ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗവും, ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരത്തെക്കുറിച്ചും, കൊവിഡ് രണ്ടാം തരംഗത്തോടെ ഗുജറാത്തിലെ ജനജീവിതം ദുസഹമായെന്നും പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരുന്ന ജനപിന്തുണ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ വലിയ തോതില്‍ ഇടിഞ്ഞെന്നും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഗുജറാത്തിലെ ആരോഗ്യമേഖല എത്രത്തോളം ദുര്‍ബലമാണെന്നും 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ജിഗ്നേഷ് മേവാനി പങ്കുവെക്കുന്നു.
കൊവിഡിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും ആഘോഷിക്കപ്പെട്ട ഗുജറാത്ത് വികസന മാതൃകയുടെ അപര്യാപ്തതകളും വീഴ്ചകളും തുറന്നു കാണിക്കുന്നതായിരുന്നു, ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് ഗുജറാത്ത് കടന്നു പോയത്. ഒന്നാം തരംഗത്തിന്റെ സമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ ഗുജറാത്തില്‍ താരതമ്യേന കുറവായിരുന്നെങ്കിലും മരണനിരക്ക് ഉയര്‍ന്ന നിലയിലായിരുന്നു. കൊവിഡ് ഗുജറാത്തിനെ എങ്ങനെയെല്ലാമാണ് ബാധിച്ചിരിക്കുന്നത്?
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഗുജറാത്ത് പൂര്‍ണമായും തകര്‍ന്നുവെന്ന് തന്നെ പറയാം. സാധാരണക്കാര്‍ക്ക് ജീവിതം വളരെ ദുരിതപൂര്‍ണമായി. ബിജെപി പ്രവര്‍ത്തകരും നേതാക്കളും എം.പിമാരും എം.എല്‍.എല്‍മാരും വരെ ഓക്സിജനും ബെഡും ലഭിക്കാന്‍ കഷ്ടപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഓക്സിജന്‍ ബെഡുകളുടെ ലഭ്യത ഗുജറാത്തില്‍ കുറവായിരുന്നു. പൊതുജനാരോഗ്യ മേഖലയില്‍ ഗുജറാത്ത് പരാജയമാണ്. ആരോഗ്യ മേഖലയില്‍ ആവശ്യത്തിന് സൗകര്യങ്ങളോ സ്റ്റാഫുകളോ ഇല്ല. ഇന്ത്യയുടെ പൊതുജനാരോഗ്യ മേഖലയുടെ മാനദണ്ഡമനുസരിച്ചുള്ള സൗകര്യങ്ങള്‍ പോലും ഗുജറാത്തില്‍ ഇല്ല.
കൊവിഡ് നേരിടുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ രീതിയില്‍ പരാജയപ്പെടുകയുണ്ടായി. അത് ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ മോദിയുടെ ഇമേജിനെ ബാധിച്ചിട്ടുണ്ടോ? കൊവിഡിനു മുന്‍പും ശേഷവും എന്ന രീതിയില്‍ വിലയിരുത്തിയാല്‍ ആളുകള്‍ നരേന്ദ്ര മോദിയെ കാണുന്ന രീതിയില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ?
നരേന്ദ്ര മോദിയുടെ ജനപ്രീതി തീര്‍ച്ചയായും കുറഞ്ഞിട്ടുണ്ട്. ഒന്നാം കൊവിഡ് തരംഗത്തിന്റെ സമയത്ത് നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ ആളുകള്‍ കേട്ടിരുന്നു. അവര്‍ പാത്രവും ചെണ്ടയുമൊക്കെ കൊട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള നോണ്‍സന്‍സ് മോദി നിര്‍ദേശിക്കുമ്പോഴും ഒരു വിഭാഗം ആളുകള്‍ അതിനോട് പൊസിറ്റീവായി പ്രതികരിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇന്ന് അങ്ങനയല്ല
യുവജനങ്ങള്‍ ഉയര്‍ത്തുന്ന ചില വാദ പ്രതിവാദങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ നമുക്ക് മനസിലാകും യുവാക്കളുടെ ഇടയിലും മോദിയുടെ പ്രഭാവം മങ്ങിതുടങ്ങിയെന്ന്. മോദി വ്യക്തതയോടെ സംസാരിക്കില്ല എന്ന് യുവാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കാര്യത്തിലേക്ക് ഒരിക്കലും കടക്കാത്ത സംസാരമാണ് മോദിയുടേത്. ബിജെപിയുടെ നേതാക്കളും പ്രവര്‍ത്തകരും വരെ ഈ സമയത്ത് ക്ഷുഭിതരായിട്ടുണ്ട്.
