യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം മെയ് 23ന് തൃശൂരില്‍ നടക്കാനിരിക്കെ പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രസിഡന്റ് ഷാഫി പറമ്പില്‍ നിലപാട് വ്യക്തമാക്കുന്നു
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പുത്തന്‍ ഉണര്‍വ് നല്‍കുന്നുണ്ടോ?
കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് മാത്രമല്ല, രാജ്യത്തെ ജനാധിപത്യ ശക്തികള്‍ക്കും പ്രചോദനമാകുന്ന വിജയമാണ്. ബി.ജെ.പി അവരുടെ അധികാരം ഉപയോഗിക്കുക മാത്രമല്ല 24 ഃ 7 സമയവും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിനും എത്തി. അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ അവര്‍ക്ക് ഒരു തെരഞ്ഞെടുപ്പില്‍ എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത്, അത് മുഴുവന്‍ ചെയ്തിട്ടും അതിനെയെല്ലാം അതിജീവിച്ച് കോണ്‍ഗ്രസ് നേടിയത് ചെറിയ വിജയമല്ല. 136 സീറ്റുകളും വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയതാണ്. രാഷ്ട്രീയം പറഞ്ഞ് നേടിയ വിജയമാണ്. വര്‍ഗ്ഗീയതയ്ക്കും വിഭാഗീതയ്ക്കും അഴിമതിക്കും എതിരെ സംസാരിച്ച് നേടിയ വിജയം. പ്രധാനമന്ത്രി തന്നെ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടും അതിനെതിരെ പൊരുതി നിന്ന് നേടിയ വിജയമാണ്. ഏത് തരം വിഭാഗീയ അജണ്ടയെയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന വലിയ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. മതമോ ജാതിയോ പ്രാദേശിക വാദമോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടില്ല. ഇതോടെ കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്നും മുക്തമാക്കാന്‍ കഴിയുമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. മനുഷ്യന് ഒക്സിജന്‍ പോലെയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ്. അതിനെ പൂര്‍ണായിട്ടും ഇല്ലാതാക്കാനാകില്ല. ജനാധിപത്യം പുലരണമെന്നും മതേതരത്വം നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്ന ഓരോ ഭാരതീയനും പുത്തന്‍ ഉണര്‍വും പ്രചോദനവുമാകുന്ന വിജയം തന്നെയാണ് കര്‍ണാടകയിലേത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ വലിയ വിജയമാണ് കേരളത്തില്‍ യു.ഡി.എഫ് നേടിയത്. ദേശീയതലത്തില്‍ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് 2024ലേത്. വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫിന് കഴിയുമോ?
ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കേണ്ടതിന്റെ അനിവാര്യത എന്താണെന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ പൊതുസമൂഹം. എന്തായാലും വിജയം ആവര്‍ത്തിക്കപ്പെടും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അണ്ണാ ഹസാരെയേയും കെജ്രിവാളിനെയും കിരണ്‍ബേദിയേയും സ്‌പോണ്‍സര്‍ ചെയ്ത് മുന്നില്‍ നിര്‍ത്തിയും ഇല്ലാത്ത അഴിമതി പെരുപ്പിച്ച് കാണിച്ചും പെട്രോളിന്റെയും ഗ്യാസിന്റെയും കാര്യത്തില്‍ വ്യാജമായ നിര്‍മ്മിതികള്‍ നടത്തിയുമാണ് കോണ്‍ഗ്രസിനെ പിന്നെയുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഫീല്‍ഡിലും സഭകളിലും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുകയാണ്. അല്ലാതെ മുഖംമൂടി അണിഞ്ഞല്ല പോരാട്ടം. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തിയ നീക്കങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്ന നേതാവിനെ രണ്ടു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കുന്ന രീതി ജുഡീഷ്യറിയെക്കുറിച്ചുള്ള വലിയ ആശങ്ക ഉണ്ടാക്കുന്നു. വൃത്തികെട്ട ധൃതി കാണിച്ച് പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കാന്‍ ശ്രമിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ കഴിയാവുന്ന എല്ലായിടങ്ങളിലും സീറ്റ് ലഭിക്കുക എന്നത് പ്രധാനമാണ്. അതേ സമയം തന്നെ മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ ഉയര്‍ത്തി അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹമാണ്. വല്യേട്ടന്‍ ചമയുകയല്ല, ബി.ജെ.പിയെ രാജ്യത്തിന് വേണ്ടി താഴെ ഇറക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രയോറിറ്റി.
