രണ്ടാം പിണറായി സര്‍ക്കാരിലും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെക്കുറിച്ചാണ് തുടക്കം മുതല്‍ക്കേ വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. പൊലീസ് സേനയെ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ വീഴ്ച പ്രതിപക്ഷം സഭയിലും തുടര്‍ച്ചയായി ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷം ഇതിനെ എങ്ങനെയാണ് കാണുന്നത്?
പ്രതിപക്ഷം ഈ വിഷയത്തെ നോക്കികാണുന്നതല്ല വിഷയം. ജനങ്ങള്‍ക്ക് പൊലീസില്‍ ആത്മവിശ്വാസം ഉണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന കാലത്തെല്ലാം ജനങ്ങള്‍ക്ക് പൊലീസില്‍ വിശ്വാസക്കുറവ് ഉണ്ടായിരുന്നു. പൊലീസിനെ വേറെ രീതിയില്‍ ദുരുപയോഗം ചെയ്യുന്നു, പൊലീസിനെ പുറത്ത് നിന്നുള്ള ശക്തിയാണ് നിയന്ത്രിക്കുന്നത് എന്നൊരു തോന്നല്‍ സമൂഹത്തില്‍ ഉണ്ട്. ആ തോന്നലിനെ ശാക്തീകരിക്കുന്ന ഒത്തിരി ഉദാഹരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അത് കുറച്ചുകൂടി ശാക്തീകരിക്കപ്പെടുകയാണ് ഉണ്ടായത്. പല കേസുകളിലും അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്യുന്നില്ല, അവര്‍ ഒളിവിലാണെന്ന് കള്ള സര്‍ട്ടിഫിക്കറ്റ് കൊടുക്കുക, കേസെടുക്കേണ്ട സ്ഥലത്ത് കേസ് എടുക്കുന്നില്ല തുടങ്ങി പൊലീസ് പാര്‍ട്ടിയുടെ അടിമകളെ പോലെ നില്‍ക്കുന്നു എന്ന തോന്നലാണ് ഇത് ഉണ്ടാക്കുന്നത്.
എന്നാല്‍ പൊലീസില്‍ എല്ലാ വിഭാഗവും അങ്ങനെ അടിമകളെ പോലെ നില്‍ക്കുന്നവരും അല്ല. പൊലീസില്‍ നല്ല ഇന്റഗ്രിറ്റി ഉള്ള ആളുകളുണ്ടെങ്കിലും അവരെ തഴയുകയാണ് ചെയ്യുന്നത്. പൊലീസ് ബാഹ്യശക്തികളുടെ പിടിയില്‍ നിന്നും മാറാത്തിടത്തോളം കാലം വിശ്വാസരാഹിത്യം സമൂഹത്തില്‍ നിലനില്‍ക്കും. ആ വിശ്വാസത്തകര്‍ച്ചയാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നം.
മുഖ്യമന്ത്രി പറഞ്ഞതിലെവിടെയെങ്കിലും പൊലീസ് നീതിയോടൊപ്പം നില്‍ക്കണം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ടോ? അവിടെയാണ് പ്രശ്‌നം. നീതിക്ക് വേണ്ടി കേഴുന്ന ഒരു വിഭാഗം ഇവിടെ നില്‍ക്കുകയാണ്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടാകില്ല.
പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന നീക്കമുണ്ടായാല്‍ അതിനെ എതിര്‍ക്കാനുള്ള ബാധ്യത ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തനിക്കുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞത്. പൊലീസിന്റെ ആത്മവീര്യമാണോ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ പ്രഥമപരിഗണനയാകാറുള്ളത് ?
പൊലീസ് ശരിയായ ഒരു കാര്യം ചെയ്താല്‍ മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കണം. ഞാന്‍ ആ അഭിപ്രായക്കാരനാണ്. പക്ഷെ പൊലീസ് കാണിക്കുന്ന അന്യായത്തിനും മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടായാല്‍ അദ്ദേഹത്തിന്റെ കയ്യിലെ കളിപ്പാവയാണ് പൊലീസ് എന്നൊരു തോന്നലുണ്ടാവും.
പൊലീസ് ശരിയായ കാര്യം ചെയ്താല്‍ ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ പൊലീസിനെ നന്നായി പിന്തുണച്ചേ മതിയാകൂ. പക്ഷെ വഴിവിട്ട നിലയില്‍ പോകുന്ന ഒരാള്‍, അത് പൊലീസാണ് എന്ന ഒറ്റ കാരണത്താല്‍ അവരെ പിന്തുണയ്ക്കാന്‍ തിടുക്കം കാണിക്കുമ്പോള്‍ ആളുകള്‍ക്ക് പൊലീസിലെ വിശ്വാസവും നഷ്ടപ്പെടുകയാണ്. അതാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
പൊലീസ് കാണിക്കുന്ന അന്യായത്തിനും മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടായാല്‍ അദ്ദേഹത്തിന്റെ കയ്യിലെ കളിപ്പാവയാണ് പൊലീസ് എന്നൊരു തോന്നലുണ്ടാവും.
കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുവെന്ന പേരില്‍ ജനങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമങ്ങള്‍ പെരുകുകയാണ്. മീന്‍ വില്‍ക്കുന്ന സ്ത്രീയുടെ കുട്ട വലിച്ചെറിയുന്നു, അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും മര്‍ദ്ദിക്കുന്നു, വീടിന് മുന്നില്‍ നില്‍ക്കുന്നയാള്‍ക്കും മാസ്‌ക് ഇടാത്തതിന് പിഴയിടുന്നു തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ട്. ജനങ്ങളെ പിഴിഞ്ഞും പിഴയടപ്പിച്ചും കയ്യേറ്റം ചെയ്തും നടപ്പാക്കേണ്ടതല്ലല്ലോ കൊവിഡ് നിയന്ത്രണങ്ങള്‍?
പൊലീസിന്റെ ദൈനംദിന കാര്യങ്ങള്‍ക്കകത്ത് ഒരു ഭരണാധികാരി ഇടപെടാന്‍ പോയാല്‍ ആ വിഭാഗം എപ്പോള്‍ വഷളായി എന്ന് ചോദിച്ചാല്‍ മതി. ഒരു ദിവസം ആരംഭിച്ച് അത് അവസാനിക്കുന്നത് വരെ നിരവധി വിഷയങ്ങള്‍ പൊലീസിന്റെ മുന്നിലൂടെ കടന്ന് വരുന്നുണ്ട്. പക്ഷെ ഒരു ഭരണാധികാരിക്ക് അതില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമല്ലേ സാധിക്കൂ. നിങ്ങള്‍ നീതിയോടൊപ്പം നില്‍ക്കണം എന്നേ പറയാന്‍ സാധിക്കൂ.
പക്ഷെ മുഖ്യമന്ത്രി പറഞ്ഞതിലെവിടെയെങ്കിലും പൊലീസ് നീതിയോടൊപ്പം നില്‍ക്കണം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ടോ? അവിടെയാണ് പ്രശ്‌നം. നീതിക്ക് വേണ്ടി കേഴുന്ന ഒരു വിഭാഗം ഇവിടെ നില്‍ക്കുകയാണ്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടാകില്ല. അവര്‍ക്ക് സംഘടിത രൂപം ഉണ്ടാകില്ല. പക്ഷെ അവര്‍ ആഗ്രഹിക്കുന്ന നീതി നിഷേധക്കപ്പെടുമ്പോള്‍ ജനങ്ങളില്‍ അരക്ഷിത ബോധം ഉണ്ടാകും. പൊലീസ് സ്റ്റേഷനില്‍ നിന്നും നീതി കിട്ടുമെന്ന തോന്നല്‍ ഇല്ലാത്തതുകൊണ്ടാണ് ആളുകള്‍ക്ക് ശുപാര്‍ശയുമായി സമീപിക്കേണ്ടി വരുന്നത്. അവിടെ നീതിക്കൊപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. നീതി നിഷേധം നടത്തുന്ന പൊലീസുദ്യോഗസ്ഥരെ പിന്തുണയ്ക്കാന്‍ പോകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല എന്നതാണ് സത്യം.
ജനമൈത്രി പൊലീസ് എന്ന സംവിധാനം നിലനില്‍ക്കെ പൊലീസ് ജനങ്ങളുടെ മേല്‍ അമിതാധികാധികാര പ്രയോഗം നടത്തുകയും അക്രമം നടത്തുകയും ചെയ്യുന്ന രീതി മാറേണ്ടതല്ലേ?
