കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി നടത്തുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ് മുന്‍ ബൗദ്ധിക് പ്രമുഖും കേസരി ചീഫ് എഡിറ്ററുമായിരുന്ന ടി. ആര്‍. സോമശേഖരന്‍ സംസാരിക്കുന്നു.
കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ വിചാരധാരയെ തന്നെ തള്ളിപ്പറയുന്നുണ്ട് എം.ടി രമേശിനെ പോലെ മുതിര്‍ന്ന നേതാക്കള്‍. ലോക്‌സഭാ ഇലക്ഷനിലേക്ക് കടക്കാനിരിക്കെ കേരളത്തിലെ ക്രൈസ്തവ-മുസ്ലിം ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങളെ എങ്ങനെ കാണുന്നു?
പല സന്ദര്‍ഭങ്ങളിലായിട്ട് നടത്തിയ പ്രസംഗങ്ങള്‍ സമാഹരിച്ച പുസ്തകമാണ് വിചാരധാര. അല്ലാതെ ആര്‍ എസ് എസിന്റെ ആധികാരിക രേഖ എന്ന് പറയാന്‍ പറ്റില്ല. ഗുരുജി ?ഗോള്‍വാള്‍ക്കര്‍ ഏറ്റവും ഉന്നതമായ ചുമതലയില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു. അദ്ദേഹം പലപ്പോഴായി സംസാരിച്ചത് പുസ്തകമാക്കിയതാണ് വിചാരധാര. പുതിയ കാലത്തും വിചാരധാരയ്ക്ക് പ്രസക്തിയില്ലാതാകുന്നില്ല. അന്നത്തെ പല സാഹചര്യങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചിലതൊക്കെ മാറിയിട്ടുണ്ടാകാം. ഏത് വിഷയത്തിലും സംഘം(ആര്‍ എസ് എസ്) പ്രതികരിക്കേണ്ടത് വിചാരധാരയെ അടിസ്ഥാനമാക്കിയാണെന്ന് നിര്‍ബന്ധമില്ല.
ഭാരതം ആരുടെയും ഒരു വാക്യത്തെയും പ്രമാണമാക്കി വെച്ചിട്ടില്ല. ദേശീയതയുടെ അടിസ്ഥാനത്തിലാണ് സംഘം ഉണ്ടായിരിക്കുന്നത്. സംഘ സ്ഥാപകനായിട്ടുള്ള ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആശയങ്ങളാണ് സംഘമെന്ന സംഘടനയായി മാറിയിട്ടുള്ളത്. അതാണ് പ്രമാണം. പിന്നീട് വന്നവര്‍ എന്ത് പറഞ്ഞാലും അത് പ്രമാണമാകില്ല. ഡോക്ടര്‍ജി ഒരു മതത്തിലും വിശ്വസിച്ചിട്ടില്ല. ആചരിച്ചിട്ടില്ല. ആരോടും ഇന്ന മതം ആചരിക്കണമെന്ന് പറഞ്ഞിട്ടുമില്ല. മാത്രവുമല്ല ആസ്തികന്‍മാര്‍ക്കും നാസ്തികന്‍മാര്‍ക്കും വരാവുന്ന വേദിയാണ് സംഘമെന്നാണ് ഡോക്ടര്‍ജി പറഞ്ഞിട്ടുള്ളത്. ദേശീയത ജീവിക്കുന്ന യാഥാര്‍ത്ഥ്യവും, മതം മനോരാജ്യവുമാണ്. ദേശീയതയെ തെറ്റായി മനസിലാക്കുമ്പോഴാണ് പ്രശ്‌നം വരുന്നത്. സംഘത്തിന് മതവും ഈശ്വരനുമില്ല. ഇതൊന്നുമില്ലാതിരുന്നാല്‍ രാഷ്ട്രത്തോടും ജനതയോടുമുള്ള കൂറ് അഖണ്ഡമായിരിക്കും. മതം വരുമ്പോള്‍ മനസ് രണ്ടായി പകുത്തു. രാഷ്ട്രത്തിനെ മാത്രം ഉപാസിക്കുക. ക്രിസ്ത്യാനികളോടും മുസ്ലിങ്ങളോടും അടുക്കണോയെന്ന് ചോദിച്ചാല്‍ അവരെല്ലാം ഭാരതീയരാണ്. ഇവിടുത്തെ ദേശീയ ജനതയാണ്. അവര്‍ ഒന്നാകണം. മതപരമായ അന്ധവിശ്വാസവും ദുരാചാരവും മാറി ഒരു ജനത എന്ന നിലയില്‍ ഒന്നാകാന്‍ സാധിക്കണം. അങ്ങനൊകുമ്പോള്‍ മാത്രമാണ് രാഷ്ട്രം ജീവിക്കുന്നത്. എന്തു ചെയ്തും മതപരമായ അകല്‍ച്ച ഇല്ലാതാക്കണം. ജാതീയമായതും ഇല്ലാതാകണം. സാമ്പത്തികവും ലിംഗപരവുമായ വിവേചനം ഇല്ലാതാകണം.
