വി.ഡി സതീശന്റെ പ്രസ്താവന തൊഴിലാളികളെ വിഷമിപ്പിച്ചു- ആര്‍.ചന്ദ്രശേഖരന്‍

വി.ഡി സതീശന്റെ പ്രസ്താവന തൊഴിലാളികളെ വിഷമിപ്പിച്ചു- ആര്‍.ചന്ദ്രശേഖരന്‍
Published on
Q

പോഷക സംഘടനയല്ലെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണല്ലോ. ഇത്തരം പരസ്യമായ പ്രതിഷേധങ്ങളാണോ ഈ വിഷയത്തില്‍ വേണ്ടത്?

A

പരസ്യ പ്രതിഷേധത്തിനോ പ്രതികരണത്തിനോ ആരും നിര്‍ദേശം നല്‍കിയിട്ടില്ല. 18 ലക്ഷം തൊഴിലാളികളുള്ള സംഘടനയാണ്. ആ തൊഴിലാളികള്‍ക്ക് മുഴുവന്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തങ്ങള്‍ അറിയണമെന്നില്ല. പോഷക സംഘടനയല്ലെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രതികരണമാണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തൊഴിലാളികള്‍ പണിമുടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ എടുത്തടിച്ചത് പോലെ പറയുന്നത് കേള്‍ക്കുമ്പോഴുണ്ടാകുന്ന വിഷമമായിരിക്കും അവര്‍ പ്രകടിപ്പിക്കുന്നത്.

ദേശീയ പണിമുടക്കിന്റെ പ്രധാനമായിരുന്നു കാണേണ്ടത്. ബി.ജെ.പി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 48 മണിക്കൂര്‍ പണിമുടക്കുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ കേരളത്തിലെ സര്‍ക്കാരിന് അനുകൂലമായോ പ്രതികൂലമായോ അല്ലല്ലോ ചിത്രീകരിക്കേണ്ടത്. തൊഴിലാളികളുടെ പണിമുടക്കിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണച്ചതാണ്. പാര്‍ട്ടിയുടെ പിന്തുണ ശക്തമായുണ്ടെന്ന് നമ്മളൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പോഷകസംഘടനയാണോ അല്ലയോ എന്നൊക്കെ പറയുന്നത് അതില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി പോയി. അതിന്റെ കാര്യമുണ്ടായിരുന്നില്ല. ആണെന്നും അല്ലെന്നും പറയേണ്ടതില്ല.

എവിടെയെങ്കിലും അക്രമസമരമുണ്ടായാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഐ.എന്‍.ടി.യു.സിയും ശക്തമായി അപലപിക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. ഒരിക്കലും ഒരാളെയും ബലം പ്രയോഗിച്ച് ഒന്നില്‍ നിന്നും മാറ്റിയെടുക്കാനാകില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സമരം നടക്കുമ്പോള്‍ അതിനെ ധിക്കരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യാതിരിക്കുന്നത് പൊതുമര്യാദയുടെ ഭാഗമാണ്. ആശുപത്രിയിലേക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ പോകുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ല. അത് ഖേദകരമാണ്. ഞങ്ങളൊക്കെ അതില്‍ അങ്ങേയറ്റം വേദനയുള്ളവരാണ്. പക്ഷേ അത് വന്നാല്‍ തന്നെ ഐ.എന്‍.ടി.യു.സി പോലുള്ള സംഘടനയോട് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പറയുന്നതാണ് ഉചിതം. സംയുക്ത തൊഴിലാളി യൂണിയന്‍ എന്തിന് വേണ്ടിയാണ് ദേശീയ പണിമുടക്ക് നടത്തിയതെന്ന് നേതാക്കള്‍ കൃത്യമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു.

Q

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലേ?

A

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണോയെന്നത് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. 1947 മെയ് മൂന്നിനാണ് ഇത് രൂപീകരിക്കപ്പെടുന്നത്. അടുത്ത മെയ് മൂന്നിന് 75ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വര്‍ഷത്തിനിടെയില്‍ പാര്‍ട്ടിക്ക് ഒരുപാട് സര്‍ക്കാരുകള്‍ ഉണ്ടായിട്ടുണ്ട്. മന്ത്രിമാരും എം.പിമാരും പ്രതിപക്ഷ നേതാക്കന്‍മാരും ഉണ്ടായിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ഈ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ടി വന്നിട്ടില്ല. അങ്ങനെ പ്രശ്‌നമുണ്ടെങ്കില്‍ സംഘടനാപരമായി സംസാരിക്കുകയല്ലേ വേണ്ടത്.

