വഖഫ് ബോര്‍ഡില്‍ പി.എസ്.സി വഴി നിയമനം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ വിവാദമായി തുടരുകയാണ്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നു. എതിര്‍പ്പുയുര്‍ത്തിയ സമസ്തയെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സര്‍ക്കാരും ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സംസാരിക്കുന്നു.
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും ഇടതുസര്‍ക്കാര്‍ പിന്‍വാങ്ങുമെന്നാണോ സമസ്ത കരുതുന്നത്? എന്ത് ഉറപ്പാണ് മുഖ്യമന്ത്രി സമസ്ത നേതൃത്വത്തിന് നല്‍കിയത്?
ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമായപ്പോഴാണ് മുഖ്യമന്ത്രി സമസ്തയെ ചര്‍ച്ചക്ക് ക്ഷണിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വഖഫ് സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടന എന്ന നിലയില്‍ കൂടിയാവാം സമസ്തയെ പ്രത്യേകമായി ക്ഷണിച്ചത്. വഖഫ് സ്ഥപനങ്ങളിലെ നിയമന കാര്യത്തില്‍ ഇപ്പോഴുള്ള അവസ്ഥ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. പി.എസ്.സി മുഖേനയുള്ള നിയമനകാര്യം വിശദമായ ചര്‍ച്ചക്ക് ശേഷം തീരുമാനിക്കാമെന്നും ധൃതി പിടിച്ച് നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വാര്‍ത്താ കുറിപ്പിലൂടെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലുള്ള ചര്‍ച്ചയും ഔദ്യോഗിക തീരുമാനവും വേഗത്തിലാക്കണമെന്ന് തുടര്‍ന്ന് നടന്ന സമസ്ത ഏകോപന സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വഖഫ് വിവാദത്തില്‍ സമസ്തയ്ക്കുള്ളില്‍ ഭിന്നതയുണ്ടോ? മുഖ്യമന്ത്രിയെ വിശ്വസിക്കരുതെന്നാണല്ലോ നാസര്‍ ഫൈസി കൂടത്തായി പറയുന്നത്?
സമസ്തയില്‍ യാതൊരു ഭിന്നതയുമില്ല. ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങളും ഏകഖണ്ഡമായിട്ടായിരുന്നു. മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പ് പ്രാഥമികമായി സ്വീകരിക്കുകയും അത് നടപ്പാവുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യും. ലംഘിക്കപ്പെട്ടാല്‍ തുടര്‍ പരിപാടികള്‍ ആലോചിക്കുമെന്ന് നേതൃത്വം ഇപ്പോള്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എല്ലാം മുന്‍വിധിയോടെ വിലയിരുത്തുന്നത് ശരിയല്ലല്ലൊ.
മതം വേറെ രാഷ്ട്രീയം വേറെ, ഏതെങ്കിലും പാര്‍ട്ടിയുമായി അകല്‍ച്ചയോ അടുപ്പമോ ഇല്ലെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. വഖഫ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് എന്ന് വ്യാഖ്യാനിക്കാനുള്ള ലീഗ് നീക്കത്തെ തടയിടാനുള്ള പ്രസ്താവന കൂടിയല്ലേ ജിഫ്രി തങ്ങളുടേത് ?
ഏതെങ്കിലും പാര്‍ട്ടിയുമായി അകല്‍ച്ചയോ അടുപ്പമോ ഇല്ലെന്ന സമസ്ത പ്രസിഡന്റിന്റെ പരാമര്‍ശം പുതിയ ഒരു പ്രഖ്യാപനമല്ല. പതിറ്റാണ്ടുകളായി സമസ്ത തുടര്‍ന്ന് വരുന്ന നയം തന്നെയാണ് അദ്ദേഹം പറഞ്ഞത്. മുസ്‌ലിം ലീഗിന് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവര്‍ ആവിഷ്‌കരിക്കുന്ന നയവും ശൈലിയും സ്വീകരിക്കാമല്ലൊ. അതില്‍ സമസ്തക്ക് ഇടപെടേണ്ട കാര്യവുമില്ല.
വഖഫ് ബോര്‍ഡില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം നടത്തുന്നുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നു. വഖഫ് ഭൂമി ഉദേശ ലക്ഷ്യത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നു എന്നു സാമുദായിക നേതാക്കള്‍ പറയുന്നു. ഈ ഘട്ടത്തില്‍ പി എസ് സി നിയമനം വഴി കൂടുതല്‍ സുതാര്യം ആകില്ലെ കാര്യങ്ങള്‍ ?