സമത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആദര്‍ശ ജീവിതം സാധ്യമാകുകയുള്ളു. ഭാരതീയ സംസ്‌കാരം വിഭാവനം ചെയ്യുന്നത് പൂര്‍ണമായ സമത്വമാണ്. അതിന് ഭംഗം വരുന്നതാണ് എല്ലാതരം വിവേചനങ്ങളും. ഇതിനെല്ലാം അതീതമായ ഏകത്വത്തെ സാക്ഷാത്കരിക്കാന്‍ കഴിയണം. അതാണ് ദേശീയത.
വിചാരധാരയിലെ ' നമ്മുടെ ശത്രുക്കള്‍' എന്ന ഭാഗമാണല്ലോ ചര്‍ച്ച ചെയ്യപ്പെടുന്നത്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളോട് അടുക്കാന്‍ നീക്കം നടത്തുമ്പോള്‍ നമ്മുടെ ശത്രുക്കള്‍ എന്ന നിലയില്‍ സംഘപരിവാര്‍ ക്രൈസ്തവ-മുസ്ലിം വിഭാഗത്തെ അപരവല്‍ക്കരിച്ച് നിര്‍ത്തിയതിനെ ബി.ജെ.പിയും ആര്‍.എസ്.എസും നിലവില്‍ തള്ളിക്കളയുകയാണോ?
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലത്തെ സാഹചര്യത്തിലാണ് വിചാരധാരയിലെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അന്ന് ബ്രിട്ടീഷുകാരോടുള്ള മനോഭാവം ഒരു കാരണമായിരുന്നു. ക്രിസ്ത്യന്‍ ചര്‍ച്ച് അന്ന് ബ്രിട്ടീഷുകാരോട് അനുഭാവത്തിലായിരുന്നു. അക്കാലത്തെ മനോരമ എടുത്ത് നോക്കിയാല്‍ ഇക്കാര്യം മനസിലാകും. മിസ്റ്റര്‍ ഗാന്ധിയുടെ വഴിപിഴച്ച പോക്കെന്ന് പറഞ്ഞ് എഡിറ്റോറിയല്‍ എഴുതിയിട്ടുണ്ട്. അതുപോലെ കമ്യൂണിസ്റ്റുകാരും ബ്രിട്ടീഷ് അനുകൂല നിലപാടാണ് അക്കാലത്ത് സ്വീകരിച്ചിട്ടുള്ളത്. സ്വാതന്ത്യ സമരത്തെ അനുകൂലിച്ചിരുന്നില്ല. ദേശീയ താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നവരായിട്ടാണ് ഈ വിഭാഗത്തെ അന്ന് കണ്ടിരുന്നത്. എല്ലാ ക്രിസ്ത്യനികളും അങ്ങനെയാണെന്നുമല്ല പറഞ്ഞിരിക്കുന്നത്. മതമാകുമ്പോള്‍ പാര്‍ട്ടി പോലെ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാകണമെന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എന്നത് പോലെ ക്രിസ്ത്യാനികളുടേതെന്ന് ഒന്നിനെക്കുറിച്ചും നമുക്ക് പറയാന്‍ കഴിയില്ല. പക്ഷേ ക്രൈസ്തവ ശക്തികളില്‍ പലരും അന്ന് ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി നിന്നിരുന്നു. അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞ ഇത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നായിരിക്കാം എം.ടി രമേശ് ഉദ്ദേശിച്ചത്. അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എല്ലാ കാലത്തും അത് വെച്ച് തന്നെ സമീപിക്കാന്‍ കഴിയില്ല. കാലത്തിന് അനുസരിച്ച് അഭിപ്രായങ്ങളും നിലപാടുകളും മാറും.
