ദേശീയ പണിമുടക്കിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധ പൊതുബോധം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ?
മാധ്യമങ്ങള്‍ക്ക് ഒരു ധര്‍മ്മമുണ്ട്. അത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെയാണ് മാധ്യമപ്രവര്‍ത്തനത്തിലെ മാതൃകയായി പിന്നീട് വന്ന പത്രപ്രവര്‍ത്തകരെല്ലാം കണ്ടത്. വാര്‍ത്ത സൃഷ്ടിക്കപ്പെടുമ്പോള്‍ ആ വാര്‍ത്തയുടെ മറുവശം കൂടി കേട്ട് നീതിപൂര്‍വമായ വാര്‍ത്തയാക്കുമ്പോഴാണ് യഥാര്‍ത്ഥ പത്രധര്‍മ്മമാകുന്നതെന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പറഞ്ഞിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ ചാനലുകാര്‍ അങ്ങനെയല്ല. എല്ലാവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. കോടാനുകോടി തൊഴിലാളികള്‍ പങ്കെടുക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സമരം നടക്കുമ്പോള്‍, എല്ലാതലങ്ങളിലും ചര്‍ച്ച നടന്നു, പരസ്യം നല്‍കി, പ്രകടനങ്ങളുണ്ടായി, പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തു, അങ്ങനെയൊക്കെ നടത്തിയ സമരത്തിന് മൂന്ന് മാസമായി മാന്യമായ പരിഗണന മാധ്യമങ്ങള്‍ നല്‍കിയില്ല. രാജ്യത്തെ ജനങ്ങളുടെ ആവശ്യമല്ലേ ഞങ്ങള്‍ പറയുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ഒന്നിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടത്തുന്ന സമരങ്ങളാണ്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. കേന്ദ്രസര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ല. ദേശീയ പണിമുടക്കിന് നോട്ടീസ് നല്‍കിയാല്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത ജനാധിപത്യത്തെക്കുറിച്ച് ആലോചിച്ച് നോക്കിയേ. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഐ.എന്‍.ടി.യു.സിയാണ്. ആ ഐ.എന്‍.ടി.യു.സിയെ കഴിഞ്ഞ എട്ട് വര്‍ഷമായി ഒറ്റ ചര്‍ച്ചയ്ക്ക് പോലും കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അത് ഉയര്‍ത്തിക്കാട്ടാന്‍ എന്താണ് മാര്‍ഗം. പണിമുടക്ക് ഞങ്ങളുടെ അവസാനത്തെ മാര്‍ഗമാണ്. വേറെ എന്തൊക്കെ പറഞ്ഞാലും കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ പരിഗണിക്കുന്നില്ല. സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നില്ല. അത്തരം സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ജനകീയ ആവശ്യങ്ങള്‍ കൂടി ചേര്‍ത്ത് വെക്കണം. അവര്‍ നമുക്ക് കൂടി പ്രധാന്യം നല്‍കണം. കാര്യങ്ങള്‍ ജനങ്ങളെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്തണം. ഒരു പത്രത്തിന്റെ തലക്കെട്ടില്‍ ഈ സമരത്തെക്കുറിച്ച് വന്നാല്‍ ഇന്ത്യയിലെ എല്ലാ സംവിധാനങ്ങളും അത് അറിയും. വിജിലന്‍സും ഇന്റലിജന്‍സും അന്വേഷണ ഏജന്‍സികളും അറിയും. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തിനകത്ത് മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതില്‍ തൊഴിലാളി വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് അരാചകത്വമായി മാറും. മാധ്യമങ്ങള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതി ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്കുണ്ട്.
ഏഷ്യനെറ്റ് ന്യൂസിലേക്ക് പ്രതിഷേധം പ്രഖ്യാപിച്ചല്ലോ. പ്രതിഷേധം ഏഷ്യനെറ്റ് ന്യൂസിനെതിരെയാണോ അതോ വിനു.വി.ജോണിനെതിരെയാണോ?