നിയമനത്തിലെ സുതാര്യതക്ക് പി.എസ്.സി തന്നെ വേണമെന്നില്ലല്ലൊ. മറ്റു റിക്രൂട്ട്‌മെന്റ് ബോര്‍ഡിലൂടെയും സുതാര്യമായി ഉദ്യോഗ നിയമനം നടത്താവുന്നതാണ്. അതോടൊപ്പം, വഖഫ് എന്നത് തീര്‍ത്തും മതപരമായ ഒരു വിഷയമാണ്. അതിന്റെ കൈകാര്യകര്‍ത്താക്കള്‍ യഥാര്‍ത്ഥ മതഭക്തര്‍ ആയാല്‍ മാത്രമേ വഖഫ് സ്വത്തുക്കള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കപ്പെടുകയുള്ളു. ഒരു വഖഫ് സ്ഥാപനത്തില്‍ തര്‍ക്കമുണ്ടായി, അതിന്റെ നടത്തിപ്പ് വഖഫ് ബോര്‍ഡ് ഏറ്റെടുത്താല്‍ അവിടെ നടക്കേണ്ട മതപരമായ കാര്യങ്ങള്‍ പോലും യഥാവിധി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും ഉറപ്പ് വരുത്തേണ്ടതും വഖഫ് ബോര്‍ഡ് ഉദ്യാഗസ്ഥന്റെ ചുമതലയാണ്. ഇത്തരമൊരാളെ കേവലം പി.എസ്.സി നിയമനത്തിലൂടെ കണ്ടെത്താനാവില്ലല്ലൊ. അതുകൊണ്ടാണ് മതപണ്ഡിതന്‍മാരുള്‍പ്പെട്ട റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വേണമെന്ന് സമസ്ത ആവശ്യപ്പെടുന്നത്.
വഖഫ് ബോര്‍ഡ് തന്നെ ആണ് പി എസ് സി നിയമനം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.അങ്ങനെയിരിക്കെ സര്‍ക്കാര്‍ മുസ്ലിം സമുദായത്തിന് എതിരാണ് എന്ന നിലക്ക് മുസ്ലിം ലീഗ് സമരത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പ്രശ്നമല്ലേ
അത് ശരിയല്ല, വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ റഗുലേഷനില്‍ ഭേദഗതി വരുത്തി സര്‍ക്കാറിനെ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. അതനുസരിച്ചാണ് വഖഫ് ബോര്‍ഡ് സര്‍ക്കാറിന്റെ മുന്നില്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.
മുസ്ലിമിന് മാത്രമാണ് വഖഫില്‍ നിയമനം ലഭിക്കുക. പിന്നെ പി.എസ്.എസിക്ക് വിടുന്നതില്‍ എന്താണ് പ്രശ്നം?
പി.എസ്.സിയിലൂടെ മുസ്‌ലിം നാമധാരിയായ ഒരു അവിശ്വാസിക്കും കടന്നു വരാമല്ലൊ. ജീവനക്കാരില്‍ ചിലരുടെ ചുമതല മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
നേരത്തെ ലീഗിനും സമസ്തയ്ക്കും ഒരേ നിലപാടെന്നായിരുന്നല്ലോ പുറത്തേക്ക് തോന്നിയിരുന്നത്. ഇടതുവിരുദ്ധമാണ് സമസ്തയെന്ന പ്രതീതിയുണ്ടായിരുന്നു. ഇപ്പോള്‍ പല വിഷയങ്ങളിലും ലീഗില്‍ നിന്നും വ്യത്യസ്തമായ ശബ്ദമാണ് സമസ്തയുടേത്. അതില്‍ ലീഗ് നേതൃത്വത്തിന് അസംതൃപ്തിയുമുണ്ട്. എന്തുകൊണ്ടാണ് സമസ്ത ഇത്തരമൊരു നിലപാട് മാറ്റത്തിലേക്ക് എത്തിയത്?
രണ്ടു സംഘടനകളും ഇക്കാര്യത്തില്‍ ഒരേ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നത്. പക്ഷെ ഒന്ന് മതപണ്ഡിത സഭയാണ്, മറ്റൊന്ന് ഇവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന്റേതായ ശൈലീ മാറ്റം സ്വാഭാവികമാണല്ലൊ.
ലീഗ് മുസ്ലിം സമുദായതിന്റെ അവസാന വാക്ക് അല്ല കേവലം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്ന് മാത്രം ആണ് എന്ന് കൂടി ആവര്‍ത്തികയാണോ സമസ്ത ?
മുസ്‌ലിം ലീഗ് മലബാറിലെ വലിയൊരു വിഭാഗം മുസ്‌ലിങ്ങള്‍ അണിനിരന്ന തഴക്കവും പഴക്കവുമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്. അത് ഉള്‍ക്കൊണ്ടും മാനിച്ചും കൊണ്ട് തന്നെയാണ് സമസ്ത മുന്നോട്ട് പോവുന്നത്. എന്നാല്‍ മതകാര്യങ്ങളില്‍ കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിങ്ങളുടേയും അവസാന വാക്ക് സമസ്തയാണ്.