എഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള സേഫ് കേരള പദ്ധതിയില്‍ അഴിമതി ആരോപിച്ചിരിക്കുകയാണല്ലോ. തെളിവുകളുടെ അടിസ്ഥാനത്തിലാണോ ഈ ആരോപണം?
ആദ്യം തന്നെ ഒരു കാര്യം പറയാം.ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ റോഡ് സുരക്ഷയ്ക്ക് വേണ്ടിയും അപകടമരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത ആളാണ് ഞാന്‍. സേഫ് കേരള പദ്ധതി നടപ്പിലാക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. പക്ഷേ പദ്ധതിയുടെ നടത്തിപ്പില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുമുണ്ടെന്നത് എന്നെ ഞെട്ടിച്ചിരിക്കുന്നു. സേഫ് കേരള പദ്ധതിയുടെ പേരില്‍ നിരത്തുകളില്‍ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. 152.22 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവെന്നാണ് കെല്‍ട്രോണ്‍ ആദ്യം തന്നെ പറഞ്ഞിരുന്നത്. അത് നിലനില്‍ക്കുമ്പോള്‍ തന്നെ 75 കോടിക്ക് പദ്ധതി നടപ്പിലാക്കാമെന്നും ബാക്കി തുകയുടെ 60 ശതമാനം പെഗാസസ് എന്ന കമ്പനിക്കും ലൈറ്റ് മാസ്റ്റര്‍ കമ്പനിക്കും നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. 75 കോടി കൊണ്ടു തന്നെ ഈ പ്രവര്‍ത്തനം നടത്താന്‍ കഴിയും എന്നതിന്റെ രേഖകള്‍ കൈവശമുണ്ട്. 62 കോടി രൂപ ക്യാമറയ്ക്കും മറ്റ് തുക പരിപാലനത്തിനുമായാണ് ഉദ്ദേശിച്ചത്. ബാക്കി വരുന്ന തുക അവര്‍ക്കുള്ള ലാഭമാണ്. സര്‍ക്കാര്‍ ഒരു തുകയും നല്‍കില്ലെന്നത് സത്യമാണ്. പാവപ്പെട്ട ജനങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കുന്ന തുകയാണിത്. അത് അഡ്വാന്‍സ് ചെയ്യാന്‍ വേണ്ടിയാണ് എസ്.ഐ.ആര്‍.ടി ഉപകരാര്‍ ഉണ്ടാക്കിയത്. അതിലാണ് രണ്ട് കമ്പനികള്‍ വരുന്നത്. ആദ്യത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റര്‍ പിന്നീട് പിന്‍വലിഞ്ഞു. അതിന്റെ കാരണം അറിയില്ല. ലൈറ്റ് മാസ്റ്റര്‍ കമ്പനിയുടെ ക്രെഡിബിലിറ്റിയെക്കുറിച്ച് എനിക്ക് അറിയില്ല. പെഗാസസാണ് പിന്നീട് മുന്നോട്ട് പോകുന്നത്. പിന്നെ കാണുന്നത് 151 കോടിയുടെ പദ്ധതി 232 കോടിയായി മാറിയതാണ്. ആ പദ്ധതിയെ സംബന്ധിച്ച് കെല്‍ട്രോണ്‍ എം.ഡി കഴിഞ്ഞ ദിവസം പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണ്. ആദ്യഘട്ടമായി കരാര്‍ രേഖ പുറത്ത് വിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവാണ് ആ രേഖ. 27-4-20ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്യാമറയും പരിപാലനവും ചേര്‍ത്ത് ടെണ്ടര്‍ വിളിക്കാനാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ ക്യാമറയും പരിപാലനവും ഇല്ലാതെ ടെണ്ടര്‍ വിളിച്ച് 152 കോടിക്ക് കൊടുത്തിട്ട് പരിപാലനത്തിന് വേണ്ടി 81 കോടി രൂപ വര്‍ദ്ധിപ്പിച്ച് നല്‍കിയത്. അങ്ങനെയാണ് പദ്ധതി 232 കോടിയിലേക്ക് വളര്‍ന്നത്. ഗുരുതരമായ അഴിമതിയാണ് നടന്നിട്ടുള്ളത്. ക്യാമറയ്ക്ക് ഏഴ് കോടി