രാജ്യത്തിന്റെ ഒരു കോണിലും ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ശ്രമം പോലും നടത്തിയിട്ടില്ലായിരുന്നു മോദി സര്‍ക്കാര്‍. ബിജെപി നേതാക്കള്‍ക്ക് പോലും ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥയായിരുന്നു. അതവര്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്.
മോദിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നുള്ളത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മിക്ക ഇന്‍ഡിപെന്‍ഡന്റ് ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും സര്‍വ്വേയിലും മോദിയുടെ പോപുലാരിറ്റി കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് തെളിയിക്കുന്നത്.
ഉത്തര്‍പ്രദേശിലെ സാഹചര്യം ഇതിലും മോശമായിരുന്നു. എല്ലാ അതിരുകളും ലംഘിച്ചാണ് ആദിത്യനാഥ് പെരുമാറിയത്. ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറയുന്ന ആളുകള്‍ക്കെതിരെ കേസെടുക്കുന്ന വിധത്തിലുള്ള നടപടികളിലേക്കാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോയത്.
ഇത് ഞെട്ടിപ്പിക്കുന്നതല്ലേ. ഓക്സിജനും മരുന്നുമൊക്കെ അത്യാവശ്യമായി വന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരോട് അനുകമ്പ കാണിച്ചു നില്‍ക്കേണ്ട സമയത്ത് അവര്‍ക്കെതിരെ കേസെടുക്കുകയും, ജനങ്ങളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഓക്സിജന്‍ ഇല്ലാതെ നിങ്ങള്‍ മരിക്കേണ്ടി വന്നാലും നിങ്ങള്‍ വായടച്ച് മിണ്ടാതിരിക്കുക എന്നതായിരുന്നു ആറ്റിറ്റിയൂഡ്.
ഇത് അവിശ്വസനീയമാണ്. ഗംഗാ തീരത്ത് നൂറു കണക്കിന് മൃതദേഹങ്ങള്‍ ഒഴുകി നടക്കുകയായിരുന്നു. പൊതുജനാരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാറിന്റെ പ്രകടനം വളരെ മോശമായിരുന്നു. പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും പൊതുജനാരോഗ്യത്തിന്റെ വിഷയം ആവര്‍ത്തിച്ചിട്ടും ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ഇവിടെ എല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്.
പൊതുജനാരോഗ്യ മേഖല ഇത്ര ശിഥിലമായിരിക്കുമ്പോഴും സ്വകാര്യവത്കരണത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും പിഎച്ച്സികളിലും സിഎച്ച്സികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടും തന്നെയില്ല.
ഞാന്‍ കൊവിഡ് ബാധിച്ച് കുറച്ചുകാലം ആശുപത്രിയിലായിരുന്നു.ഡിസ്ചാര്‍ജായതിനുശേഷം മണ്ഡലത്തിലെ ജനങ്ങളോട് ചോദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
ഇരുപത്തഞ്ച് ബെഡ്ഡുകളോളമുള്ള ചില കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഒരൊറ്റ പേഷ്യന്റിനെ പോലും അഡ്മിറ്റ് ചെയ്യുന്നില്ലായിരുന്നു. ഒരു ഭാഗത്ത് ജനങ്ങള്‍ ബെഡ് കിട്ടാതെയും മരുന്ന് കിട്ടാതെയും മരിക്കുന്നു, മറു ഭാഗത്ത് കുറേ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ രോഗികളെ അഡ്മിറ്റ് ചെയ്യാതിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്ന കേസുകള്‍ പ്രൈവറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറ്റാനായിരുന്നു ഇങ്ങനെ ചെയ്തത്.
ഈ വിഷയം ഉന്നയിച്ച് ഞാന്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹരജി കൊടുത്തിരുന്നു. എന്റെ എംഎല്‍എ ഫണ്ട് കൊവിഡ് രോഗികളെ സഹായിക്കാനായി ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു പൊതുതാത്പര്യ ഹരജിയും കൊടുത്തിരുന്നു.