വോട്ടിന് വേണ്ടി പല പദ്ധതികളും തയ്യാറാക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ശക്തമായൊരു നേതൃത്വം ബി.ജെ.പിക്കുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ. ഈ നേതൃത്വം വലിയ വിജയത്തിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ ശക്തരാണോ?
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം തന്നെ ഞാന്‍ അക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ നേതാക്കളെ മുഴുവന്‍ മാറ്റണം. ഒരാളെയൊന്നും മാറ്റിയാല്‍ പോരാ. അടിമുടി മാറ്റം വരണം. രാഷ്ട്രീയം എന്താണെന്ന് അറിയുന്ന നേതാക്കളെ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നിന്നും കൊണ്ടു വന്ന് കേരളത്തിലെ നേതാക്കളെ രാഷ്ട്രീയം പഠിപ്പിക്കണം. ബി.ജെ.പി കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയല്ല. അതിനെ അങ്ങനെ ആരും വിളിക്കുന്നില്ല. സംഘപരിവാര്‍ പ്രചാരകര്‍ ഉള്‍പ്പെടെ അതിനെ വിളിക്കുന്നത് കെ.ജെ.പിയെന്നാണ്. ഭാരതീയ ജനതാ പാര്‍ട്ടിയല്ല, കേരള ജനതാ പാര്‍ട്ടിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗമായല്ല കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അറിയുന്നില്ല. ബി.ജെ.പിക്ക് വോട്ട് കിട്ടാനുള്ള ഒരു പ്രവര്‍ത്തനവും അവര്‍ കേരളത്തില്‍ ചെയ്യുന്നില്ല. ശയന പ്രദക്ഷിണവും ശബരിമലയില്‍ പോകുന്ന സ്ത്രീകളെ തല്ലുകയുമാണ് അവരുടെ പണി. ഇതിനൊക്കെ ആരാണ് വോട്ട് ചെയ്യുക. ശബരിമലയില്‍ പെണ്ണുങ്ങളെ തല്ലുന്നതിനല്ലല്ലോ കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. ജനങ്ങള്‍ അവരുടെ പ്രശ്‌നത്തിനാണ് വോട്ട് ചെയ്യുക. കേരളത്തിലെ ജനങ്ങളുടെ എന്ത് പ്രശ്‌നമാണ് ഇവിടുത്തെ ബി.ജെ.പി നേതാക്കള്‍ക്ക് അറിയുന്നത്. എന്ത് പ്രശ്‌നമാണ് അവര്‍ പഠിച്ചിട്ടുള്ളത്. ജെനുവിനായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാകാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഈ ആദര്‍ശം മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കുണ്ട്. കേരളത്തില്‍ അതില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ശബരിമലയില്‍ സ്ത്രീകളെ തല്ലാന്‍ പോകുമായിരുന്നില്ല. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ചെയ്യുന്ന കാര്യമല്ല അത്. രാഷ്ട്രീയ പാര്‍ട്ടിയാണെന്ന ബോധമില്ലാത്തത് കൊണ്ടാണത്. അവര്‍ മത സംഘടന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മതവും അമ്പലവും കോഴിവെട്ടും ആട് വെട്ടുമാണ് അവരുടെ മനസിലുള്ളത്. ഇങ്ങനെയുള്ള ആളുകള്‍ക്ക് ആര് വോട്ട് ചെയ്യും.