Q

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെയായിരുന്നു സമരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അതിനിടെയിലെ പ്രസ്താവന ആ സമരത്തെ ദുര്‍ബലപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ?

A

കിട്ടാവുന്ന എല്ലാ ശക്തികളെയും വെച്ചുള്ള ബി.ജെ.പി-കേന്ദ്രസര്‍ക്കാര്‍ വിരുദ്ധസമരമാണ് ഞങ്ങള്‍ നടത്തിയത്. അതിനിടയില്‍ അങ്ങനെയൊരു അഭിപ്രായം ഉണ്ടാകാന്‍ പാടില്ല. ഒരു കോണില്‍ നിന്നും അങ്ങനെ പ്രതികരണം പാടില്ലായിരുന്നു. കാരണം രാജ്യത്തെ ഒന്നാം നമ്പര്‍ ശത്രു ബി.ജെ.പിയാണ്. കേന്ദ്ര സര്‍ക്കാരാണ് ഈ രാജ്യത്തെ തൊഴിലാളികളുടെ ശത്രു. ഈ കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ടായിരുന്നു സമരം.

Q

കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സി.പി.എമ്മിനെതിരെ മാത്രമാകുന്നുവെന്ന വിമര്‍ശനത്തെ ബലപ്പെടുത്തുന്ന പ്രതികരണമായിരുന്നില്ലേ വി.ഡി സതീശന്റെ പ്രസ്താവന?

A

വി.ഡി സതീശനെ പോലെ ഒരാള്‍ അതൊന്നും ആലോചിച്ചിട്ടായിരിക്കില്ല അപ്പോള്‍ പ്രതികരിച്ചിട്ടുണ്ടാകുക. ചിന്തിച്ച് പറഞ്ഞതാവില്ല. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ പറഞ്ഞതാവും. അല്ലാതെ അതിന് മറ്റ് അര്‍ത്ഥതലങ്ങളോ മാനങ്ങളോ നല്‍കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. എങ്കിലും കെ.പി.സി.സി വിഷയത്തില്‍ വ്യക്തത വരുത്തണം.

Q

ഏഷ്യാനെറ്റിനെതിരായ സമരത്തില്‍ ഇടതുസംഘടനകളും ഐ.എന്‍.ടി.യു.സിയും ഒന്നിച്ച് നിന്നതാവുമോ പ്രതിപക്ഷ നേതാവിനെ കൊണ്ട് ഇത്തരമൊരു പ്രതികരണത്തിന് പ്രേരിപ്പിച്ചത്?

A

അത് അങ്ങനെ കാണ്ടേതില്ല. ഐ.എന്‍.ടി.യു.സിക്ക് അതിന്റെതായ അഭിപ്രായം പറയാന്‍ കഴിയും. വ്യക്തിപരമായി കൃത്യമായ രാഷ്ട്രീയമുള്ള ആളാണ് ഞാന്‍. ആരുടെയും മുന്നില്‍ തലകുനിക്കില്ല. അത് വളരെ ക്ലിയറാണ്. എന്റെ രാഷ്ട്രീയം കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ഞാന്‍ കൃത്യമായി തൊഴിലാളിപക്ഷത്ത് നില്‍ക്കുന്നു.

Q

വി.ഡി സതീശന്റെ പ്രതികരണത്തില്‍ രേഖാമൂലം പരാതി നല്‍കുന്നുണ്ടോ?

A

കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കുന്നുണ്ട്. പരസ്യ പ്രതികരണം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് അത് കെ.പി.സി.സിയെ അറിയിക്കാതിരിക്കാനാവില്ല. കാരണം ഞങ്ങളൊക്കെ കോണ്‍ഗ്രസുകാരാണ്.

Q

കോണ്‍ഗ്രസിനകത്ത് വി.ഡി സതീശനെതിരായി നില്‍ക്കുന്നവര്‍ ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധത്തെ രാഷ്ട്രീമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ടല്ലോ?

A

അതെനിക്കറിയില്ല. എന്റെയടുത്ത് അതാരും പറഞ്ഞിട്ടില്ല. എനിക്ക് അതറിയുകയുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in