അത് വ്യക്തിക്കെതിരാണ്. അയാളുടെ പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണ്. ഏഷ്യാനെറ്റ് ന്യൂസിലെ ഉത്തരവാദിത്തപ്പെട്ട അവതാരകന്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. എന്നെ പോലെ ഒരാളെ ചര്‍ച്ചയ്ക്ക് വിളിച്ച്, ഉത്തരം മുട്ടിയ അവതാരകന്‍ കശുവണ്ടി വികസന കോര്‍പ്പറേഷനെക്കുറിച്ചാണോ ചോദിക്കേണ്ടത്?. ഞാന്‍ അവിടെ ഒരുപാട് സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട്. എന്നെക്കുറിച്ച് എവിടെയെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ചോദിക്കുകയാണോ മാധ്യമ ധര്‍മ്മം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം പോലെ, ചാനല്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്ന പൊതുപ്രവര്‍ത്തകരെ അപമാനിച്ച് കീഴ്‌പ്പെടുത്താന്‍ ഈ വിനു.വി.ജോണിന് ആര് അധികാരം നല്‍കി. അതാണോ മാധ്യമ ധര്‍മ്മം. ഉത്തരവാദിത്തം ഇതാണോ. എളമരം കരീമിനെ പോലെയൊരാളുടെ മുഖത്ത് അടിച്ച് പരത്തി മൂക്കില്‍ കൂടെ രക്തം വരുത്തണമെന്ന് ഒരു ചാനല്‍ പ്രവര്‍ത്തകന്‍ പറയാന്‍ പാടുണ്ടോ?. വിനു. വി.ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ അനാവശ്യമായ, സംസ്‌കാര ശൂന്യമായ പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിത്. വിനുവിനെ ഏഷ്യനെറ്റില്‍ നിന്നും പറഞ്ഞുവിട്ടാല്‍ ഈ പ്രതിഷേധം ഇവിടെ അവസാനിപ്പിക്കും. ഏഷ്യനെറ്റിനോട് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. തൊഴിലാളികളുടെ പ്രതികരണമാണ് ഇതിലൂടെ നടത്തുന്നത്. മലയാള മനോരമ എനിക്കെതിരെ ഏഴ് വര്‍ഷം എഴുതി. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നോമിനിയായിട്ടാണ്. ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. മൂന്നര വര്‍ഷം കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഇരുന്നപ്പോള്‍ 224 കോടിയുടെ പദ്ധതിയാണ് ആകെ നടത്തിയത്. മലയാള മനോരമ എനിക്കെതിരെ എഴുതിയത് 1000 കോടി കട്ടോണ്ട് പോയെന്നാണ്. ഇത് പത്രധര്‍മ്മമാണോ. എന്റെ അഭിപ്രായം കൂടി ചോദിക്കേണ്ടേ. ഒറ്റത്തവണ പോലും മലയാള മനോരമ എന്നോട് ചോദിച്ചിട്ടില്ലല്ലോ. ഇത്തരത്തിലുള്ള പത്ര ധര്‍മ്മം നമുക്ക് അംഗീകരിക്കാനാവില്ല. ആളുകളെ അപമാനിച്ച് കീഴപ്പെടുത്താനും പൊതുരംഗത്ത് നിന്ന് ഇല്ലാതാക്കാനും ശ്രമിച്ചാല്‍ അത് ആര്‍ക്കെതിരെയായാലും അംഗീകരിക്കാനാവില്ല. കെ.കരുണാകരന്‍ ഇത് അനുഭവിക്കുന്നത് നേരിട്ട് അടുത്ത് നിന്ന് കണ്ട ആളാണ് ഞാന്‍. രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നു. ഒരു പത്രം ആക്രമിച്ച് കീഴ്‌പ്പെടുത്തിയതാണ്.
കോണ്‍ഗ്രസ് അണികള്‍ സൈബര്‍ ഇടങ്ങളില്‍ ദേശീയ പണിമുടക്കിനെതിരെ രംഗത്തുണ്ടായിരുന്നു. ആ സമരത്തിന്റെ ഭാഗമായ താങ്കളും ആക്രമിക്കപ്പെടുന്നുണ്ടല്ലോ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വലിയൊരു പാര്‍ട്ടിയാണ്. ഭയങ്കരമായ അച്ചടക്കം പാലിക്കുന്ന പാര്‍ട്ടിയല്ല. ആളുകള്‍ക്ക് അവരുടെ അഭിപ്രായം പറയാം. വ്യത്യസ്തമായ അഭിപ്രായമുള്ളവരുണ്ടാകാം. ഞാന്‍ എടുക്കുന്ന നിലപാട് ദേശീയ ട്രേഡ് യൂണിയന്‍ ഐക്യത്തിന്റെ ഭാഗമായുള്ളതാണ്. ബി.ജെ.പി സര്‍ക്കാരിനെതിരെയാണ്. നിമിഷ നേരത്തേക്കുള്ള രാഷ്ട്രീയം വെച്ച് ആരെങ്കിലും ഇതിനെ വിമര്‍ശിച്ചാല്‍ അത് പറയട്ടെ. ഞാനത് ആസ്വദിക്കുന്നു. എനിക്ക് പരാതിയില്ല.