ഒരു ദിവസം കൊണ്ടുണ്ടാകുന്നതല്ല വോട്ട്. ജനസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഞാന്‍. ഒരു തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം മുതല്‍ അടുത്ത തെരഞ്ഞെടുപ്പിന് വോട്ടുണ്ടാക്കേണ്ട പ്രവര്‍ത്തനം തുടങ്ങണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചാണ് വോട്ടുണ്ടാക്കേണ്ടത്. ബി.ജെ.പിക്കാര്‍ക്ക് ഈ ബോധമില്ല. എന്ത് പറഞ്ഞാലാണോ ഉള്ള വോട്ടും പോകുക അതാണ് അവര്‍ പറയുന്നത്. ശബരിമലയിലെ കുണ്ടാമണ്ടിക്ക് പോയി കുറേ വോട്ടുകള്‍ ഇല്ലാതാക്കിയെന്നാണ് എന്റെ കണക്കുകൂട്ടല്‍. നേരായ മാര്‍ഗത്തില്‍ ചിന്തിക്കുന്ന കുറേ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടാകില്ല. നാമജപ ഘോഷയാത്രയിലൂടെയല്ല പാര്‍ട്ടിക്ക് വോട്ടുണ്ടാക്കേണ്ടത്. പാര്‍ട്ടി പാര്‍ട്ടിയായി നില്‍ക്കണം. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കണം. കേന്ദ്രത്തില്‍ ബി.ജെ.പി നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയാണ് വോട്ട് കിട്ടാന്‍ ചെയ്യേണ്ടത്. കേന്ദ്രത്തിന്റെ പദ്ധതികള്‍ പിണറായി വിജയന്റെ വകയായിട്ടാണ് കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. പിണറായിയുടെ പടവും വെച്ച് പിണറായിയില്‍ നിന്നും പണം കൊണ്ടു വന്നത് പോലെയാണ് പ്രചരണം. ഇതിനെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് കഴിയുന്നില്ല. തലച്ചോറ് കഴുകി വിട്ടത് പോലെയാണ് കേരളത്തിലെ ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സ്വബോധം ആദ്യം കിട്ടണം. ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന് പരിഹാരം കാണുകയുമാണ് വേണ്ടത്. അത് പരിഹരിക്കാന്‍ ഭരണമൊന്നും കിട്ടേണ്ടതില്ല.
സുരേഷ്‌ഗോപി എന്നൊരു വ്യക്തി അധികാരമൊന്നുമില്ലാതെ ഒറ്റയ്ക്ക് ചെയ്ത് കാണിക്കുന്നില്ലേ. അവരെയൊക്കെ കണ്ട് പഠിക്കണം. ഒരു വ്യക്തിക്ക് എന്ത് ചെയ്ത് കാണിക്കാന്‍ പറ്റുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുരേഷ് ഗോപി. ഇതുപോലെ മറ്റ് നേതാക്കള്‍ക്കും സാധിക്കില്ലേ. ജന ജീവിതം അവര്‍ക്ക് പ്രശ്‌നമല്ല.
നിലവിലുള്ള കെ.സുരേന്ദ്രന്‍ നയിക്കുന്ന ഇതേ നേതൃത്വവുമായിട്ടല്ലേ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. എന്തുകൊണ്ടാണ് അതില്‍ മാറ്റം വരുത്താന്‍ കേന്ദ്ര നേതൃത്വം തയ്യാറാകാത്തത്?
അത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കേരളത്തിലെ നേതൃത്വത്തില്‍ രാഷ്ട്രീയ ബോധമുള്ള ആരുമില്ല. രാഷ്ട്രീയത്തില്‍ ഏറ്റവും പ്രധാനം അതാണല്ലോ. സംഘത്തിന് ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പറയുകയും പ്രചരിപ്പിക്കുക ചെയ്താല്‍ മതി. രാഷ്ട്രീയ പാര്‍ട്ടിയാണ് ജനങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കെ.സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
കെ. സുരേന്ദ്രന്‍ തികഞ്ഞ പരാജയമാണ്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്ത ഭവനങ്ങളിലും മതമേലധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി ഈദിന് മുസ്ലിം വീടുകളും കയറുമെന്ന് ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുരാഷ്ട്രം വിഭാവനം ചെയ്യുന്ന ആര്‍എസ്എസിന് ഇക്കാര്യത്തില്‍ സമാന അഭിപ്രായമാണെന്ന് കരുതുന്നുണ്ടോ?