കേരളത്തില്‍ ഒരു സമര പ്രതിപക്ഷമായി മാറാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടോ. മാര്‍ച്ചും വഴി തടയലും ജലപീരങ്കി പ്രയോഗവുമെന്ന വാര്‍പ്പു മാതൃക മാറ്റിയെഴുതുന്ന സമര മാര്‍ഗ്ഗങ്ങളിലേക്ക് പോകാന്‍ എന്തുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് തയ്യാറാകാത്തത്?
മറ്റ് ഏതൊരു പ്രതിപക്ഷ യുവജന സംഘടനയേക്കാളും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ 200ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇത്രയും അധികം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുണ്ടായിട്ടില്ല. ചെറിയ പ്രതിഷേധത്തിനെതിരെ പോലും കേസെടുക്കുന്ന സാഹചര്യമാണ്. മുഖ്യമന്ത്രിയുടെ സാധാരണ സന്ദര്‍ശനത്തില്‍ പോലും പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാകുന്നു. പലപ്പോഴും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നു. ധീരമായ രാഷ്ട്രീയ പോരാട്ടമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. സഭയ്ക്ക് അകത്തും നിങ്ങള്‍ അത് കാണുന്നുണ്ടല്ലോ. പിന്നെ പൊതുമുതല്‍ നശിപ്പിക്കുന്ന, അക്രമ പാതയിലുള്ള സമരങ്ങളിലേക്ക് ഞങ്ങള്‍ ഒരിക്കലും പോകാറില്ല. ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും ഏറ്റുവാങ്ങാറുണ്ടെങ്കിലും മൊത്തത്തില്‍ കത്തിച്ചാമ്പലാക്കുന്ന, മുഖ്യമന്ത്രിയെ പോലും ശാരീരികമായി അക്രമിക്കുന്ന സമരങ്ങള്‍ ഞങ്ങള്‍ നടത്താറില്ല.
പുനഃസംഘടന കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സമവായത്തിലൂടെയായിരിക്കുമോ അടുത്ത നേതൃത്വത്തിനെ കണ്ടെത്തുക?
നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത് തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങളാണ്. സമ്മേളനം കഴിഞ്ഞാല്‍ അതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും യോജിപ്പില്‍ എത്താവുന്ന ഇടങ്ങളില്‍ അതിലേക്ക് എത്തുമായിരിക്കും. അല്ലാത്ത ഇടങ്ങളില്‍ ജനാധിപത്യ ഇടം നഷ്ടപ്പെടുത്തുകയുമില്ല. നേരത്തെയും സമവായവും തെരഞ്ഞെടുപ്പും നടന്നിട്ടുണ്ട്. എന്തായാലും പരിപൂര്‍ണമായിട്ടും നോതാക്കള്‍ എഴുതി വിടുന്ന ലിസ്റ്റ് നോക്കി പുനഃസംഘടന നടത്തുന്ന രീതിയായിരിക്കില്ല യൂത്ത് കോണ്‍ഗ്രസിലേത്. പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് കൊണ്ടുള്ള തീരുമാനങ്ങളായിരിക്കുമെന്ന് ഉറപ്പ് വരുത്തും.
ടി.എന്‍ പ്രതാപനും കെ.മുരളീധരനും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ട് പിന്‍തിരിപ്പിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് അത്തരമൊരു ആലോചനയിലേക്ക് പോയതെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ ഉള്‍പ്പെടെയുള്ള യുവ നേതാക്കള്‍ ആവശ്യപ്പെടുന്ന കാര്യമാണ് യുവാക്കള്‍ക്ക് സീറ്റുകള്‍ വേണമെന്നത്. ഈ നേതാക്കളുടെ തീരുമാനത്തെ യൂത്ത് കോണ്‍ഗ്രസ് എങ്ങനെയാണ് വിലയിരുത്തുന്നത്?
മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും മാറി നില്‍ക്കണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ചെറുപ്പക്കാരായ എത്ര എം.പിമാരുണ്ട്. രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് ഇത്രയും ചെറുപ്പക്കാരായ എം പി മാര്‍ ഒരേ സമയം മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടില്ല. വി കെ ശ്രീകണ്ഠനെപ്പോലെ താരതമ്യേന ചെറുപ്പക്കാരായിട്ടുള്ള എം പിമാരുമുണ്ട്. അതിനിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ മറ്റെല്ലാ ഘടകങ്ങളെക്കാള്‍ പ്രധാനം കഴിവാണ്. അത് നോക്കി തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണ്. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എല്ലാവരും പാര്‍ട്ടിക്ക് വിടുന്നതാണ് ഉചിതം. ജനപിന്തുണയുള്ള വലിയ വിജയം നേടിയ നേതാക്കന്മാരാണ് അവരെല്ലാം. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയുന്നതാണ് ഉചിതം. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ചെറുപ്പക്കാരും മുതിര്‍ന്നവരും ചേര്‍ന്നുള്ള പട്ടികയാണ് വേണ്ടത്. എല്ലാവരും ചെറുപ്പക്കാരും അല്ലെങ്കില്‍ എല്ലാവരും മുതിര്‍ന്നവരും ആയാലും ശരിയാകില്ല.
കഴിഞ്ഞ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല യൂത്ത് കെയറില്‍ കെയറില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. അത് യൂത്ത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമല്ലേ?
അതിലുള്ള പ്രതികരണം ഞാന്‍ നേരത്തെ പറഞ്ഞ് കഴിഞ്ഞതാണ്. ഈ കമ്മിറ്റിയുടെ കാലത്ത് ഏറ്റവും അഭിമാനകരമായ ഇടപെടലാണ് യൂത്ത് കെയര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച കാര്യമേതാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും യൂത്ത് കെയറാണെന്ന്. ഓര്‍ഗനൈസ്ഡായ സേവന വിഭാഗം എന്ന നിലയിലേക്ക് മാറാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് മറ്റ് ഏതൊരു സംഘടനയേക്കാളും യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു നടത്തി. ആ സമയത്ത് ഏറ്റവും കൂടുതല്‍ മൃതദേഹം അടക്കിയതാരാണെന്ന് പരിശോധിച്ചാല്‍ യൂത്ത് കെയറാണെന്ന് വ്യക്തമാകും. അത്രയേറെ ആമ്പുലന്‍സ് സര്‍വീസുകള്‍ നടത്തി. ഇപ്പോഴും തുടരുന്നു. പ്രവാസികള്‍ അവിടെ കുടുങ്ങി കിടന്നപ്പോള്‍ 585 പ്രവാസികളെ കൊണ്ട് വന്ന ഏക സംഘടന യൂത്ത് കെയര്‍ ആണ്. ഭക്ഷണവും വസ്ത്രവും മരുന്നും എത്തിച്ച സംഘടനയാണ്. പ്രളയ കാലത്തും ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു. ആ പ്രതിസന്ധി കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പേര് തന്നെ യൂത്ത് കെയര്‍ എന്നായിരുന്നു. അത് ഇനി കൂടുതല്‍ വിപുലീകരിക്കണം. മറ്റ് സംഘടനകളെ പോലെ ഭരണം ഉള്ളത് കൊണ്ട് സമരം നടത്താതെ ഇരിക്കുകയായിരുന്നില്ല യൂത്ത് കോണ്‍ഗ്രസ്. ഒരേ സമയം സേവനവും സമരവും ഒരുമിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തമായിരുന്നു യൂത്ത് കോണ്‍ഗ്രസിനുണ്ടായിരുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് താങ്കള്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ?