കേന്ദ്രസര്‍ക്കാരിനെതിരായ തൊഴിലാളികളുടെ സമരത്തില്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്തുണച്ച് എത്താതിരുന്നത് എന്തുകൊണ്ടാണ്?. ഇടതുപക്ഷം നടത്തുന്ന സമരമായി ഇത് മാറുന്നില്ലേ?
സി.പി.എമ്മിന്റെ നേതാക്കള്‍ സമരത്തില്‍ അപൂര്‍വമായേ വന്നിട്ടുള്ളു. ഇന്നലെ സമരത്തെ അഭിസംബോധന ചെയ്യാന്‍ ആനാവൂര്‍ നാഗപ്പന്‍ വന്നു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോട് രവിയും എത്തി. സി.പി.എം നേതാക്കള്‍ സമരത്തില്‍ വരുന്നില്ല. സി.ഐ.ടി.യു നേതാക്കളാണ് പങ്കെടുത്തത്. ഞങ്ങളുടെ ട്രേഡ് യൂണിയന്‍ ഐക്യം രാഷ്ട്രീയത്തിനപ്പുറംദേശീയ വികാരമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ സമരത്തിലൊന്നും വരാന്‍ ഞങ്ങള്‍ അനുവദിക്കാറില്ല. ഐ.എന്‍.ടി.യു.സിയുടെ അഖിലേന്ത്യ പ്രസിഡന്റ് ബി. സജ്ജീവറെഡ്ഢിയാണ്. അദ്ദേഹമാണ് ഇന്ത്യയിലെ സംയുക്ത ട്രേഡ് യൂണിയന്‍ സംവിധാനത്തിന്റെ ചെയര്‍മാന്‍. കേരളത്തിലെ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖരനാണ്. അവിടെ എളമരം കരീമും കെ.പി രാജേന്ദ്രനുമൊക്കെയുണ്ട്. ഞങ്ങളെല്ലാം ഒരു ടീമായാണ് നില്‍ക്കുന്നത്. കടുത്ത രാഷ്ട്രീയമുള്ള ആളാണ് ഞാന്‍. ഒരുതരത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ കോംപ്രമൈസ് ചെയ്യുന്ന ആളല്ല. പക്ഷേ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഏത് കക്ഷി ഭരിച്ചാലും അതിന് വേണ്ടി നില്‍ക്കണമെന്നാണ് മഹാത്മ ഗാന്ധി പറഞ്ഞിട്ടുള്ളത്. ഗാന്ധിജി പറഞ്ഞിട്ടാണ് ട്രേഡ് യൂണിയന്‍ ഉണ്ടാക്കിയത്. യു.പി.എ ഗവര്‍ണമെന്റുള്ളപ്പോള്‍ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗുമായി ആലോചിച്ചാണ് ട്രേഡ് യൂണിയന്‍ സഖ്യമുണ്ടാക്കുന്നത്. ആ സഖ്യമാണ് തുടരുന്നത്. അതില്‍ എന്ത് രാഷ്ട്രീയ പ്രശ്‌നമാണുള്ളത്. സി.ഐ.ടി.യുക്കാര്‍ വന്ന് കോണ്‍ഗ്രസിന്റെ കൊടി പിടിക്കുമോ?. ഐ.എന്‍.ടി.യു.സിക്കാര്‍ സി.ഐ.ടി.യുവിന്റെ കൊടിയും പിടിക്കില്ലല്ലോ. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് ഭരിച്ചിട്ടില്ലേ. ജനാധിപത്യ രാജ്യത്ത് നമുക്ക് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചേര്‍ന്ന് നിന്ന് പോകേണ്ടി വരും. നമ്മുടെ ശക്തമായ സമരം ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും എതിരെയാണ്. ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയാണ്. കൂടിയാലോചനകളില്ലാതെ ജനാധിപത്യത്തിന്റെ മിനിമം മര്യാദയില്ലാത്ത സര്‍ക്കാരിനെതിരെയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ എടുത്ത് കളയുകയും രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത സര്‍ക്കാരാണ്. തൊഴില്‍ കൊടുക്കുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ചെറുപ്പക്കാരെ പറ്റിച്ചു. 250 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കുമെന്നത് ബി.ജെ.പിയുടെ പ്രഖ്യാപനമാണ്. ഇപ്പോള്‍ എത്ര രൂപയ്ക്കാണ് നല്‍കുന്നതെന്ന് അറിയാല്ലോ. 