എതിര്‍പ്പുണ്ടാകേണ്ടതില്ല. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം ദേശീയതയാണ് അതിന്റെ അടിസ്ഥാനം. ഹിന്ദു റിലീജിയന്‍ അല്ല ഹിന്ദു നാഷണാലിറ്റിയാണ് അത്. നാഷണാലിറ്റി എപ്പോഴും സെക്കുലറാണ്. രാജ്യത്തിന് ഒരിക്കലും ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ നില്‍ക്കാന്‍ കഴിയില്ല. മതമാണെങ്കില്‍ ദേശീയതയുമല്ല, ദേശീയതയാണെങ്കില്‍ മതവുമല്ല. സംഘം ഹിന്ദു എന്ന് ഉപയോഗിക്കുന്നത് ഭാരതീയന്‍ എന്ന അര്‍ത്ഥത്തിലാണ്. മതം ഏതാണെങ്കിലും എല്ലാവരും ഭാരതീയരാണ്. ഭാരതത്തിന്റെ പൊതുവായ പൈതൃകവും ചരിത്രവും എല്ലാവരുടെയുമാണെന്നാണ് സംഘത്തിന്റെ കാഴ്ചപ്പാട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം സംഘത്തിനില്ല. ഏതെങ്കിലും മതത്തോട് കൂറോ ചേര്‍ന്ന് നില്‍ക്കലോ നീരസമോ ഇല്ല. രാഷ്ട്രത്തോട് കൂറുണ്ടോയെന്നതാണ് ചോദ്യം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും നോര്‍ത്തിന്ത്യയിലും നോര്‍ത്ത് ഈസ്റ്റിലുമെല്ലാം ക്രിസ്ത്യന്‍- മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിസ്ഥാനത്ത് ബി.ജെ.പി നേതാക്കളോ സംഘപരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്നവരോ ആണ്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷം എങ്ങനെയാണ് ബി.ജെ.പിയില്‍ സുരക്ഷിതത്വം കണ്ടെത്തുകയും വിശ്വസിക്കുകയും ചെയ്യുക? ഇലക്ഷന്‍ മുന്നില്‍ കണ്ട് വോട്ടിന് വേണ്ടിയുള്ള ഇരട്ടത്താപ്പല്ലേ ഇത്?
ഇതെല്ലാം കള്ളപ്രചരണമാണ്. സംഘത്തിന്റെയോ ബി.ജെ.പിയുടേയോ ആളുകള്‍ ക്രിസ്ത്യാനികള്‍ക്കോ മുസ്ലിങ്ങള്‍ക്കോ എതിരായി ഒന്നും ചെയ്യില്ല. ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നുണ്ടാകാം. ഗോമാംസം കഴിച്ചതിന്റെ പേരില്‍ തല്ലിക്കൊല്ലുന്നത് സംഘത്തിന്റെ ആളുകളല്ല. ഹിന്ദുക്കള്‍ മുഴുവന്‍ സംഘമല്ല.
ഇസ്ലാം മത ഭ്രാന്തന്‍മാരെ പോലെ തന്നെ ഹിന്ദു മത ഭ്രാന്തന്‍മാരും ഉണ്ട്. അവരുടെ പ്രവര്‍ത്തികള്‍ക്ക് സംഘത്തിന് ഉത്തരവാദിത്തമില്ല. ഹിന്ദുക്കള്‍ സംഘത്തിന്റെ നിയന്ത്രണത്തിലല്ലോ ജീവിക്കുന്നത്. ബീഫ് കൈവശം വെച്ചതിനോ കഴിച്ചതിനോ ഒരാളെ തല്ലിക്കൊല്ലുക എന്നത് സംഘത്തിന്റെ പോളിസിയല്ല. ചില മാധ്യമങ്ങള്‍ ദുഷ്ടബുദ്ധിയോടെ പ്രചരിപ്പിക്കുകയാണ്.
ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുളള ഈ തന്ത്രം കൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?