ജനങ്ങളോട് ഒരു മൈത്രി ഭാവത്തില്‍ ഇടപെടണം എന്നുള്ളത് തന്നെയാണ് ഇതിന്റെ ഒരു അടിസ്ഥാന തത്വം. പക്ഷെ പലപ്പോഴും നടക്കുന്നത് അതല്ല. അവരുടെ മൈത്രി സ്വാധീനമുള്ള ആളുകളോട് മാത്രമുള്ളതായി ചുരുങ്ങുന്നതാണ് കാണുന്നത്. അതാണ് ജനങ്ങള്‍ക്ക് പൊലീസിനോട് വലിയ വിരോധമുണ്ടാക്കുന്നത്. നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുള്ള കുറേ അനുഭവങ്ങള്‍ എടുത്ത് നോക്കൂ. കഴിഞ്ഞ ആറു മാസക്കാലത്തിനുള്ളില്‍ കേരളത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഓരോ സംഭവവും മൈത്രി ഭാവത്തിലുള്ളതായിരുന്നോ? ജനമൈത്രി എന്നൊക്കെ ഉള്ളത് ഒരു നല്ല പദപ്രയോഗമാണ്. പക്ഷെ അത് പ്രായോഗികമാകണ്ടെ? പ്രായോഗികമാകാത്തതിന് കാരണം അധികാരത്തിലിരിക്കുന്നവരുടെ താങ്ങും തണലും ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് ഞങ്ങള്‍ എന്തു ചെയ്താലും ഒരു കുഴപ്പവുമില്ല എന്നവര്‍ ധരിച്ചു വെച്ചിരിക്കുകയാണ്. അത്തരമൊരു ധാരണ അവര്‍ക്ക് ഉണ്ടാക്കികൊടുത്തത് മേലധികാരികളാണ്.
പലപ്പോഴും മേലെയിരിക്കുന്ന പൊലീസുദ്യോഗസ്ഥനേക്കാള്‍ രാഷ്ട്രീയ സ്വാധീനം താഴെ തട്ടിലുള്ള പൊലീസുദ്യോഗസ്ഥനുണ്ടാകും. അപ്പോള്‍ പലപ്പോഴും മേലുദ്യോഗസ്ഥനെ കീഴുദ്യോഗസ്ഥര്‍ അനുസരിക്കാതെ വരികയും അച്ചടക്ക ലംഘനമുണ്ടാകുകയും ചെയ്യും. അങ്ങനെ വന്നാല്‍ ഫോഴ്‌സിന് കെട്ടുറപ്പുണ്ടാകാതെ വരും. ഇത്തരം സംഭവങ്ങളാണ് നമ്മള്‍ ആവര്‍ത്തിച്ച് കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പൊലീസിനെ പൊലീസിന്റെ രൂപത്തില്‍ വിടാന്‍ കഴിയണം. പൊലീസിന്റെ സ്വന്തം ഇഷ്ടത്തിനൊത്ത് മാത്രം പ്രവര്‍ത്തിക്കണമെന്ന് പറയാതെ പൊലീസ് നീതിയ്ക്കനുസരിച്ച് പോകുന്നതിന് പ്രധാന്യം കൊടുക്കണം.
കേരള പൊലീസിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോലും വരുന്ന ഉള്ളടക്കങ്ങള്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയ പ്രതിഷേധം കൊണ്ട് തിരുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ട്. സ്ത്രീ വരുദ്ധതയും വംശീയതയും പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളായി നിരന്തരം വരുന്നു. പൊലീസ് സേനയിലെ ഇത്തരം പിന്തിരിപ്പന്‍ കാഴ്ചപ്പാടും മുന്‍വിധികളും കൂടി മാറേണ്ടതില്ലേ?
തീര്‍ച്ചയായും മാറേണ്ടതാണ്. പൊലീസ് പഴയ ഇടിയന്‍ പൊലീസായി നിന്നാല്‍ പോര. പൊലീസ് പരിഷ്‌കൃത പൊലീസ് ആകണം. അങ്ങനെയൊരു സേനയെയാണ് ഈ നൂറ്റാണ്ടില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത്. വളരെ ചടുലമായി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തില്‍ തെറ്റു ചെയ്യുന്നവരെ നിയന്ത്രിക്കുന്നതിനെ ആരും എതിര്‍ക്കില്ല. പക്ഷെ കയ്യില്‍ കിട്ടുന്നവരെല്ലാം കുറ്റക്കാരാണെന്നും കാശ് കൊടുക്കാത്തവരെല്ലാം മോശക്കാരാണെന്നും മുന്‍വിധിയോടു കൂടി നോക്കിക്കാണാന്‍ പോയാല്‍ പഴയതുതന്നെയായിരിക്കും നിലനില്‍ക്കുക.
ഇതിനോട് ചേര്‍ത്ത് ചോദിക്കട്ടെ, മുടി നീട്ടുന്ന യുവാക്കളെ കഞ്ചാവാണോ എന്നും മറ്റു കേസുകളില്‍ പ്രതിയാണോ എന്നും സംശയിക്കുക, ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് നടക്കുന്നതോ ഇരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ മോറല്‍ പൊലീസിങ്ങ് എന്ന രീതിയില്‍ സമീപിക്കുക, ഇതെല്ലാം ഇക്കഴിഞ്ഞ രണ്ട് സര്‍ക്കാരിന് കീഴിലെ പൊലീസിന്റെ ഭാഗത്ത് നിന്ന് മാത്രം ഉണ്ടാകുന്നതല്ല, ഓരോ വര്‍ഷം പുതിയ തലമുറയില്‍ നിന്നടക്കം റിക്രൂട്ട്മെന്റ് ഉണ്ടാകുമ്പോള്‍ സേനയുടെ സാമൂഹികമായ കാഴ്ചപ്പാട് മാറാത്തത് എന്തുകൊണ്ടാണ്?