32 ജില്ലകളില്‍ ആകെ പത്തൊമ്പത് എണ്ണത്തില്‍ മാത്രമേ സിടി സ്‌കാന്‍ മെഷിന്‍ ഉള്ളു. നമ്മള്‍ വിചാരിക്കുന്നതിലും വളരെ മോശം അവസ്ഥയിലാണ് ഗുജറാത്തിന്റെ ആരോഗ്യ മേഖല. രോഗം ചികിത്സിക്കുന്നതിനേക്കുറിച്ചുള്ള കാര്യം മറന്നേക്കൂ, രോഗനിര്‍ണയത്തിനുള്ള സംവിധാനം ഉണ്ടാക്കാന്‍ പോലും ഗുജറാത്ത് സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല
മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി എനിക്ക് നിങ്ങളോട് പങ്കുവെക്കാനുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ വാക്സിനേഷന്റെ കാര്യത്തില്‍ ഒരു ഭീമമായ അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നത്. നൂറ്റമ്പത് പേര്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ റെക്കോഡിലവര്‍ 250 പേരെന്ന് രേഖപ്പെടുത്തും. വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം ഉണ്ടാക്കികൊടുക്കാനാണിത്. ആ നൂറ് പേരുടെ വാക്സിനില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാരിനും ലാഭം കിട്ടാന്‍ വേണ്ടിയാണിത്.
ഗുജറാത്തിനെ മഹത്വവത്കരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരേയും ജീവനക്കാരെയും നിര്‍ബന്ധിച്ച് വ്യാജ കണക്കുകള്‍ ഉണ്ടാക്കുകയാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട ഗുജറാത്ത് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഴുവന്‍ കെട്ടുകഥയാണ്. രാജ്യത്തെ ആളുകളെയും ഗുജറാത്തിലെ ജനങ്ങളെയും വിഡ്ഡികളാക്കാന്‍ വേണ്ടിയാണ് വ്യാജ അവകാശവാദങ്ങള്‍ മുഴക്കുന്നത്. ഗുജറാത്ത് വലിയൊരു അഴിമതിയാണ് നടത്തുന്നത്.
ഈ പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കും. എന്റെ കയ്യില്‍ ഇത് നിയമപരമായി സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന എല്ലാ രേഖകളും തെളിവുകളുണ്ട്. വാക്സിനേറ്റഡ് ആയിട്ടില്ലാത്ത ആളുകള്‍ പോലും വാക്സിനേറ്റഡ് ആയി എന്നാണ് ഗവണ്‍മെന്റ് റെക്കോഡുകളില്‍ കാണപ്പെടുന്നത്. ഐപിസി 467, 468, സെക്ഷന്‍ 120 ബി എന്നിവയുടെ പരിധിയില്‍ വരുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്. ഞാനിതിനെ നിയമപരമായി തന്നെ നേരിടാനാണ് ഇറങ്ങിയിരിക്കുന്നത്.
ഗുജറാത്തില്‍ കൊവിഡ് കണക്കുകളും മരണനിരക്കും മറച്ചുവെക്കുകയാണ് എന്ന ആരോപണം വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഇതിനോട് എന്താണ് പറയാനുള്ളത്?
എന്റെ മണ്ഡലത്തില്‍ പോലും എത്ര പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എത്ര പേരാണ് മരണപ്പെട്ടതെന്നുമുള്ള യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമാക്കുന്നില്ല.
ഇവിടെ അറുപത് പേരെന്ന് സര്‍ക്കാര്‍ രേഖയില്‍ കാണിക്കുമ്പോഴും ആയിരത്തില്‍ കൂടുതല്‍ പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. എന്റെ കയ്യില്‍ അതിനുമുള്ള തെളിവുകളുണ്ട്. ഗുജറാത്ത് ഇത്രയധികം മോശം അവസ്ഥയിലായതിന്റെ പ്രധാന കാരണം ഈ സര്‍ക്കാരിന്റെ നിസംഗതയും അശ്രദ്ധയുമാണ്.