അത് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. മൂന്ന് വര്‍ഷത്തേക്കാണ് കമ്മറ്റി പ്രഖ്യാപിക്കപ്പെട്ടത്. സത്യം പറഞ്ഞാല്‍ ഇതിന് മുന്നേ അവസാനിപ്പിക്കണമെന്ന് കരുതിയതാണ്. പക്ഷേ ഞങ്ങളുടെ കമ്മിറ്റി ചുമതല ഏറ്റെടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞ സാഹചര്യങ്ങള്‍ രണ്ട് ദിവസം കൊണ്ട് മാറി. ലോക്ഡൗണ്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിലധികം പ്രവര്‍ത്തനം യൂത്ത് കെയര്‍ കേന്ദ്രീകരിച്ചായിരുന്നു. പരിമിതിമായ ആളുകളെ പങ്കെടുപ്പിക്കുന്ന പ്രതിഷേധങ്ങളും പരിപാടികളുമൊക്കെയാണ് നടത്തിയത്. തുടര്‍ച്ചയായി രണ്ടു തവണ പ്രതിപക്ഷത്താണ്. എന്നിട്ട് പോലും ഒത്തിരി സമര - സേവന - സമ്മേളനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. യൂണിറ്റ് മുതല്‍ സംസ്ഥാന സമ്മേളനം വരെ നടത്തുകയാണ്. അതിനായി എന്റെ സഹപ്രവര്‍ത്തകര്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. ഒരുപാട് കേസുകളുടെ ഭീഷണിക്കിടെയാണ് ഈ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വരുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കല്‍ എന്നു പറഞ്ഞ് കൊണ്ടു പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി നിര്‍ത്തി.
താഴെ തട്ടിലുള്ള കമ്മറ്റികളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് താങ്കള്‍ പറഞ്ഞുവല്ലോ. താങ്കളുടെ ജില്ലയിലെ തന്നെ നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്ന സാഹചര്യവുമുണ്ടായി. ഇതിലേക്ക് നയിച്ചതെന്താണ് ?
പല നേതാക്കളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് നടപടി എടുത്തത്. കമ്മറ്റികളിലെ ചര്‍ച്ചകളിലും ക്യാമ്പുകളിലും പങ്കെടുക്കാത്തവര്‍ക്കെതിരെയാണ് അത്തരം നടപടി എടുത്തത്. ആരെയും പാര്‍ട്ടിയില്‍ നിന്ന് ആട്ടിപ്പായിക്കാനല്ല നടപടി എടുത്തത്. അതൊരു മെസേജാണ്. അതുള്‍ക്കൊണ്ടവര്‍ക്ക് തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കും. സംഘടനയ്ക്കും അവര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ആ പ്രശ്നത്തെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരക്കുപിടിച്ച, പോപ്പുലറായ നേതാക്കളാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹികളാവുന്നത്. അവര്‍ക്ക് സംഘടനയെ ചലിപ്പിക്കാനും കെട്ടിപ്പടുക്കാനും പ്രയാസമാകുന്നില്ലേ?
പോപ്പുലറാവുക എന്നാല്‍ അത് ഒരു അപരാധമല്ല മറിച്ച് ഒരു അധിക യോഗ്യതയാണ്. പോപ്പുലര്‍ എന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ ആശയങ്ങളും രാഷ്ട്രീയവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ പോപ്പുലറായ ഒരാള്‍ക്ക് ഒരേ സമയം സ്വന്തം പ്രവര്‍ത്തകരെ ആവേശപ്പെടുത്തുവാനും പൊതു സമൂഹത്തിലേക്ക് ആഴത്തില്‍ ഇടപഴകുവാനും കഴിയും.
ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായി എന്ന നിലയിലാണ് താങ്കളെ കാണുന്നത്. ഉമ്മന്‍ ചാണ്ടിയും എ.ഗ്രൂപ്പുമായും താങ്കള്‍ അകന്നുവെന്നും ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായാണ് അടുപ്പമെന്നും കേള്‍ക്കുന്നു. എ ഗ്രൂപ്പ് വിട്ടോ?