രൂപയായെന്നാണ് ഇവര്‍ പറയുന്നത്. ഒരു കാരണവശാലും ക്യാമറയ്ക്ക് ഈ തുക വരില്ല. നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള തുകയ്ക്ക് ഏറ്റവും ആധുനികമായ ക്യാമറ ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റില്‍ ലഭിക്കും. എന്നിട്ടാണ് ഏഴ് കോടി ചിലവിട്ടു എന്ന് പറയുന്നത്. കെല്‍ട്രോണിനെ മുന്നില്‍ നിര്‍ത്തിയുള്ള കള്ളക്കളിയാണ് നടക്കുന്നത്. കമ്മീഷനടിക്കാനാണ് ഇത്. കെല്‍ട്രോണിന് ആറ് ശതമാനം കമ്മീഷന്‍ ലഭിക്കും. ഇതുമായി ബന്ധമുള്ള മറ്റ് കമ്പനികള്‍ക്ക് വലിയ തുകയാണ് ലഭിക്കുന്നത്. എസ്.ഐ.ആര്‍.ടി എന്ന കമ്പനിക്ക് ഒരു ചിലവുമില്ല,ക്യാമറ വെക്കുന്ന കാര്യത്തില്‍ ഒരു മുന്‍പരിചയവുമില്ലെന്നതുമാണ്് ഏറ്റവും രസകരമായ കാര്യം. പ്രൈവറ്റ് കമ്പനികള്‍ക്ക് കൊടുത്ത് വലിയ പൈസയുണ്ടാക്കുകയാണ്. പെഗാസസ് എന്ന കമ്പനിക്ക് 232 കോടി രൂപ എവിടുന്ന് കിട്ടി. 20 തവണയായി തിരിച്ചടയ്‌ക്കേണ്ടതാണ്. സര്‍ക്കാര്‍ എവിടുന്ന് തിരിച്ചടയ്ക്കും. സ്‌കൂട്ടറില്‍ കുട്ടികളുമായി പോകുന്ന പാവപ്പെട്ടവരില്‍ നിന്നും ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്നും പിരിച്ചെടുക്കുന്ന പണം കൊണ്ടാണ് ഈ തുക തിരിച്ചടയ്‌ക്കേണ്ടത്. ഇങ്ങനെ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വലിയ അഴിമതിയാണ്. എല്ലാ രേഖകളും കൈയ്യിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിടും.
പദ്ധതി സുതാര്യമല്ലെന്നതാണ് താങ്കളുടെ ആരോപണത്തിലെ പ്രധാനപ്പെട്ടത്. ഇത്തരം സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഏതുരീതിയിലാണ് വിശദീകരിക്കേണ്ടത്?. നിലവില്‍ അങ്ങനെ വിശദീകരിക്കപ്പെട്ടില്ലെന്നാണോ താങ്കളുടെ വിമര്‍ശനം?
അപകടങ്ങള്‍ കുറയ്ക്കാനും ആളുകളെ രക്ഷിക്കാനുമുള്ള ഏത് പദ്ധതിയേയും സ്വാഗതം ചെയ്യും. അത് സുതാര്യമായിരിക്കണം. പദ്ധതിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനും കൊള്ളയടിക്കാനും ശ്രമിക്കുന്നവരെയാണ് ശിക്ഷിക്കേണ്ടത്. ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്. ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ്. ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് നടപ്പിലാക്കേണ്ടത്. ഈ പദ്ധതി മുഴുവന്‍ അഴിമതിയാണ്. കള്ളക്കളിയാണ് നടക്കുന്നത്. അതിന്റെ രേഖകളും പുറത്ത് വിടും. അഴിമതിക്കും കൊള്ളയ്ക്കും അവസരമൊരുക്കാതെ സുതാരമായി നടത്താനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അത് ചെയ്യാത്തതില്‍ എനിക്ക് കഠിനമായ വേദനയുണ്ട്.
എസ്.ഐ.ആര്‍.ടിക്ക് പിന്നില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആശുപത്രി സോഫ്‌റ്റ്വെയര്‍ പദ്ധതിക്ക് വേണ്ടി സംയുക്ത സംരംഭം ആരംഭിക്കുകയും 2018ല്‍ ആ പദ്ധതി അവസാനിച്ചുവെന്നും 2018ല്‍ പിരിച്ചുവിട്ടുവെന്നും ഊരാളുങ്കല്‍ വിശദീകരിച്ചിരിക്കുന്നു.