രാഷ്ട്രീയ കക്ഷികള്‍ക്ക് എല്ലാവരുടെയും വോട്ട് വേണം. പാര്‍ട്ടി അഞ്ച് വര്‍ഷവും പ്രവര്‍ത്തിക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുന്നതിന് വേണ്ടിയാണ്. രാഷ്ട്രീയ ഉദ്ദേശം അങ്ങനെ മാത്രമേ നടക്കുകയുള്ളു. എല്ലാ മത-ജാതി വിഭാഗങ്ങളുടെയും വോട്ട് കിട്ടിയാല്‍ മാത്രമേ ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളുടെ എണ്ണം വളരെ കൂടുതല്‍ ഉള്ളത് കൊണ്ട് അവരുടെ വോട്ടുകള്‍ വളരെ പ്രധാനമാണ്. രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ബി.ജെ.പിക്ക് അവരുടെ വോട്ടുകളും കിട്ടണം. അതിന് തടസ്സമായി നില്‍ക്കുന്നത് ബി.ജെ.പിയെക്കുറിച്ചും സംഘത്തെപ്പറ്റിയുമുള്ള തെറ്റിദ്ധാരണകളാണ്. കള്ളപ്രചരണങ്ങള്‍ കാരണമാണ് ജനവിഭാഗങ്ങള്‍ തമ്മില്‍ അകന്നു പോകുന്നത്. യഥാര്‍ത്ഥ്യം മനസിലാക്കിയാല്‍ മാത്രമേ അകല്‍ച്ച ഇല്ലാതാക്കാനാകുകയുള്ളു. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭയം അതാണ്. ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് തുടങ്ങിയാല്‍ സംഘത്തെക്കുറിച്ച് പ്രചരിപ്പിച്ച കള്ളപ്രചരണങ്ങള്‍ക്ക് അറുതിയാകും. അതോടെ ഈ വോട്ടുകള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന പാര്‍ട്ടികള്‍ക്ക് നഷ്ടം സംഭവിക്കുമെന്നതാണ് അവരുടെ ഭയം.
ക്രിസ്ത്യന്‍- മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ മതപരിവര്‍ത്തനം, ലൗ ജിഹാദ് ആരോപണങ്ങള്‍ ഉയര്‍ത്തി പ്രചരണം നടത്തുന്നു. മറുഭാഗത്ത് ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നു. ഇതില്‍ തന്നെ വൈരുദ്ധ്യമില്ലേ?
മതപരിവര്‍ത്തനമെന്നത് വാസ്തവത്തില്‍ മനസാക്ഷിയോടുള്ള കുറ്റകൃത്യമാണ്. കള്ളപ്രചരണങ്ങള്‍ നടത്തിയും പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങള്‍ നടത്തിയുമാണ് മതം മാറ്റുന്നത്. മതം മാറ്റത്തിന്റെ പ്രധാന തന്ത്രം വഞ്ചനയാണ്. നേര് പറഞ്ഞ് ആരെയും ഒരു മതത്തിലും നിലനിര്‍ത്താനോ മാറ്റാനോ കഴിയില്ല. മതമെന്നത് അന്ധവിശ്വാസമാണ്. മതത്തില്‍ സത്യമില്ല. എല്ലാ മതങ്ങളും സത്യത്തിനും ധര്‍മ്മത്തിനും മനുഷ്യ മനസാക്ഷിക്കും എതിരാണ്. ഏത് മതത്തില്‍ നിന്നാലും അവര്‍ മനുഷ്യത്വത്തില്‍ നിന്നും അകന്ന് പോകുന്നു. മത ഭ്രാന്തന്‍മാരുടെ കാര്യമല്ല, വിശ്വാസികളുടെ കാര്യത്തിലും മതത്തോട് എത്രത്തോളം അടുക്കുന്നുവോ അത്രത്തോളം മനുഷ്യത്വത്തില്‍ നിന്നും അകലും. മതം മാറുകയല്ല മതം ഇല്ലാതാകുകയാണ് വേണ്ടത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മാനുഷിക- ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കണം. ജ്ഞാനമായിരിക്കണം അടിസ്ഥാനം. മതപരിവര്‍ത്തനം മാത്രമല്ല, മത സ്വാതന്ത്ര്യം തന്നെ അനുവദിക്കേണ്ടതില്ല. മതസ്വാതന്ത്ര്യം ഭാരതമെന്ന രാഷ്ട്രത്തിന് തന്നെ വിനയായിരിക്കുകയാണ്. മതത്തിന് അമിത സ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാണ് കോടതി പോലും മതഗ്രന്ഥങ്ങള്‍ നോക്കി വിധി പറയുന്നത്. എസന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസാണോ അല്ലയോ എന്ന് നോക്കിയാണ് കോടതികള്‍ വിധി പറയുന്നത്. എന്തൊരു കഷ്ടമാണ്. ജനാധിപത്യ- മതേതര- സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് പറയുകയും ചെയ്യും സുപ്രീംകോടതി വരെ മതഗ്രന്ഥങ്ങള്‍ നോക്കി വിധി പറയുകയും ചെയ്യും. ഒരു രാഷ്ട്രത്തിന് ഉണ്ടാകാവുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ഇത്തരത്തിലുള്ള പരിഗണന ഒരു മതത്തിനും നല്‍കരുത്.
