ്ട് മാസം മുമ്പ് മൈസൂര്‍ ജില്ലയില്‍ രണ്ട് പേരെ പുലി കടിച്ച് കൊന്നു. ആ സമയത്ത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മൈസൂരില്‍ വന്ന് ക്യാമ്പ് ചെയ്ത് ജില്ലാ കലക്ടറോട് ഉത്തരവിടാന്‍ പറഞ്ഞു. ആ പുലിയെ വെടിവെച്ച് കൊന്നു. ദുരന്തനിവാരണ നിയമപ്രകാരവും കലക്ടര്‍ക്ക് ഉത്തരവിടാന്‍ പറ്റും. ഇതിനുള്ള ആര്‍ജ്ജവും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം കാണിക്കുന്നില്ല. ഇതിന് പിന്നില്‍ വളരെ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ഞങ്ങള്‍ പറയുന്നത്. ഏകവനം പദ്ധതിയെന്നതുണ്ട്. പല രീതിയില്‍ ചിതറിക്കിടക്കുന്ന വനം ഒന്നായി കൊണ്ടുവരികയാണിത്. പശ്ചിമഘട്ടം ലോക പൈതൃക പദവി 2012 ല്‍ ലഭിച്ചപ്പോള്‍ അവര്‍ കുറേ നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഏഴ് ക്ലസ്റ്ററുകളിലായി 39 സൈറ്റുകള്‍ക്കാണ് അത് ലഭിച്ചിരിക്കുന്നത്. ഈ സൈറ്റുകള്‍ തമ്മില്‍ തുടര്‍ച്ചയുണ്ടാകണമെന്നതാണ് അവര്‍ മുന്നോട്ട് വെച്ചിരിക്കുന്ന കണ്ടീഷന്‍. വന്യജീവികള്‍ക്ക് ഒരു സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റിലേക്ക് പോകാന്‍ കഴിയണം. വന്യജീവി ഇടനാഴി ഉണ്ടാക്കണം. അതിന് അവിടെയുള്ള മനുഷ്യരെ ഒഴിവാക്കണം. ചിന്നക്കനാല്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിന്റെയും കുറിഞ്ഞി മല നാഷണല്‍ പാര്‍ക്കിന്റെയും ചിന്നാറിന്റെയും ഇടയിലാണ്. 301 കോളനി ഒഴിപ്പിക്കുമെന്നാണ് പറയുന്നത്. അതിന്റെ തുടര്‍ച്ചയായി മറ്റ് ജനവാസ മേഖലകളും ഒഴിപ്പിക്കും. വന്യമൃഗങ്ങളെ ജൈവായുധമാക്കി കൊണ്ട് ലോക പൈതൃക പദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. നിയമം ഉണ്ടെങ്കിലും നടപ്പിലാക്കാതെ കോടതിയില്‍ പോയി വിധി വാങ്ങി കൈ മലര്‍ത്തി കാണിക്കുന്നു.
ബഫര്‍സോണിലെ ആശങ്ക ഒഴിവായിട്ടില്ല
ബഫര്‍സോണിലെ ആശങ്ക ഒഴിഞ്ഞുവെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത് ശരിയല്ല. സുപ്രീംകോടതി പന്ത് തിരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് ഇട്ട് കൊടുത്തിരിക്കുകയാണ്. സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരുമാണ് തീരുമാനിക്കേണ്ടതെന്നാണ് ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിന് വന്ന വിധിയില്‍ ഒരു കിലോമീറ്റര്‍ പരിധി നിര്‍ബന്ധമാക്കിയിരുന്നു. അത് ഇപ്പോള്‍ ഇല്ല. പകരം പൂജ്യമോ വേണോ അഞ്ഞൂറ് മീറ്റര്‍ വേണോയെന്ന് തീരുമാനിക്കേണ്ടതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ആ അധികാരം ഉപയോഗിച്ച് കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും സീറോ പോയിന്റ് ബഫര്‍സോണ്‍ നിശ്ചയിച്ച് കൊണ്ട് പുതുക്കിയ പ്രൊപ്പോസല്‍ കേന്ദ്രത്തിലേക്ക് കൊടുക്കുകയും അവര്‍ അത് അംഗീകരിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ വരികയും ചെയ്യാതെ ബഫര്‍സോണ്‍ പ്രശ്‌നം പരിഹരിക്കപ്പെടില്ല. കേരളത്തില്‍ നിന്നും പുതുക്കിയ പ്രെപ്പോസല്‍ നല്‍കിയിട്ടുണ്ട്. ജനവാസ മേഖലയെ ഉള്‍പ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയെന്നത് നുണയാണ്. വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ അതിന്റെ കോപ്പി എടുത്തിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിന് അടുത്ത രണ്ട് കിലോ മീറ്റര്‍ വരെ ജനവാസ മേഖലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലും ഇടുക്കിയിലും ജനവാസ മേഖലകള്‍ ബഫര്‍സോണിലുണ്ട്. പുതിയ പ്രെപ്പോസല്‍ പോകണം. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അത് ചെയ്യാതെ എല്ലാ പ്രശ്‌നവും പരിഹരിച്ചുവെന്ന് പറയുന്നത് ശുദ്ധമായ കളവാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.