പാര്‍ട്ടിയിലെ ചേരികളെ പറ്റി പറയേണ്ട ഒരു കാലമല്ല ഇത്. പിന്നെ ഉമ്മന്‍ ചാണ്ടി സാര്‍, അത് എന്റെ ഒരു കമ്മിറ്റ്മെന്റാണ്. കമ്മിറ്റ്മെന്റ് എന്നാല്‍ അത് ലൈഫ് ടൈമാണ് അല്ലായെങ്കില്‍ അത് കമ്മിറ്റ്മെന്റ് അല്ല. അങ്ങനെ നോക്കുമ്പോള്‍ ഐ ആം കമ്മിറ്റഡ്. വി.ഡി സതീശന്‍ അടക്കമുള്ളവരുമായുള്ള ബന്ധം അത് വി.ഡി പ്രതിപക്ഷ നേതാവായ ശേഷമോ ഞാന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആയതിന് ശേഷമോ ഉള്ള ബന്ധം അല്ല. എനിക്ക് എല്ലാവരുമായി നല്ല സൗഹൃദമാണ്. പിന്നെ പ്രതിപക്ഷ നേതാവിനോട് ആയാലും കെ.പി.സി.സി അധ്യക്ഷനായാലും സംഘടനാ ജനറല്‍ സെക്രട്ടറിയായാലും യു.ഡി.എഫ് കണ്‍വീനറായാലും അവര്‍ ഔദ്യോഗിക പദവിയില്‍ ഇരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ കൂടുതല്‍ ബന്ധപ്പെടേണ്ടി വരും. അവരോടൊക്കെ അടുപ്പമുണ്ട് എന്നത് നെഗറ്റീവായി ഞാന്‍ കാണുന്നില്ല.
നേതാക്കളുടെ മക്കള്‍ പെട്ടെന്ന് നേതൃസ്ഥാനങ്ങളിലേക്കും പദവികളിലേക്കും എത്തുന്നതും ചില സാഹചര്യങ്ങളില്‍ അനില്‍ ആന്റണിയെ പോലെ തള്ളി പറഞ്ഞ് പോകുകയും ചെയ്യുന്നു. ഇത് ശരിയായ രീതിയാണോ?
വരുന്നതിന്റെ കാരണങ്ങളാണ് പ്രധാനം. ഐഡിയോളജിക്കലായ ക്ലാരിറ്റി ഉണ്ടെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല. രണ്ടാമത്തെ കാര്യം എന്‍ട്രി ലെവല്‍ സംബന്ധിച്ചാണ്. നേതാവിന്റെ മകനല്ലാത്ത ഒരു ചെറുപ്പക്കാരന് കിട്ടുന്ന പരിഗണന അവര്‍ക്കും ലഭിക്കുന്നതില്‍ പ്രശ്നമില്ല. നേതാക്കളുടെ മക്കളും കോണ്‍ഗ്രസുകാരാകുന്നതാണ് നല്ലത്. എല്ലാവരും ഓരോ വ്യക്തികളാണ്. അനില്‍ ആന്റണി പാര്‍ട്ടി വിട്ടത് കൊണ്ട് പാര്‍ട്ടിക്കോ നാടിനോ ഉള്ള കോണ്‍ട്രിബ്യൂഷനില്‍ ഒരു കളങ്കവും സംഭവിക്കുന്നില്ല. അച്ഛന്‍ പറഞ്ഞത് കൊണ്ടായിരിക്കില്ലല്ലോ എ.കെ ആന്റണി കോണ്‍ഗ്രസ് ആയത്. അനിലും അതുപോലെ അയാളുടെ രാഷ്ട്രീയം തിരഞ്ഞെടുത്തു. അത് നൂറു ശതമാനം തെറ്റാണെന്ന ബോധ്യം എ.കെ. ആന്റണിക്കും ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. ഞങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും കുറഞ്ഞിട്ടില്ല. കാരണം അദ്ദേഹം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. അനിലിനെ കണ്ട് വിലയിരുത്തപ്പെടേണ്ട ആളല്ല എ.കെ. ആന്റണി.