മതത്തിന്റെ നിയമങ്ങള്‍ക്ക് അംഗീകാരം ഉണ്ടാകാന്‍ പാടില്ല. പേഴ്‌സണല്‍ ലോ എന്നൊരു നിയമമില്ല. സിവില്‍, ക്രിമിനല്‍ എന്നീ രണ്ട് തരം നിയമങ്ങള്‍ മാത്രമേയുള്ളു. നമ്മുടെ നാട്ടിലെ ശാ്‌സ്ത്രജ്ഞര്‍ പോലും മതത്തിന് വേണ്ടി ശാസ്ത്രത്തെ ധിക്കരിക്കുന്നു. ശാസ്ത്രത്തിലേക്ക് മതത്തെ കൊണ്ടു വരുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മതത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. റോക്കറ്റ് വിടുമ്പോഴും തേങ്ങ ഉടയ്ക്കും. റോക്കറ്റില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിത്തൂക്കും. പൂജ നടത്തും. ഇതെന്ത് ശാസ്ത്രജ്ഞനാണ്. ശാസ്ത്രത്തെ ബലി കഴിക്കുകയാണ്. ശാസ്ത്രബോധം മതബോധത്തിന് കീഴപ്പെട്ടു പോകുകയാണ്. മതത്തിന്റെ കടുംപിടുത്തം ഹിന്ദുക്കളുടെ മുകളിലും ഉണ്ട്. ആ കടുംപിടുത്തം വിടണം. എല്ലാ മതവിശ്വാസികളെയും വിശ്വാസം നിയന്ത്രിക്കുന്നുണ്ട്. വിജ്ഞാനം മതത്തിന് അടിപ്പെട്ടു പോകുന്നതും കാണാതെ പോകരുത്. മതം മനോരോഗമാണ്. സൈക്കോപാത്തോളജി എന്നാണ് ഞാന്‍ അതിനെ വിളിക്കുന്നത്. ഇതില്‍ നിന്നും നമുക്ക് രക്ഷപ്പെടണം. ചികിത്സിക്കണം. മതമില്ലാത്ത ലോകമാണ് വരാന്‍ പോകുന്നത്. ആ കാലം അടുത്ത് വരുന്നുണ്ട്. മതമില്ലാത്ത ലോകത്ത് എല്ലാവരും ജീവിക്കുന്നത് സനാതന ധര്‍മ്മമായിരിക്കും. കാരണം അത് പ്രകൃതി നിയമമാണ്. അവിടെ എല്ലാവരും ഉപനിഷത് ഫോളോ ചെയ്യും. ഉപനിഷത്തും മോഡേണ്‍ സയന്‍സും പറയുന്നത് ഒന്നാണ്. മോഡണ്‍ സയന്‍സില്‍ ജീവിക്കുന്നവര്‍ ഉപനിഷത്തിലും ജീവിക്കും. വിജ്ഞാനം പഴയതും പുതിയതും ഒന്നാണ്. പാശ്ചാത്യര്‍ക്ക് വിജ്ഞാനം ഇത്ര വേഗം വളര്‍ത്താന്‍ കഴിഞ്ഞത് പണ്ട് മുതല്‍ അത് അവരുടെ ജീവിതത്തിന്റെ ഭാഗമായത് കൊണ്ടാണ്.