എസ്.ഐ.ആര്‍.ടി യു.എല്‍.സി.സി മറ്റൊരു കമ്പനിയാണ്. ബന്ധമുള്ളത് കൊണ്ടാണല്ലോ നേരത്തെ ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ബന്ധമില്ലെന്നായിരിക്കും അവര്‍ പറഞ്ഞിട്ടുണ്ടാകുക. അവരുമായി ബന്ധമുണ്ടെന്ന ആരോപണം ഞാന്‍ ഉന്നയിച്ചിട്ടില്ല. എന്റെ കൈയില്‍ തെളിവില്ലാത്ത ഒരു ആരോപണവും ഞാന്‍ ഉന്നയിക്കില്ല. ഊരാളുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണം ഞാന്‍ ഉന്നയിച്ചിട്ടില്ല. എന്റെ കൈയില്‍ തെളിവില്ലാത്ത ഒരു ആരോപണവും ഞാന്‍ ഉന്നയിക്കില്ല. എസ്.ഐ.ആര്‍.ടിയും യു.എല്‍.സി.സിയും ചേര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അവര്‍ ക്ലോസ് ചെയ്തു എന്നാണ് എനിക്ക് മനസിലായത്. 80 ലക്ഷം രൂപയുടെ പെയ്ഡഡ് ക്യ്ാപിറ്റലുമായി തുടങ്ങിയ പെഗാസസ് എന്ന കമ്പനി 232 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമ്പോള്‍ അവര്‍ക്ക് ആര് പണം നല്‍കിയെന്നതാണ് എന്റെ ചോദ്യം. ആരാണ് പണം നല്‍കിയതെന്ന് അന്വേഷിക്കേണ്ടതുണ്ട്. യു.എല്‍.സി.സി അല്ലെങ്കില്‍ അതാര്?. ഈ കമ്പനി ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടതല്ലേ.
കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനമല്ലേ പദ്ധതിയുടെ നടത്തിപ്പുകാര്‍?. ആ സ്ഥാപനം ഇത്തരം പദ്ധതികള്‍ നടത്താന്‍ കഴിയുന്നവരല്ലെന്നാണ് ആരോപണത്തിലൂടെ ഉന്നയിക്കുന്നത്?
കെല്‍ട്രോണ്‍ എന്ന സ്ഥാപനത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. ഞങ്ങളാണ് ക്യാമറ ഉണ്ടാക്കുന്നതെന്നാണ് കെല്‍ട്രോണിന്റെ എം.ഡി പറഞ്ഞത്. ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാത്ത സ്ഥാപനമാണ് കെല്‍ട്രോണ്‍. കമ്മീഷന്‍ അടിക്കാന്‍ വേണ്ടി അവരിങ്ങനെ പദ്ധതികളുടെ മുന്നില്‍ നില്‍ക്കും. സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും സഹായിക്കാനുള്ള കള്ളക്കളിയാണിത്.
എഐ ക്യാമറയല്ലെന്ന വാദവും താങ്കളുടെ ആരോപണത്തിലുണ്ടല്ലോ? ഈ ആരോപണത്തെ താങ്കള്‍ ഏത് രീതിയിലാണ് സ്ഥാപിക്കുന്നത്?
എഐ എന്ന പേര് വിളിക്കാനേ പറ്റില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഈസ് എ പ്രോസസ്. ഇവിടെ സ്ഥാപിച്ചിരിക്കുന്നത് എ.എന്‍.പി.ആര്‍ ക്യാമറകളാണ്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗനൈസേഷന്‍ ക്യാമറയാണിത്. അല്ലാതെ എഐ ക്യാമറകളല്ല. ഒരു ശതമാനം മാത്രമാണ് എഐ ഉള്ളത്. എ.എന്‍.പി.ആര്‍ ക്യാമറ ഒളിച്ച് വെച്ച് നിര്‍മ്മിത ബുദ്ധിയാണെന്ന് ആളുകളെ പറ്റിക്കുകയാണ്. ടെക്‌നോ പാര്‍ക്കിലെ കമ്പനിയാണ് സോഫ്‌റ്റ്വെയര്‍ ഉണ്ടാക്കിയിരിക്കുന്നത്. അവര്‍ക്ക് എങ്ങനെയാണ് അത് ലഭിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ അന്വേഷിച്ച് നോക്കണം. ആ കമ്പനിയുടെ ക്രൈഡിബിലിറ്റി പരിശോധിച്ച് നോക്കൂ.
ആരോപണങ്ങളില്‍ വിശദീകരണം നല്‍കേണ്ടത് കെല്‍ട്രോണാണെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. സര്‍ക്കാരിന് ഉത്തരം പറയാതെ മാറി നില്‍ക്കാന്‍ കഴിയുമോ?
ഈ ഗതാഗതമന്ത്രി വരുന്നതിന് മുമ്പുള്ള കാര്യങ്ങളാണ് ഇതൊക്കെ. ഗതാഗതമന്ത്രിക്ക് ഇതില്‍ കാര്യമൊന്നുമില്ല. ഇതൊന്നും അയാള്‍ക്ക് അറിയില്ല. 2018ല്‍ ആലോചനകള്‍ തുടങ്ങുകയും 2020 മുതല്‍ നടപ്പിലാക്കുകയും ചെയ്ത പദ്ധതിയാണ്. മുഖ്യമന്ത്രിയോട് നിങ്ങള്‍ ചോദ്യം ചോദിക്കൂ.