ഗുജറാത്തിലെ ജനങ്ങള്‍ക്ക് വാക്സിനേഷനെക്കുറിച്ച് യാതൊരുവിധത്തിലുള്ള വിവരവും ലഭിക്കുന്നില്ല. വാക്സിനേഷന്‍ രേഖയില്‍ തിരിമറി കാണിച്ചതു കാരണം ആളുകള്‍ ആശുപത്രിയില്‍ പോകുന്ന സമയത്ത് വാക്സിന്‍ നിഷേധിക്കപ്പെടുകയാണ്. ഇത് ഗുജറാത്തിലെ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. എനിക്ക് എന്റെ സോഴ്സില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
കഴിഞ്ഞ ഒന്നരവര്‍ഷം ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതി വെച്ചു നോക്കുമ്പോള്‍ ഒരു നിമിഷം പോലും അവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനും അവര്‍ ഒരു വിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. ഗുജറാത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചാലും ആവശ്യമുള്ള മരുന്നുകള്‍ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പോലും ഓക്സിജന്‍ നല്‍കാന്‍ തയ്യാറല്ല.
2022ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുകയാണല്ലോ? ബിജെപി തന്നെ തുടര്‍ഭരണത്തില്‍ വരാനുള്ള സാധ്യതകളാണോ കാണുന്നത്? ഒരു പ്രതിപക്ഷ ഐക്യം ഗുജറാത്തില്‍ രുപപ്പെടുമോ?
എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. പക്ഷേ രണ്ട് കാര്യങ്ങള്‍ ഉറപ്പാണ്, ഒന്ന് ബിജെപി വലിയ തിരിച്ചടി നേരിടുന്നുണ്ട്, പ്രതിപക്ഷത്തിന് ഒരുപാട് അവസരങ്ങളുമുണ്ട്. രണ്ടാമത് കോണ്‍ഗ്രസയാലും കമ്മ്യൂണിസ്റ്റായാലും ആംആദ്മി ആയാലും എന്നെപ്പോലെത്തെ ആക്ടിവിസ്റ്റുകളായാലും എന്‍ജിഒകളായാലും ട്രേഡ് യൂണിയനുകളായാലും ലിബറലുകളായാലും ഈ ഭരണത്തിനെതിരെ നില്‍ക്കുന്ന ഓരോ വ്യക്തിയും ബിജെപിയെ തോല്‍പ്പിക്കാനായി ഒരുമിച്ച് വരണമെന്നുള്ളതാണ്.
നമ്മള്‍ക്ക് ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ തികച്ചും വ്യത്യസ്തമായിരിക്കും 2024ലെ അവസ്ഥ. നമുക്ക് ചിലപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ തന്നെ രക്ഷിക്കാന്‍ സാധിച്ചേക്കും.
ഞാന്‍ എല്ലാ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടിക്കാരോടും അഭ്യര്‍ത്ഥിക്കുകയാണ് 2022ല്‍ ഞങ്ങളെ പിന്തുണക്കണമെന്ന്. അങ്ങനെയെങ്കില്‍ 2024ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നിങ്ങളേയും പിന്തുണക്കാന്‍ സാധിക്കും. എനിക്ക് അതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇപ്പോള്‍ പറ്റില്ല എങ്കിലും ഇത്തരത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സഖ്യം എന്നുള്ളത് വെറും സീറ്റ് വിഭജനത്തില്‍ മാത്രമായിരിക്കരുത് ജനങ്ങളുടെ ആശങ്കകള്‍ മായ്ച്ചുകളയാന്‍ കൂടിയുള്ളതായിരിക്കണം.
പ്രതിപക്ഷത്തുള്ള, ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമാണ് മോദിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. സീറ്റ് വിഭജനത്തിന്റെ കാര്യം പറയുന്നതിനപ്പുറം എന്തുകൊണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ദല്‍ഹിയിലേക്ക് വന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുകൂടാ.
ഗുജറാത്തിലെ കോണ്‍ഗ്രസിനെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരണം, മത്സരിച്ച് തന്നെ നില്‍ക്കണം, പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തണം. നിശ്ചയദാര്‍ഢ്യത്തോടെ അഗ്രസീവായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് തങ്ങളെ തന്നെ പുനര്‍നിര്‍വ്വചിച്ച് തുടങ്ങേണ്ട സമയമായി. ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയായി അവര്‍ മാറേണ്ടിയിരിക്കുന്നു.