50 രൂപയ്ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുമെന്ന് പറഞ്ഞവരാണ്. ദുസഹമായ വിലവര്‍ദ്ധനവും തൊഴില്‍ സാഹചര്യങ്ങളും ഈ രാജ്യത്ത് നിലനില്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ലോക് ഡൗണ്‍ കൊണ്ടുവന്ന രാജ്യം. അവിടെ പണിയെടുക്കുന്ന 15 കോടി അതിഥി തൊഴിലാളികള്‍ക്ക് അവരുടെ നാടുകളിലേക്ക് മടങ്ങി പോകാന്‍ കഴിയാതെ വന്നു. സ്‌പോണ്‍സര്‍മാര്‍ ഇട്ടിട്ട് പോയി. അവരുടെ മക്കള്‍ പട്ടിണിയിലായി. വാടക നല്‍കാന്‍ പറ്റാതായി. കൈയില്‍ കിട്ടുന്നതെടുത്ത് ആയിരക്കണക്കിന് കിലോമീറ്റര്‍ നടക്കാന്‍ തുടങ്ങി. വഴിയില്‍ മരിച്ചു വീണു. സംസ്‌കാര സമ്പന്നമായ ഭാരതത്തിലാണ് ഇതൊക്കെ നടന്നത്. ഇതൊക്കെ കണ്ടുകൊണ്ട് ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ മിണ്ടാതെ സംഘപരിവാര്‍ ശക്തികള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് നില്‍ക്കണമെന്ന് പറഞ്ഞാല്‍ ഞങ്ങളെ അതിന് കിട്ടില്ല. മര്യാദകേടാണ് കാണിക്കുന്നത്. ജനാധിപത്യ വിരുദ്ധമാണിത്. കോണ്‍ഗ്രസ് സര്‍ക്കാരുള്ള സമയത്ത് ട്രേഡ് യൂണിയനുകളുടെ മെമ്പര്‍ഷിപ്പുകളുടെ ശക്തി പരിശോധിച്ചു. കൃത്രിമമായ മാര്‍ഗ്ഗത്തിലൂടെയോ ഐ.എന്‍.ടി.യു.സി സംവിധാനത്തിലെ പോരായ്മ കൊണ്ടോ ബി.എം.എസ് ഒന്നാം സ്ഥാനത്ത് എത്തി. ഇപ്പോള്‍ ഐ.എന്‍.ടി.യു.സിയുടെ മെമ്പര്‍ഷിപ്പ് നാല് കോടിയാണ്. ആ സംഘടന രണ്ടാമത്തെ പരിശോധനയിലും രണ്ടാം സ്ഥാനത്ത് പോയി. അഖിലേന്ത്യ കമ്മിറ്റി ചര്‍ച്ച ചെയ്ത് ആവശ്യപ്പെട്ടത് അനുസരിച്ച് മൂന്നാമതൊരു പരിശോധന കേന്ദ്ര സര്‍ക്കാര്‍ നടത്തി. ആ വെരിഫിക്കേഷന്റെ അടിസ്ഥാന വര്‍ഷം 2011 ആണ്. അതില്‍ ഐ.എന്‍.ടി.യു.സി ഒന്നാം സ്ഥാനത്തേക്ക് എത്തി. ആന്ധ്രയില്‍ മാത്രം ഒരുകോടി പത്ത് ലക്ഷം മെമ്പര്‍ഷിപ്പ് ഐ.എന്‍.ടി.യു.സിയുടെ വെരിഫൈ ചെയ്തു. കേരളത്തില്‍ പത്തര ലക്ഷം വെരിഫൈ ചെയ്തു. അതിന്റെ നാലിലൊന്ന് പോലും ബി.എം.എസ് ഇല്ലാതെ പോയപ്പോള്‍ മൂന്നാമത്തെ പരിശോധനയുടെ ഫലം കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഇതാണോ ജനാധിപത്യം. ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നടത്തുന്ന സമരം സി.ഐ.ടി.യു ഹൈജാക്ക് ചെയ്തിട്ടില്ല. അവരുടെ തൊഴിലാളികള്‍ അവരുടെ കൊടി പിടിച്ച് വരും. അതില്‍ ഒരു തെറ്റും കാണുന്നില്ല.
അക്രമസംഭവങ്ങളാണല്ലോ ദേശീയ പണിമുടക്കിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സമരങ്ങള്‍ അക്രമത്തിലേക്ക് പോകുമ്പോള്‍ അത് ഉയര്‍ത്തുന്ന മുദ്രവാക്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകാന്‍ ഇടയാക്കില്ലേ?
അക്രമ സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകരുത്. ആരെയും അടിക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യരുത്. ലോകത്തിന്റെ എവിടെ നടന്ന അവകാശ പോരാട്ടങ്ങളും സമരങ്ങളും എടുത്ത് പരിശോധിക്കുമ്പോള്‍ ചെറിയ ചെറിയ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. ചിലര്‍ ധിക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതാണ്. അത് യാദൃശ്ചികമായിരുന്നു. ഉണ്ടാകാന്‍ പാടില്ലായിരുന്നു.