അന്‍പതോ അറുപതോ വര്‍ഷം മുമ്പുള്ള കാഴ്ചപ്പാട് പൊലീസ് ഇന്നെടുത്താല്‍ ഒട്ടും ശരിയാവില്ല. കാലത്തിനൊത്ത് അവരും മാറണം പക്ഷെ അത് പൊലീസുകാരുടെ മാത്രം കുറ്റമല്ല. അവര്‍ക്ക് കൊടുക്കുന്ന പരിശീലനത്തിന്റെ കൂടി പ്രശ്‌നമാണത്. ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റില്‍ പോലും ഇത്തരത്തില്‍ പരിഷ്‌കൃതമായ ഒരു പരിശീലനം കൊടുക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അവരെ സമൂഹത്തിന് ഗുണകരമായി നമുക്ക് വിനിയോഗിക്കണം. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള സ്ഥിതിയുണ്ടാക്കണം.
കാണുന്നവരെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാക്കി അവരെ അപമാനിച്ച് വിടുന്ന നടപടി ശരിയല്ല. വ്യക്തിസ്വാതന്ത്ര്യമുള്ള ഒരു സംസ്ഥാനത്താണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. അതിന് പറ്റുന്ന രീതിയിലുള്ള സമീപനമാകണം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.
മാനസ കേസ് വന്ന സമയത്ത് എറണാകുളം റൂറല്‍ എസ്.പി പറഞ്ഞിരുന്നത് സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധകുറവ് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ്. മാറുന്ന കാലത്ത് പൊലീസിന് ഒരു ജെന്‍ഡര്‍ ട്രെയിനിംഗ് കൊടുക്കേണ്ടതുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
അതൊക്കെ അവനവന്റെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും. നമ്മള്‍ ഒരു കാര്യത്തെ കാണുന്നത് എങ്ങനെയാണ് എന്നത് പോലെയാണ് ഇതും. മാനസിക രോഗികളെ പോലെ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുണ്ട്. അതല്ല അതിനെക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഇത് കൈകാര്യം ചെയ്യണം.
അടുത്തിടെ വാഹനം മോഡിഫൈ ചെയ്തതുമായി ബന്ധപ്പെട്ട് ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരന്മാര്‍ പിടിയിലായല്ലോ. നിയമങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും അവരെ തിരുത്തുകയും ചെയ്യുന്നതിന് പകരം തീവ്രവാദികളോടെന്ന പോലെ മോശമായി പെരുമാറുന്ന പൊലീസ് നടപടി ശരിയാണോ ?
പൊലീസ് പരിഷ്‌കൃതം ആകണം എന്ന് ഞാന്‍ നേരത്തെ പറഞ്ഞതിന് കുറ്റക്കാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്നോ കുമ്പിട്ട് നില്‍ക്കണമെന്നോ എന്നല്ല അര്‍ത്ഥം. പൊലീസ് നില്‍ക്കേണ്ടത് നീതിക്കൊപ്പം മാത്രമാണ്. അല്ലാതെ നില്‍ക്കുമ്പോള്‍ വിവാദങ്ങള്‍ ഉണ്ടാകും.
കെ കരുണാകരന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് പൊലീസ് എല്ലാ നിലക്കും മര്‍ദ്ദകോപാധിയായിരുന്നു, അതേ നിലക്കാണ് പിണറായിയും പൊലീസിനെ കൈകാര്യം ചെയ്യുന്നതെന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ കാര്യത്തില്‍ കരുണാകരന്റെ പിന്‍ഗാമിയാണ് പിണറായി എന്ന തരത്തില്‍?
കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നത് അടിയന്തരാവസ്ഥ കാലത്താണ്. അടിയന്തരാവസ്ഥ കാലത്തെ പൊലീസിനെ അന്ന് പിണറായി വിജയനും എതിര്‍ത്തിട്ടുണ്ട്. അന്നത്തെ കാലത്തെ പൊലീസിനെ അന്നത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും എതിര്‍ത്തിട്ടുണ്ട്. പക്ഷെ അത്തരമൊരു അധികാരം ഇന്നത്തെ പൊലീസിനുണ്ടോ? ആ പൊലീസിനെയും ഈ പൊലീസിനെയും നമുക്ക് താരതമ്യപ്പെടുത്താന്‍ കഴിയില്ല.