തങ്ങളുടെ കേഡറിന് ഒരു പ്രത്യയശാസ്ത്രപരമായ അടിസ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം. ബിജെപിയുടെ നേര്‍ക്കുനേര്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. അങ്ങനയല്ലാതെ ഒന്നും മാറാന്‍ പോകുന്നില്ല. ബിജെപിയെ തോല്‍പ്പിക്കുക എന്നുള്ളത് ഗുജറാത്തില്‍ വലിയ കടമ്പയാണ്. പക്ഷേ അത് അസാധ്യവുമല്ല. 2017ല്‍ നമ്മള്‍ ലക്ഷ്യത്തോട് വളരെ അടുത്തിരുന്നു. നമുക്ക് അത് 2022ല്‍ മറികടക്കാന്‍ സാധിക്കും.
ദളിതര്‍ക്കെതിരായ അതിക്രമത്തെക്കുറിച്ച് നിരന്തരം കേള്‍ക്കുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. പൊലീസ് കാവലിലാണ് വിവരാവകാശ പ്രവര്‍ത്തകനും, ദളിത് ആക്ടിവിസ്റ്റുമായ അമ്രഭായ് ബോറിച്ച സവര്‍ണജാതിക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഞാനൊരുപാട് കാര്യങ്ങള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അതിലൊന്നും ഒരു മാറ്റവും ഇതുവരെയുണ്ടായിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു വിധത്തിലുള്ള ഇടപെടലുകളും നടത്തുന്നില്ല. ദേശീയ തലത്തിലേക്ക് ഈ വിഷയം ഉയര്‍ത്തുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ദളിത് പ്രശ്നങ്ങളില്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. തൊട്ടുകൂടായ്മ ഇപ്പോഴും ഗുജറാത്തിലുണ്ട്.
മറ്റ് ദളിത് ആക്ടിവിസ്റ്റുകളെല്ലാം തന്നെ അമ്രഭായ് ബോറിച്ചയ്ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ അത് പൊലീസ് ഗൗരവമായി എടുത്തില്ല. സാമൂഹിക പ്രവര്‍ത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയുമെല്ലാം സംരക്ഷിക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതിന് വേണ്ടി പക്ഷേ പൊലീസ് ഒന്നും ചെയ്തിട്ടില്ല. ദളിത് ആക്ടിവിസ്റ്റുകള്‍ അമ്രഭായ് ബോറിച്ചയ്ക്ക് വേണ്ടി സുരക്ഷ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഒരാളെയാണ് തന്നത്. ദളിത് ജീവിതങ്ങള്‍ അവര്‍ക്ക് ഒരു പ്രശ്നമേയല്ല.
താങ്കളുടെ മണ്ഡലത്തില്‍ ഓക്സിജന്‍ നിര്‍മ്മിക്കാന്‍ ആവശ്യമായി ഫണ്ട് ശേഖരിക്കുന്ന എന്‍ജിഒയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയിലേക്ക് പോലും സര്‍ക്കാര്‍ പോയിരുന്നല്ലോ, എംഎല്‍എ എന്ന നിലയില്‍ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നോ?
എന്റെ നിയോജക മണ്ഡലത്തില്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പോകുന്ന ഒരു എന്‍ജിഒവിനെയാണ് അവര്‍ തടഞ്ഞത്. അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പിന്തുണയ്ക്കുന്നതിന് പകരം അവര്‍ എപ്പോഴും നമ്മുടെ ലക്ഷ്യത്തിന് ഹാനീകരമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രതികാരബുദ്ധിയോടെയുള്ള രാഷ്ട്രീയമാണ് അവരുടേത്.
എന്റെ എംഎല്‍എ ഫണ്ട് എന്റെ നിയോജക മണ്ഡലത്തിലെ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പോലും എനിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ്. ഇത് രാഷ്ട്രീയത്തിന്റെയോ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുടെയോ പ്രശ്നമല്ല. പ്രതിപക്ഷത്തിന്റെ എംപിയോ എംഎല്‍എയൊ ആണെങ്കില്‍ പോലും ഇത്തരം ഘട്ടങ്ങളില്‍ പ്രതിസന്ധി നേരിടുന്നതില്‍ അവര്‍ക്ക് തടസം നില്‍ക്കരുത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.